Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെല്ലെപ്പോകുന്ന തമിഴ്നാട്

Author Details
Tamilnadu ജയലളിത, പളനിസാമി, കമൽ, രജനീകാന്ത്

‘‘സംസ്ഥാന സർക്കാരിനെ ഞാൻ വിമർശിക്കില്ല. ജീവനില്ലാത്ത വസ്തുക്കളെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം’’- കമൽ ഹാസൻ. ‘‘ഓരോ തമിഴനെയും തലകുനിക്കാൻ നിർബന്ധിതനാക്കുന്ന സംഭവങ്ങളാണ് ഒരു മാസമായി ഇവിടെ നടക്കുന്നത്. മറ്റുള്ളവർക്കു വഴികാട്ടിയ തമിഴ്നാടിനെ നോക്കി ഇപ്പോൾ മറ്റു സംസ്ഥാനങ്ങൾ ചിരിക്കുന്ന അവസ്ഥയാണ്’’- രജനീകാന്ത്. 

രാഷ്ട്രീയത്തിലേക്കു സ്വയം റിലീസാകാനൊരുങ്ങുന്ന രണ്ടു നടന്മാരും പഞ്ച് ഡയലോഗിലൂടെ   ലക്ഷ്യം വയ്ക്കുന്നതു തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സർക്കാരിനെയാണ്. ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെ പാർട്ടിയും സംസ്ഥാന സർക്കാരും ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയിരിക്കുന്നു.

തമിഴ്നാട്ടിൽ ഭരണ സ്തംഭനമെന്നു പറയാനാവില്ലെങ്കിലും സർക്കാർ കാര്യങ്ങളിലാകെ മെല്ലെപ്പോക്കു പ്രകടം. അണ്ണാ ഡിഎംകെയിലെ ഉൾപ്പോരും അതുവഴി കയ്യാലപ്പുറത്തെ തേങ്ങ പോലെ നിൽക്കുന്ന സർക്കാരും തന്നെയാണു ഭരണചക്രത്തെ ബാധിച്ച പ്രധാന വൈറസ്. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു പേരെടുത്ത തമിഴകത്തേക്കു കഴിഞ്ഞ ഒരു വർഷത്തിനിടെ വൻകിട പദ്ധതികളൊന്നും വന്നില്ല. കേന്ദ്ര സർക്കാർ അനുവദിച്ച എയിംസ് എവിടെ സ്ഥാപിക്കുമെന്നതിനെച്ചൊല്ലി ഭരണകക്ഷിയിലെ പ്രമുഖരുടെ വടംവലി തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെ സർക്കാരിന്റെ ഉന്നതതലങ്ങളിലേക്കുള്ള വഴികൾ ഇപ്പോൾ കൂടുതൽ എളുപ്പമാണെന്നു മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും ഒരുപോലെ സമ്മതിക്കുന്നു.

കള്ളം പറയാത്ത കണക്കുകൾ

കണക്കുകൾ കള്ളം പറയില്ലെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ തമിഴ്നാടിന്റെ വികസന സൂചിക താഴോട്ടു തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷനും ലോക ബാങ്കും ചേർന്നു പുറത്തിറക്കിയ ബിസിനസ് റിഫോം റാങ്കിങ്ങിൽ സംസ്ഥാനം 18-ാം സ്ഥാനത്താണ്. മുൻ പട്ടികയിൽ നിന്ന് ആറു സ്ഥാനം പിന്നാക്കം പോയി. 

നിക്ഷേപ സൗഹൃദാന്തരീക്ഷം ഉൾപ്പെടെ മാനദണ്ഡമാക്കി നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് (എൻസിഎഇആർ) നടത്തിയ സർവേയിലും സംസ്ഥാനം പിന്നോട്ടുപോയി. 2016ൽ ഇന്ത്യയ്ക്ക് ആകെ ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപം 4400 കോടി ഡോളറാണ്. ഇതിൽ തമിഴ്നാടിനു ലഭിച്ച വിഹിതം 2.9% മാത്രം. മൂന്നു വർഷത്തിനിടെ ഏറ്റവും കുറവ്.

നിക്ഷേപത്തിന്റെ ‘അമ്മ’വഴി

ക്ഷേമപദ്ധതികളുടെ അമ്മയെന്ന വിശേഷണം മാത്രമല്ല, വ്യവസായങ്ങളുടെ വളർത്തമ്മയെന്ന പേരും മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കു ചേരുമായിരുന്നു. സംസ്ഥാന ബജറ്റിന്റെ 37% ക്ഷേമപദ്ധതികൾക്കു ചെലവഴിക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ അഞ്ചു സമ്പദ് വ്യവസ്ഥകളിലൊന്നായി തമിഴ്നാടിനെ നിലനിർത്തിയത് ഈ സന്തുലനമാണ്. ഇന്ത്യയിലെ ഓട്ടമൊബീൽ- അനുബന്ധ വ്യവസായങ്ങളുടെ തലസ്ഥാനമാണു തമിഴ്നാട്. ഫോഡ്, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു, റെനോ, നിസാൻ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ കമ്പനികളെല്ലാം ഇവിടെ വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്തുപറയത്തക്ക വിധം നിക്ഷേപങ്ങൾ വന്നിട്ടില്ല. ആദ്യഘട്ടത്തിൽ പിന്നിലായിരുന്നെങ്കിലും ഐടി മേഖലയിലും തമിഴ്നാട് പിന്നീടു കുതിച്ചു. നിലവിൽ 600 കമ്പനികളിലായി നാലു ലക്ഷം പേർക്കു തൊഴിൽ ലഭിക്കുന്നു. ഈ മേഖലയിലും പുതിയ നിക്ഷേപങ്ങളുണ്ടായില്ല.

