Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്തിന് ‘കൈ’ കൊടുത്ത് സിപിഐ

Author Details
keraleeyam

കൊല്ലത്ത് ഇന്നാരംഭിക്കുന്ന സിപിഐയുടെ 23–ാം പാർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള സംഘടനാ റിപ്പോർട്ടിലെ സ്വയംവിമർശനങ്ങൾ പാർട്ടിയുടെ സുതാര്യതയെയും ആർജവത്തെയുംകുറിച്ചു പ്രതിനിധികൾക്ക് അഭിമാനബോധം പകരുന്നതാകാം. പക്ഷേ, അതിലെ തുറന്നുപറച്ചിലുകളി‍ൽ ചിലതെങ്കിലും അതിനൊപ്പം നിരാശയും സമ്മാനിക്കുന്നതാണ്. 

‘‘സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകൾ ഇടതുപക്ഷത്തിന്, പ്രത്യേകിച്ചു സിപിഐക്കു വൻതിരിച്ചടിയായിരുന്നു. അതിൽ കേരളമൊഴികെ പത്തു സംസ്ഥാനങ്ങളിലും പാർട്ടിക്കു നിയമസഭയിലേക്കു ജയിക്കാനായില്ല. നമ്മുടെ വോട്ടുവിഹിതവും ചോർന്നു. മണിപ്പുരിലെ ഫലം ഞെട്ടിക്കുന്നതാണ്. കാര്യമായ ആത്മപരിശോധന നടത്തിയേ തീരൂ. ശക്തമായ സംഘടന കെട്ടിപ്പടുക്കുക മാത്രമാണ് ഏകപ്രതിവിധി. എവിടെയെങ്കിലും പോയി കുറെ ലഘുലേഖകൾ വിതരണം ചെയ്തതുകൊണ്ടുമാത്രം സിപിഐക്കു ജയിക്കാൻ കഴിയില്ല’’ – റിപ്പോർട്ട് പരിതപിക്കുന്നു. 

കൊല്ലം മാതൃകയാക്കുക

ഈ വിപരീത സാഹചര്യംകൊണ്ടുകൂടിയാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 902 പ്രതിനിധികളെ കൊല്ലം കണ്ടവരായി മാറ്റിയെടുക്കുന്നത്. സിപിഎമ്മിനു രാജ്യത്തെ ഏറ്റവും ശക്തമായ ജില്ല കണ്ണൂരാണെങ്കിൽ സിപിഐക്ക് അതു കൊല്ലമാണ്. 

ആറേകാൽലക്ഷത്തോളമാണു സിപിഐയുടെ ആകെ അംഗസംഖ്യ. അതിൽ 1.30 കേരളത്തിൽനിന്ന്. മുപ്പതിനായിരവും കൊല്ലത്തും. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയായതുകൊണ്ടാണു തിരുവനന്തപുരമോ കൊച്ചിയോ തിരഞ്ഞെടുക്കാതെ പാർട്ടി കോൺഗ്രസിനായി കൊല്ലം നിശ്ചയിച്ചത്. ദേശീയസമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ സിപിഐ ഒരു ഉൾപ്പാർട്ടി ലക്ഷ്യം കൂടി ജില്ലയ്ക്കു മുന്നിലേക്കു വച്ചുനീട്ടിയിട്ടുണ്ട്: കൊല്ലത്ത് ഒന്നാമത്തെ പാർട്ടിയായി മാറുക. അതായതു സിപിഎമ്മിനെ കവച്ചുവയ്ക്കുക. എംഎൽഎമാരുടെ എണ്ണം ഇരുപാർട്ടികൾക്കും തുല്യം തുല്യമാണ് ഇപ്പോൾ. നാലു വീതം. സിപിഐക്ക് ഏറ്റവും കൂടുതൽ പഞ്ചായത്ത് അംഗങ്ങളുള്ള ജില്ലയും ഇതുതന്നെ. ആറു ജില്ലകളിൽ ഒരു പഞ്ചായത്തു പ്രസിഡന്റുപോലുമില്ലാത്തപ്പോഴാണ് ഇതെന്നോർമിക്കണം. സിപിഎമ്മും സിപിഐയും പിളർന്നു രണ്ടായപ്പോൾ കൊല്ലത്തു സിപിഎമ്മിനു നിയമസഭാംഗമുണ്ടായിരുന്നില്ലെന്നും വീണ്ടും യോജിച്ചശേഷമാണു പച്ചതൊട്ടതെന്നും പഴമക്കാർ ഓർമിക്കുന്നുണ്ട്. 

ചുരുക്കത്തിൽ കൊല്ലമാണ് സിപിഐക്കു മാതൃകാജില്ല. അതൊന്നു വിപുലപ്പെടുത്തിയാൽ റിപ്പോർട്ടിൽ വിവരിച്ചതുപോലെ കേരളം മാതൃകാ സംസ്ഥാനം. ഇന്ത്യയിൽ സിപിഐയ്ക്ക് 21 എംഎൽഎമാരേയുള്ളൂ. അതിൽ 19 ഉം ഇവിടെ. ബംഗാളിലും തെലങ്കാനയിലും ഓരോന്നു വീതം. ലോക്സഭയിൽ ഒരേയൊരാൾ തൃശൂരിൽനിന്നു സി.എൻ. ജയദേവൻ.

