Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരണ സമരം മുതൽ പ്രവാസികാര്യം വരെ

Vayalar Ravi

കേരള രാഷ്ട്രീയത്തിൽ വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും ഒരു നവശക്തിയെ വളർത്തിയെടുത്ത നേതാവാണ് വയലാർ രവി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങൾക്കും നേതൃത്വം നൽകിയ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യു എന്ന വിദ്യാർഥി സംഘടനയ്ക്ക് രൂപം നൽകുന്നതിന് മുൻകൈയെടുത്ത രണ്ടു നേതാക്കളാണ് വയലാർ രവിയും ജോർജ് തരകനും.

1957 ഏപ്രിൽ അഞ്ചിന് ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റ് പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ. തുടക്കത്തിൽത്തന്നെ വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. വിദ്യാർഥികളുടെ കഷ്ടകാലവും തുടങ്ങി. ആ ഘട്ടത്തിലാണ് ജനാധിപത്യ വിശ്വാസികളായ വിദ്യാർഥികളെ സംഘടിപ്പിച്ച് സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരേ പൊരുതാൻ കെൽപ്പുള്ള ഒരു സമരസംഘടനയ്ക്കു രൂപം നൽകണം എന്ന ആലോചന ഉണ്ടായത്. വയലാർ രവിയും ജോർജ് തരകനും തമ്മിലുള്ള കൂടിയാലോചനയെത്തുടർന്നാണ് കെഎസ്‌യു പിറവിയെടുക്കുന്നത്. വയലാർ രവി അന്ന് ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥിയാണ്, ജോർജ് തരകൻ എറണാകുളത്ത് വിദ്യാർഥിയും.

ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് തോമസ് സാർ നടത്തിയിരുന്ന നാഷണൽ ട്യൂട്ടോറിയൽ കോളജിലാണ് വിവിധ നേതാക്കൾ ഒരുമിച്ചു കൂടിയത്. ജോർജ് തരകൻ, വയലാർ രവി, എ.ഡി.രാജൻ, എ.എ.സമദ്, പി.എ.ആന്റണി, പി.കെ. കുര്യാക്കോസ് തുടങ്ങിയവർ ചേർന്ന ആ യോഗമാണ് കെഎസ്‌യുവിന് രൂപം നൽകിയത്. ജോർജ് തരകനായിരുന്നു ആദ്യ പ്രസിഡന്റ്, വയലാർ രവി ജനറൽ സെക്രട്ടറിയും.

Vayalar Ravi

സംഘടന രൂപവൽക്കരിച്ച് വൈകാതെ തന്നെ കുട്ടനാട്ടിൽ വിദ്യാർഥികൾ ബോട്ട് യാത്രാനിരക്ക് വർധിപ്പിച്ചതിനെതിരേ സമരം തുടങ്ങി. കെഎസ്‌യുവിന്റെ ‘ഒരണ സമര’മാണ് എന്നെ ആ സംഘടനയിലേക്ക് ആകർഷിക്കുന്നതും ഞാൻ സമരത്തിലേക്ക് എടുത്തു ചാടുന്നതും. ‘ഒരണ സമരം’ ഉണ്ടാക്കിയ കോളിളക്കം ആലപ്പുഴയിൽ മാത്രം ഒതുങ്ങി നിന്നില്ല. ആ സമരം തുടർന്നു നടത്തിയ പല സമരങ്ങളുടെയും ആരംഭം മാത്രമായിരുന്നു.

കേരളമെട്ടാകെ ഒരു കൊടുങ്കാറ്റു പോലെ ഈ സമരം പടരാൻ തുടങ്ങി. വിദ്യാർഥികൾക്ക് യാത്രാ സൗജന്യത്തിനു വേണ്ടിയുള്ള സമരമായി അതു മാറി. സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. വിദ്യാർഥികളുടെ യാത്രാ സൗജന്യം ഒരു യാഥാർഥ്യമായി. സർക്കാർ ബസുകളിലും ബോട്ടുകളിലും സ്വകാര്യ ബസുകളിലും അതു നടപ്പായി. പിന്നീട് വിദ്യാർഥികളുടെ യാത്രാ സൗജന്യത്തിൽ കൈവയ്ക്കാൻ ഒരു സർക്കാരും മുതിർന്നില്ല. ജോർജ് തരകൻ അന്ന് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചതെങ്കിൽ വയലാർ രവിയാണ് സംസ്ഥാനമൊട്ടാകെ ഒരു കൊടുങ്കാറ്റു പോലെ ഒാടിനടന്നത്.

