Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം ആശ്വാസത്തോടെ, അന്തസ്സോടെ

OLD

ഇന്നു കേരളത്തിൽ വയോജനങ്ങൾ നേരിടുന്ന ദുരിതവും പ്രതിസന്ധിയും മാധ്യമങ്ങളിൽ പതിവു വാർത്തകളാണ്. തിരുവനന്തപുരത്തു നല്ലനിലയിൽ കഴിഞ്ഞിരുന്ന എഴുപതു വയസ്സുകാരൻ മരിച്ചിട്ടു ദിവസങ്ങളോളം ആരുമറിഞ്ഞില്ല. അതിലും ദയനീയമാണു മുംബൈയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മ മരിച്ചു മൂന്നു മാസം കഴിഞ്ഞ് അസ്ഥികൂടമായി ബന്ധുക്കൾ കണ്ടെത്തിയത്. ഈ ദുഃസ്ഥിതിയെക്കുറിച്ചു കേരളം ഉറക്കെ ചിന്തിക്കേണ്ട സമയമായി. 

കണക്കുകളനുസരിച്ചു, 30 വർഷം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങളിൽ കാൽഭാഗത്തോളം വയോജനങ്ങളാകും. അവരുടെ പരിരക്ഷ മക്കളായാലും ബന്ധുക്കളായാലും ബാക്കിയുള്ളവരുടെ മാത്രം ഉത്തരവാദിത്തമല്ല. ആ ദൗത്യം എങ്ങനെ നിറവേറ്റുമെന്നു സമൂഹത്തിനോ ഭരണാധികാരികൾക്കോ ഇപ്പോഴും നിശ്ചയമില്ല. 

കേരളത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയുടെ വയോജനാവസ്ഥ പറയട്ടെ. മക്കൾ വിദേശത്താണ്. കൂടെ ഭാര്യ മാത്രം. കേരളത്തിലെ വലിയൊരു കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന്റെ അവശത കണ്ടു നല്ലൊരു കെയർഹോമിലേക്കു മാറ്റാൻ ബന്ധുക്കൾ ശ്രമിച്ചു. മക്കൾ പക്ഷേ, അനുവദിക്കുന്നില്ല. തങ്ങളെ വളർത്തി വലുതാക്കിയ ഇത്രയും വലിയൊരു മനുഷ്യനെ അവസാനകാലത്തു കെയർഹോമിലേക്ക് അയയ്ക്കുന്നതെങ്ങനെ എന്നാണു ചോദ്യം. പകരം, ഏറെ പണം ചെലവാക്കി രണ്ടുമൂന്നു ജോലിക്കാരെ വീട്ടിൽ നിയോഗിച്ചിരിക്കുകയാണ്. 

കേരളത്തിലെ ഇടത്തരം, മേൽത്തരം കുടുംബങ്ങളിലാണ് ഈ നിസ്സഹായാവസ്ഥ.  ആളിനെ വച്ചാൽ അവർ നോക്കുമെന്നുള്ളതിന് എന്താണുറപ്പ്? പരിശീലനം ലഭിച്ചവരാണോ നോക്കുന്നത്? പെട്ടെന്ന് അസുഖം വന്നാൽ എന്തു ചെയ്യും? – ഇത്തരം ചോദ്യങ്ങൾ ഒട്ടേറെയാണ്. 

ഈ സാഹചര്യം മറ്റു ചിലർ സൂത്രത്തിൽ തരണം ചെയ്യുന്നത് ഇങ്ങനെയാണ്: മാസം ലക്ഷക്കണക്കിനു രൂപ ചെലവാക്കി മാതാപിതാക്കളെ വലിയ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുത്തള്ളുന്നു. ചിലപ്പോൾ അതു തീവ്രപരിചരണ വിഭാഗത്തിലായിരിക്കും. സുഖമില്ലാത്തതുകൊണ്ട് ആശുപത്രിയിലാക്കി എന്നായിരിക്കും പുറത്തു പറയുന്നത്. അവസാനദിനങ്ങളിൽ ഉറ്റവരുടെ മുഖം കാണാനാകാതെ ഇവർ മരിക്കുന്നു. മരിക്കാറാകുമ്പോൾ പരിരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെട്ടു മുന്നോട്ടുവരുന്ന ആശുപത്രികൾ ഇപ്പോൾ കേരളത്തിൽ ഒട്ടേറെയാണ്. ഇനിയും അവയുടെ എണ്ണം കൂടും. 

