Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഭജനത്തിന്റെ പിൻചരിത്രം

Kim-Jong-Un-Moon-jae-in ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും

സോളിലേക്കുള്ള തൊട്ടടുത്ത വിമാനം പിടിക്കാൻ പറ്റാതെപോയ വിഷമത്തിൽ മലേഷ്യയിലെ ക്വാലലംപുർ രാജ്യാന്തര വിമാനത്താവളത്തി‍ൽ കാത്തിരിക്കുമ്പോഴാണു ഞങ്ങൾ ക്വാങ് ഹ്യുൻ ജൂവിനെ കണ്ടത്. ബിസിനസ് സംബന്ധമായി ബാങ്കോക്ക് യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ക്വാങ് വിമാനം നഷ്ടപ്പെട്ടതിന്റെ ദേഷ്യവും നിരാശയും മൂലം അസ്വസ്ഥനാണെന്നു തോന്നി. സംസാരിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി, അതു മാത്രമല്ല അദ്ദേഹത്തിന്റെ ദേഷ്യത്തിനു കാരണമെന്ന്. കൊറിയയിലെ രാഷ്ട്രീയസ്ഥിതിയും പുതിയ ഉച്ചകോടിയും സംഭാഷണത്തിൽ കടന്നുവന്നപ്പോൾ ക്വാങ്ങിന്റെ വാക്കുകളിൽ രോഷം പുകഞ്ഞു.  ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി സമാധാന ഉച്ചകോടിക്കു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ  മുന്നോട്ടുപോകുന്നതിൽ ക്വാങ് ഒട്ടും സന്തോഷവാനായിരുന്നില്ല. യുദ്ധം മൂലം വഷളായ കൊറിയകൾക്കിടയിലെ ഭിന്നിപ്പും കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തുടരുന്ന ശത്രുതയോടെയുള്ള നീക്കങ്ങളും അങ്ങനെ അത്രയെളുപ്പം മറന്നുകളയുന്നതെങ്ങനെ!

Korean-summit സോളിലെ സിറ്റി ഹാൾ ജംക്‌ഷനിൽ ഇൻസ്റ്റലേഷനു മുന്നിൽ നിന്നു ഫോട്ടോയെടുക്കുന്ന വിനോദസഞ്ചാരികൾ. ചിത്രം: അമേയ് മൻസബ്‌ദാർ

ഉച്ചകോടിയുടെ ആവേശം

പക്ഷേ, സോളിലെത്തി കൂടുതൽ ആളുകളുമായി സംസാരിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി: ക്വാങ്ങിനെപ്പോലെയുള്ളവർ ന്യൂനപക്ഷം മാത്രമാണ്. ഞങ്ങൾ പരിചയപ്പെട്ട പലരും ഉച്ചകോടിയെപ്പറ്റി വലിയ ആവേശത്തിലായിരുന്നു. മൂണിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, പുതിയ നയതന്ത്രനീക്കങ്ങളെക്കുറിച്ച് അവർ മതിപ്പോടെ സംസാരിച്ചു. എന്നു മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചും അവർക്കു നല്ല അഭിപ്രായമാണ്. കിം– ട്രംപ് ഉച്ചകോടിയും നടക്കുമെന്നാണല്ലോ സൂചന. കിം–മൂൺ  ഉച്ചകോടി വിജയിച്ചാൽ അത് കിം– ട്രംപ് ഉച്ചകോടിക്കു വൻതോതിൽ സാധ്യത കൂട്ടുകയാണ്. 

