Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനൽനീറി വീണ്ടും ദ്രാവിഡനാട്

Chandrababu-Naidu-Stalin-Kamal-Hassan ചന്ദ്രബാബു നായിഡു, എം.കെ.സ്റ്റാലിൻ, കമൽഹാസൻ

ഇന്ത്യൻ ഭൂപടത്തെ നിവർന്നു നിൽക്കുന്ന മനുഷ്യരൂപമായി സങ്കൽപിച്ചാൽ അതിന്റെ കാലുകളുടെ സ്ഥാനത്താണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. വികസനകാര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു വേഗത്തിലാണ് ഈ കാലുകളുടെ കുതിപ്പ്. കേന്ദ്ര വിഹിതത്തിന്റെ കാര്യം വരുമ്പോൾ പക്ഷേ, തെക്കൻ സംസ്ഥാനങ്ങൾക്കു മുകളിൽ കേന്ദ്രം അരിപ്പ സ്ഥാപിക്കുന്നുവെന്നതു മുൻപേയുള്ള പരാതിയാണ്.  

സംസ്ഥാനങ്ങൾക്കു കേന്ദ്ര നികുതി വിഹിതം നൽകുന്നതിനുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ മാനദണ്ഡം തെക്ക് - വടക്ക് വിവേചന ചർച്ചകൾ കൂടുതൽ ഉച്ചത്തിലാക്കിയിരിക്കുന്നു. ഫലം, നാൽപതുകളിലും അൻപതുകളിലും തമിഴ്നാടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ മുഴങ്ങിക്കേട്ട ദ്രാവിഡനാട് എന്ന മുദ്രാവാക്യത്തിനു വീണ്ടും ചിറകു മുളച്ചു. നേരത്തേ രാഷ്ട്രീയമായിരുന്നു ചർച്ചകളുടെ അടിസ്ഥാനമെങ്കിൽ, ഇപ്പോൾ സാമ്പത്തിക ശാസ്ത്രംകൂടി ചേർന്ന് അതു വിപുലമായി. ആന്ധ്രയും കർണാടകയും ഒപ്പം ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗം വിളിച്ചു കേരളവും ചർച്ചയെ സജീവമാക്കുന്നു. പിന്നാലെ, ദ്രാവിഡനാട് എന്ന ആശയം ഉയർന്നുവന്നാൽ പിന്തുണയ്ക്കുമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ പ്രഖ്യാപനവുമുണ്ടായി. 

ദ്രാവിഡവാദ വേരുകൾ 

ദ്രാവിഡമെന്ന വാക്കിന്റെ വേരുകൾ ചെന്നെത്തുന്നതു ക്രിസ്ത്യൻ മിഷനറി റോബർട്ട് കാഡ്‌വെല്ലിലാണ്. ദ്രാവിഡ ഭാഷകളുടെ പാരമ്പര്യവും അതിന്റെ വ്യാകരണവും വിഷയമാക്കി കാഡ്‌വെൽ എഴുതിയ പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നതെന്നാണു നിഗമനം. 

ദ്രാവിഡ ആശയത്തെ രാഷ്ട്രീയ മുദ്രാവാക്യമാക്കി ഉയർത്തിക്കൊണ്ടുവന്നതു പെരിയോർ ഇ.വി. രാമസാമിയാണ് (ഇവിആർ). ബ്രാഹ്മണ ആധിപത്യത്തിനെതിരെ ഉറക്കെ ശബ്ദമുയർത്തിയ പെരിയോർ, ഉത്തരേന്ത്യയെ ബ്രാഹ്മണ ആധിപത്യത്തിന്റെ പ്രതീകമായി കണ്ടു. ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്ന അദ്ദേഹം 1938ൽ ‘തമിഴ്നാട് തമിഴർക്ക്’ എന്ന മുദ്രാവാക്യമുയർത്തി. തൊട്ടടുത്ത വർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യം ഒന്നാണെന്ന പ്രഖ്യാപനത്തോടെ ദ്രാവിഡനാട് എന്ന ആശയത്തിലേക്ക് അതിനെ വികസിപ്പിച്ചു. ഇതിനു പിന്തുണ തേടി 1940ൽ മുംബൈയിൽവച്ചു മുഹമ്മദലി ജിന്നയുമായി ചർച്ച നടത്തി. അതേവർഷം കാഞ്ചീപുരത്ത് ദ്രാവിഡനാട് സമ്മേളനവും ഇവിആർ വിളിച്ചു ചേർത്തു. സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച ഭൂപടപ്രകാരം കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവയും ബംഗാളിന്റെ ചില ഭാഗങ്ങളും അടങ്ങുന്നതായിരുന്നു ദ്രാവിഡനാട്. 