ആശുപത്രിയിലാക്കിയാലും നാടുനീളെ ഒരു നിയന്ത്രണവുമില്ലാതെ മുളച്ചുപൊന്തുന്ന കെയർഹോമുകളിലാക്കിയാലും സ്വന്തം വീട്ടിലാക്കിയാലും ഇവരുടെ മാനസികവും ശാരീരികവുമായ പരിരക്ഷ ഉറപ്പാക്കാൻ ഒരു സംവിധാനവുമില്ല. അന്തസ്സോടെ മരിക്കാൻ വയോജനങ്ങൾക്കു സംരക്ഷണം നൽകുന്ന നിയമങ്ങളും സാമൂഹികസുരക്ഷാ സംവിധാനങ്ങളും മറ്റു രാജ്യങ്ങളിലുണ്ട്. അവസാന നാളുകളിൽ എങ്ങനെ കഴിയണമെന്നു തീരുമാനിക്കാൻ ഈ നിയമം അവർക്ക് അവകാശം നൽകുന്നു. ഇപ്പോഴുള്ള പരിമിതമായ നിയമം അനുശാസിക്കുന്നതരത്തിൽപോലും പരിരക്ഷ നൽകുന്ന സ്ഥാപനങ്ങളല്ല കേരളത്തിലുള്ളത്. ആശുപത്രികളിൽ വാർധക്യസഹജമായ ശാരീരികാവശതകൾക്കു താൽക്കാലിക പരിഹാരം കാണാൻ കഴിയുമായിരിക്കും. പക്ഷേ, മനസ്സിന് ആശ്വാസം നൽകാൻ കഴിയില്ല. ജീവിതത്തിന്റെ അന്ത്യനാളുകളിൽ അവർ കൊതിക്കുന്നത് ഏകാന്തതയെ അകറ്റുന്ന സ്നേഹവും സൗഹൃദവുമാണ്. 

കുടുംബ ഡോക്ടർ എന്ന ആശയം കുറെക്കാലമായി പലരും പറഞ്ഞുകേൾക്കുന്നുണ്ട്. പക്ഷേ, അത്തരമൊരു സേവനം ഇവിടെ ഇല്ലെന്നുതന്നെ പറയാം. കുടുംബ ഡോക്ടർ എന്നത് എല്ലാത്തരം രോഗങ്ങൾക്കും പ്രാഥമികമായെങ്കിലും ആരോഗ്യ പരിരക്ഷ നിർദേശിക്കാൻ കഴിയുന്ന ഡോക്ടറായിരിക്കണം. അവിടെ ഡോക്ടർ കുടുംബാംഗത്തെപ്പോലെയാണ്.  വിരലിലെണ്ണാൻപോലുമില്ലാത്ത ഇന്നത്തെ കുടുംബ ഡോക്ടർമാർ ഇത്തരം പരിശീലനം ലഭിച്ചവരാണ് എന്നു തോന്നുന്നില്ല. അവർ രോഗികളെ ആശുപത്രിയിലേക്കു റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരായിരിക്കരുത്. 

വാർധക്യകാലത്ത് ആശുപത്രിയിലായാലും സ്വന്തംനിലയിലായാലും വീട്ടിലായാലും മനസ്സിനും ശരീരത്തിനും പരിരക്ഷ നൽകുന്ന സ്ഥാപനങ്ങളാണു നമുക്കു വേണ്ടത്. അത്തരം സ്ഥാപനങ്ങളെ സർക്കാർ അംഗീകരിക്കണം. ആ പരിരക്ഷയിൽ മക്കൾ മുതൽ ഡോക്ടർമാരും ഹോംനഴ്സുമാരും വരെ ഭാഗമായിരിക്കണം. കുടുംബാംഗങ്ങളും ഡോക്ടർമാരും നഴ്സുമാരും പരിചാരകരുമെല്ലാം പരിശീലനം നേടിയവരായിരിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ ചുമതല വഹിക്കേണ്ടത് ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരായിരിക്കണം. സർക്കാരും ജീവകാരുണ്യ സംഘടനകളും സാമൂഹിക പ്രവർത്തകരും മുന്നിട്ടിറങ്ങി വയോജനസംരക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കണം.  

കേരളത്തിൽ മാതാപിതാക്കൾ മക്കളെ മികച്ച സ്ഥാപനങ്ങളിൽ, പരിശീലനം ലഭിച്ച വ്യക്തികളുടെ കീഴിൽ വളരാനും പഠിക്കാനും അയയ്ക്കുന്നു. അതുപോലെതന്നെയാകണം തിരിച്ചും. വാർധക്യകാലത്തു മികച്ച സ്ഥാപനങ്ങളിലോ സ്വന്തം വീടുകളിൽ പരിശീലനം ലഭിച്ച വ്യക്തികളുടെ കീഴിലോ അവസാനകാലം കഴിയാൻ അച്ഛനമ്മമാരെ അനുവദിക്കുമ്പോൾ ആശ്വാസവും ബാക്കിയുള്ള ദിവസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയുമായിരിക്കും ആ മുഖങ്ങളിൽ. അവർ അന്തസ്സോടെ മരിക്കട്ടെ. മരിച്ചതിനുശേഷം ആത്മശാന്തിക്കുവേണ്ടി നടത്തുന്ന പ്രാർഥനകളും കർമങ്ങളും വെറും ചടങ്ങുകൾ മാത്രമാണെന്ന് ഓർക്കുക.

(കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയറിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു ലേഖകൻ).