Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല; സിപിഎമ്മിനോട് സ്നേഹമുണ്ട്: കാന്തപുരം

kanthapuram-aboobacker-musaliar

കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ 40 വർഷം പൂർത്തിയാക്കുമ്പോൾ അതിന്റെ അമരക്കാരൻ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ 80 വയസ്സിലെത്തിനിൽക്കുകയാണ്. പൊതുപ്രവർത്തനരംഗത്ത് അദ്ദേഹം അഞ്ചര പതിറ്റാണ്ട് പിന്നിടുന്നു. 2018 ജനുവരി നാലിന് ആരംഭിക്കുന്ന മർക്കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കാന്തപുരം സംസാരിക്കുന്നു. 

ഇത്രകാലത്തെ പൊതുജീവിതത്തിനിടയിൽ സമൂഹത്തെക്കുറിച്ചും രാഷ്ട്രീയരംഗത്തെക്കുറിച്ചും താങ്കളുടെ വിലയിരുത്തൽ എന്താണ്? 

∙ എന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥയാണ്.  നമ്മുടെ ജനാധിപത്യ ഭരണരീതിയിൽ രാഷ്ട്രീയ പാർട്ടികൾ അനിവാര്യമാണ്. പക്ഷേ, മുഴുവൻ രാഷ്ട്രീയ പാർട്ടികളിലും ഞാൻ കണ്ട അനുഭവം അവർക്ക് അവരുടെ പാർട്ടി വളർത്തൽ ഒന്നാമതും രാജ്യത്തിന്റെ നന്മ രണ്ടാമതുമായിട്ടാണ്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക. അതിൽ നിന്നു പാർട്ടി വളരട്ടെ, വളരാതിരിക്കട്ടെ എന്നു വിചാരിക്കുന്നവർ ഇല്ല എന്നുതന്നെ പറയാം. ഭരണപക്ഷം എന്തു ചെയ്താലും പ്രതിപക്ഷം തെറ്റായി കാണുക. പ്രതിപക്ഷം എന്തു പറഞ്ഞാലും അത് വേണ്ടതാണോ അല്ലയോ എന്നു നോക്കാതെ ഭരണപക്ഷം തിരസ്കരിക്കുക. അക്കാര്യത്തിൽ ഏതു പാർട്ടിയെന്ന വ്യത്യാസമൊന്നുമില്ല.  

അതിനർഥം ധാർമികതയോടെ, ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ അഭാവം ഇപ്പോഴും സമൂഹത്തിലുണ്ട് എന്നാണല്ലോ. 

∙ എന്നല്ല. പുതിയ രാഷ്ട്രീയപാർട്ടിയൊന്നും വേണ്ട. ഉണ്ടായാൽ നിലനിൽക്കാൻ കഴിയുകയില്ല. ഉള്ള പാർട്ടികളും അവരുടെ നേതൃത്വവും ചിന്തിച്ച് നന്നാവുകയാണ് വേണ്ടത്. നല്ല കാര്യങ്ങൾ വരുമ്പോൾ നാം ഒന്നായി പ്രവർത്തിക്കുക എന്ന ചിന്താഗതിയിലേക്കു മടങ്ങുകയാണ് ആവശ്യം. 

 കേരള മുസ്‌ലിം ജമാഅത്ത് രൂപീകരിച്ചത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണോ? 

∙ അങ്ങനെ യാതൊരു ലക്ഷ്യവുമില്ല. പ്രാസ്ഥാനിക സംഘടനകളിൽ ഓരോന്നിനും പ്രായപരിധിയുണ്ട്. ഞങ്ങളുടെ ബഹുജന സംഘടനയായ എസ്.വൈ.എസിനു പ്രായപരിധിയുണ്ട്. വയസ്സിന്റെ പരിധിയില്ലാത്ത വിധത്തിൽ എല്ലാവരെയും പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള സംഘടന എന്നതാണ് കേരള മുസ്‌ലിം ജമാഅത്ത് രൂപീകരിച്ചതിന്റെ ലക്ഷ്യം. 

കേരളത്തിൽ ഇന്നുള്ള നേതാക്കളിൽ താങ്കൾക്ക് ഒരു പ്രത്യേകതയുണ്ട്. രാഷ്ട്രീയരംഗത്തായാലും മതരംഗത്തായാലും മറ്റു സംഘടനകളെല്ലാം മുൻപേ രൂപീകരിക്കപ്പെട്ടതാണ്. നേതൃത്വത്തിൽ പല കാലങ്ങളിൽ പലരും എത്തുന്നുവെന്നു മാത്രം. എന്നാൽ താങ്കൾ ശക്തവും വിശാലവുമായ ഒരു സംഘടന സ്വന്തമായി സ്ഥാപിച്ച് അതിനെ കരുത്തോടെ നയിക്കുന്നു. 