EV-Ramasamy-Naickar പെരിയോർ ഇ.വി.രാമസാമി, അണ്ണാദുരൈ, കെ. കാമരാജ്.

പെരിയോറിന്റെ ശിഷ്യൻ അണ്ണാദുരൈ പിന്നീടു ഡിഎംകെ രൂപീകരിച്ചപ്പോൾ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചതു ദ്രാവിഡനാട് രൂപീകരണമായിരുന്നു. എന്നാൽ, ഇന്ത്യ - ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1963ൽ ഡിഎംകെ ദ്രാവിഡനാടെന്ന ആശയം ഔദ്യോഗികമായി ഉപേക്ഷിച്ചു. ദ്രാവിഡ പാരമ്പര്യത്തെ രാഷ്ട്രീയ വിഷയമാക്കിയ ഡിഎംകെ 1967ൽ തമിഴ്നാടിന്റെ ഭരണം പിടിച്ചു. ശേഷം ദ്രാവിഡ പാർട്ടികളല്ലാതെ തമിഴ്നാട് ഭരിച്ചിട്ടില്ല. 

ഹിന്ദിവിരുദ്ധത മുഖമുദ്ര 

ഹിന്ദിയെ ദേശീയ ഭാഷയാക്കി അടിച്ചേൽപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ ചെറുക്കാനാണു ദ്രാവിഡ ആശയം ഇവിആർ ആദ്യം ഉയർത്തിയത്. പിന്നീട് 1965ൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഡിഎംകെ തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തി. തമിഴ് പോലെ ഹിന്ദിയും സംസാരിക്കുന്ന ചെന്നൈയിൽ ഈ ആധുനിക കാലത്തുപോലും ഉത്തരേന്ത്യൻവിരുദ്ധ വികാരം ശക്തമാണ്. പെരിയോറിന്റെ പ്രതിമയെക്കുറിച്ചു ബിജെപി നേതാവ് എച്ച്.രാജ നടത്തിയ പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധക്കൊടുങ്കാറ്റിൽനിന്നു തൊട്ടറിയാം ആ വികാരം. 

പുതിയ രാഷ്ട്രീയ സംസ്കാരം വാഗ്ദാനം ചെയ്തു രംഗത്തുവന്ന കമൽ ഹാസനും ദ്രാവിഡ ആശയത്തെക്കുറിച്ചു വാചാലനാകേണ്ടിവരുന്നത് അതുകൊണ്ടാണ്. ഹിന്ദി പഠിക്കാത്തതു കാരണം തമിഴിനു നഷ്ടപ്പെട്ട ഏകജോലി പ്രധാനമന്ത്രി പദവിയാണെന്നൊരു തമാശ തമിഴകത്തുണ്ട്. ഉദ്ദേശിക്കുന്നതു മുൻ കോൺഗ്രസ് അധ്യക്ഷൻ കെ.കാമരാജിനെയാണ്. 

വിവേചന സാമ്പത്തിക ശാസ്ത്രം 

തമിഴകത്ത് എന്നും മൂർച്ചയുള്ള രാഷ്ട്രീയ ആശയമായിരുന്ന ദ്രാവിഡനാടിന് ഇപ്പോൾ കർണാടകയിലും ആന്ധ്രപ്രദേശിലുമൊക്കെ സ്വീകാര്യത ലഭിച്ചിരിക്കുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തന്നെ ദക്ഷിണേന്ത്യയോടു കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്ദമുയർത്തി. ഉത്തരേന്ത്യ കീഴടക്കിയ ബിജെപിയുടെ വിജയരഥത്തെ ദക്ഷിണേന്ത്യയിൽ തടയാനുള്ള രാഷ്ട്രീയ തന്ത്രം തീർച്ചയായും തെക്കൻ ഉയിർപ്പിനു പിന്നിലുണ്ട്. 

