Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിലെത്തട്ടെ ചികിൽസ

കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു പലപ്പോഴും അവഗണന നേരിടുന്നുവെന്നു മലബാറുകാർ പരാതിപ്പെടാൻ തുടങ്ങിയിട്ടു കാലമേറെയായി. ആവലാതികൾ പലതും പരിഹരിക്കപ്പെടുന്നുണ്ടെന്നതു നല്ല കാര്യം. പക്ഷേ, പതിറ്റാണ്ടുകളായി കേട്ടുവരുന്ന ചില പരാതികളെങ്കിലും ഇന്നും പാഴ്‌വിലാപങ്ങൾ തന്നെ. കേന്ദ്ര സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കേന്ദ്ര സർവീസിൽനിന്നു വിരമിച്ചവർക്കും സൗജന്യനിരക്കിൽ ചികിൽസ ലഭിക്കുന്ന സിജിഎച്ച്എസ് (സെൻട്രൽ ഗവ. ഹെൽത്ത് സ്കീം) ഡിസ്പെൻസറി മലബാറിലും അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ശുപാർശയിൽ ഇനിയും നടപടിയില്ലാത്തത് ആ അവഗണനയുടെ തുടർച്ചയാണെന്നു കരുതേണ്ടിയിരിക്കുന്നു. 

സിജിഎച്ച്എസിനു കീഴിൽ കേരളത്തിന് ആകെ അനുവദിച്ചിട്ടുള്ള മൂന്നു ഡിസ്പെൻസറികളും തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായാണു പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തു സിജിഎച്ച്എസ് യൂണിറ്റ് സ്ഥാപിക്കുന്നത് 1996ലാണ്. കേരളത്തിലെ മുഴുവൻ കേന്ദ്ര ജീവനക്കാരും പെൻഷൻകാരും അർഹതപ്പെട്ട ചികിൽസയ്ക്കായി തിരുവനന്തപുരം വരെ യാത്രചെയ്യണം. സിജിഎച്ച്എസ് ഡിസ്പെൻസറികളിൽ ചികിൽസ തേടുന്നവരെ വിദഗ്ധ ചികിൽസയ്ക്ക് അയയ്ക്കാനുള്ള റഫറൽ ആശുപത്രികളും തിരുവനന്തപുരത്തു തന്നെ. സൗജന്യ നിരക്കിലുള്ള ചികിൽസ ദൂരക്കൂടുതൽ കൊണ്ടുമാത്രം പ്രയോജനപ്പെടുത്താനാവാത്ത സ്ഥിതിയിലാണു മലബാറിലെ ആയിരക്കണക്കിനു ഗുണഭോക്താക്കൾ എന്നതു നിർഭാഗ്യകരമാണ്; വിശേഷിച്ചു വിരമിച്ചവർ. 

കേന്ദ്ര പെൻഷൻകാരുടെ നിരന്തര പരാതിയെ തുടർന്നാണ്, തിരുവനന്തപുരത്തെ മൂന്നു സിജിഎച്ച്എസ് ഡിസ്പെൻസറികളിലൊന്നു മലബാറിലേക്കു മാറ്റുകയോ അല്ലെങ്കിൽ പുതുതായൊന്നു തുടങ്ങുകയോ വേണമെന്നു സംസ്ഥാന സർക്കാർ കുറച്ചു മാസം മുൻപു കേന്ദ്രത്തിനു കത്തെഴുതിയത്. സൈനിക ക്യാംപുകളുടെയും സൈനിക ആശുപത്രിയുടെയും സാമീപ്യവും സ്ഥലലഭ്യതയും കണക്കിലെടുത്ത് ഈ ഡിസ്പെൻസറി കണ്ണൂരിൽ സ്ഥാപിക്കുന്നതാണു സൗകര്യപ്രദമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി സിജിഎച്ച്എസ് അധികൃതർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി നേരത്തേ വിഷയം പരിശോധിച്ച കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസറും ഇതേ ശുപാർശകളാണു നൽകിയത്.

ഏഴിമല നാവിക അക്കാദമി, കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർ (ഡിഎസ്‌സി) സൈനിക കേന്ദ്രം, കാസർകോട്ടെ കേന്ദ്ര സർവകലാശാല, പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രം, ഇരിണാവിലെ നിർദിഷ്ട തീരദേശസേനാ പരിശീലന കേന്ദ്രം, കണ്ണൂർ വിമാനത്താവളം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സൗകര്യപ്രദമായ ശുപാർശയാണത്. കേന്ദ്ര പെൻഷൻകാരുടെ സംഘടന നൽകിയ നിവേദനത്തെ തുടർന്ന്, കണ്ണൂരിൽ ഡിസ്പെൻസറി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തിരുവനന്തപുരത്തെ സിജിഎച്ച്എസ് ഉദ്യോഗസ്ഥർക്കു ഡൽഹിയിൽനിന്നു നിർദേശം നൽകിയിരുന്നുവെങ്കിലും അനുകൂല നടപടികളുണ്ടായില്ല.

പുതിയൊരു സ്ഥലത്തു സിജിഎച്ച്എസ് ഡിസ്പെൻസറി സ്ഥാപിക്കണമെങ്കിൽ അതിന്റെ പ്രവർത്തനപരിധിയിൽ ആറായിരം ഗുണഭോക്താക്കളെങ്കിലും ഉണ്ടായിരിക്കണമെന്നാണു മാനദണ്ഡം. കണ്ണൂർ ജില്ലയിൽ മാത്രം ആറായിരത്തിലേറെ പേരുണ്ടെന്നാണു കണക്ക്. സമീപ ജില്ലകൾകൂടി കണക്കിലെടുത്താൽ അവരുടെ എണ്ണം ഇരുപതിനായിരം കവിയും. എന്നിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനു പിന്നിൽ ചിലരുടെ സ്വാർഥതാൽപര്യങ്ങളാണെന്നു സംശയിക്കുന്നവരുണ്ട്.

സിജിഎച്ച്എസ് ഡിസ്പെൻസറി മലബാറിലും അനുവദിക്കാൻ സംസ്ഥാന സർക്കാരിൽനിന്നും ജനപ്രതിനിധികളിൽനിന്നും കൂടുതൽ ശക്തമായ സമ്മർദം കേന്ദ്രത്തിൽ എത്തുകതന്നെ വേണം.