Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കുരുതി

Syria attack

നിരപരാധികളുടെയും കുരുന്നുകളുടെയും രക്തംകൊണ്ടു കുതിർന്നിരിക്കുകയാണ് സിറിയയുടെ മണ്ണ്. ഏഴു വർഷവും ഒരു മാസവുമായി തുടരുന്ന ആഭ്യന്തരയുദ്ധം ഇതിനകം 5.11 ലക്ഷം പേരുടെ ജീവനെടുത്തു. ഇതിൽ മൂന്നര ലക്ഷം പേരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണ്. രണ്ടു കോടിയിൽ താഴെ ജനസംഖ്യയുള്ള രാജ്യത്ത് പകുതിയിലേറെ പേരും (1.28 കോടി) അഭയാർഥികളായി. ഇതിൽ 52 ലക്ഷം പേർ രാജ്യംവിട്ടോടിയപ്പോൾ 76 ലക്ഷം പേർ സ്വന്തം രാജ്യത്തു ചിതറിപ്പോയി. പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണകൂടം ജനങ്ങൾക്കുമേൽ രാസായുധം പ്രയോഗിച്ചതിനു തിരിച്ചടിയായി യുഎസും സഖ്യരാജ്യങ്ങളും കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണവും ദുരിതചിത്രത്തിന് ഒരു പരിഹാരം നൽകുന്നില്ല.

Bashar al Assad ബഷാർ അൽ അസദ്

യുഎസും റഷ്യയും തമ്മിലുള്ള ഒളിപ്പോരാണ് ഇതുവരെ സിറിയയിൽ നടന്നത്. അതിന്റെ ആവർത്തനമെന്നതിനപ്പുറമൊന്നും ഈ വ്യോമാക്രമണത്തിലും സംഭവിച്ചില്ല. അറബ് മേഖലയിൽ ആഭ്യന്തരയുദ്ധം നടന്ന മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി, സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിന് റഷ്യ നൽകിയ ഉറച്ച പിന്തുണയാണ് യുദ്ധം ഇത്ര നീളാനും വിമതർ വിജയിക്കാതിരിക്കാനും കാരണം.

തുനീസിയയിൽ 2010–11ലെ മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും അലയടിച്ച അറബ് വസന്തത്തിന്റെ ഭാഗമായാണ് സിറിയയും കലാപഭൂമിയായത്. എന്നാൽ, തുനീസിയ കഴിഞ്ഞാൽ മറ്റൊരിടത്തും അറബ് വസന്തം വിജയം കണ്ടെന്നു പറയാനാവില്ല. ഈജിപ്തിൽ ഹുസ്നി മുബാറക്കിനെ പിഴുതെറിഞ്ഞെങ്കിലും മറ്റൊരു ഏകാധിപതി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലിബിയയിൽ കേണൽ മുഅമ്മർ ഗദ്ദാഫിയെ ക്രൂരമായി വധിച്ചു; ആ രാജ്യവും അതോടെ അപ്രസക്തവും അസ്ഥിരവുമായി. യെമനിൽ അലി അബ്ദുല്ല സാലിഹിനെ പുറത്താക്കിയെങ്കിലും രാജ്യം അക്ഷരാർഥത്തിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്; ഏറ്റുമുട്ടലും ദുരിതവും തീരുന്നേയില്ല. സിറിയയിലാകട്ടെ, ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽപോലും എത്തിയില്ല. അസദിനെ പുറത്താക്കിയിട്ട് ലിബിയയോ യെമനോ പേലെ ആകേണ്ടതുണ്ടോ എന്ന മറുചോദ്യവുമുണ്ട്.

Hosni Mubarak, Muammar Gaddafi, Ali Abdullah Saleh ഹുസ്നി മുബാറക്, കേണൽ മുഅമ്മർ ഗദ്ദാഫി, അലി അബ്ദുല്ല സാലിഹ്.

