Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകന്നു; ലെനിനും തകർന്നു

tripura-statue2 തെക്കൻ ത്രിപുരയിലെ സബ്രൂമിൽ തകർക്കപ്പെട്ട ലെനിൻ പ്രതിമ

നീണ്ട ഇടവേളയ്ക്കുശേഷം ത്രിപുരയിലെത്തിയപ്പോൾ ആദ്യം ഓർമ വന്നതു നൃപൻ ചക്രവർത്തിയുമായുള്ള കൂടിക്കാഴ്ചയാണ്. രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ നൃപൻ! കാലം മാറിയപ്പോൾ ആ സ്ഥാനത്തു മണിക് സർക്കാർ. വ്യത്യസ്തമായ കാരണങ്ങളാൽ കിരീടം നഷ്ടപ്പെട്ട സിപിഎമ്മിന്റെ മുഖ്യമന്ത്രിമാർ. 

എം.വി. രാഘവനൊപ്പമാണ് ഒടുവിൽ ഇവിടെയെത്തിയത്. എംഎൽഎ ക്വാർട്ടേഴ്സിലെ ഒറ്റമുറി വസതിയിൽ അനാഥനെപ്പോലെയിരിക്കുകയായിരുന്നു അന്നു നൃപൻ ചക്രവർത്തി. പത്തുവർഷം ത്രിപുര മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നു സിപിഎം പുറത്താക്കുകയായിരുന്നു. ഒരിക്കൽ സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന നൃപൻ, പക്ഷേ, അപ്പോഴും ദുഃഖിച്ചതു തന്റെ കാര്യമോർത്തല്ല. പാർട്ടിയുടെ ഭാവിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആകുലതകൾ. മാർക്സിന്റെയും ഏംഗൽസിന്റെയും സൂക്തങ്ങൾ ചില്ലുപൊട്ടുകൾ‍ കൊണ്ട് ഒട്ടിച്ചു ഫ്രെയിം ചെയ്ത് അഗർത്തല പട്ടണത്തിന്റെ മൂലകളിൽ കൊണ്ടു വിറ്റിരുന്ന മുതിർന്ന ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഉത്കണ്ഠകൾ! 

ആ വയോവൃദ്ധൻ അന്ന് ആശങ്കപ്പെട്ടതു സംഭവിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് തുടർച്ചയായി അദ്ദേഹവും പിൻഗാമികളും ഭരിച്ച ത്രിപുര സിപിഎമ്മിനു നഷ്ടപ്പെട്ടു. എന്തിന്, മഹാനായ ലെനിന്റെ പ്രതിമ അവിടെ തകർക്കപ്പെട്ടപ്പോൾ ‘അരുതേ’ എന്നു പറയാൻ പോലും ആരുമുണ്ടായിരുന്നില്ലെന്നതാണ് അതിലുമേറെ സങ്കടകരം.  

കമ്യൂണിസ്റ്റ് കോൺഫെഡറേഷൻ‍ വർക്കിങ് ചെയർമാനായ സമീർ പുതുതുണ്ടയോടൊപ്പം, ആ ലെനിൻപ്രതിമ തകർക്കപ്പെട്ട ബെലോണിയ എന്ന കൊച്ചുപട്ടണത്തിലേക്കു തിരിക്കുമ്പോൾ പലവിധ വികാരങ്ങൾ എന്നെ മൂടി. ഒരു തരത്തിൽ ഇതു വലതുപക്ഷ പ്രതിലോമശക്തികളുടെ നിറഞ്ഞാട്ടത്തിന്റെ ആരംഭമാണ്. പക്ഷേ, സിപിഎമ്മിന്റെ ഭരണവും ആ പതനത്തിനു കാരണമായോ? എതിരാളികളെ ചവിട്ടി മെതിക്കുന്ന രാഷ്ട്രീയ അഹങ്കാരത്തിന്റെ പ്രതീകമായി ലെനിൻ ന്യൂനീകരിക്കപ്പെട്ടോയെന്നതു പ്രശ്നമാണ്. ഇതിനു രണ്ടിനുമിടയിലെ യഥാർഥ ഇടമായിരുന്നു ഞങ്ങൾക്കു കണ്ടെത്തേണ്ടിയിരുന്നത്. 