∙ ഞാൻ സ്വന്തമായി സ്ഥാപിച്ചതല്ല. മുൻഗാമികൾ സ്ഥാപിച്ചു നടത്തിവന്ന സംഘടന തന്നെയാണ്. മുൻഗാമികളുടെ വഴി തന്നെയാണ് പിന്തുടരുന്നത് എന്ന ആത്മവിശ്വാസം ജനങ്ങളിൽ വന്നതുകൊണ്ടാണ് ജനങ്ങൾ ഒപ്പം വരുന്നത്. മുൻഗാമികളുടെ ആശയങ്ങളും ആദർശങ്ങളും നിലനിർത്തൽ തന്നെയാണ് ലക്ഷ്യം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ജനങ്ങൾ കൂടെ വരുന്നത്. 

kanthapuram

 മറ്റൊരു സംഘടനയിലും കാണാത്ത അനുസരണാശീലം ഈ സംഘടനയ്ക്കകത്തുണ്ട്. അത് എങ്ങനെ സാധിച്ചെടുത്തതാണ്?

∙ തീർച്ചയായും ഉണ്ട്. അത് തന്നെയാണ് പ്രവാചകൻ മുഹമ്മദ് നബിയെ അല്ലാഹു പഠിപ്പിച്ച ‘അദബ്’ (അനുസരണശീലം). ‘എന്നെ എന്റെ സ്രഷ്ടാവായ അല്ലാഹു  അനുസരണയും ബഹുമാനവും പഠിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം പഠിപ്പിച്ചതിൽ കൂടുതൽ നന്നായി എന്നെ എന്റെ സ്രഷ്ടാവ് പഠിപ്പിച്ചു’ എന്ന് അർഥം വരുന്ന ഒരു പ്രവാചകവചനമുണ്ട്. അനുസരണ എന്നത് ഇസ്‌ലാമിന്റെ സത്തയാണ്. 

അനുസരണയും അതിന്റെ ഭാഗമായുള്ള ആദരവും – അത് ചിലപ്പോൾ കൂടിപ്പോകുന്നുണ്ടോ? 

∙ ഇല്ല. അങ്ങനെയില്ല. അത്, ഇലാഹാണെന്ന് (ദൈവമാണെന്ന്) ധരിക്കുമ്പോഴാണ് കൂടിപ്പോകുന്നത്. ബഹുമാനിച്ചു ബഹുമാനിച്ചു ബഹുമാനിച്ച് ഇലാഹാണെന്നു കരുതിയാൽ അത് അതിരുകവിഞ്ഞുപോയി. അത് പാടില്ല. അതിനിപ്പുറത്തുള്ള ബഹുമാനങ്ങളൊക്കെ അനിവാര്യമാണ്. 

ഇത്രയും കാലത്തിനിടയിലെ ഏറ്റവും വലിയ നേട്ടം എന്താണ്?

∙ വിദ്യാഭ്യാസവും തിരിച്ചറിവുമുള്ള വലിയൊരു തലമുറയെ വാർത്തെടുക്കാൻ സാധിച്ചു. മത, ഭൗതിക, ക്രിയാത്മക സമന്വയ വിദ്യാഭ്യാസത്തിലൂടെ വലിയൊരു സമൂഹത്തെ വളർത്തിയെടുക്കാൻ സാധിച്ചു. 

ഇത്ര പ്രായത്തിനിടയിലും ദീർഘദൂരം യാത്ര ചെയ്യുന്നു. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നു. വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. താങ്കളുടെ ഒരു ദിവസം എങ്ങനെയാണ്? 

∙ സുബ്‌ഹിയുടെ (പ്രഭാതത്തിലെ നമസ്കാരം) ഒരു മണിക്കൂർ മുൻപ് എഴുന്നേൽക്കും. അത് സുബ്‌ഹിയുടെ സമയവ്യത്യാസമനുസരിച്ച് പുലർച്ചെ മൂന്നര മണി മുതൽ നാലു മണി വരെയാകാം. പൊതുപരിപാടികൾ കഴിഞ്ഞെത്തിയിട്ടാണ് ഉറക്കം. അത് പന്ത്രണ്ട് മണിയോ ഒരു മണിയോ രണ്ടു മണിയോ ഒക്കെ ആകാം. എനിക്ക് ഉദ്ദേശിക്കുമ്പോൾ ഉറങ്ങാനും ഉദ്ദേശിക്കുമ്പോൾ എഴുന്നേൽക്കാനും കഴിയും. അത് ചെറുപ്പംമുതലേ സാധിക്കുന്ന ഒരു കാര്യമാണ്. ഉറങ്ങാൻ ഉദ്ദേശിച്ചു കിടന്നാൽ അപ്പോൾ ഉറക്കം വരും. ഉദ്ദേശിച്ച സമയത്ത് എഴുന്നേൽക്കാൻ അലാറം വയ്ക്കേണ്ട; വിളിച്ചുണർത്തേണ്ട. അത് 99% എന്നു കൂട്ടിക്കോളൂ. അല്ലെങ്കിൽ 95%. മനുഷ്യന്റെ കാര്യമല്ലേ. ചില സമയത്ത് മാറ്റവുമുണ്ടാകും. എങ്കിലും അത് സാധിക്കാറുണ്ട്. 

