Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോത്സവങ്ങളിൽ അപസ്വരങ്ങൾ ഏറുന്നു; അപകടകരം ഈ ചുവടുകൾ

Rajasree-Warrier

സംസ്ഥാനത്ത് ജില്ലാതല സ്കൂൾ കലോത്സവങ്ങൾക്കു പിന്നാലെ വേദിയിലും സദസ്സിലും നിന്ന് അപസ്വരങ്ങളും താളപ്പിഴകളും ഇക്കുറിയും കേട്ടുതുടങ്ങിയിരിക്കുന്നു. മൽസരത്തിൽ പിന്നിലാകുന്നവരും രക്ഷിതാക്കളും കുറെക്കാലങ്ങളായി മറ്റു മൽസരാർഥികളെയും വിധികർത്താക്കളെയും സംഘാടകരെയും ചോദ്യം ചെയ്തു രംഗത്തെത്തുന്നതു പതിവാണ്. എന്നാൽ, ഇക്കുറി കുറെക്കൂടിക്കടന്ന് മൽസരാർഥിയായ വിദ്യാർഥിനിയെ സ്വന്തം പിതാവ് സ്റ്റേജിൽ നിന്ന് എടുത്തെറിയും എന്നുവരെ ഭീഷണിപ്പെടുത്തുന്ന നില വന്നിരിക്കുന്നു. അപകടകരമായ ചുവടുകളാണിത്.

നൃത്തവും സംഗീതവും തുടങ്ങി ഏതു കലയാണെങ്കിലും നമ്മുടെ കുട്ടികളെ അതു പഠിപ്പിക്കുന്ന രീതിയുടെ കുഴപ്പമാണിത്. കലയിലാണെങ്കിലും പണം നിക്ഷേപിക്കുന്നതിനു തുല്യമായി ഫലം കിട്ടണമെന്ന തെറ്റായ ബോധം അറിഞ്ഞോ അറിയാതെയോ നമ്മുടെ രക്ഷിതാക്കളിലും കലാ അധ്യാപകരിലും ഉറച്ചുപോയിട്ടുണ്ട്. മക്കളെ കല അഭ്യസിപ്പിച്ച് നിശ്ചിത വർഷങ്ങൾക്കു ശേഷം പുരസ്കാരങ്ങളായി മക്കളിൽ നിന്നു തിരിച്ചു ലഭിച്ചിരിക്കണം എന്നാണു രക്ഷിതാക്കളുടെ വിശ്വാസം. അതിന്റെ ആദ്യപടിയെന്നു പറയാവുന്ന സ്കൂൾ കലോത്സവ വേദിയിൽ കുട്ടി പിന്നിലാകുമ്പോൾ ആകെ തകർന്നുപോകും. ഇതെ തുടർന്നുള്ള രോഷപ്രകടനങ്ങളാണു പലപ്പോഴും സ്കൂൾ കലോത്സവ വേദികളിൽ സംഭവിക്കുന്നത്.

വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സ്വായത്തമാക്കുന്ന നൃത്തമെന്ന കല, ഗുളിക രൂപത്തിൽ കലോത്സവ വേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടിയുടെ കഴിവ് എത്രമാത്രം വിലയിരുത്താൻ കഴിയും? കുട്ടിയുടെ മാനസികനില, ആരോഗ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ നൃത്തം ചെയ്യുന്ന ദിവസത്തെ പ്രകടനത്തെ ബാധിക്കും. ഒരു ദിവസം കൊണ്ടു കുട്ടിയുടെ പ്രകടനം വിലയിരുത്താനാവും. പക്ഷേ, കുട്ടി സ്വായത്തമാക്കിയ കലയെ അളക്കാനാവില്ലെന്നതാണു സത്യം.