കേന്ദ്രസർക്കാരുകൾ വടക്കുനോക്കി യന്ത്രങ്ങളാണെന്ന പരാതിക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേന്ദ്ര നികുതി വിഹിതം സംസ്ഥാനങ്ങൾക്കു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട 15-ാം ധനകാര്യ കമ്മിഷൻ വ്യവസ്ഥ അതിനു കൂടുതൽ ആധികാരികത നൽകുന്നു. കേന്ദ്രവിഹിതം നൽകുന്നതിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് സംസ്ഥാനങ്ങളിലെ ജനസംഖ്യയാണ്. ഇതുവരെ 1971ലെ ജനസംഖ്യാ കണക്കെടുപ്പാണ് ഇതിന് അടിസ്ഥാനമാക്കിയിരുന്നത്. ഇനി 2011ലെ കണക്കായിരിക്കും മാനദണ്ഡമെന്ന വ്യവസ്ഥയാണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രോഷത്തിനിടയാക്കിയത്. ‌

സാക്ഷരതയിലും ആരോഗ്യ പരിപാലന രംഗത്തും ഏറെ മുന്നേറിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടപ്പാക്കി. അതിനാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വർധനയുടെ നിരക്കു കുറവാണ്. പുതിയ വ്യവസ്ഥ പ്രകാരം കേന്ദ്രവിഹിതം കുറയാൻ ഇതു കാരണമാകും. തമിഴ്നാടിനാണ് ഏറ്റവും കനത്ത നഷ്ടം സംഭവിക്കാൻ പോകുന്നത്. നേരത്തേ 7.59% വിഹിതം ലഭിച്ചിരുന്ന സ്ഥാനത്ത് 6.06% ആകും. കേരളത്തിന്റേത് 3.93ൽനിന്നു 2.81% ആകും. ജനസംഖ്യാ നിയന്ത്രണം ഫലവത്താകാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം വർധിക്കുകയും ചെയ്യും. അതേസമയം, ജനസംഖ്യയിലുണ്ടാകുന്ന കുറവ് കേന്ദ്രവിഹിതത്തെ ബാധിക്കില്ലെന്ന് കുടുംബാസൂത്രണ നയം പ്രഖ്യാപിച്ച കാലത്തു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 

ജനസംഖ്യയെന്ന ചവിട്ടുപടി 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്ന നികുതിപ്പണംകൊണ്ട് ഉത്തരേന്ത്യയെ തീറ്റിപ്പോറ്റുന്നുവെന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാതിക്കും അടിസ്ഥാനമുണ്ട്. തമിഴ്നാടിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 15.9 ലക്ഷം കോടിയാണ്. ഇതിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ ജിഡിപി 14.8 ലക്ഷം കോടിയും. 

ജനാധിപത്യത്തിൽ രാഷ്ട്രീയ അധികാരത്തിലേക്കുള്ള ചവിട്ടുപടിയും ജനസംഖ്യ തന്നെയാണ്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകളുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലേക്കു നൽകുന്ന സംഭാവനയ്ക്കനുസരിച്ച് അധികാര പങ്കാളിത്തം ലഭിക്കുന്നില്ലെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പരാതിയിൽ കഴമ്പുണ്ടാകുന്നത് ഈ കണക്കിലാണ്. 

തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ആകെ ജനസംഖ്യ ഏകദേശം 26 കോടി. ലോകത്ത് 26 കോടിയിൽ കൂടുതൽ ജന സംഖ്യയുള്ളത് നാലു രാജ്യങ്ങളിൽ മാത്രം (ചൈന, ഇന്ത്യ, യുഎസ്, ഇന്തൊനീഷ്യ)

വഴക്കൊഴിഞ്ഞ് നേരമെവിടെ ?

പെരിയോർ ഇ.വി.രാമസാമിയുടെ സ്വപ്നത്തിലെ ദ്രാവിഡനാട് വിശാലമായിരുന്നെങ്കിലും വർത്തമാനകാലത്ത് അതിന്റെ പരിധിയിൽ വരുന്നത് അഞ്ചു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുമാണ്. അലക്കൊഴിഞ്ഞ് കാശിക്കു പോകാൻ നേരമില്ലെന്നപോലെയാണ് ഇവയുടെ കാര്യം. പരസ്പരമുള്ള തർക്കങ്ങൾ അവസാനിപ്പിച്ചിട്ടു വേണമല്ലോ പുതിയ നാടിനെക്കുറിച്ചു ചർച്ച ചെയ്യാൻ.

കർണാടകയും തമിഴ്നാടും കേരളവും പുതുച്ചേരിയും തമ്മിൽ കാവേരി നദീപ്രശ്നം, ആന്ധ്രയും തമിഴ്നാടും തമ്മിൽ പലാറിലെ ചെക് ഡാം പ്രശ്നം, കേരളവും തമിഴ്നാടും തമ്മിൽ മുല്ലപ്പെരിയാർ, പറമ്പിക്കുളം, ആളിയാർ... ഇങ്ങനെ വിവിധ നദീജല തർക്കങ്ങളിൽ മങ്ങിനിൽക്കുകയാണ് സ്വപ്നത്തിലെ ‘ദ്രാവിഡനാട്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.