kanthapuram

 ശാരീരികാരോഗ്യത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായിട്ടാണോ ഇതിനെ കാണുന്നത്? 

∙ അതെ. പ്രത്യേകിച്ച് ഉറങ്ങുക എന്നത്. ഉദ്ദേശിക്കുന്ന സമയത്ത് ഉറങ്ങാൻ കഴിയുന്നത്. പ്രത്യേകിച്ച് വിദേശത്തൊക്കെ പോയി വരുമ്പോൾ. കിടന്നിട്ട് ഉറക്കം വരുന്നില്ലെങ്കിൽ ശരീരത്തിനു വിശ്രമം കിട്ടില്ലല്ലോ. 

അങ്ങനെ കിട്ടുന്ന ചെറിയ ഉറക്കങ്ങൾ മതി? 

∙ മതി. 

 ദീർഘവിദേശയാത്രകളിൽ ജെറ്റ്‌ലാഗ് (ഓരോപ്രദേശത്തെയും സമയമാറ്റം മനുഷ്യശരീരത്തിന്റെ സമയസന്തുലനത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ) അനുഭവപ്പെടാറില്ലേ?

∙ ഇല്ല. 

 ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആത്മകഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? 

∙ ഇതുവരെ ആലോചിച്ചിട്ടില്ല. എഴുതിയിട്ടുമില്ല. ഇതുപോലെ ഓരോരുത്തരും ചോദിക്കുമ്പോൾ അതിനുള്ള മറുപടികൾ ഓർമയിലുള്ളത് പറയും. ചിലതൊക്കെ എഴുതി വയ്ക്കേണ്ടത് തന്നെയാണ്. ഓരോ അനുഭവവും എഴുതിയാലല്ലേ അറിയൂ? എന്റെയത്ര എതിർപ്പുകൾ നേരിടേണ്ടിവന്ന ഒരാൾ ഇല്ല. അതുകൊണ്ട് തന്നെ എന്റെയത്ര അനുഭവങ്ങളുണ്ടായ ആളും ഇല്ല എന്നു തന്നെ പറയാം. 

 ഏറ്റവും വലിയ നേട്ടം എന്താണ്? 

∙ പന്ത്രണ്ടായിരത്തോളം ശിഷ്യന്മാർ ഉണ്ട്. സഖാഫികളായിത്തന്നെ. മർക്കസിലൂടെ മറ്റു കോഴ്സുകൾ പഠിച്ചിറങ്ങിയവർ എൺപതിനായിരത്തിലേറെയും വരും. മൊത്തം ഒരുലക്ഷത്തിലേറെ. സഖാഫികൾ തന്നെ പന്ത്രണ്ടായിരം എന്നു പറഞ്ഞല്ലോ. ഇത്രയധികം ശിഷ്യന്മാർ ഉള്ള പണ്ഡിതന്മാർ അടുത്തെങ്ങും വേറെ ഉണ്ടാവില്ല. സഖാഫികൾ പലരും വലിയ സ്ഥാപനങ്ങൾ നടത്തുന്നവരും അവർക്കു തന്നെ ആയിരവും രണ്ടായിരവും അയ്യായിരവും ശിഷ്യന്മാർ ഉള്ളവരുമാണ്. പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ സിറാജുൽ ഹുദാ, ജാമിഅ സഅദിയ്യ തുടങ്ങിയവ പോലെ. അവരൊക്കെ നല്ല ജീവിതം നയിക്കുകയും അറിവ് പകർന്നുകൊടുക്കുകയും സേവനം ചെയ്യുകയുമാണല്ലോ. അത് നമ്മുടെ കണ്ണിനു കുളിർമയുണ്ടാക്കുന്ന കാര്യമാണ്. ‘റബ്ബനാ ഹബ്‌ലനാ മിൻ അസ്‌വാജിനാ വ ദുര്‌രിയ്യാത്തിനാ ഖുർ‌റത്ത അഅ്‌യുനിൻ’ എന്ന ഖുർആനിലെ സൂക്തമുണ്ട്. എന്റെ സന്താനപരമ്പരകളും എന്റെ ശിഷ്യന്മാരുമെല്ലാം നല്ലവരായിക്കണ്ട് സന്തോഷിക്കാൻ എനിക്ക് അവസരം തരണമേ എന്നാണതിന്റെ സാരം. 