ആ കാലഘട്ടം കഷ്ടപ്പാടിന്റെ ഒരു കാലഘട്ടമായിരുന്നു. പട്ടിണി കിടന്നും, പാർട്ടി ഒാഫീസുകളിൽ പത്രത്താളുകൾ വിരിച്ച് കിടന്നുറങ്ങിയുമാണ് അന്ന് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെഎസ്‌യു യൂണിറ്റുകൾ സ്ഥാപിച്ചതും അക്കാലത്താണ്.
1958–ൽ കുറവിലങ്ങാട്ട് കെഎസ്‌യുവിന്റെ ക്യാമ്പ് നടത്തി. കേരളം ഒട്ടാകെയുള്ള കെഎസ്‌യു നേതാക്കൾ ആദ്യമായി കൂടിക്കാണുന്നത് ഇവിടെയാണ്. ഞാൻ അന്ന് ചേർത്തല സ്ക്കൂളിൽ പഠിക്കുകയാണ്. പിന്നീട് കെഎസ്‌യുവിന്റെ ചേർത്തല യൂണിറ്റ് പ്രസിഡന്റും പിന്നീട് താലൂക്ക് പ്രസിഡന്റുമായി. കെ.എം. ചാണ്ടിയാണ് അന്ന് ക്യാമ്പിനു നേതൃത്വം നൽകുന്നത്, എം.എ. ജോൺ ചുമതലക്കാരനും.

Vayalar Ravi with AK Antony

എ.സി. ജോസും ലീലാമ്മയും അന്നത്തെ ക്യാമ്പിൽ പങ്കെടുത്തവരാണ്– അവരുടെ പ്രണയ ബന്ധത്തിന്റെ തുടക്കം അവിടെയാണ് എന്നും പറയാം. എ.സി. ജോർജും യൂത്ത് കോൺഗ്രസ് നേതാവെന്ന നിലയിൽ സജീവമായി രംഗത്തുണ്ട്. അന്നത്തെ ക്യാമ്പിന്റെ ഒരു പ്രത്യേകത അന്ന് പങ്കെടുത്ത എല്ലാവരും പിന്നീട് ആ സൗഹൃദബന്ധം തുടർന്നും നിലനിർത്തി എന്നാണ്.

ഞാനും വയലാർ രവിയും ഒരേ നാട്ടുകാരാണെങ്കിലും അന്ന് അടുപ്പമായിട്ടില്ല. പരിചയം ഉണ്ടെന്നു മാത്രം. ഞങ്ങളുടെ വീടുകൾ തമ്മിൽ നാലു ഫർലോങ്ങിന്റെ അകലമേയുള്ളൂ. എന്റെ വീടിനു മുന്നിലെ റോഡിലൂടെ വേണം വയലാറിലേക്കു പോകാൻ. അന്ന് മൂന്നു പ്രമുഖ വയലാറുകാർ അതുവഴി പോയിരുന്നു– വയലാർ രാമവർമ്മ, വയലാർ രവി, സി.കെ. ചന്ദ്രപ്പൻ. ഞാനന്ന് ചേർത്തല സ്കൂളിൽ കെഎസ്‌യു സെക്രട്ടറിയാണ്. വയലാർ രവിയുമായി അടുപ്പമാകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമാണ് – എം.കെ. കൃഷ്ണൻ, ദേവകി ചേച്ചി– കൂടുതൽ പരിചയക്കാർ എന്നു പറയുന്നതാവും ശരി. അന്ന് വൈകുന്നേരം പാർട്ടി ഒാഫീസിൽ എം.കെ. കൃഷ്ണൻ, വി. കെ. ദാമോദരൻ, സി. കുഞ്ഞുകൃഷ്ണൻ തുടങ്ങിവരെല്ലാം വരും. ഞാൻ സ്ഥിരമായി ഈ ചർച്ചകളിൽ പങ്കെടുക്കും. വയലാർ രവിയുടെ അമ്മ ദേവകി ചേച്ചി അന്ന് കേരളം മുഴുവൻ ഒാടി നടന്ന് പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിരുന്നു.