ഇതൊക്കെയാണെങ്കിലും, കൊറിയകൾക്കിടയിൽ സമാധാനത്തിന്റെ പുതുയുഗം പിറക്കുന്നതിനെപ്പറ്റി വലിയ സ്വപ്നങ്ങളൊന്നും വേണ്ടെന്നാണു ഭൂരിപക്ഷം പേരും പറയുന്നത്. അവിശ്വാസത്തിന്റെയും ഭിന്നതയുടെയും ചരിത്രം അത്രയ്ക്കു നിഷ്കരുണമായിരുന്ന സ്ഥിതിക്കു വിശേഷിച്ചും. ബാക്ക്പാക്കുമായി ഇറങ്ങിയ ഒരു സംഘം യുവാക്കളെ സോളിലെ യുദ്ധസ്മാരകത്തിനു വെളിയിൽ കണ്ടുമുട്ടിയപ്പോൾ അവർ അതു കൃത്യമായി പറഞ്ഞു: ‘‘കിം കുടുംബത്തിലെ എല്ലാവരും ഞങ്ങളെ പറ്റിച്ച ചരിത്രമേയുള്ളൂ. പുതിയ കിമ്മും അതുതന്നെ ചെയ്യാനാണു സാധ്യത. അതുകൊണ്ടു വലിയ സൗജന്യമൊക്കെ ചെയ്തുകൊടുക്കുമ്പോൾ സൂക്ഷിക്കണം’’

രണ്ടാം ലോകയുദ്ധാവസാനം ജർമനിക്കു സംഭവിച്ചതുപോലെ, കൊറിയകളുടെ വിഭജനവും യുദ്ധത്തിന്റെ അത്യാഹിതങ്ങളിലൊന്നായിരുന്നു. ആയിരക്കണക്കിനു വർഷങ്ങളുടെ പാരമ്പര്യമുള്ള അവിഭാജ്യ കൊറിയ രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ അധിനിവേശത്തിന് ഇരയായി. റഷ്യയുമായുള്ള യുദ്ധത്തിൽ ജയിച്ചതിനു പിന്നാലെ, 1905ൽ ജപ്പാൻ കൊറിയ പിടിച്ചടക്കുകയായിരുന്നു. അധിനിവേശം അവസാനിച്ചതാകട്ടെ ജപ്പാൻ സഖ്യശക്തികൾക്കു കീഴടങ്ങിയപ്പോഴും. കൊറിയൻ ഉപദ്വീപിൽ സ്വാധീന ഇടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സഖ്യശക്തികളിലെ വമ്പന്മാരായ യുഎസും സോവിയറ്റ് യൂണിയനും ആഗ്രഹിച്ചു. അക്ഷാംശരേഖയെ അതിർത്തിയാക്കി കൊറിയയെ രണ്ടായി മുറിക്കാനുള്ള തീരുമാനത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. പ്രത്യേകിച്ചൊരു യുക്തിയുമില്ലാതെ, പെട്ടെന്നൊരു തോന്നലുണ്ടായി ആ വിഭജനരേഖ അംഗീകരിക്കപ്പെട്ടതാണെന്നും കഥയുണ്ട്. 

അക്ഷാംശരേഖയെ അതിർത്തിയാക്കാമെന്നു നിർദേശിച്ചത് യുഎസ് സൈന്യത്തിന്റെ ഓപ്പറേഷൻസ് വിഭാഗം ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ ലഫ്. ജനറൽ ജോൺ ഹൾ ആണെന്നും അത് അംഗീകരിക്കപ്പെടുകയായിരുന്നെന്നുമാണ് ഇതു സംബന്ധിച്ച രേഖകൾ പറയുന്നത്. അക്ഷാംശരേഖ കൊറിയയെ ഏതാണ്ടു രണ്ടായി മുറിച്ചു കടന്നുപോകുന്നതിനാലാവണം വിഭജനരേഖയായി ഇതിനു നറുക്കുവീണത്. അദ്ഭുതകരമെന്നു പറയട്ടെ, സോവിയറ്റ് നേതാവ് സ്റ്റാലിൻ ഈ നിർദേശത്തോടു യോജിച്ചു. അങ്ങനെ, 38 ഡിഗ്രി അക്ഷാംശരേഖയ്ക്കു വടക്കുള്ള കൊറിയയെ സോവിയറ്റ് യൂണിയനും തെക്കുള്ള കൊറിയൻഭാഗത്തെ യുഎസും ഏറ്റെടുത്തു. 