 ഏറ്റവുമധികം എതിർപ്പ് നേരിട്ടു എന്നു പറഞ്ഞല്ലോ. പ്രമുഖ രാഷ്ട്രീയപാർട്ടിയായ മുസ്‌ലിംലീഗുമായി യോജിച്ചുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണ്? സിപിഎമ്മിനോട് പ്രത്യേക സ്നേഹം ഉണ്ടോ?

∙ ഞങ്ങളെ എതിർക്കുന്ന നിലപാടാണ് ലീഗ് എന്നും എടുത്തിട്ടുള്ളത്. 1989ൽ എറണാകുളത്ത് എസ്‌വൈഎസ് സമ്മേളനം പ്രഖ്യാപിച്ചപ്പോൾ ലീഗ് അത് പരാജയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, സമ്മേളനം ഭംഗിയായി നടന്നു. അതിനുശേഷം ഞങ്ങളുടെ പ്രവർത്തകർ പലയിടത്തും ആക്രമിക്കപ്പെട്ടു. അപ്പോൾ സഹായിച്ചത് സിപിഎമ്മാണ്. പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരുന്നതിൽ സിപിഎമ്മിന്റെ സഹായം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന സ്ഥിതിവിശേഷമാണത്.  ആശയപരമായി കമ്യൂണിസ്റ്റ് നയങ്ങളോട് യോജിപ്പുള്ളവരല്ല ഞങ്ങൾ. പക്ഷേ, ഞങ്ങളെ സഹായിച്ചവർ എന്ന സ്നേഹമുണ്ട്. സഹായിച്ചവരെ തിരിച്ച് സഹായിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. 

രാഷ്ട്രീയ പാർട്ടികൾ മതത്തിൽ ഇടപെടേണ്ടതില്ല. എന്നാൽ, രാഷ്ട്രീയത്തിൽ മതസംഘടനകളും അഭിപ്രായം പറയും – ഇങ്ങനെയൊരു നിലപാട് താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുക? ഇങ്ങോട്ട് ഇടപെടരുതെന്നാണെങ്കിൽ അങ്ങോട്ടും ഇടപെടരുതല്ലോ.

∙ രാഷ്ട്രീയക്കാർ മതത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ, അത് രാഷ്ട്രീയക്കാരാണെന്നു നോക്കാതെ മത പണ്ഡിതന്മാർ മറുപടി പറഞ്ഞുകൊള്ളണം. രാഷ്ട്രീയക്കാർ അവിടെ പാലം നിർമിക്കണമെന്നു പറഞ്ഞാൽ നമുക്കതിൽ അഭിപ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ, മതത്തിന്റെ കാര്യങ്ങളിൽ പറയേണ്ടതില്ല. രാഷ്ട്രീയക്കാർ മതപണ്ഡിതന്മാരെ ഉപദേശിക്കാൻ വരേണ്ടതില്ല.  എന്നാൽ, മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടും. രാഷ്ട്രീയം എന്നത് പൊതു ഇടമാണ്. രാഷ്ട്രീയക്കാരുടെ നയങ്ങൾ തെറ്റിപ്പോയാൽ ഇടപെടും.  

ചില സമയത്ത് വോട്ടെടുപ്പിൽ താങ്കൾ ഇടപെടാറുണ്ടല്ലോ. 2004ൽ മഞ്ചേരി ലോക്‌സഭാ സീറ്റിൽ ലീഗിന്റെ പരാജയം താങ്കളുടെ വിജയമായി വിലയിരുത്തപ്പെട്ടു. പിന്നീട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാടും 2017ൽ വേങ്ങരയും ഫലം മറിച്ചായി. അത്തരം രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടതുണ്ടോ?

∙ അതൊന്നും വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളല്ല. ഓരോരുത്തരും അവരവരുടെ നേട്ടത്തിന് പറഞ്ഞുണ്ടാക്കുന്നതാണ്. ഊതിവീർപ്പിക്കുന്നതാണ്. ചില സമയത്ത് ചില രഹസ്യനിർദേശങ്ങളൊക്കെ നൽകാറുണ്ട്. അത് ഇല്ലെന്നല്ല. പരസ്യമായി ഇതുവരെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. ഇറങ്ങാൻ ഉദ്ദേശിക്കുന്നുമില്ല.