ജോർജ് തരകന്റെ അനുഭവസമ്പത്തും പ്രായോഗിക ബുദ്ധിയും അന്ന് കെഎസ്‌യുവിനെ പല പ്രതിസന്ധികളിൽ നിന്നും കരകയറാൻ സഹായിച്ചിരുന്നു. ഞാൻ ആദ്യകാലങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്. അതുപോലെ തന്നെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന എം.എ. ജോൺ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും വളർച്ചയിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തിയാണ്.

Vayalar Ravi

സി.കെ. ചന്ദ്രപ്പന്റെ അച്ഛൻ കുമാരപ്പണിക്കരും കുടുംബവും ഞങ്ങളുടെ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ഏറ്റവും ഭൂസ്വത്തുള്ള കുടുംബങ്ങളിലൊന്നായിരുന്നു ചീരപ്പൻ ചിറ കുടുംബം. എന്നാൽ സി.പി. പ്രതികാരബുദ്ധിയോടെ അവരെ തകർത്തു.

വയലാർ രവിയുമായി ഞാൻ അടുപ്പത്തിലാവുന്നത് 1959 മുതൽക്കാണ്– ഞാൻ എറണാകുളം മഹാരാജാസ് കോളജിൽ എത്തിയ ശേഷം.
വിമോചന സമരം കൊടുമ്പിരിക്കെണ്ട സമയം. ക്ലൈമാക്സ് എന്നുതന്നെ പറയാം. ഒരു ഹർത്താൽ ദിവസമാണ് ഞാൻ കൊച്ചിയിൽ എത്തുന്നത്. അന്നവിടെ വിദ്യാർഥി ഫെഡറേഷനും ഡെമോക്രാറ്റ്സും ശക്തമാണ്. ഞങ്ങൾ അന്ന് കെഎസ്‌യുവും െഎഎസ്ഒയും പിഎസ്‌യുവും ചേർന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിന് രൂപം നൽകി.

അന്ന് എറണാകുളത്ത് കോസ്മോപോളിറ്റൻ ഹോസ്റ്റലിലാണ് ഞങ്ങളുടെ താമസം. 75 ശതമാനം പട്ടിക ജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്കും 25 ശതമാനം മറ്റുള്ളവർക്കും പ്രവേശനമുണ്ട്. കെ.കുഞ്ഞമ്പുവാണ് അന്ന് പട്ടികജാതി പട്ടികവർഗ വികസന മന്ത്രി. കെ.കെ. മാധവൻ മാഷാണ് ഞങ്ങൾക്ക് അവിടെ പ്രവേശനം ശരിയാക്കിത്തന്നത്.

വയലാർ രവിയും ഞാനും തമ്മിലുള്ള ഉറ്റ സൗഹൃദം ആരംഭിക്കുന്നത് ഈ കാലഘട്ടം മുതൽക്കാണ്. പിന്നീടിങ്ങോട്ട് രാഷ്ട്രീയം മാത്രമല്ല വ്യക്തിപരമായ കാര്യങ്ങളിലും ആ സൗഹൃദം തുടർന്നു, ഇന്നും അതിന് ഒരു മാറ്റവുമില്ലാതെ തുടരുന്നു. എറണാകുളം നോർത്തിലെ യൂത്ത് കോൺഗ്രസ് ഒാഫീസിലായി പിന്നീട് ഞങ്ങളുടെ താമസം. ഞങ്ങൾ നാലു പേരാണ്– വയലാർ രവി, എം.എ. ജോൺ, തോപ്പിൽ രവി പിന്നെ ഞാനും. ഞങ്ങളന്ന് ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി ജീവിക്കുന്ന കാലമാണ്. പിന്നീട് സെൻറ് ആൽബർട്സിനടുത്ത് യൂത്ത് കോൺഗ്രസിന് സ്വന്തം ഒാഫീസ് ഉണ്ടായപ്പോൾ ഞങ്ങൾ അവിടേക്ക് താമസം മാറ്റി.

എറണാകുളത്തെ രണ്ടു താവളങ്ങൾ കൂടി എടുത്തു പറയാതെ വയ്യ. എ.സി.ജോസിന്റെ തറവാട്ടു വീടാണ് അതിലൊന്ന്. വയലാർ രവി ഉൾപ്പെടെ കെഎസ്‌യുക്കാരുടെ ഒരു താവളവമായിരുന്നു ആ വീട്. അതുപോലെ തന്നെ കെ.എം.സി മേത്തറുടെ മാസ് ഹോട്ടലും.