korean-summit-series

അടുത്ത മൂന്നു വർഷത്തിനുള്ളിൽ വടക്കൻ കൊറിയയിൽ കമ്യൂണിസ്റ്റ് ഭരണമായി. തെക്കൻ കൊറിയയിലാകട്ടെ, യുഎസ് സൗഹൃദ മുതലാളിത്ത ഭരണവും. തുടർന്നുള്ള വർഷങ്ങളിൽ വടക്കുനിന്നു തെക്കോട്ടു മധ്യവർഗക്കാരുടെ കൂട്ടപ്പലായനവും നടന്നു. കർഷകരും തൊഴിലാളികളും ദരിദ്രവിഭാഗങ്ങൾ പൊതുവെയും ഉത്തര കൊറിയയിൽ തുടർന്നു. ധാതു, കൽക്കരി നിക്ഷേപങ്ങളുള്ളതിനാൽ ഏതാനും വ്യാവസായിക സംരംഭങ്ങൾ ഉത്തര കൊറിയയിലുണ്ടായി. ദക്ഷിണ കൊറിയയ്ക്കു ബിസിനസിലായി ശ്രദ്ധ. കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായതുകൊണ്ടുതന്നെ ക്രിസ്ത്യൻ മതവിശ്വാസികൾ ഉത്തര കൊറിയ വിട്ടു ദക്ഷിണ കൊറിയയിലെത്തി. 

വൈരം യുദ്ധത്തിലേക്ക്

ശീതയുദ്ധം കടുത്തപ്പോൾ ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിൽ വൈരവും കടുത്തു. ഉപദ്വീപിനു മേൽ ആധിപത്യം അവകാശപ്പെട്ട് ഇരുകൂട്ടരും രംഗത്തെത്തി. അങ്ങനെ, 1948ൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇടപെടേണ്ടി വന്നു. കൊറിയകളുടെ ഭാവി വോട്ടിനിട്ടു തീരുമാനിക്കാമെന്നു നിർദേശമുണ്ടായി. ഉത്തര കൊറിയ ആ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതി സിഗ്‌മൻ റീയുടെ കീഴിൽ ദക്ഷിണ കൊറിയയിൽ പുതിയ ഭരണകൂടം നിലവിൽവന്നു. നാടുകടത്തപ്പെട്ടു വർഷങ്ങളോളം യുഎസിൽ കഴിയുകയായിരുന്ന റീ അധികാരത്തിലെത്തിയതു സിഐഐയ്ക്കു മുൻപുള്ള ഒഎസ്എസിന്റെ  പിന്തുണയോടെയായിരുന്നു. സ്റ്റാലിൻ തന്റെ വിശ്വസ്തനായ കിം ഇൽ സുങ്ങിനെ ഉത്തര കൊറിയ നേതാവായി അവരോധിച്ചു. 

അവസാനം, അടിയൊഴുക്കായി കിടന്ന സംഘർഷം ഒരു പൂർണയുദ്ധത്തിൽ കലാശിച്ചു. 1950 ജൂൺ 25ന്, ഉത്തര കൊറിയൻ പട്ടാള ടാങ്കുകൾ 38 ാം അക്ഷാംശരേഖ മുറിച്ചു കടന്നു സോളിനെ ലക്ഷ്യമാക്കി നീങ്ങാൻതുടങ്ങി. ദക്ഷിണ കൊറിയയ്ക്കു പ്രതിരോധിക്കാനായില്ല. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ദക്ഷിണ കൊറിയയ്ക്കുവേണ്ടി കളത്തിലിറങ്ങുകയാണെന്ന് യുഎസ് പ്രഖ്യാപനം വന്നു. അമേരിക്കയെ ഒരു യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാൻ ആഗ്രഹിച്ച സ്റ്റാലിന്റെ അംഗീകാരത്തോടെയായിരുന്നു ഉത്തരകൊറിയയുടെ നീക്കമെന്ന് അഭിപ്രായപ്പെടുന്ന ചരിത്രഗവേഷകരുണ്ട്. പൂർവേഷ്യയിൽ യുദ്ധമുണ്ടാക്കി യൂറോപ്പിൽ റഷ്യയ്ക്കു സ്വസ്ഥമായി വാഴാമെന്ന ആശയമായിരുന്നു പിന്നിൽ. ചൈനയും ഈ യുദ്ധത്തിൽ കുടുങ്ങുമെന്നു സ്റ്റാലിൻ പ്രതീക്ഷിച്ചു. 