രാജ്യാന്തര ഫോറങ്ങളിലും അസദിനെതിരെ ഒരു നീക്കവും വിജയിക്കാത്തതിന്റെ കാരണം റഷ്യ തന്നെ. ഐക്യരാഷ്ട്രസംഘടനയിൽ സിറിയയ്ക്കെതിരായ നീക്കങ്ങളെ ഒരു ഡസനിലേറെ തവണ റഷ്യ വീറ്റോ ചെയ്തിട്ടുണ്ട്. 2013 ഓഗസ്റ്റിലെ രാസായുധപ്രയോഗത്തിനു പിന്നാലെ നേരിട്ടുള്ള ആക്രമണത്തിന്റെ വക്കോളമെത്തിയതാണ് യുഎസ്. സൈനികനടപടിക്കു തയാറെന്നു പ്രഖ്യാപിച്ച അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ, അത് യുഎസ് കോൺഗ്രസിന്റെ കൂടി പരിഗണനയ്ക്കുവിട്ടു. അപകടം മണത്ത സിറിയ, രാസായുധങ്ങൾ ഒഴിവാക്കാൻ സമ്മതിച്ചു. രാസായുധ നിർമാർജന സംഘടനയുടെ (ഒപിസിഡബ്ല്യു) നേതൃത്വത്തിൽ സിറിയയിലെ രാസായുധശേഖരത്തിന്റെ കണക്കെടുക്കുകയും അതു രാജ്യത്തുനിന്നു പുറത്തുകടത്തി നശിപ്പിക്കുകയും ചെയ്തു. നിർമാർജനപ്രക്രിയ പൂർത്തിയായെന്ന് ഒപിസിഡബ്ല്യു പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടപ്പോൾ സിറിയയിൽനിന്നു വീണ്ടും രാസായുധപ്രയോഗത്തിന്റെ വാർത്തകൾ വന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ അത് ആവർത്തിച്ചു. യുഎൻ നടപടിയെ പതിവുപോലെ റഷ്യ വീറ്റോ ചെയ്തു.

സിറിയയിൽ ഏറ്റുമുട്ടലല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നു കഴിഞ്ഞ നവംബറിൽ വിയറ്റ്‌നാമിൽ ചേർന്ന ഏഷ്യ–പസിഫിക് ഉച്ചകോടിയിൽ യുഎസും റഷ്യയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം സൈന്യത്തെ പിൻവലിക്കുമെന്നു ഡിസംബറിൽ റഷ്യ പ്രഖ്യാപിച്ചു. യുദ്ധങ്ങൾക്കായി മധ്യപൂർവദേശത്ത് യുഎസ് ഏഴു ലക്ഷം കോടി ഡോളർ (45.5 ദശലക്ഷം കോടി ഇന്ത്യൻ രൂപ) പാഴാക്കിയെന്നും സിറിയയിൽനിന്നു സൈന്യത്തെ ഉടൻ പിൻവലിക്കുമെന്നും രണ്ടാഴ്ച മുൻപ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചു. പക്ഷേ, സിറിയൻ സേന വീണ്ടും രാസായുധപ്രയോഗം നടത്തിയതോടെ ട്രംപ് വ്യോമാക്രമണത്തിന് ഉത്തരവിട്ടു. എന്നാൽ, അമേരിക്കയുടെ 105 മിസൈലുകളിൽ 71 എണ്ണവും ലക്ഷ്യത്തിലെത്തുംമുൻപേ തകർത്തുവെന്നാണ് സിറിയയും റഷ്യയും അവകാശപ്പെട്ടത്. പാർലമെന്റിന്റെ അനുമതിയില്ലാതെ ആക്രമണത്തിൽ പങ്കാളിയായതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ സ്വന്തം രാജ്യത്ത് വിമർശനം നേരിടുകയും ചെയ്തു.

Barak Obama, Donald Trump, Theresa May ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, തെരേസ മേ.

