Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോളിവുഡ്: ലഹരിവഴികളിലേക്ക് ഒഴുകിയ ചോരച്ചാൽ

telugu-drug-racket ചാർമി, നവ്ദീപ്, രവി തേജയുടെ സഹോദരൻമാരായ ഭരത്, രഘു, തനീഷ് അല്ലാഡി, രവി തേജ

ടോളിവുഡിനെ മുൾമുനയിൽ നിർത്തുന്ന ലഹരിക്കേസിനു തുടക്കം കുറിച്ചതു കഴിഞ്ഞ ജൂലൈ ഒന്നിനു പുലർച്ചെ ആയിരുന്നു. ചെറിയ സംഗീതസംഘങ്ങളിലെ ഗായകനായ കാൽവിൻ മസ്കറാനസ്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്ദുൽ ഖുദ്ദോസ്, ഒരു വിദ്യാർഥി എന്നിവർ അറസ്റ്റിലാവുന്നത് അന്നാണ്. അതിനും നാലു ദിവസം മുൻപു നഗരത്തെ നടുക്കിയ ഒരു അപകടം സംഭവിച്ചു. 

ബഞ്ജാര ഹിൽസിലെ ഷംഷാബാദ് റോഡിൽ രാത്രി നിർത്തിയിട്ടിരുന്ന ട്രക്കിനു പിറകിൽ പാഞ്ഞുവന്ന ചുവന്ന സ്കോഡ കാർ ഇടിച്ചുകയറി. വാഹനം ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചയാളുടെ പൂർണ വിലാസം കണ്ടപ്പോഴാണ് തെലുങ്ക് സിനിമാ ലോകം ഞെട്ടിയത്. തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജയുടെ ഇളയ സഹോദൻ ഭരത് ആയിരുന്നു വാഹനത്തിൽ.

വാഹനത്തിൽ നിന്ന് ഒട്ടേറെ ഒഴി‍ഞ്ഞ മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമാണ് അപകടകാരണം എന്നു പറഞ്ഞു പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും നാലു ദിവസങ്ങൾക്കു ശേഷമുണ്ടായ സംഭവവികാസങ്ങൾ എക്സൈസ് അധികൃതരിൽ സംശയം ജനിപ്പിച്ചു.

ഭരതും രവി തേജയുടെ മറ്റൊരു സഹോദരൻ രഘുവും മുൻപ് ലഹരിമരുന്നു കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു. ലഹരി വിൽപനയ്ക്കെത്തിയ നൈജീരിയക്കാരനൊപ്പമാണ് ഇരുവരും പിടിയിലായത്. അന്ന് ഇരുവരും ഉപയോഗിച്ചിരുന്ന വാഹനം രവി തേജയുടെ പേരിൽ റജിസ്റ്റർ ചെയ്തിരുന്നതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അപകടത്തിൽ ഭരത് മരിച്ചതിനു ശേഷം ജൂബിലി ഹിൽസിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ രവി തേജയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അസാന്നിധ്യവും അധികൃതർ ശ്രദ്ധിച്ചു. ഭരതിന്റെ കുടുംബത്തിൽ നിന്ന് ആ ചടങ്ങിൽ പങ്കെടുത്തതു രഘു മാത്രമായിരുന്നു. നഗരത്തിൽ ഉണ്ടായിരുന്നിട്ടും രവി തേജയും മറ്റുള്ളവരും ചടങ്ങിൽ നിന്നു വിട്ടുനിന്നു. 

ഈ സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷമാണു കാൽവിൻ മസ്കറാനസിന്റെ മൊബൈലിൽ നിന്നു രവി തേജയുൾപ്പെടെയുള്ളവരുടെ പേരുവിവരങ്ങൾ എക്സൈസ് വകുപ്പിനു ലഭിക്കുന്നത്.

