Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം ശുഭസൂചകം: കൊറിയക്കാരുടെ നന്മ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായ കൂടിക്കാഴ്ച

kim-moon-flower ചിരിച്ചുതുടങ്ങാം: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ പൂക്കൾ നൽകി സ്വീകരിക്കുന്നു. ദക്ഷിണകൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ സമീപം.

ഉത്തര കൊറിയയുടെ മുപ്പത്തിനാലുകാരൻ ചെയർമാൻ കിം ജോങ് ഉൻ, സൈനികരഹിതമേഖലയിലെ അതിർത്തി കടന്ന് ദക്ഷിണ കൊറിയയുടെ അൻപത്തഞ്ചുകാരൻ പ്രസിഡന്റ് മൂൺ ജേയുമായി ഉച്ചകോടിക്കെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അവസാന ഉച്ചകോടി നടന്ന 2007ൽ മൂൺ ദക്ഷിണ കൊറിയയുടെ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു.  

സംയുക്ത പ്രസ്താവന, സംയുക്ത മാധ്യമസമ്മേളനം, 1953ലെ യുദ്ധവിരാമ പ്രതീകമായി നട്ട മരത്തിനു വെള്ളമൊഴിക്കൽ, സമാധാന ഉടമ്പടി – എല്ലാം  ശുഭസൂചകം. എട്ടു കോടി കൊറിയക്കാരുടെ നന്മ ആഗ്രഹിക്കുന്നവർക്ക് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ല. 

സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഈ ഉച്ചകോടിയെ വിലയിരുത്താൻ. കഴിഞ്ഞ മാസം കിം ജോങ് ഉൻ തന്റെ ആദ്യ വിദേശയാത്ര ചൈനയിലേക്കു നടത്തി. രാജ്യത്തിന്റെ വ്യാപാരത്തിൽ 90 ശതമാനത്തോളം നടത്തുന്ന തന്റെ വമ്പൻ അയൽക്കാരനെ സന്ദർശിക്കാനുള്ള കിമ്മിന്റെ തന്ത്രപ്രധാന നീക്കം ലോകത്തിനു മുഴുവൻ, പ്രത്യേകിച്ച് അമേരിക്കയ്ക്ക് ശുഭസൂചന ആയിരുന്നു. പ്രസിഡന്റ് മൂണുമായി, യുഎസ് പ്രസിഡന്റ് ട്രംപുമായി, ചിലപ്പോൾ ജപ്പാൻ പ്രധാനമന്ത്രി ആബെയുമായി കിം കൂടിക്കാഴ്ച നടത്തുമ്പോൾ ചൈനയ്ക്കു വെറും കാഴ്ചക്കാരന്റെ റോളല്ല ഉള്ളത്. 

മറ്റൊരു പ്രധാന സംഭവം സിഐഎ തലവൻ പോംപിയോ ഈ മാസം 17നു രഹസ്യമായി പോങ്യാങ് സന്ദർശിച്ച് കിമ്മിനെ കണ്ടതാണ്. കൂടിക്കാഴ്ച നന്നായിരുന്നുവെന്ന് യുഎസ് പറയുന്നു. 

മൂന്നാമത്തെ പ്രധാന കാര്യം ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നതായി കഴിഞ്ഞയാഴ്ച കിം പ്രഖ്യാപിച്ചതാണ്. താൻ ലക്ഷ്യമിട്ടതെല്ലാം, അണുബോംബ് നിർമിക്കാനും അത് വടക്കേ അമേരിക്കവരെ എത്തിക്കാനുമുള്ള ശേഷി, നേടിക്കഴിഞ്ഞെന്ന് കിം പറയാതെ പറയുകയായിരുന്നു. ഇക്കാര്യം നിഷേധിക്കാൻ അധികമാരും തയാറാകില്ല. ആണവശേഷിയോടെയാണ് കിം ഈ കൂടിക്കാഴ്ചകൾക്കെല്ലാം ഇരിക്കുന്നതെന്ന് ഓർക്കുക. 

പൻമുൻജോങ്ങിലെ ‘സമാധാന വീട്ടിൽ’ നിന്നുള്ള സംയുക്ത പ്രസ്താവനയുടെ പ്രധാന കാര്യങ്ങൾ പരിശോധിക്കാം. ഇരു നേതാക്കളും ഉടൻ വീണ്ടും കാണും. മൂൺ ഉത്തര കൊറിയയ്ക്കു പോകും. ഇരുരാജ്യങ്ങൾക്കു വ്യാവസായികമായി സഹകരിച്ചു പ്രവർത്തിക്കാൻ കെയ്സോങ്ങിൽ സംയുക്ത ഓഫിസ് തുടങ്ങും. അടുത്ത വർഷം ഇന്തൊനീഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനു സംയുക്ത ടീമിനെ അയയ്ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. 

യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു എന്നതാണ് ഏറ്റവും പ്രധാനം. കൊറിയ ഉപദ്വീപിനെ ആണവമുക്തമാക്കാനും തീരുമാനമായി. കിം തന്റെ ആണവശേഷി ഉപേക്ഷിക്കുന്നുവെന്നല്ല ഇതുകൊണ്ടു വിവക്ഷിക്കുന്നത്. കിം വെറും വാചകക്കസർത്തു നടത്തുകയാണെന്നും കരുതരുത്. 

കിമ്മിന്റെ മനസ്സിൽ എന്താണെന്നു നമുക്കറിയില്ല. കളി തുടങ്ങും മുൻപേ തന്റെ കയ്യിലിരിപ്പു മുഴുവൻ വെളിവാക്കാൻ കിമ്മിനു താൽപര്യമില്ല. സമയബന്ധിതമായി ആണവമുക്തമാകാനും പരസ്പരം അംഗീകരിക്കും വിധം യുഎസുമായി സമാധാന കരാറിനും രാജ്യാന്തര സമൂഹത്തിൽ ഉത്തര കൊറിയയെ തുല്യ പദവിയുള്ള അംഗത്വത്തോടെ അംഗീകരിപ്പിക്കാനും കിം താൽപര്യപ്പെടുന്നുണ്ടാവാം. സദ്ദാം ഹുസൈനും ഗദ്ദാഫിക്കും പറ്റിയ അബദ്ധം കിമ്മിനു പറ്റാനിടയില്ല. ട്രംപിനെ കണ്ണടച്ചു വിശ്വസിക്കാനാവില്ലെന്ന് ഇറാൻ ആണവ കരാറിലൂടെ ലോകത്തിനു ബോധ്യമായതാണ്. 

പാശ്ചാത്യ രാജ്യങ്ങൾ ഉത്തര കൊറിയയോടുള്ള ഉത്തരവാദിത്തം എങ്ങനെ പാലിക്കുമെന്നത് കരാറിലെ വിഷമസന്ധിയാകാം. ഉത്തര കൊറിയയുമായി കരാറുണ്ടാക്കാനും അവരുടെ ആണവായുധഭീഷണിയിൽ നിന്നു ലോകത്തെ മോചിപ്പിക്കാനുമായാൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ ന്യായമായും പ്രതീക്ഷിക്കാം. 

ലോകതലസ്ഥാനങ്ങളായ മോസ്കോ, ബെയ്ജിങ്, വാഷിങ്ടൻ, ബ്രസൽസ് തുടങ്ങിയവയെല്ലാം ഈ ഉച്ചകോടിയെ സ്വാഗതം ചെയ്യുന്നു. കിമ്മിനെ ട്രംപ്  മാന്യനെന്നു വിളിക്കുന്നു. ഇതുവരെ ‘കുള്ളൻ റോക്കറ്റ് മനുഷ്യൻ’ എന്നാണു വിളിച്ചിരുന്നതെന്ന് ഓർക്കുക. തഴയപ്പെട്ടതിന്റെ വിചാരം ഉണ്ടെങ്കിലും ഉപാധികളില്ലാതെ ജപ്പാനും കിം – മൂൺ ഉച്ചകോടിയെ സ്വാഗതം ചെയ്യുന്നു. കിമ്മിനെ ശിക്ഷിക്കണമെന്നു വാദിക്കുന്നയാളാണ് ജപ്പാൻ പ്രധാനമന്ത്രി ആബെ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ചൈന ഉച്ചകോടിയുടെ തിരക്കിലായതിനാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജ്യാന്തരകാര്യങ്ങളുടെ ഭാവി ഈ ഉച്ചകോടിയിലാണെന്ന് ആരും വിചാരിക്കാനിടയില്ലെങ്കിലും കിം പറയുന്നതുപോലെ ‘പുതിയ തുടക്കവും പുതിയ ചരിത്രവും’ ആകാനുള്ള സാധ്യതയേറെയാണ്. തമ്മിൽ കാണാൻ ഇത്ര വൈകിയതെന്തെന്ന് കിം ചോദിക്കുകയും ചെയ്തു. ചരിത്രം പരിശോധിച്ചാൽ കിമ്മിന് ഉത്തരം കണ്ടെത്താനാവും. കൊറിയകൾക്കിടയിലെ മുപ്പത്തെട്ടാം അക്ഷാംശരേഖ ലംഘിക്കരുതെന്ന് 1951 ഒക്ടോബറിൽ ജവാഹർ ലാൽ നെഹ്റു യുഎസ് പ്രസിഡന്റ് ട്രൂമാനെ ഉപദേശിച്ചതാണ്. ട്രൂമാൻ ആ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ യുദ്ധം അവസാനിക്കുകയും ദശലക്ഷങ്ങളുടെ മരണം ഒഴിവാകുകയും ചെയ്യുമായിരുന്നു. നേതാക്കൾ ചരിത്രം വായിക്കാറുണ്ടോ ആവോ.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ 

സ്ഥാനപതിയായിരുന്നു ലേഖകൻ)

related stories