അഗർത്തലയിൽ നിന്നു നൂറു കിലോമീറ്റർ അകലെയാണു ബെലോണിയ. സിപിഎം സ്ഥാനാർഥി മരിച്ചതിനെത്തുടർന്നു മാറ്റിവച്ച തിരഞ്ഞെടുപ്പു നടന്നുകൊണ്ടിരുന്ന വിവാദമണ്ഡലത്തിലൂടെയാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. പുതിയ ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വർമനാണു ബിജെപി സ്ഥാനാർഥി. കാവിക്കൊടി ഒഴികെ മറ്റൊരു കൊടിയും എവിടെയും കാണാനില്ല. തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ സിപിഎം നിർബന്ധിതമാകുകയായിരുന്നു. എങ്കിലും, ഒട്ടേറെയാളുകൾ വോട്ടു ചെയ്യാനായി നിൽക്കുന്നതു കാണാം. ഔദ്യോഗികമായി പറഞ്ഞാൽ ‘തികച്ചും സമാധാനപരം’. ദയനീയമായ ഈ സമാധാനം ധാരാളം കണ്ടു പരിചയിച്ചിട്ടുള്ളയാളാണ് ഞാൻ. ത്രിപുരയിലെ ആ ‘സമാധാനത്തിന്’ കണ്ണൂരിന്റെ നല്ല മുഖച്ഛായ തോന്നി. നിറവ്യത്യാസമുണ്ടെന്നു മാത്രം. 

tripura-statue ത്രിപുരയിലെ ബെലോണിയയിൽ തകർക്കപ്പെട്ടതിനു ശേഷം അവശേഷിക്കുന്ന ലെനിൻ പ്രതിമാമണ്ഡപം.

ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു കോടി ചെലവിൽ ദേശീയപാത എട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതു യാത്രാമധ്യേ കണ്ടു. അഗർത്തല പട്ടണത്തിൽ നാലു കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവർ പൂർത്തീകരണം കാത്തിരിക്കുന്നു. നൂറുകണക്കിനു ചെറുവ്യാപാരസ്ഥാപനങ്ങളും കാഴ്ചകളിലൂടെ കടന്നുപോയി. കേരളത്തിൽ കാണാനില്ലാത്ത ഇലക്ട്രിക് ഓട്ടോറിക്ഷകൾ, യന്ത്രം ഘടിപ്പിച്ച സൈക്കിൾ റിക്ഷകൾ, എല്ലാവരുടെയും ചെവിയിൽ ഒട്ടിപ്പിടിച്ചപോലെ ഇരിക്കുന്ന മൊബൈൽ ഫോണുകൾ, പുതിയ വൻ തലസ്ഥാന സമുച്ചയം, തഴച്ചുനിൽക്കുന്ന റബർ എസ്റ്റേറ്റുകൾ... പണ്ടു കണ്ട ത്രിപുരയല്ല ഇതെന്ന് യാത്ര ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ, മാറുന്ന നാടിനൊപ്പം മാറാത്ത രാഷ്ട്രീയകാർക്കശ്യത്തെ പിഴുതെറിയാൻ ഇതിനിടയിൽ ആരൊക്കെയോ തയാറെടുത്തുകൊണ്ടിരുന്നു. മൃദുജനാധിപത്യരൂപങ്ങളെയും മധ്യപക്ഷ ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഇല്ലായ്മ ചെയ്താൽ ആചന്ദ്രതാരം രാഷ്ട്രീയാധികാരം കയ്യാളാമെന്ന സിപിഎമ്മിന്റെ കണക്കാണു പിഴച്ചത്. സിപിഎം ലാഘവത്തോടെ തച്ചുതകർത്ത കോൺഗ്രസിന്റെ സ്ഥാനത്ത് അതിസമർഥമായി ബിജെപി ഒരു കടന്നുകയറ്റം നടത്തി. അന്ധാളിച്ചുപോയി സിപിഎം. കാര്യങ്ങൾ മനസ്സിലാക്കുമ്പോഴേക്കും ബിപ്ലവ് കുമാർ ദേവ് ത്രിപുരയുടെ മുഖ്യമന്ത്രിയായി. ഏറക്കുറെ വിജനമായിരുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ വച്ചു കണ്ടുമുട്ടിയ കോൺഗ്രസ് നേതാവ് ലാൽബാബുവിന്റെ പ്രതികരണത്തിൽ എല്ലാമുണ്ട്: ‘‘ജനങ്ങൾക്കു മാറ്റം വേണമായിരുന്നു. പക്ഷേ, അതിന് അവർ കണ്ടെത്തിയ വഴി നമുക്കു പഥ്യമില്ലാത്തതായിപ്പോയെന്നു മാത്രം’’. സംഘബലത്തിന്റെയും അധികാരത്തിന്റെയും കരുത്തുപയോഗിച്ച് മൃദുജനാധിപത്യരൂപങ്ങളെ ഇടതുപക്ഷം ഞെരിച്ചാൽ അവിടെ വലതുപക്ഷത്തിന്റെ താണ്ഡവം തന്നെയുണ്ടാകുമെന്നതിന്റെ ഒന്നാന്തരം തെളിവാണു ത്രിപുര. തീവ്ര വലതുപക്ഷത്തിനു മുന്നിൽ ഇന്ത്യൻ ഇടതുപക്ഷം പതറിനിൽക്കുന്ന ആ കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്. പുതിയ ഇടതുപക്ഷത്തിന്റെ നിർമിതിയാണ് ഇനി വേണ്ടതെന്നും അതോർമിപ്പിക്കുന്നു. 

ബെലോണിയയിലെ അവശേഷിക്കുന്ന പ്രതിമാമണ്ഡപത്തിൽ ഞങ്ങൾ പുഷ്പങ്ങൾ അർപ്പിച്ചു. ലെനിനെ മനസ്സിൽ സങ്കൽപിച്ചു തൊഴുതു. ലെനിനിസ്റ്റുകൾ എന്നഭിമാനിക്കുന്നവർ ജനങ്ങളിൽ നിന്നകലുമ്പോൾ സംഭവിക്കുന്ന ദുര്യോഗമാണിത്. വലതുതീവ്രതയുടെ കൈകൊണ്ടു ലെനിൻപ്രതിമകൾ നിലംപൊത്തുന്ന കാലം. പക്ഷേ, കൊടുംവേനലിൽ കർഷകരുടെ കാലുകൾക്കു ലെനിന്റെ വേഗമാർജിക്കാൻ കഴിയുന്നുണ്ട്. ബ്രിട്ടിഷുകാർക്കെതിരെ കോൺഗ്രസിനകത്തു നിന്നു പ്രവർത്തിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകാരോട് ലെനിൻ ഒരിക്കൽ നിർദേശിച്ചതാണ്. പക്ഷേ, ഇന്നത്തെ വരട്ടുവാദക്കാർക്ക് അന്നും പഞ്ഞമുണ്ടായിരുന്നില്ല. ആ ആഹ്വാനം ഇന്നു മറ്റൊരർഥത്തിൽ പ്രസക്തമാണ്. എവിടെയാണു ലെനിൻ? എവിടെയാണ് ഇടതുപക്ഷം? എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളെ ഉടൻ പ്രസവിക്കണമെന്നില്ല.

(കമ്യൂണിസ്റ്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും  സിഎംപി (ജോൺ) യുടെയും ജനറൽ സെക്രട്ടറിയും ആസൂത്രണബോർഡ്  മുൻ അംഗവുമാണു ലേഖകൻ)

related stories