Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 12 ന്; മുറുകുന്നു അങ്കം

karnataka-elections

ബിജെപിക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമാകേണ്ട തിരഞ്ഞെടുപ്പാണിത്. പക്ഷേ, ഇപ്പോൾ കർണാടകയിലെ ചൂടിലും പൊടിയിലും അസ്വസ്ഥമായ നിലയിലാണു ബിജെപി.

രാജ്യത്തെ മൂന്നിൽ രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിക്കു  കർണാടകയിൽ വിജയം സാധ്യമാക്കുന്ന പല ഘടകങ്ങളുണ്ട്.  ഒന്ന്;  1989നുശേഷം കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരു സർക്കാരും ഭരണത്തുടർച്ച നേടിയിട്ടില്ല. രണ്ട്;  2013 ൽ മൂന്നായി പിളർന്നുനിന്ന ബിജെപി ഇപ്പോൾ ഒന്നാണ്. മൂന്ന്; ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ബി. എസ്. യെഡിയൂരപ്പ പാർട്ടിക്കുള്ളിലെ അനിഷേധ്യ നേതാവായിക്കഴിഞ്ഞു. നാലാമതായി,    ജനക്കൂട്ടത്തെ ആകർഷിക്കാൻ അഞ്ചുവർഷം മുൻപു ബിജെപിക്ക് നേതാവില്ലായിരുന്നെങ്കിൽ ഇപ്പോൾ നരേന്ദ്ര മോദിയുണ്ട്. മോദിയുടെ നേതൃപ്രഭയിലാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 ലോക്‌സഭാ മണ്ഡലങ്ങളിൽ 17 എണ്ണത്തിലും ബിജെപി ജയിച്ചുകയറിയത്.

ദേശീയശ്രദ്ധയിൽ കർണാടക

ബിജെപി അധ്യക്ഷൻ അമിത് ഷാ 150 സീറ്റുകൾ ലക്ഷ്യമിടുന്ന കർണാടകയിൽ കോൺഗ്രസുമായുള്ള പോര് ദേശീയശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ഈ വർഷാരംഭത്തിൽ ഗുജറാത്തിൽ ഇരുപാർട്ടികളും നേർക്കുനേർ കൊമ്പുകോർത്തതിനു സമാനമായ അവസ്ഥ. എന്നാൽ, തെക്കൻ ജില്ലകളിലെ ജനതാദളിന്റെ (സെക്യുലർ) ശക്തമായ സാന്നിധ്യം കർണാടക തിരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നു. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പുകളിൽ കർണാടകയിൽ ഒരിക്കൽ മാത്രമാണു ത്രിശങ്കു സഭ വന്നതെങ്കിലും ഇത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയും പലരും പ്രവചിക്കുന്നു.

ananthkumar-jagdeesh-sadananda അനന്ദ് കുമാർ, ജഗദീഷ് ഷെട്ടർ, സദാനന്ദ ഗൗഡ

ബിജെപിയുടെ ഉറക്കം കെടുത്തുന്ന ശക്തിദുർഗം കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. നാലുദശകം നീണ്ട രാഷ്ട്രീയജീവിതത്തിലേറെയും കലുഷിതമായ ജനതാപരിവാർ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നേതാവാണദ്ദേഹം. തിരഞ്ഞെടുപ്പു കളത്തിൽ ബിജെപിക്ക് ഒത്ത എതിരാളി. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ സംസ്ഥാനമാകെ സ്വാധീനമുള്ള ഒരു കോൺഗ്രസ് നേതാവുണ്ടായിരുന്നില്ല. കർണാടകയിലെ സ്ഥിതി അതല്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ജനകീയാടിത്തറയുള്ള നേതാവാണു സിദ്ധരാമയ്യ. അദ്ദേഹമാണു തിരഞ്ഞെടുപ്പു വിഷയങ്ങൾ തീരുമാനിച്ചു കോൺഗ്രസിനെ തലക്കെട്ടുകളിൽ ഉറപ്പിച്ചുനിർത്തുന്നത്, സ്ഥാനാർഥിനിർണയത്തിൽ തീരുമാനങ്ങളെടുത്തത്. സിദ്ധരാമയ്യയ്ക്കു മുന്നിൽ യെഡിയൂരപ്പയും ജനതാദളിന്റെ എച്ച്.ഡി. കുമാരസ്വാമിയും ചുവപ്പു കണ്ട കാളയെപ്പോലെയാണ്. ഏതു പാർട്ടി അധികാരത്തിൽ വന്നാലും ഈ മൂന്നു പേരിലൊരാളാകും മുഖ്യമന്ത്രി എന്ന കാര്യത്തിലും സംശയമില്ല. 

