Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നേട്ടം, ക്രിക്കറ്റിനു ഗുണകരം

KN-Raghavan-Nottam

2018 മുതൽ 2022 വരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ (ഐപിഎൽ) ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശത്തിന്റെ ലേലം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) 16347.5 കോടി രൂപയുടെ അധിപരാക്കിയിരിക്കുകയാണ്. ഈ വമ്പൻ തുകയ്ക്ക് അ‍ഞ്ചു വർഷത്തെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് സ്റ്റാർ ഇന്ത്യയാണ്. 

60 ദിവസം നീളുന്നതാണ് ഓരോ ഐപിഎൽ സീസണും. അങ്ങനെ നോക്കിയാൽ അഞ്ചു വർഷത്തേക്ക് ആകെ 300 ദിവസത്തെ പരിപാടി. ഓരോ ദിവസത്തെയും സംപ്രേഷണത്തിന് മുടക്കുന്നത് 54.5 കോടി രൂപ. 18,000 കോടി വരെ ലേലത്തിൽനിന്നു പ്രതീക്ഷിച്ചതായി ബിസിസിഐയുടെ സിഇഒ പറഞ്ഞിരുന്നു. കൃത്യമായി വിലയിരുത്തി യഥാർഥ മൂല്യത്തിനുള്ള ലേലത്തുക സമ്പാദിച്ച ബിസിസിഐ അഭിനന്ദനം അർഹിക്കുന്നുമുണ്ട്. 

വളർച്ചയിലേക്കുള്ള വലിയ ഈടുവയ്പായി ടിവി സംപ്രേഷണാവകാശത്തെയാണു ബിസിസിഐ പരിഗണിക്കുന്നതെന്നതു രഹസ്യമല്ല. ദൂരദർശന്റെ കുത്തക പൊളിക്കുന്നതുവരെ ബിസിസിഐക്ക് ഇതിൽനിന്നു കാര്യമായ ലാഭമെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതു വസ്തുതയാണ്. 1992–93 സീസണിലാണ് സംപ്രേഷണാവകാശം സ്വകാര്യ സംരംഭകർക്ക് നൽകിത്തുടങ്ങിയത്. ഓരോ വർഷവും ലേലത്തുക ഉയരുകയും ഐപിഎല്ലിന്റെ വിജയത്തോടെ അത് അപ്രതീക്ഷിത തലത്തിലേക്കെത്തുകയും ചെയ്തു. 

രാജ്യത്തെമ്പാടും ക്രിക്കറ്റിന്റെ പുരോഗതിക്കായാണ് ഈ വരുമാനത്തിന്റെ സിംഹഭാഗവും ബിസിസിഐ വിനിയോഗിക്കുന്നത്. രാജ്യാന്തര മൽസരങ്ങൾക്കു വേദിയാകുന്ന വൻനഗരങ്ങളിലെ സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതു കൂടാതെ ചെറിയ സ്ഥലങ്ങളിലും ക്രിക്കറ്റ് സൗകര്യങ്ങളൊരുക്കാൻ അവർ ശ്രദ്ധിക്കുന്നു. ടർഫ് വിക്കറ്റുകളും ഇൻഡോർ സംവിധാനങ്ങളും പരിശീലനകേന്ദ്രങ്ങളുമായി ചെറിയ നഗരങ്ങളും ഇപ്പോൾ സജീവമാണ്. അംപയർമാരുടെയും പരിശീലകരുടെയും ഗ്രൗണ്ട്സ്മാൻമാരുടെയും മറ്റു ജീവനക്കാരുടേയുമൊക്കെ  നിലവാര സംഘത്തെ വളർത്തിയെടുക്കാനും അവർ ശ്രദ്ധിക്കുന്നു. സ്കൂൾ തലത്തിലും ജൂനിയർ തലത്തിലുമെല്ലാം കളിക്കാരെ വളർത്തിയെടുക്കാനുള്ള മികച്ച ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ട്. 2005 മുതൽ വനിതാ ക്രിക്കറ്റിലും അവരുടെ ശ്രദ്ധ പതിയുന്നു. ഇതെല്ലാംവഴി ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും വിജയം ഉറപ്പാക്കുന്ന മികച്ച ദേശീയ നിരയേയും വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ട്. 

കായിക ഭരണസംഘടനകളേറെയും മന്ദഗതിയിലുള്ള ഒരു രാജ്യത്ത് ബിസിസിഐയുടെ പ്രവർത്തനം തികച്ചും വ്യത്യസ്തമാണ്. ലോകകപ്പിന്റെ മൂന്നു പതിപ്പുകൾക്ക് വേദിയൊരുക്കിയതിലൂടെ ആരാധകരുടെ മനസ്സുകൾക്കും അവർ സന്തോഷമേകി. മുൻതാരങ്ങൾക്കും ഒഫീഷ്യലുകൾക്കുമെല്ലാം പെൻഷൻ നൽകുന്ന തീരുമാനം എത്രയോ പേർക്കു സഹായകരമായി. ക്രിക്കറ്റിൽനിന്നു കിട്ടുന്ന വരുമാനം ക്രിക്കറ്റിനുവേണ്ടിത്തന്നെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണിവയെല്ലാം. 

മികവു സൂചിപ്പിക്കുന്ന അതേ വേളയിൽത്തന്നെ ഭരണവ്യവസ്ഥയിലെ ബിസിസിഐയുടെ സുതാര്യതക്കുറവിനെയും ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ബിസിസിഐയുടെ പ്രവർത്തനത്തിൽ ഒട്ടേറെ പൊളിച്ചെഴുത്തലുകൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, അവ നടപ്പാക്കുന്നതിൽ അവർ വലിയ വിമുഖതയാണു കാട്ടുന്നത്.

കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിക്കുപോലും പ്രവർത്തനത്തിനു വിഷമം നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതി ക്ഷമ കാണിക്കുന്നുണ്ടെങ്കിലും കൃത്യമായ കാലയളവിൽ ഈ മാറ്റങ്ങൾ വരുത്തുമെന്ന സൂചനകളൊന്നും ബിസിസിഐ നൽകുന്നില്ല. സുതാര്യത ഉറപ്പാക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾക്കു തയാറാകാൻ ബിസിസിഐ മനസ്സു കാണിക്കണം. ക്രിക്കറ്റിന്റെ പുരോഗതിക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും നേതൃത്വത്തിലുള്ള ചിലരുടെ പിടിവാശികൾ നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നതു പറയാതെ വയ്യ. 

(മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും നോർക്ക സിഇഒയുമാണു ലേഖകൻ)