രവി തേജയെ ചോദ്യം ചെയ്തപ്പോൾ എക്സൈസ് സംഘത്തിനു പ്രധാനമായും അറിയാനുണ്ടായിരുന്നതും സഹോദരൻ ഭരതിന്റെ ലഹരി മാഫിയയുമായുള്ള ബന്ധങ്ങളെക്കുറിച്ചായിരുന്നു. എക്സൈസിന്റെ ഇനിയുള്ള അന്വേഷണങ്ങൾ സഞ്ചരിക്കുന്നതും ആ വഴികളിലൂടെയായിരിക്കും എന്നാണു സൂചന. അത് ഒരുപക്ഷേ, തെലങ്കാനയും കടന്നു കോളിവുഡിലേക്കും മോളിവുഡിലേക്കും ചെന്നെത്തിയേക്കും. 

ഒരു വർഷം മുൻപു നടന്ന മറ്റൊരു മരണവും ഇതേ സാഹചര്യത്തിൽ അന്വേഷണോദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്കു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു വിളിച്ചുവരുത്തിയ തനീഷ് അല്ലാഡിയുടെ പിതാവ് അല്ലാഡി യശ്വർധൻ ബാബു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു വീണുമരിച്ചത് ഒരു വർഷം മുൻപാണ്.

മരണത്തിൽ സംശയമുണ്ടെന്നും സംഭവത്തിനു തൊട്ടു മുൻപ് യശ്വർധന്റെ ബഹളം കേട്ടിരുന്നുവെന്നും അമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ, കുടുംബപ്രശ്നമെന്നും സാമ്പത്തിക പ്രശ്നമെന്നും പറഞ്ഞ് അന്നു പൊലീസ് കേസ് അവസാനിപ്പിച്ചു. ഈ മരണത്തിലെ ദുരൂഹതകളും അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. 

ഒഴിഞ്ഞുമാറാൻ ഇത്തവണയും ശ്രമം

കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഇത്തവണ പ്രത്യേക അന്വേഷണസംഘം ടോളിവുഡിലേക്കു ചെന്നെത്തിയത്. കാൽവിൻ മസ്കറാനസിനു പിന്നാലെ, ജാക്ക് എന്ന് അറിയപ്പെടുന്ന സീഷൻ അലി ഖാന്റെ സംഘവും ചില ഇടനിലക്കാരും അറസ്റ്റിലായിരുന്നു. സീഷൻ അലിയിൽ നിന്നാണു നവ്ദീപ് ഉൾപ്പെടെ സിനിമാമേഖലയിലുള്ളവരുടെ ബന്ധങ്ങളെക്കുറിച്ച് അറിവു കിട്ടിയത്. 

ചോദ്യം ചെയ്യലിനോടു സഹകരിക്കാൻ പുറമേ എല്ലാവരും തയാറായെങ്കിലും അവരും മുൻകരുതൽ എടുത്തിരുന്നു. മുടിയുടെയും നഖത്തിന്റെയും സാംപിളുകൾ പരിശോധനയ്ക്കായി നൽകാൻ പലരും തയാറായില്ല. ചാർമി ഉൾപ്പെടെയുള്ള നടിമാർ കോടതി ഉത്തരവിന്റെ പിന്തുണയുമായാണു ചോദ്യം ചെയ്യലിന് എത്തിയത്.

അരയ്ക്കൊപ്പം മുടി നീട്ടിവളർത്തിയിരുന്ന ഒരു നടി, ചോദ്യം ചെയ്യാൻ എത്തിയതു ബോബ് ചെയ്താണ്. മുടി മാത്രമല്ല, നടിയുടെ നഖങ്ങളും കൃത്രിമമായിരുന്നു എന്നു കണ്ടുനിന്നവർ സൂചിപ്പിക്കുന്നു. നവ്ദീപാകട്ടെ തന്റെ മുടിയുടെയും നഖത്തിന്റെയും സാംപിളുകൾ നൽകാൻ സാധിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. 