 തിരഞ്ഞെടുപ്പിലെ സ്വത്വരാഷ്ട്രീയം

സിദ്ധരാമയ്യയുടെ അഞ്ചുവർഷത്തെ പ്രകടനം മാത്രമല്ല തിരഞ്ഞെടുപ്പുവിഷയം. ഒരു സമുദായത്തിനും വൻഭൂരിപക്ഷമില്ലാത്ത സംസ്ഥാനത്തു സ്വത്വ രാഷ്ട്രീയ പ്രശ്നങ്ങൾ മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ സിദ്ധരാമയ്യയുടെ തന്ത്രങ്ങൾക്കു കഴിഞ്ഞു. കർണാടകയിലെ ആറു മേഖലകൾക്കു സങ്കീർണമായ ജാതി–മത ഘടനയാണുള്ളത്. 

ഹിന്ദുത്വരാഷ്ട്രീയ ആശയങ്ങൾ വിറ്റഴിക്കപ്പെട്ട യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റമുണ്ടാക്കാൻ നരേന്ദ്ര മോദിക്കു കഴിഞ്ഞു. എന്നാൽ, കർണാടകയിൽ ക്ഷേമരാഷ്ട്രീയത്തിനും ജാതിക്കുമുള്ള മുൻതൂക്കം ഈ നീക്കത്തിനു വെല്ലുവിളിയാകും. തെക്കൻ ജില്ലകളായ രാമനഗര, മണ്ഡ്യ, ഹാസൻ, കോളാർ, മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിൽ ബിജെപിയുടെ സംഘടനാശേഷി ദുർബലമാണ്. തെക്കൻ മേഖലയിലെ ദുർബലമായ ബിജെപിയും കിഴക്കൻ, വടക്കൻ ജില്ലകളിലും തീരദേശ മേഖലകളിലും ജനതാദളിനുള്ള കുറഞ്ഞ പിന്തുണയും കോൺഗ്രസിന് മികച്ച അവസരം നൽകുമെന്നാണു പ്രതീക്ഷ. എന്നാൽ, അതിൽ അത്രമേൽ നേട്ടവുമില്ല. കാരണം, 150ലേറെ മണ്ഡലങ്ങളിലും ത്രികോണമൽസരമല്ല, നേർക്കുനേർ പോരാട്ടമാണു നടക്കുക.

kumara-veerappa-kharge കുമാര സ്വാമി, വീരപ്പ മൊയ്‍ലി, മല്ലികാർജുൻ ഖർഗെ

പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയുടെ മുഖവും പ്രചോദനവുമാണ് സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസ് പാർട്ടിയുടെ ഏക നേതാവ് എന്ന നിലയിൽ അദ്ദേഹം ജാതികാർഡ് തന്ത്രപരമായി പ്രയോഗിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട്. പാർട്ടിയിൽ വിമതസ്വരങ്ങളെയും അദ്ദേഹം വളർത്തിയില്ല. ധനകാര്യവകുപ്പ് അഞ്ചുവർഷവും കൈകാര്യം ചെയ്ത സിദ്ധരാമയ്യ, തന്റെ അഞ്ചു ബജറ്റുകളിലൂടെ സമൂഹത്തിലെ 60 ശതമാനത്തോളം വരുന്ന പിന്നാക്ക, ദലിത, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ശക്തമായ ക്ഷേമപദ്ധതികളാണു നടപ്പിലാക്കിയത്. 

 ലിംഗായത്തുകളും വൊക്കലിഗകളും

പ്രബലസമുദായമായ  ലിംഗായത്തിനു പുറമെ, ബ്രാഹ്മണരിലും ഭൂരിഭാഗം ബിജെപിയെ പിന്തുണയ്ക്കുന്നു. മറ്റൊരു പ്രബല വിഭാഗമായ വൊക്കലിഗകളാകട്ടെ ജനതാദളിനോട് അടുത്തുനിൽക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2004, 2008 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പിന്നാക്ക ദലിത് കോട്ടകളെ ഭിന്നിപ്പിക്കാൻ ബിജെപിക്കു സാധിച്ചു. ജാതിഭേദമെന്യേ പിന്തുണ ഉറപ്പിക്കാൻ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. കർണാടകയിൽ മോദി എപ്പോഴും തന്റെ പിന്നാക്കവേരുകളാണ് ഉയർത്തിക്കാട്ടുന്നത്; ബി. ആർ. അംബേദ്‌കർ ആണു മുഖ്യപ്രചോദനമെന്ന് ആവർത്തിക്കുകയും ചെയ്യുന്നു.