പ്രതാപം പഴങ്കഥ 

മുമ്പു നാലുതവണ പാർട്ടി കോൺഗ്രസ് കേരളത്തിൽ നടന്നതിലും തികച്ചും വ്യത്യസ്തമായ ദേശീയ–രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ. 1956 ൽ അവിഭക്തപാർട്ടിയുടെ നാലാംപാർട്ടി കോൺഗ്രസ് 1957 ലെ ഐതിഹാസിക വിജയത്തിന് യഥാർഥത്തിൽ അടിത്തറയൊരുക്കുകയായിരുന്നു. 1971 ‍ൽ കൊച്ചിയിൽ ചേർന്നപ്പോൾ പാർട്ടിക്കു മുഖ്യമന്ത്രിയുണ്ടായിരുന്നു: ഐക്യമുന്നണി സർക്കാരിനെ നയിച്ച് സി. അച്യുതമേനോൻ. 2002 ൽ തിരുവനന്തപുരത്തു കൂടിയപ്പോൾ കേരളത്തിൽ പ്രതിപക്ഷത്ത്. ലോക്സഭാതിരഞ്ഞെടുപ്പ് ഇതുപോലെ ഒരുവർഷമകലെ. 2004 ൽ മത്സരിച്ച നാലിൽ മൂന്നു സീറ്റിലും ജയിച്ച് സിപിഐ തലയുയർത്തിനിന്നു. യുപിഎ സർക്കാരിനെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ട് ഇടതുപക്ഷം രാജ്യത്തെ ഏറ്റവും നിർണായകമായ ബ്ലോക്കായി നിലകൊണ്ടു. സിപിഐക്ക് മാത്രം 15 എംപിമാർ. 

അതെല്ലാം പഴങ്കഥ. ആശ്വസിക്കാൻ രാജ്യത്തുതന്നെ ഇന്നു പാർ‍ട്ടിക്ക് ആകെയുള്ളതു കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിനെക്കുറിച്ചു വൻപ്രതീക്ഷയൊന്നും വേണ്ടതാനും. വിപ്ലവവും തൊട്ടുകൂടായ്മയും പറഞ്ഞിരുന്ന് ദേശീയ പാർട്ടിയെന്ന പദവി ഏതാണ്ട് പോയതിന്റെ നാണക്കേടടക്കം സംഘടനാറിപ്പോർട്ടിൽ പ്രകടം. ‘‘പാർലമെന്ററി ജനാധിപത്യത്തിലാണു സിപിഐ വിശ്വസിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടിയല്ല നമ്മുടേത്. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ചേ തീരൂ. എന്തു രാഷ്ട്രീയ സൂനാമികളുണ്ടായാലും ജയിക്കുന്നതിനാകണം ഊന്നൽ.’’ 

ഇതുകൊണ്ടാണു കൂട്ടിനു കോൺഗ്രസെങ്കിൽ കോൺഗ്രസ് എന്നു പാർട്ടി തീരുമാനിച്ചത്. അവരോടുള്ള കടുംപിടിത്തം അവസാനിപ്പിക്കാൻ സിപിഎമ്മിനോട് അഭ്യർഥിച്ചത്. ഹൈദരാബാദിലെ സിപിഎം പാർട്ടികോൺഗ്രസിൽ എന്തു സംഭവിക്കുമെന്ന് അവരെക്കാൾ ഉദ്വേഗത്തോടെ സിപിഐ വീക്ഷിച്ചിട്ടുണ്ടാകും. അവിടെ താൻ അവതരിപ്പിച്ചതു ഭൂരിപക്ഷത്തിന്റെ ഔദ്യോഗിക രേഖയാണെന്നും സീതാറാം യച്ചൂരിയുടേതു കേന്ദ്ര കമ്മിറ്റിയുടെ ന്യൂനപക്ഷ അഭിപ്രായം മാത്രമാണെന്നും പ്രകാശ് കാരാട്ട് പറയുന്നതു ടിവിയിൽ ആവർത്തിച്ചു കാണിച്ചപ്പോൾ കാനം രാജേന്ദ്രനും മറ്റു നേതാക്കളും ഇവിടെ ഒരു കൂടിയാലോചനയിലായിരുന്നു. കാനം ഇതുകേട്ട് അവരോടായി പ്രതികരിച്ചു: ‘‘ഈ ന്യൂനപക്ഷം എന്നു പറയുന്നത് അത്ര മോശമാണെങ്കിൽ 1964 ഏപ്രിൽ 11ന് കൊൽക്കത്തയിലെ ത്യാഗരാജ ഹാളിൽനിന്നു 32 പേരായി മാത്രം സിപിഐ ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോരേണ്ടായിരുന്നല്ലോ. 147 പേരിലെ ആ ന്യൂനപക്ഷം അവിടെയിരുന്നാൽ മതിയായിരുന്നില്ലേ?’’ 

കോൺഗ്രസ് ബന്ധമടക്കം ചൂണ്ടിക്കാട്ടി അന്നു പ്രതിഷേധിച്ചിറങ്ങിപ്പോന്നു സിപിഎം രൂപീകരിച്ചവർതന്നെ അതിന്റെപേരിൽ ചേരിതിരിഞ്ഞു കലഹിച്ചതു മറ്റൊരു വൈരുധ്യം. ഇപ്പോൾ കോൺഗ്രസിനോട് അനുനയമാകാമെന്ന പോയിന്റിൽ രണ്ടു പാർട്ടികളും ഒന്നിക്കുകവഴി ‘ഇടതുപക്ഷ ഐക്യം’ കാക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കുന്നത് അതിലും വലിയ വൈരുധ്യം! 

രാഷ്ട്രീയ അയിത്തങ്ങളെല്ലാം ഇങ്ങനെ ഉപേക്ഷിക്കുന്ന പാർട്ടി ഇവിടെ മാണിക്കു മുന്നിലെ വാതിലിൽ താഴിട്ടു കാവൽ നിൽക്കാൻ ജാഗ്രത കാണിക്കുന്നതു വേറൊരു ഉത്തരംകിട്ടാ ചോദ്യം.