Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം മണക്കുന്ന സൈബർ ഗെയിമുകൾ

MOHAN-ROY-NOTTAM

മരണത്തിലേക്കു വരെ നയിക്കുന്ന സൈബർ ഗെയിമുകൾ സംബന്ധിച്ച വാർത്തകൾ വിദേശരാജ്യങ്ങളിൽ നിന്നാണ് ഇതുവരെ കേട്ടിരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നു സമാനമായൊരു വാർത്ത വന്നു. മുംബൈ പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മുംബൈ സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും സൈബർ ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികളെയും ചെറുപ്പക്കാരെയും കുറിച്ചു നമ്മളും ചർച്ച ചെയ്യേണ്ട സമയമായിരിക്കുന്നു. 

മദ്യവും പുകയിലയും കഞ്ചാവും മാത്രമല്ല ലഹരിവസ്തുക്കൾ. വീണ്ടും വീണ്ടും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, സാമൂഹികജീവിതവും തൊഴിലും മാറ്റിവച്ച് ആ ഒരു കാര്യത്തിനു വേണ്ടി മാത്രം സമയം ചെലവിടുന്നുണ്ടെങ്കിൽ, രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ എവിടെ, എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്നു ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങളും ആ ലഹരിക്ക് അടിമയായിക്കഴിഞ്ഞു. മൊബൈൽ ഫോണും ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമങ്ങളുമൊക്കെ ലഹരിയായി മാറുന്നത്, ആ ലഹരിക്ക് അടിമയായി മാറുന്നത് ഈ ഘട്ടത്തിലാണ്.  

സൈബർ മേഖലയിൽ നിങ്ങൾ ചെയ്യുന്ന ഒരു കാര്യം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാതിരിക്കുന്നുവെങ്കിൽ, അതിനുള്ള സൗകര്യം ലഭിക്കാതിരിക്കുമ്പോൾ ശാരീരികമായും മാനസികമായും ഉല്ലാസം തോന്നുന്നില്ലെങ്കിൽ നിങ്ങൾ അതിന് അടിമയായിക്കഴിഞ്ഞു എന്നൂഹിക്കാം. 

തലച്ചോറിൽ ഡോപമിൻ എന്ന രാസപദാർഥമാണു നമ്മളിൽ സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അതു ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം.  

‘ബ്ലൂ വെയിൽ’ എന്ന കളി സംബന്ധിച്ചു കൃത്യമായ വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല. ലഭ്യമായ വിവരങ്ങൾ പൂർണമായി വിശ്വസിക്കാനും കഴിയില്ല. പക്ഷേ, ആരുടെയെങ്കിലും മാനസികനില തകരാറിലാക്കി അവരെ മരണത്തിലേക്കു വരെ തള്ളിവിടുന്ന കളിയാണ് അതെങ്കിൽ അതിനെതിരെ നമ്മളും ജാഗ്രത പാലിച്ചേ മതിയാകൂ. കാരണം, സൈബർ ലോകത്തിന് അതിരുകളില്ല. അതു റഷ്യയിലല്ലേ, യൂറോപ്പിലല്ലേ എന്നു പറഞ്ഞു നമുക്കു മാറിനിൽക്കാനാകില്ല. നാളെ നിങ്ങളുടെ കുട്ടിയും വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റർനെറ്റിൽ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് ഉറപ്പുപറയാനാകില്ല. 

സൈബർ ലോകത്തു ചതിക്കുഴികൾ ഒരുക്കുന്നവരുടെയും ചതിക്കുഴികളിൽപ്പെടുന്നവരുടെയും മാനസികനില പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ആരോഗ്യകരമായ മാനസികനിലയിലുള്ളവരല്ല അവരാരും. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പരബന്ധം തുടങ്ങിയവയെല്ലാം സൈബർ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. ഉത്കണ്ഠാരോഗങ്ങളുമായി ചികിൽസയ്ക്കെത്തുന്നവരിൽ പലർക്കും ദ്വന്ദ്വവ്യക്തിത്വമുണ്ടെന്നു നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയകാലത്തു സൈബർ ലോകത്തെ അവരുടെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നവയാണ്. ഇവർ തന്നെയാണോ അതെന്നു വിശ്വസിക്കാനാകില്ല. സൈബർ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളാണ് ഈ വൈകൃതത്തിനു പിന്നിൽ.  

അരുത് എന്ന് എങ്ങനെ പറയണമെന്ന് അറിയാത്തവരാണു പലപ്പോഴും പ്രശ്നങ്ങളിൽ ചെന്നു ചാടുന്നത്. അതു മാനസികമായ കരുത്തിന്റെ കുറവാണ്. മാനസികമായി ചൂഷണം ചെയ്താണു സൈബർ ലോകത്തു തട്ടിപ്പുകൾ നടത്തുന്നത്. രഹസ്യമായി നിർദേശങ്ങൾ അനുസരിപ്പിക്കാൻ പാകത്തിൽ ഇവരെ മാനസികമായി പാകപ്പെടുത്തിയെടുക്കുകയാണ്. ആ കെണിയിൽ വീണുപോകുന്നവരാണ് അപകടത്തിലെത്തുന്നത്.  

രക്ഷിതാക്കളുടെ ജാഗ്രതക്കുറവാണു കുട്ടികളെ പലപ്പോഴും സൈബർ ലോകത്തെ അപകടങ്ങളിലെത്തിക്കുന്നത്. സൈബർ ലോകത്തെ കുട്ടികളുടെ ഓരോ ചുവടും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ചർച്ച ചെയ്യാതെ മൂടിവച്ചാൽ കൂടുതൽ പേർ അപകടത്തിലേക്കു പോകും.  

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ആർഎംഒയും സൈക്യാട്രി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറുമാണ് ലേഖകൻ)