യൂത്ത് കോൺഗ്രസ് ഒാഫീസിൽ താമസിക്കവേ ഞങ്ങൾ അതിരാവിലെ ചായ കഴിക്കാൻ പോകും. ഈ യാത്രക്കിടയിലാണ് ഒരു ദിവസം വയലാർ രവിക്ക് മെഴ്സിയുമായുള്ള ബന്ധം ഞാൻ കണ്ടുപിടിച്ചത്. എറണാകുളത്തെ വളരെ പ്രസിദ്ധമായ, പാരമ്പര്യമുള്ള കട്ടിക്കാരൻ കുടുംബത്തിലെ കുട്ടിയാണ് മെഴ്സി. അവർ ഈ ബന്ധത്തെ എതിർക്കുമെന്ന് ഉറപ്പ്. രവിയും മെഴ്സിയും തീക്ഷണമായ പ്രേമത്തിലാണ്. ഒടുവിൽ ഞങ്ങൾ കൂടിയാലോചിച്ച് എറണാകുളം സൗത്തിലെ രജിസ്ട്രാർ ഒാഫീസിൽ വിവാഹം നടത്തി. ഞാനും എ.സി. ജോസുമാണ് സാക്ഷികൾ.

തികച്ചും നാടകീയവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ വിവാഹം. മെഴ്സിയും രവിയും തമ്മിലുള്ള പ്രണയത്തിന്റെ തീഷ്ണതയും ഏതു പ്രതിസന്ധിയും നേരിടാമെന്ന ധീരതയും ചങ്കുറപ്പും ഉൾക്കരുത്തുമൊക്കെ പ്രകടമാക്കുന്നതായിരുന്നു ആ വിവാഹം. അതോടൊപ്പം പറയേണ്ടതാണ് രാഷ്ട്രീയത്തിന് അതീതമായി വയലാർകാരുടെ ചെറുത്തു നിൽപ്പും കൂട്ടായ്മയും. അത് രവിക്കും മെഴ്സിക്കും ഏറെ പിന്തുണയായി. ആറുമാസം കഴിഞ്ഞപ്പോൾ മെഴ്സിയുടെ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് ഇല്ലാതായി. മെഴ്സിയുടെ അമ്മയ്ക്കും സഹോദരന്മാർക്കും വയലാർ രവി ഏറ്റവും പ്രിയങ്കരനായി.

വയലാർ രവിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു മെഴ്സിയുമായുള്ള പ്രണയവും വിവാഹവും. പ്രവർത്തകരുടെയും ആരാധകരുടെയുമൊക്കെ സ്നേഹം രവിക്ക് ഊർജ്ജം പകർന്നിരുന്നുവെങ്കിലും മെഴ്സിയായിരുന്നു രവിക്കു പിന്നിലെ ഊർജ്ജ സ്രോതസ്സ്് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രവിയെ എല്ലാ പ്രതിസന്ധിയിലും ദുഃഖങ്ങളിലും തളരാതെ പിടിച്ചു നിർത്തിയത് മെഴ്സിയായിരുന്നു. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് നാം ഇന്ന് ഒട്ടേറെ കേൾക്കുന്നുണ്ടല്ലോ. രവിയും മെഴ്സിയും തുല്യ പങ്കാളികളായിരുന്നു. മെഴ്സിയും ഒരു രാഷ്ട്രീയ നേതാവായും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാളിയായും എഴുത്തുകാരിയായും വ്യക്തി മുദ്ര പതിപ്പിച്ചു.
രവിയും മെഴ്സിയും അതുപോലെ തന്നെ ജോസും ലീലാമ്മയും– ഈ പ്രണയ ജോടികൾ മാതൃകാപരമായ കുടുംബ ജീവിതമാണ് നയിച്ചത്. ഏറ്റവും വിജയം കണ്ട രണ്ട് പ്രണയ വിവാഹങ്ങളായിരുന്നു ഇവരുടേത്.

വയലാർ രവി 34–ാമത്തെ വയസ്സിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ നേതാവാണ്. രാജ്യത്തിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും തന്നെ കോൺഗ്രസ് ഭരിക്കുന്ന കാലം. ഇന്ദിരാ ഗാന്ധിയാണ് പ്രധാനമന്ത്രി. അന്ന് കെൽക്കൊത്തയിൽ നടന്ന എെഎസിസിയിൽ വയലാർ രവി പ്രവർത്തക സമിതിയിലേക്ക് വന്നത് നോമിനേഷനിലൂടെയല്ല, മത്സരിച്ച് ജയിക്കുകയാണ് ചെയ്തത്. അന്ന് കോൺഗ്രസിന്റെ യുവ തുർക്കി എന്നു വിശേഷിപ്പിച്ചിരുന്ന ചന്ദ്രശേഖറും മത്സരിച്ചു ജയിച്ചിരുന്നു.