ഈ സാംപിളുകൾ പരിശോധിച്ചാൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണോ എന്നതു തിരിച്ചറിയാൻ സാധിക്കും. ആ തെളിവിലേക്കു സ്വയം വഴിയൊരുക്കാതിരിക്കാനുള്ള മാർഗങ്ങളായിരുന്നു നടീനടന്മാർ തുടക്കത്തിലേ അന്വേഷിച്ചത്. 

അന്വേഷണത്തിന് പ്രത്യേക സംഘം

തെലങ്കാനയിൽ ആഴത്തിൽ വേരോടുന്ന ലഹരിമാഫിയയുടെ ചെറിയ കണ്ണികൾ മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ എന്നാണ് അധികൃതർ കരുതുന്നത്. വിശദമായ അന്വേഷണത്തിൽ കൂടുതൽ വൻസ്രാവുകൾ വലയിലായേക്കുമെന്നും അവർ കരുതുന്നു. 

പൊലീസിന്റെ കീഴിൽ ലഹരി, ഹവാല റാക്കറ്റുകളെ ഒതുക്കാനായി പുതിയൊരു വിഭാഗത്തിനു രൂപം നൽകുകയാണു തെലങ്കാന സർക്കാർ. ഏതു വിഭാഗം വന്നാലും ഉദ്യോഗസ്ഥർക്കു സ്വതന്ത്ര ചുമതലകൾ നൽകാതെ, മാഫിയയുടെ ഉള്ളറകളിലേക്കു കടക്കാൻ കഴിഞ്ഞേക്കില്ലെന്നും അവർ തന്നെ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ശക്തമായ പിന്തുണയുണ്ടെങ്കിൽ സിനിമാമേഖലയിലും സംസ്ഥാനത്തും വളരുന്ന ലഹരിക്കണ്ണികൾ അറുത്തുമാറ്റാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. അതു തെലങ്കാനയ്ക്കു മാത്രമാവില്ല ഗുണം ചെയ്യുന്നത്; മാഫിയാ സംഘങ്ങൾ ഇവന്റ് മാനേജർമാരുടെയും ഡ്രൈവർമാരുടെയും വേഷങ്ങളിൽ കടന്നുകയറി ചീത്തപ്പേരുണ്ടാക്കിയിരിക്കുന്ന മലയാള സിനിമയ്ക്കു കൂടിയായിരിക്കും. 

നന്ദുവും എത്തി; തൽക്കാലം പട്ടിക പൂർത്തിയായി

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എക്സൈസ് വകുപ്പ് ചോദ്യം ചെയ്യാനായി തയാറാക്കിയ സിനിമാ മേഖലയിൽ നിന്നുള്ള 12 പേരുടെ പട്ടിക പൂർത്തിയായി. പട്ടികയിലെ പന്ത്രണ്ടാമനായ അനന്തകൃഷ്ണ നന്ദു ഇന്നലെ എക്സൈസ് ഉദ്യോഗസ്ഥർക്കു മുൻപാകെ എത്തി. 2007ൽ ‘100% ലൗ’ എന്ന സിനിമയിലൂടെ രംഗത്തെത്തിയ നന്ദു, രാം ഗോപാൽ വർമയുടെ ‘ഐസ്ക്രീം 2’, ‘365 ഡേയ്സ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

nandu ഹൈദരാബാദ് എക്‌സൈസ് കമ്മിഷണർ ഓഫിസിൽ എത്തിയ നടൻ അനന്തകൃഷ്ണ നന്ദു. ചിത്രം: ഇ. വി. ശ്രീകുമാർ

ഇപ്പോൾ പൂർത്തിയായത് ആദ്യ പട്ടികയാണെന്നും ഇനിയും 15 പേരുടെ പട്ടിക തയാറാക്കുന്നുണ്ടെന്നും എക്സൈസ് വൃത്തങ്ങളിൽ സംസാരമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാൻ ഡയറക്ടർ അകുൻ സബർവാൾ തയാറായില്ല. 

പരമ്പര അവസാനിച്ചു

related stories