സമയം തെറ്റി ‘ജിം’

വികസനത്തിന്റെ ‘സിക്സ് പായ്ക്ക്’ സമ്മാനിക്കുന്നതിനുള്ള ജയലളിതയുടെ സ്വപ്ന പദ്ധതിയായിരുന്നു ആഗോള നിക്ഷേപക സംഗമം (ജിം). രണ്ടു വർഷത്തിലൊരിക്കലെന്ന കണക്കുപ്രകാരം കഴിഞ്ഞ വർഷമാണ് ഇതിന്റെ രണ്ടാം പതിപ്പ് നടക്കേണ്ടിയിരുന്നത്. അതു നടന്നില്ലെന്നു മാത്രമല്ല, 2015ലെ സംഗമത്തിൽ പ്രഖ്യാപിച്ച പല പദ്ധതികളും കടലാസിൽ തന്നെയുറങ്ങുന്നു. ആകെ 98 പദ്ധതികളിലായി 2.42 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങളാണു സംഗമത്തിൽ ഒപ്പുവച്ചത്. ഇതിൽ 30,000 കോടിയുടെ പദ്ധതികൾ മാത്രമാണു നടപ്പിലായത്.

ഭിന്ന ശൈലികൾ, മാർഗങ്ങൾ

ഓരോ പ്രതിസന്ധിയും ഒരവസരം തുറന്നുവയ്ക്കും എന്ന ആപ്തവാക്യം തമിഴ്നാട്ടിലെ നിലവിലെ സാഹചര്യത്തിലും ശരിയാണ്. ജയലളിതയുടെ കാലത്തു സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം ‘ഏകജാലക’മായിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ ഓഫിസായിരുന്നു കാര്യങ്ങൾ നടക്കുന്നതിനുള്ള ആ ഏകജാലകം. പൂർണമായ അർഥത്തിൽ അധികാര കേന്ദ്രീകരണം. ഫയൽ നീക്കത്തിലും തീരുമാനങ്ങളെടുക്കുന്നതിലെ വേഗത്തിലും ജയലളിതയുടെ കാലത്തെ അപേക്ഷിച്ച് കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഇപ്പോൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വേഗത്തിൽ ഫയലുകൾ നീക്കുന്നു. ഉദ്യോഗസ്ഥർക്കു നേരിട്ടു മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 

ജയലളിതയുടെ ഭരണത്തിൽ പാർട്ടിയെയും സർക്കാരിനെയും ഭരിച്ചിരുന്ന വികാരം ഭയമായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ മന്ത്രിമാർക്കു ശ്വാസമെടുക്കാൻ പോലുമാകാത്ത ആ സ്ഥിതി ഇപ്പോൾ മാറി. എന്നാൽ, മന്ത്രിമാർ സ്വന്തം വകുപ്പുകളെ സ്വതന്ത്രഭരണ പ്രദേശങ്ങളാക്കുന്നുവെന്നും ഇത് അഴിമതിക്കു വളമാകുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. 

പ്രതീക്ഷയുടെ  ഏകജാലകം

പ്രതിച്ഛായ മോശമാണെന്നു സർക്കാർ സ്വയം തിരിച്ചറിഞ്ഞതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിനു വഴിയൊരുക്കി സർക്കാർ ഈയിടെ ഏക ജാലക സംവിധാനം നടപ്പാക്കി. വ്യവസായ സംരംഭകർക്കു 37 സർക്കാർ വകുപ്പുകളുടെ അംഗീകാരം ഒറ്റ സംവിധാനത്തിനു കീഴിൽ ലഭ്യമാക്കുകയാണു ലക്ഷ്യം. 2014ൽ പുറത്തിറക്കിയ സംസ്ഥാന വ്യവസായ നയം കാലോചിതമായി പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നു. എയ്റോസ്പേസ്, പ്രതിരോധ ഉൽപന്ന നിർമാണം തുടങ്ങിയ പുതിയ മേഖലകൾക്കു കൂടി പ്രാധാന്യം നൽകിയാണു നയം പരിഷ്കരിക്കുന്നത്. 

അണ്ണാ ഡിഎംകെ മന്ത്രിമാരുടെയും നേതാക്കളുടെയും പ്രസംഗത്തിൽ പുട്ടിൽ തേങ്ങയെന്ന പോലെ ആവർത്തിക്കുന്ന ഒരു വാചകമുണ്ട്- ഇത് അമ്മയുടെ (ജയലളിത) സർക്കാരാണ്. വ്യവസായ സൗഹൃദ മേഖലയിലെങ്കിലും ആ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് പൂരിപ്പിക്കാൻ സർക്കാർ നന്നായി അധ്വാനിക്കേണ്ടി വരും.