അന്ന് വയലാർ രവി പ്രധാനമന്ത്രിക്ക് ഒരു കുറിപ്പ് നൽകി– ദേശീയ തലത്തിൽ കെഎസ്‌യുവിന്റെ മാതൃകയിൽ കോൺഗ്രസിന് ഒരു വിദ്യാർത്ഥി യൂണിയൻ ഉണ്ടാവണം എന്നായിരുന്നു കുറിപ്പ്. ബംഗാളിൽ നിന്ന് പ്രിയരഞ്ജൻ ദാസ് മുൻഷിയും ഇതിനെ പിന്താങ്ങിയിരുന്നു. ഇന്ദിരാഗാന്ധി ഈ നിർദ്ദേശം അംഗീകരിച്ചു. അങ്ങനെയാണ് എൻഎസ്‌യുെഎ രൂപം കൊള്ളുന്നത്. കേരളത്തിൽ കെഎസ്‌യുവും ബംഗാളിൽ ഛാത്ര പരിഷത്തും തുടരാനും തീരുമാനിച്ചു. വയലാർ രവിയുടെ നിർദ്ദേശ പ്രകാരം കൊല്ലം പരവൂർ സ്വദേശി വിശ്വനാഥനെ എൻഎസ്‌യുെഎ ദേശീയ കൺവീനറാക്കുകയും ചെയ്തു.

പ്രവർത്തക സമിതി അംഗം എന്ന നിലയിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് വയലാർ രവിയെ ഇഷ്ടമായിരുന്നു. 1970–ൽ ചിറയിൻകീഴിൽ നിന്ന് വയലാർ രവി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. പാർലമെന്റിലെ ശ്രദ്ധേയനായ ഒരംഗമായി രവി മാറി. അന്ന് പ്രതിപക്ഷത്ത് മധു ലിമായേ, ജ്യോതിർമയി ബാസു, സോമനാഥ് ചാറ്റർജി തുടങ്ങിയ പ്രമുഖരുണ്ട്. ഈ കാലഘട്ടത്തിൽ ഒരു യുവതുർക്കിയെപ്പോലെ പൊരുതി പ്രശംസ പടിച്ചുപറ്റിയ നേതാവാണ് രവി.

വയലാർ രവിയുടെ വലിയൊരു സവിശേഷത കെഎസ്‌യുവിലെയും യൂത്ത് കോൺഗ്രസിലെയും നല്ല പ്രവർത്തകരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും എന്നതാണ്. ഇവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും വളർത്താനും രവി ശ്രദ്ധിച്ചിരുന്നു. കെഎസ്‌യു രൂപവൽക്കരിച്ചു എന്നതു മാത്രമല്ല പുതിയൊരു നേതൃനിരയെ പാർട്ടിയിൽ വളർത്തിയെടുത്തു എന്നതാണ് രവിയുടെ സംഭാവന. രവി കണ്ടെടുത്ത നേതാക്കളാകട്ടെ ലക്ഷ്യബോധവും ആദർശബോധവും അനീതിക്കെതിരേ പൊരുതാൻ തയാറുള്ളവരുമായിരുന്നു. അതിൽ എല്ലാ വിഭാഗക്കാരുമുണ്ട്, എല്ലാ പ്രദേശത്തു നിന്നും ഉള്ളവരുമുണ്ട്. തികച്ചും സെക്യുലർ ആയിരുന്നു ആ കണ്ടെത്തൽ.

േദശീയ രാഷ്ട്രീയത്തിൽ നിന്ന് തിരിച്ചുവന്ന ശേഷം വയലാർ രവി ചേർത്തലയിൽ മത്സരിച്ചു. കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു ദുരന്തമായി ഞാൻ കാണുന്ന രണ്ടു മത്സരങ്ങളുണ്ട്– ഒന്ന് വയലാർ രവിക്ക് എതിരേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവി ജയിച്ചു. രണ്ടാമത്തേത് ചേർത്തയിൽ എന്റെ അടുത്ത സുഹൃത്ത് സി.കെ. ചന്ദ്രപ്പനെതിരേ മത്സരിക്കേണ്ടി വന്നത്. അന്നു ഞാൻ ജയിച്ചു, രാഷ്ട്രീയത്തിൽ പക്ഷേ ഇങ്ങനെ ചില അനിവാര്യമായ ദുരന്തങ്ങളുണ്ട്.