അഴിമതി ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം ചൂടുപിടിക്കുന്നത്. സിദ്ധരാമയ്യയും മറ്റു മന്ത്രിമാരും ഓരോ കരാറിനും 10 ശതമാനം വീതം കമ്മിഷൻ വാങ്ങുന്നുവെന്ന് മോദി നേരിട്ടാണ് ആരോപണമുന്നയിച്ചത്.  പിന്നാക്ക സമുദായങ്ങൾക്കുള്ള കേന്ദ്രഫണ്ടുകളിൽ ക്രമക്കേടുകളുണ്ടെന്നും പാർട്ടി ആരോപിക്കുന്നു. രണ്ടാമത്തെ വിഷയം ക്രമസമാധാനമാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തീര ജില്ലകളിൽ ഡസൻകണക്കിനു ഹിന്ദുത്വ പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി പറയുന്നു. ന്യൂനപക്ഷ പ്രീണനമാണു ബിജെപിയുടെ മറ്റൊരു പ്രചാരണായുധം. കർഷകർക്കുവേണ്ടി സംസ്ഥാനത്ത് ആദ്യമായി സ്പെഷൽ ബജറ്റ് അവതരിപ്പിച്ചതു യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നും സിദ്ധരാമയ്യയുടെ നയങ്ങൾ കർഷക ആത്മഹത്യകൾ വർധിപ്പിക്കുകയാണു ചെയ്തതെന്നും ബിജെപി പറയുന്നു.എന്നാൽ, മോദിയെപ്പോലെതന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായ സിദ്ധരാമയ്യ ഓരോ വിമർശനത്തിനും എണ്ണിയെണ്ണി മറുപടി നൽകുന്നുണ്ട്. 

 ഇരുനേതാക്കളുടെയും നിർണായകസ്വാധീനം

സിദ്ധരാമയ്യയ്ക്കും യെഡിയൂരപ്പയ്ക്കും തങ്ങളുടെ പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിൽ ശക്തമായ സ്വാധീനമുണ്ട്. 

2005 ൽ ദേവെഗൗഡയുടെ കുടുംബ വാഴ്ചയ്ക്കെതിരെ കലഹിച്ചാണ് സിദ്ധരാമയ്യ ദൾ വിട്ടതെങ്കിലും അദ്ദേഹമിപ്പോൾ മകൻ യതീന്ദ്രയ്ക്കു സീറ്റ് ഉറപ്പിക്കാൻ വേണ്ടി തന്റെ സുരക്ഷിതമണ്ഡലമായ വരുണ ഉപേക്ഷിക്കാൻ പോലും തയാറായി. പകരം ജനതാദൾ ശക്തികേന്ദ്രമായ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണു മൽസരിക്കുക. യെഡിയൂരപ്പ തന്റെ പ്രിയപ്പെട്ട മണ്ഡലമായ ഷിക്കാരിപുരയിൽ ഉറച്ചുനിൽക്കുന്നു. 

sidharamayya-yeiyurappa സിദ്ധരാമയ്യ, യെഡിയൂരപ്പ

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ മുൻ കേന്ദ്രമന്ത്രി മല്ലികാർജുൻ ഖർഗെ, വീരപ്പമൊയ്‌ലി, പിസിസി അധ്യക്ഷൻ ജി. പരമേശ്വര തുടങ്ങിയവരും ബിജെപിയുടെ കേന്ദ്രമന്ത്രി അനന്ത്കുമാർ, മുൻ മുഖ്യമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടർ തുടങ്ങിയവരും തങ്ങളുടെ പാർട്ടികളിൽ സിദ്ധരാമയ്യ, യെഡിയൂരപ്പ മേധാവിത്വം അംഗീകരിച്ചുകഴിഞ്ഞു.

ജനതാദൾ (എസ്)  തങ്ങളുടെ ശക്തികേന്ദ്രങ്ങളിലാണു ശ്രദ്ധയൂന്നുന്നത്. പരമാവധി കോൺഗ്രസ് വിരുദ്ധ വോട്ടുകൾ നേടുകയാണു ലക്ഷ്യം. പാർട്ടിയുടെ 40 എംഎൽഎമാരിൽ പത്തുപേർ തിരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടതിന്റെ ക്ഷീണമുണ്ടെങ്കിലും കാർഷികമേഖലയിൽ ദേവെഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും സ്വാധീനമാണു പ്രതീക്ഷ. ടിക്കറ്റ് കിട്ടാത്ത ബിജെപി, കോൺഗ്രസ് നേതാക്കളെ പിന്തുണയ്ക്കുമെന്നും ദൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ എന്നിവരും മുഖ്യമന്ത്രി സ്ഥാനാർഥികളും ചേർന്ന് നാമനിർദേശസമർപ്പണത്തിനു മുൻപു തന്നെ ഒരു വട്ടം പ്രചാരണം  പൂർത്തിയാക്കിയിരിക്കുന്നു.  ഇനി സംസ്ഥാനം കാത്തിരിക്കുന്നതു നരേന്ദ്ര മോദിയുടെ പ്രചാരണപരിപാടിയാണ്. 

