Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. കെ.ബി. മേനോൻ: ചരിത്രം മറക്കാത്ത തീപ്പൊരികൾ

KB Menon

കീഴരിയൂർ ബോംബ് സംഭവത്തിലെ ധീരനായകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഡോ. കെ.ബി. മേനോൻ വിടവാങ്ങിയിട്ട് അമ്പത് വർഷം. അസാധാരണ പ്രതിഭാശാലിയും ആദർശനിഷ്ഠനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് അത്ഭുതമായി തോന്നിയേക്കാം. ഉന്നത വിദ്യാഭ്യാസത്തിന്റെ പിൻബലവും സഹജമായ നേതൃശേഷിയും തന്റെ രാജ്യത്തിന്റെയും ജനതയുടേയും ക്ഷേമത്തിനാണ് അദ്ദേഹം വിനിയോഗിച്ചത്. വിവാഹം പോലും അതിനിടയിൽ വിട്ടുപോയി. ധീരതയുടേയും ത്യാഗത്തിന്റേയും ഏടുകളാണ് ആ ജീവിതകഥ: ഒപ്പം സംഭവബഹുലവും.

മുൻസിഫായിരുന്ന കോഴിക്കോട് വെങ്ങാലിൽ രാമമേനോന്റെ മകനായി 1897–ൽ ജനിച്ച കോന്നനാട്ട് ബാലകൃഷ്‌ണമേനോൻ ബോംബെ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഹൈദരബാദ് നൈസാം കോളജിൽ ജോലിയായെങ്കിലും രാജിവച്ച് സ്കോഷർഷിപ്പോടെ അമേരിക്കയിലെ കലിഫോർണിയാ സർവകലാശാലയിൽ ഉപരിപഠനത്തിന് പോയി. പിഎച്ച്ഡി നേടി. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. ഉപരിപഠനത്തിനായി അവിടെയെത്തിയ ജയപ്രകാശ് നാരായണനുമായുള്ള സൗഹൃദം മേനോന്റെ ചിന്തകൾക്കും പുതിയ വഴിതുറന്നു. 

ജോലി ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ അണിചേരാനായി െക.ബി.മേനോൻ മടങ്ങിയെത്തി. സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തു പീഡനം അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നെഹ്റു സ്ഥാപിച്ച സിവിൽ ലിബർട്ടീസ് യൂണിയൻ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായി. നാട്ടുരാജ്യ പ്രജാസമ്മേളനത്തിന്റെ ഓഫിസ് 1941ൽ വാർധയിലേക്കു മാറ്റിയതിനെത്തുടർന്ന് മേനോൻ വാർധയിലെ ഗാന്ധി ആശ്രമത്തിൽ അന്തേവാസിയായി. ഗാന്ധിജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരപ്രഖ്യാപനത്തോടെ  കേരളത്തിൽ തിരിച്ചെത്തി. കൊച്ചിയിലും മലബാറിലും ക്വിറ്റ് ഇന്ത്യാ സമരമുഖം കൂടുതൽ വ്യാപകമാകുന്നത് ഡോക്ടർ മേനോന്റെ വരവോടെയാണ്. കോളിളക്കം സൃഷ്ടടിച്ച കീഴരിയൂർ ബോംബ് കേസിന്റ പ്രധാന അണിയറ പ്രവർത്തകരിലൊരാളായിരുന്നു ഡോ. കെ.ബി.മേനോൻ.

ക്വിറ്റ് ഇന്ത്യാ സമരേതിഹാസത്തിൽ ഇന്ത്യയൊട്ടാകെ വാർത്താ പ്രാധാന്യം നേടിയ സംഭവമാണ് കീഴരിയൂർ ബോംബ് കേസ്. സർക്കാർ കെട്ടിടങ്ങളും റയിൽ സംവിധാനങ്ങളും ബോംബ് വെച്ച് തകർക്കാനായി കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരിൽ ഗൂഢാലോചന നടത്തി എന്നാരോപിക്കപ്പെട്ട ഈ കേസിലെ ഒന്നാം പ്രതി ഡോ. മേനോനായിരുന്നു. അറസ്റ്റിലായ മേനോനെ 10 കൊല്ലത്തെ തടവിന് ശിക്ഷിച്ചു. സ്വാതന്ത്യപ്രാപ്തിയെത്തുടർന്ന് അഞ്ചുവർഷശേഷം വിട്ടയക്കപ്പെട്ടുവെങ്കിലും ജയിൽജീവിതം മേനോന്റെ ആരോഗ്യം തകർത്തിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിരുന്നു അദ്ദേഹം. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ് വിട്ടതിനെത്തുടർന്ന് മേനോനും കോൺഗ്രസിനോട് വിടപറഞ്ഞു. 1952–ൽ തൃത്താലയിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957–ൽ വടകരയെ പ്രതിനിധീകരിച്ച് പാർലമെന്റിലും അംഗമായി. അവസാനകാലങ്ങളിൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.