സ്കൂൾ കലോത്സവം പണക്കൊഴുപ്പിന്റെ മേള എന്ന ചീത്തപ്പേരിൽ നിന്ന് ഒഴിവാക്കാനായി ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും എത്രമാത്രം ഫലപ്രദമായിട്ടുണ്ടെന്നു സംശയമാണ്. നൃത്തഇനത്തിൽ പക്കമേളം ഒഴിവാക്കി സിഡി ഏർപ്പെടുത്തിയെങ്കിലും ചെലവു കുറഞ്ഞിട്ടില്ല. പത്തു മിനിറ്റുള്ള ഒരു വർണം പഠിപ്പിച്ചു പാട്ട് സിഡിയിൽ റിക്കോർഡ് ചെയ്തു നൽകുന്നതിന് നൃത്തഅധ്യാപകർ ഒരു ലക്ഷം രൂപ വരെ വാങ്ങുന്നുവെന്നു ചില രക്ഷിതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്.

അധ്യാപകർ കാട്ടിക്കൊടുക്കുന്ന ചുവടുകൾ അപ്പാടേ അനുകരിക്കാനാണു കുട്ടികളോടു പറയുക. കലോത്സവ വേദികളിൽ ഒന്നാമതെത്തണമെങ്കിൽ ഇൗ അനുകരണം മാത്രമാണു വഴിയെന്നു രക്ഷിതാക്കളും കുട്ടികളും കരുതുന്നു. ഇന്ത്യൻ നൃത്തകലകളിൽ നർത്തകരുടെ മനോധർമത്തിനു വലിയ പ്രാധാന്യമുണ്ട്. എത്ര ചിട്ടവട്ടങ്ങളോടെ ആടിയാലും വേദിയിൽ, ചില നിമിഷങ്ങളിൽ നർത്തകന്റെ മനസ്സിൽ വിടരുന്ന ചിലതു കൂടി ചേർത്ത് അവതരിപ്പിക്കാനാവും. നർത്തകന്റെ ഇൗ സ്വാതന്ത്ര്യമാണു നൃത്തകലയുടെ സൗന്ദര്യം. എന്നാൽ, പറഞ്ഞുകൊടുക്കുന്ന ചുവടുകൾ മാത്രം പിന്തുടരാൻ നമ്മൾ നിർബന്ധിക്കുന്നതോടെ കുട്ടികൾക്കു നൃത്തം എന്ന കല വെറും പരിശീലന കോഴ്സ് ആയി മാറും. നന്നായി നൃത്തം ചെയ്തിരുന്ന കുട്ടികളിലേറെയും സ്കൂൾ കാലഘട്ടത്തിനു ശേഷം കല ഉപേക്ഷിച്ചതിന്റെ കാരണം അധികമാലോചിക്കേണ്ടതില്ല.

കലോത്സവത്തിൽ നൃത്ത ഇനങ്ങളുടെ അവതരണ രീതി ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്. സ്ഥാനങ്ങൾ ഒഴിവാക്കി പകരം ഗ്രേഡിങ് രീതി വന്നെങ്കിലും വേദിക്കു പിന്നിലെ അനാവശ്യ മൽസരങ്ങൾ ഇല്ലാതായിട്ടില്ല.

നൃത്തം ചെയ്യാനുള്ള കഴിവിനൊപ്പം ആ വിഷയത്തിൽ കുട്ടികൾക്ക് എത്രമാത്രം അറിവുണ്ട് എന്നു കൂടി കലോത്സവത്തിൽ പരിശോധിക്കപ്പെടണം. നൃത്തത്തിനു ശേഷം വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളോടു ചില ചോദ്യങ്ങൾ കൂടി ചോദിക്കുന്ന തരത്തിലാകണം മൽസര രീതി.

നമ്മുടെ കുട്ടിയെ ഏതെങ്കിലും ഒരു കല പഠിപ്പിക്കുന്നതു മുതലും പലിശയുമടക്കം തിരിച്ചുപിടിക്കാനെന്ന ലക്ഷ്യത്തോടെയാകരുത്. കല, കാലക്രമേണ അവരുടെ വ്യക്തിജീവിതത്തിലും സമൂഹത്തോടുള്ള കാഴ്ചപ്പാടുകളിലുമുണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്.

(പ്രശസ്ത നർത്തകിയാണ് ലേഖിക)