കർണാടകയിൽ വിജയിച്ചാൽ ബിജെപിക്കും മോദിക്കും വരാനിരിക്കുന്ന നിയമസഭാ  ലോക് സഭാ തിരഞ്ഞെടുപ്പുകൾക്ക് ഊർജമാകും. 

കർണാടകയിൽ മികച്ച വിജയവും ഒപ്പം ശക്തമായ കാലവർഷവും വന്നെത്തിയാൽ ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേ പ്രഖ്യാപിക്കാനും മോദിക്ക് ആലോചനയുണ്ട്.

 രാഹുൽ ഗാന്ധിക്ക് നിർണായകം

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഇഞ്ചോടിഞ്ചു മൽസരം കാഴ്ചവച്ച രാഹുൽ ഗാന്ധിക്ക് കർണാടക വളരെ നിർണായകമാണ്. 

ബെംഗളൂരുവിലെ വിധാൻ സൗധയിലേക്കു കോൺഗ്രസ് സർക്കാർ വീണ്ടുമെത്തിയാൽ, അത് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും. ദേശീയ രാഷ്ട്രീയപോരാട്ടത്തിൽ മുഖ്യ ശക്തിയായി കോൺഗ്രസ് ഉറയ്ക്കുകയും ചെയ്യും.

ത്രിശങ്കു മന്ത്രിസഭയാണുണ്ടാകുന്നതെങ്കിൽ ജനതാദൾ (എസ്)  കിങ്‌ മേക്കറായി മാറും. കുമാരസ്വാമിക്കു മുഖ്യമന്ത്രിക്കസേരയിലെത്താൻ പോലും അത് അവസരമൊരുക്കാം.   

കലങ്ങിമറിയുന്ന ലിംഗായത്ത് രാഷ്ട്രീയം

ലിംഗായത്ത് സമുദായത്തിനു പ്രത്യേക മതപദവിക്കു വേണ്ടി ശബ്ദിക്കാൻ സിദ്ധരാമയ്യ മന്ത്രിസഭയിലെ ലിംഗായത്ത് മന്ത്രിമാരോട് ആവശ്യപ്പെട്ടതു വലിയ ചലനമുണ്ടാക്കി.  സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദു സമുദായ വിഭാഗമായ ലിംഗായത്തുകൾ പ്രത്യേകമതപദവിക്കായി വളരെക്കാലമായി ആവശ്യപ്പെടുന്നു. ഇതോടെ, പൊതുവെ ബിജെപി അനുകൂലമായ സമുദായത്തിനുള്ളിൽ വൻപിളർപ്പുണ്ടാക്കാൻ സിദ്ധരാമയ്യയ്ക്കു കഴിഞ്ഞു. 

ലിംഗായത്തുകൾ കോൺഗ്രസിനു വേണ്ടി ഏറ്റവുമൊടുവിൽ ശക്തമായ നിലപാടെടുത്തത് 1989ലാണ്; ജനകീയനായ വീരേന്ദ്രപാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ. പാട്ടീൽ വൻ വിജയം നേടിയെങ്കിലും പിന്നീട് രോഗബാധിതനായപ്പോൾ രാജീവ് ഗാന്ധി അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ ലിംഗായത്ത് മതപദവി ശുപാർശയിലൂടെ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനു വഴിയൊരുങ്ങി. എന്നാൽ, പ്രത്യേക മതപദവി ഹിന്ദുയിസത്തെ ദുർബലമാക്കുമെന്നാരോപിച്ച് ആർഎസ്എസ് അതിനെ എതിർക്കുന്നു. 

ഇതിനിടെ അമിത് ഷായും രാഹുൽ ഗാന്ധിയും ഒട്ടേറെ ലിംഗായത്ത് സമുദായ നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. കേന്ദ്രസർക്കാർ പ്രത്യേക മതപദവി നിരസിച്ചേക്കാമെന്ന സാഹചര്യത്തിൽ, പ്രത്യേക മതം എന്ന വാഗ്ദാനത്തിനും ലിംഗായത്ത് മുഖ്യമന്ത്രിക്കുമിടയിൽ  ഒന്നു തിരഞ്ഞെടുക്കാൻ സമുദായം നിർബന്ധിതമായിരിക്കുന്നു. ലിംഗായത്ത് അതികായൻ യെഡിയൂരപ്പയാണല്ലോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. 

related stories