വയലാർ രവിയും ഞാനും ഒരുമിച്ച് കേന്ദ്രമന്ത്രിസഭയിൽ പ്രവർത്തിച്ചു. അതിൽ പ്രവാസികാര്യ മന്ത്രി എന്ന നിലയിൽ വയലാർ രവിയുടെ സംഭാവന എടുത്തു പറയണം. രവി അല്ലായിരുന്നുവെങ്കിൽ അത് പലതിനെയും പോലെ ശ്രദ്ധിക്കപ്പെടാത്ത ഒരു വകുപ്പായി അവശേഷിക്കുമായിരുന്നു. വയലാർ രവിയാണ് വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്.

പലപ്പോഴും മന്ത്രിസഭാ യോഗങ്ങളിൽ വിദേശകാര്യ വകുപ്പുമായി രവി വഴക്കുണ്ടാക്കും– പ്രവാസികളുടെ കാര്യത്തിനായി. മിക്ക രാജ്യങ്ങളുമായും ഇന്ത്യ തൊഴിൽ കരാറുകളുണ്ടാക്കി. പ്രവാസികളുടെ വോട്ടവകാശത്തിനായി മുൻകൈയെടുത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു വകുപ്പായി പ്രവാസികാര്യത്തെ മാറ്റിയെടുത്തു. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ കൂടുതലുള്ള മിക്ക രാജ്യങ്ങളും സന്ദർശിച്ചു. അവിടങ്ങളിലെ തൊഴിൽ ക്യാമ്പുകളിൽ പോയി നേരിട്ട് പ്രശ്നങ്ങൾ മനസിലാക്കി. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രവർത്തനമാണ് രവി നടത്തിയത്.

വയലാർ രവി പെട്ടെന്ന് ക്ഷോഭിക്കും. എന്നാൽ അത് പുറമേയാണ്. ഉള്ളിൽ സ്നേഹമുണ്ടാവും. എന്തെങ്കിലും കാര്യത്തിനു രവിയെ കാണാൻ വരുന്നവർ പറയും– അദ്ദേഹം ദേഷ്യപ്പെട്ടാൽ കാര്യം നടന്നിരിക്കും. വയലാർ രവി ഡൽഹിയിലേക്ക് പ്രവർത്തന രംഗം മാറ്റിയ ശേഷം ഡൽഹിയിലേക്ക് വരുന്ന കോൺഗ്രസുകാരുടെ ഒരു അത്താണിയായിരുന്നു അദ്ദേഹത്തിന്റെ വീട്. മുമ്പൊക്കെ ഞങ്ങൾ ഡൽഹിയിൽ വന്നാൽ തങ്ങാൻ സ്ഥലമില്ലായിരുന്നു. പി.എം.സയീദിന്റെ വീടിനെയാണ് ആശ്രയിച്ചിരുന്നത്. യൂത്ത് കോൺഗ്രസുകാർക്കും കെഎസ്‌യുക്കാർക്കും ഏതു സമയവും കയറിച്ചെല്ലാവുന്ന വീടായിരുന്നു രവിയുടേത്. അക്കാര്യത്തിൽ മെഴ്സിയുടെ ആതിഥ്യത്തിനാണ് ഞാൻ ക്രെഡിറ്റ് നൽകുക.

വയലാർ രവി എത്രയോ പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ചികിത്സയ്ക്ക് സഹായിച്ചിട്ടുണ്ടെന്നും എനിക്കറിയാം. അക്കാര്യത്തിൽ കോൺഗ്രസുകാരെന്നോ അല്ലാത്തവരെന്നോ വേർതിരിവൊന്നുമില്ല. രവിക്ക് എല്ലായിടത്തും ഡോക്ടർമാരെ പരിചയമുണ്ട്. ഗുരുതരമായ കേസുകളിൽ രവി തന്നെ ഡോക്ടർമാരെ ബന്ധപ്പെടും. രോഗികളെ ആശ്വസിപ്പിക്കും. അവർക്ക് ചികിത്സ കിട്ടി എന്ന് ഉറപ്പു വരുത്തും. വലിയെരു സഹായമാണ് ആ വഴിക്ക് ചെയ്യുന്നത്.