യുഎസിന്റെ ഗതിനിർണയ സംവിധാനമായ ജിപിഎസ് സിറിയ മേഖലയിൽ പ്രവർത്തനരഹിതമാക്കിയുള്ള സാങ്കേതികയുദ്ധമാണ് റഷ്യ ഇപ്പോൾ നടത്തുന്നത്. യുഎസിന്റെ സൈനിക നടപടി മാത്രമല്ല, നിരീക്ഷണം ഉൾപ്പെടെയുള്ള പദ്ധതികളെയും ഇതു താറുമാറാക്കും. അഞ്ചുലക്ഷത്തിലേറെ പേരുടെ ജീവഹാനിയും കോടിയിലേറെ മനുഷ്യരുടെ ദീനരോദനവുമല്ലാതെ മറ്റൊന്നും സിറിയ കൊണ്ട് ആരും നേടിയിട്ടില്ല. 

ഖത്തർ: കുരുക്കഴിയുമോ ദ്വീപാകുമോ?

ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ കഴിഞ്ഞ ജൂണിൽ ഉപരോധം പ്രഖ്യാപിച്ചത് ഒരു സൗന്ദര്യപ്പിണക്കമായിരിക്കുമെന്നും പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുമായിരുന്നു ലോകത്തിന്റെ പ്രതീക്ഷ. എന്നാൽ, പത്തുമാസം പിന്നിടുമ്പോഴും പ്രതിസന്ധി സങ്കീർണവും ഗുരുതരവുമായി തുടരുകയാണ്.

Mohammad bin Salman, Sheikh Tamim bin Hamad al Thani, Prince Salman bin Abdulaziz, Sheikh Mohammed Bin Zayed സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹാമിദ് അൽ താനി, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

ഇന്ത്യയും യുഎസും ഉൾപ്പെടെ ലോകരാജ്യങ്ങളെല്ലാം ഖത്തറിനോടും മറ്റു ഗൾഫ് രാജ്യങ്ങളോടും ഒരേതരത്തിൽ തന്നെയാണ് ഇടപെടുന്നത്. മൂന്നാഴ്ച മുൻപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടത്തിയ യുഎസ് പര്യടനത്തിനു പിന്നാലെ, കഴിഞ്ഞയാഴ്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹാമിദ് അൽ താനിയും വൈറ്റ് ഹൗസിലെത്തി. ഈ അവസരം പ്രയോജനപ്പെടുത്തി ഖത്തർ പ്രതിസന്ധിപരിഹാരത്തിന് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. ഷെയ്ഖ് തമീമുമായുള്ള ചർച്ചയ്ക്കു പിന്നാലെ, ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ട് ട്രംപ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ ഫോണിൽ വിളിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായും ഇതേ വിഷയത്തിൽ ട്രംപ് ടെലിഫോൺ ചർച്ച നടത്തിയിരുന്നു. ഇറാനുമായുള്ള ആണവകരാർ തുടരാൻ മുന്നോട്ടുവച്ച വ്യവ്സഥകൾ അംഗീകരിക്കാനുള്ള അവസാനതീയതിയായി ട്രംപ് നിശ്ചയിച്ചത് മേയ് 12 ആണ്. ഇതിനുമുൻപേ ഖത്തർപ്രതിസന്ധി പരിഹരിച്ച് ഗൾഫ് രാജ്യങ്ങളെ ഒന്നിപ്പിക്കുകയാണു ട്രംപിന്റെ ലക്ഷ്യം.

ഇതിനിടെ, നയതന്ത്രതലത്തിൽ മാത്രമല്ല, ഭൂമിശാസ്ത്രപരമായും ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നു – ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും. ഉപദ്വീപ് രാഷ്ട്രമായ ഖത്തറിന് ഒരു രാജ്യവുമായി മാത്രമേ കര അതിർത്തിയുള്ളൂ – സൗദി അറേബ്യ. ഈ അതിർത്തിയിൽ ടൂറിസം വികസനത്തിന്റെ പേരിൽ വൻ കനാൽ നിർമിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നുവെന്നാണ് വാർത്ത. 15 മുതൽ 20 മീറ്റർ വരെ ആഴമുള്ള കനാൽ വരുന്നതോടെ ഖത്തർ ഫലത്തിൽ ഒരു ദ്വീപായി മാറും. ഖത്തർ പ്രതിസന്ധിയുടെ കുരുക്കഴിയുമോ മുറുകുമോ എന്ന് അടുത്ത ആഴ്ചകളിൽ അറിയാം.