Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിന് ഒരു ജനകീയ മാതൃക

എറണാകുളം ജനറൽ ആശുപത്രിയിലെ ഡിജിറ്റൽ എക്സ്റേ സംവിധാനം ഉപയോഗിക്കുമ്പോൾ ഓരോ രോഗിയുടെയും മനസ്സിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ മുഖം തെളിഞ്ഞു വരും – ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ. അദ്ദേഹത്തിന്റെ എംപി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ സംവിധാനം പ്രവർത്തനക്ഷമമാക്കിയത്. 

സച്ചിന്റെ ഫണ്ട് മാത്രമല്ല, രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തിന്റെയും അതിരുകൾ മറികടന്ന് വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ഒത്തുചേർന്നാണ് ജനറൽ ആശുപത്രിയുടെ വികസനം യാഥാർഥ്യമാക്കുന്നത്. രാഷ്ട്രീയ നേതൃത്വവും വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായി ശ്രമിച്ചാൽ നാശോന്മുഖമായ ഒരു പൊതുസ്ഥാപനത്തെ രക്ഷിക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ മാതൃക. എല്ലാ രോഗങ്ങൾക്കും ചികിൽസയും അതിനു വേണ്ട അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ട്.  

രാജ്യസഭയിൽ 12 നോമിനേറ്റഡ് എംപിമാരാണുള്ളത്. അതിൽ എട്ടു പേരും അവരുടെ എംപി ഫണ്ടിൽ ഒരു പങ്ക് ഈ ആശുപത്രിക്കു നൽകി. പി. രാജീവിന്റെയും സി.പി. നാരായണന്റെയും ഫണ്ടിനൊപ്പം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ കെ.ടി.എസ്. തുൾസി, മുതിർന്ന മാധ്യമപ്രവർത്തകൻ എച്ച്.കെ. ദുവ, കർണാടകയുടെ നാടക ഇതിഹാസം ഡോ. ബി. ജയശ്രീ, മേഘാലയയിൽ നിന്നുള്ള തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ മൃണാൾ മിറി, ബിഹാറുകാരനായ ജസ്റ്റിസ് അശോക് ഗാംഗുലി, മുൻ അറ്റോർണി ജനറൽ കെ. പരാശരൻ എന്നിവരുടെയെല്ലാം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ജനറൽ ആശുപത്രിയിലെ ലിനിയർ ആക്സിലറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. എംആർഐ സ്കാനിങ് സെന്ററിന്റെ വികസനത്തിന് പി. രാജീവിനൊപ്പം പ്രശസ്‌ത കലാചരിത്രകാരിയും മുൻ രാജ്യസഭാ എംപിയുമായ കപില വാത്സ്യായനും ഒന്നരക്കോടി രൂപ നൽകി. 

ദീർഘവീക്ഷണമുള്ള ഡോക്ടർമാരും രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും കായിക–സിനിമാ താരങ്ങളുൾപ്പെടെയുള്ള പ്രശസ്തരും ജനറൽ ആശുപത്രി വികസനത്തിനായി കൈകോർത്തു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, നടൻ മോഹൻ ലാൽ, ആഷിക് അബു, റീമ കല്ലിങ്കൽ, കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, മുൻ എംഎൽഎമാരായ ലൂഡി ലൂയിസ്, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവരോടൊപ്പം വിവിധ കമ്പനികളും സംഘടനകളും സഹകരിച്ചാണ് ജനറൽ ആശുപത്രിയുടെ മുഖം മിനുക്കിയത്. ‘കിഫ്ബി’യിൽ നിന്ന് 380 കോടിയോളം രൂപ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് നിർമാണത്തിനായി സർക്കാർ അനുവദിച്ചതും ഇവിടത്തെ കൂട്ടായ്മയുടെ മികവു കൊണ്ടു തന്നെയാണ്. 

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല, രോഗികൾക്കു മികച്ച ഭക്ഷണം നൽകുന്നതിലും ഈ കൂട്ടായ്മ സംസ്ഥാനത്തിനു തന്നെ മാതൃകയാണ്. വ്യക്തികൾക്കൊപ്പം ബിപിസിഎൽ, വിഗാർഡ്, മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെയും വിവിധ സർക്കാരിതര സംഘടനകളുടെയും സഹകരണത്തോടെയാണ് കേന്ദ്രീകൃത അടുക്കള പ്രവർത്തിക്കുന്നത്. ഇവിടത്തെ ദിവസച്ചെലവിനുള്ള 45,000 രൂപ ആഘോഷവേളകളിലെ ധൂർത്ത് ഒഴിവാക്കി സംഭാവന ചെയ്യുന്നവരും ഏറെയുണ്ട്.  

പരിചയസമ്പന്നരായ ഡോക്ടർമാരും പരിശോധനാ സംവിധാനങ്ങളും മാത്രമല്ല ഒരു സർക്കാർ ആശുപത്രിയുടെ വിജയത്തിന് ആധാരം. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സാഹചര്യങ്ങളും മികച്ചതായാൽ മാത്രമേ, സ്വകാര്യ ആശുപത്രികളെ തേടിപ്പോകുന്ന വലിയ വിഭാഗം രോഗികളെ സർക്കാർ ആശുപത്രിയിലേക്ക് ആകർഷിക്കാൻ കഴിയൂ. നൂറ്റി എഴുപതിലേറെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ചികിൽസാ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണു സർക്കാർ. ഇതിൽ ചിലയിടങ്ങളിലെങ്കിലും സൗകര്യങ്ങളുടെ കുറവ് പ്രതിഷേധങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ വികസനത്തിന് എറണാകുളം ജനറൽ ആശുപത്രിയുടെ മാതൃക അനുകരിക്കാവുന്നതാണ്.