അമേരിക്കൻ സഹായം ലഭിച്ചിട്ടും ദക്ഷിണ കൊറിയയുടെ പ്രകടനം പരിതാപകരമായി.  വേനൽ കടുത്തപ്പോൾ അമേരിക്കൻ സൈനികർ കഷ്ടപ്പെട്ടു. ദാഹമകറ്റാൻ മറ്റു മാർഗമില്ലാതെ പാടങ്ങളിലെ വെള്ളം കുടിച്ച അവർക്കു രോഗം പിടിപെട്ടു. ഒട്ടേറെ പേർ മരിച്ചു. പക്ഷേ, പിന്നീടു വഴിത്തിരിവുണ്ടായി. ഉത്തര കൊറിയയെ പഴിചാരി യുഎൻ രംഗത്തെത്തി. ദക്ഷിണ കൊറിയയ്ക്കുവേണ്ടി പൊരുതാൻ സേനയെയും നൽകി. രണ്ടാം ലോകയുദ്ധ വീരനായകനെന്നു പിന്നീടറിയപ്പെട്ട ജനറൽ ഡഗ്ലസ് മക്ആർതറുടെ നേതൃത്വത്തിൽ അമേരിക്ക വീണ്ടും ആളും ആയുധവുമിറക്കി. യുഎൻ സേന ഉത്തര കൊറിയയിലേക്കു കയറി യാലു നദിക്കരയിലെ ചൈനീസ് അതിർത്തിവരെയെത്തി. 

അമേരിക്കൻ നീക്കത്തിന്റെ ഭീഷണിയുണ്ടായപ്പോൾ ചൈനയും രംഗത്തിറങ്ങി. യുഎൻ‌ പടയെ തുരത്തി. മാവോ ഒരു പൂർണയുദ്ധത്തിന്റെ ഭീഷണി മുഴക്കിയതോടെ യുഎസ് പ്രസിഡന്റ് ട്രൂമൻ സ്ഥിതി ശാന്തമാക്കാൻ തയാറെടുത്തു. പക്ഷേ, മക്ആർതർ പിന്മാറുന്ന പ്രശ്നമില്ലായിരുന്നു. യുഎസ് സേന ഉത്തര കൊറിയയിൽ മുന്നേറ്റം തുടർന്നു. ഒടുവിൽ 1951ൽ, ട്രൂമൻ അദ്ദേഹത്തെ പുറത്താക്കി. 

1953ൽ ആ യുദ്ധം അവസാനിച്ചു. ചൈനയും യുഎസും ഉത്തര കൊറിയും തമ്മിൽ ജൂലൈ 27നു യുദ്ധവിരാമ ഉടമ്പടിയായി. പക്ഷേ, ദക്ഷിണ കൊറിയ ഒപ്പിടാൻ വിസമ്മതിച്ചു. അങ്ങനെ സാങ്കേതികമായി കൊറിയകൾ തമ്മിൽ യുദ്ധം തുടരുകയാണ്. ഉച്ചകോടിക്കു മുന്നോടിയായി, യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള കരാറിന്റെ പണിപ്പുരയിലാണെന്നു ദക്ഷിണ കൊറിയ സൂചന നൽകിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ട്രംപും ഇത്തരമൊരു ഉടമ്പടിക്ക് ആശീർവാദം നൽകിയിരുന്നു. 

50 ലക്ഷത്തോളംപേരാണു കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. യുദ്ധത്തിനു മുൻപുണ്ടായിരുന്ന കൊറിയൻ ജനസംഖ്യയുടെ പത്തു ശതമാനം യുദ്ധം കഴിഞ്ഞപ്പോൾ ഇല്ലാതായി. കൊറിയൻ മനസ്സിൽ ആ യുദ്ധത്തിന്റെ മുറിപ്പാടുകൾ ഇന്നും ശേഷിക്കുകയാണ്. 

കിം ഇല്‍ സുങ് മുതല്‍ കിം ജോങ് ഉന്‍ വരെ: ഉത്തര കൊറിയയിലെ കിം കുടുംബവാഴ്ചയെക്കുറിച്ചു നാളെ.