ലാളിത്യത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി രാജ്യം മുഴുവൻ യാത്ര ചെയ്തിട്ടുള്ള അദ്ദേഹം മൂന്നാം ക്ലാസ് തീവണ്ടിയും മറ്റു പൊതുഗതാഗത സംവിധാനങ്ങളും മാത്രം ഉപയോഗപ്പെടുത്തി. ഏതു യാത്രയിലും ഒരു ജോടി വസ്‌ത്രവും കുറച്ച് പുസ്‌തകങ്ങളും മാത്രമേ എടുത്തിരുന്നുള്ളൂ. പരിചയക്കാരുടെ കൂടെ തങ്ങും. യാത്രയിൽ ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങൾ സ്വയം അലക്കി ഉണക്കി തലയിണക്കടിയിൽ വച്ചു ചുളിവു നിവർത്തി അടുത്ത യാത്രയ്‌ക്കു തയാറാവുകയായിരുന്നു പതിവ്. ജീവിതത്തിലുടനീളം പുലർത്തിയ നിഷ്ഠ അദ്ദേഹം മരണക്കിടക്കയിലും പാലിച്ചു. രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സാധാരണ വാർഡിൽ കിടന്ന്, 1967 സെപ്റ്റംബർ ആറിനായിരുന്നു ഡോ. കെ.ബി.മേനോൻ അന്ത്യശ്വാസം വലിച്ചത്. സാധാരണ വാർഡിൽ നിന്ന് സ്‌പെഷൽ വാർഡിലേക്കു മാറ്റാനുള്ള ഒരു നിർബന്ധത്തിനും വഴങ്ങിയില്ല. മേനോന്റെ അശ്രാന്ത പരിശ്രമം കൊണ്ട് സ്ഥാപിതമായ തൃത്താല ഹൈസ്‌കൂൾ വളപ്പിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അവസാനകാലത്ത് ഈ സ്കൂളിലെ ഒരു മുറിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

കീഴരിയൂർ ബോംബ് കേസ്

കെ.ബി.മേനോന്റെ പദ്ധതിയിൽ വിരിഞ്ഞ കീഴരിയൂർ ബോംബ് സംഭവത്തിനും 75 വർഷമാകുകയാണ്. സ്വാതന്ത്യ്രസമര ചരിത്രത്തിലെ അവിസ്‌മരണീയ അധ്യായമാണ് കീഴരിയൂർ ബോംബ് കേസ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോഴിക്കോട്ടെ ചാലപ്പുറത്ത് വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ കെ.ബി. മേനോന്റെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്നു. 1942 നവംബർ ഒൻപത്  വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. അന്ന് ഗവൺമെന്റ് കെട്ടിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആളപയാമില്ലാതെ ബോംബ് പൊട്ടിച്ച്  ബ്രിട്ടീഷ് അധികൃതരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. തുടർന്ന് കോഴിക്കോട്ടെ കാര്യാൽ അച്യുതന്റെ വീട്ടിൽ വിപുലമായ യോഗം ചേർന്നു. റയിൽവേയിലെ ഉദ്യോഗം രാജിവച്ചു വന്ന ഇ. വാസുദേവൻ നായർ, കീഴരിയൂരിലെ കുറുമയിൽ നാരായണൻ, കാര്യാൽ അച്യുതൻ, ജയദേവറാവു, കൊയപ്പള്ളി നാരായണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ബോംബ് നിർമാണത്തിന്റെ കേന്ദ്രമായി ആർക്കും അന്ന് എത്തിപ്പെടാൻ കഴിയാത്ത മലബാറിലെ കുഗ്രാമമായ കീഴരിയൂരിനെ തിരഞ്ഞെടുക്കുകയായിരുന്നു. കുറുമയിൽ നാരായണനായിരുന്നു ചുമതല. നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി. 

എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി. പൊലീസ് ഊർജിതമായ അന്വേഷണം നടത്തുകയും പ്രതികൾ പിടിക്കപ്പെടുകയും ചെയ്‌തു.  കേസിൽ 32 പ്രതികളുണ്ടായിരുന്നു. 27 പേർ അറസ്റ്റിലായി. കെ.ബി. മേനോനു പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ. 

ഒരു വർഷം നീണ്ടുനിന്ന വിചാരണയുടെ അവസാനം 12 പേർക്ക് ഏഴു വർഷവും ഒരാൾക്ക് പത്ത് വർഷവും തടവുശിക്ഷ വിധിച്ചു.സെഷൻ കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഒന്നു മുതൽ നാലു വരെ പ്രതികൾക്ക് ഹൈക്കോടതി 10 വർഷവും ബാക്കിയുള്ളവർക്ക് കീഴ്‌ക്കോടതിയുടെ വിധി ശരിവയ്‌ക്കുകയും ചെയ്യുകയായിരുന്നു.