Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദം വേണ്ട, സേന സ്വയംപര്യാപ്തം

Gurmeet-Kanwal-Nottam

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് വിവാദ പ്രസ്താവനയിലൂടെ സേനയെ അവഹേളിച്ചോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ചൂടൻചർച്ചകൾ. യുദ്ധത്തിനൊരുങ്ങാൻ സേനയ്ക്ക് ഏഴു മാസം വരെ വേണ്ടിവരുമ്പോൾ, ആർഎസ്എസിന് മൂന്നേമൂന്നു ദിവസം മതിയാകുമെന്നാണു ഭഗവത് പറഞ്ഞത്. സാധാരണ പൗരനു യുദ്ധപരിശീലനം നൽകുന്ന കാര്യമാണു ഭഗവത് പറഞ്ഞതെന്ന വിശദീകരണവുമായി ആർഎസ്എസ് അഖിലേന്ത്യ പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യയും രംഗത്തെത്തി. സാധാരണ പൗരനു യുദ്ധപരിശീലനം കൊടുക്കാൻ ആറു മാസം എടുക്കുമെന്നും ആർഎസ്എസ് പ്രവർത്തകർക്കു മികച്ച അച്ചടക്കമുള്ളതിനാൽ പരിശീലനത്തിനു മൂന്നു ദിവസം മതിയെന്നുമാണ് ഉദ്ദേശിച്ചതത്രേ. 

യുദ്ധമുണ്ടാകുമ്പോൾ സേനയ്ക്ക് അച്ചടക്കമുള്ള ആർഎസ്എസ് പ്രവർത്തകരെ സഹായത്തിനു വിളിക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് സൈന്യത്തിന്റെ സ്ഥിരം ജോലികളിൽ പലതും കൈമാറാം. അതിർത്തി രേഖയിലുൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ സാധനങ്ങളെത്തിക്കാനും ആയുധപ്പുരകളിലേക്കോടാനും മറ്റും ഇവർക്കു സേനയെ സഹായിക്കാനാകും. 

സേനയ്ക്കു കൂടുതൽ കരുത്തു പകർന്ന് ആർഎസ്എസ് പ്രവർത്തകർക്കു സേവനനിരതരാകാമെന്നാണു ഭഗവത് പറഞ്ഞതിന്റെ അർഥമെങ്കിൽ, ഇത്തരമൊരു സഹായവാഗ്ദാ‌നം തീവ്ര വലതു സംഘടനകളിൽനിന്നുണ്ടാകുന്നത് ഇതാദ്യമല്ല. ശിവസേന പ്രവർത്തകരെ സേനയ്ക്കു വിട്ടുതരാമെന്നു കാർഗിൽ യുദ്ധകാലത്ത് ബാൽ താക്കറെ വാഗ്ദാനം ചെയ്തിരുന്നു. അന്നു സേനാ മേധാവിയായിരുന്ന ജനറൽ വി.പി.മാലിക് താക്കറെയുടെ സഹായവാഗ്ദാനം സ്വാഗതം ചെയ്തെന്നാണറിവ്. പക്ഷേ, ശിവസേനക്കാരിൽ ഒരാളെപ്പോലും യുദ്ധഭൂമിയിൽ കണ്ടില്ല. 

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവാലയിൽ സൈന്യത്തോടു പോരാടുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) മുംബൈ ഭീകരാക്രമണത്തിനു ശേഷം പ്രഖ്യാപിച്ചത് ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാക്ക് സേനയ്ക്കൊപ്പംനിന്നു പോരാടുമെന്നാണ്. പാക്ക് സേനയ്ക്ക് അത് എത്രമാത്രം ആശ്വാസം പകർന്നിരിക്കുമെന്ന് ഊഹിക്കാൻ വയ്യ. 

യുദ്ധകാലത്തു രാജ്യത്തെ സേവിക്കാൻ സാധാരണ പൗരന്മാർക്ക് അവസരം നൽകണോ വേണ്ടയോ എന്നതാണ് യഥാർഥ ചോദ്യം. പല രാജ്യങ്ങളിലും സേനയ്ക്ക് ‘ഓക്സിലിയറി’ വിഭാഗമുണ്ട്. സേനയിലേക്കു സ്വാംശീകരിക്കാതെ, എന്നാൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന സഹായസംഘങ്ങളാണിത്. സൈന്യത്തിനു പാർട് ടൈം സേവനം നൽകുന്ന സന്നദ്ധപ്രവർത്തകർ. ഇന്ത്യയിൽത്തന്നെ, ടെറിറ്റോറിയൽ ആർമി ഇത്തരമൊരു ‘ഓക്സിലിയറി’ വിഭാഗമാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വിന്യസിച്ചിരിക്കുന്ന സന്നദ്ധപ്രവർത്തരെ ആവശ്യം വരുമ്പോൾ ഒരുമിച്ചു വിളിച്ചു കൂട്ടാം. 

കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും, രാഷ്ട്രീയ, മത നേതാക്കളും എൻജിഒകളുടെ തലപ്പത്തുള്ളവരും മറ്റും സേനയെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കുന്നതോ രാഷ്ട്രീയ സ്പർശമുള്ളതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽനിന്നു വിട്ടുനിൽക്കുന്നതാണു നല്ലത്. രാജ്യം കാക്കാനായി പരിശീലനം നൽകുന്ന ജോലി സൈന്യത്തിനു തന്നെ വിട്ടു കൊടുക്കുക. രാഷ്ട്രനിർമാണത്തിൽ സേനയുടെ സംഭാവനകൾ വളരെ വലുതാണ്. അക്കാര്യത്തിൽ ഇനിയും നമുക്ക് അവരെത്തന്നെ ആശ്രയിക്കാം. 

(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് (ഐഡിഎസ്എ) ഡിസ്റ്റിൻഗ്വിഷ്ഡ് ഫെലോയാണ് ലേഖകൻ)