Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല തുടക്കം; നടക്കാനേറെ

kim-with-sister ഉച്ചകോടിക്കിടെ കിം ജോങ് ഉൻ സഹോദരി കിം യോ ജോങ്ങിനൊപ്പം

ഉത്തര–ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടി ആദ്യഘട്ടത്തിൽ വൻ വിജയം എന്നുതന്നെ വിലയിരുത്താം. സൗഹൃദ ചർച്ചയും ഹസ്തദാനവും മാത്രമായിരുന്നെങ്കിൽപോലും വിജയമാകുമായിരുന്ന ഉച്ചകോടി, അതിനപ്പുറം നിർണായകമായ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കി. ചിലതൊക്കെ പ്രതീക്ഷകൾക്കപ്പുറത്തേക്കു കടന്നു. ഉത്തര കൊറിയ തലവൻ കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിലുള്ള ഔപചാരിക ചർച്ച 100 മിനിറ്റ് നീണ്ടു. തുടർന്ന് ഇരുനേതാക്കളും പൻമുൻജോങ് പ്രഖ്യാപനത്തിൽ ഒപ്പിടുകയും ചെയ്തു. ഇരുകൊറിയകളും തമ്മിൽ ഉച്ചകോടികൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും സംയുക്തപ്രസ്താവന ഇതാദ്യമാണ്. പരസ്പരം സൈനിക ശക്തി ഉപയോഗിക്കില്ലെന്ന പ്രഖ്യാപനത്തിനൊപ്പം സൈനികതലത്തിലുള്ള തുടർചർച്ചകൾക്കായി വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 

കൊറിയൻ മേഖലയിലെ ആണവനിരായുധീകരണമാണ് സംയുക്തപ്രസ്താവനയിലെ ഏറ്റവും പ്രധാന പ്രഖ്യാപനം. ഉത്തരകൊറിയയുടെ അണ്വായുധശേഷി ലോകത്തിന്റെയാകെ ഉറക്കംകെടുത്തിയിരുന്ന കാലത്തിന് ഇതോടെ വിരാമമാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഇൻ–ഉൻ ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ നല്ല തുടക്കം മാത്രമാണ്. ഇവ യാഥാർഥ്യമാകണമെങ്കിൽ കുറേദൂരം മുന്നോട്ടുപോകാനുണ്ട്. 

സംയുക്തപ്രസ്താവനയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായ ആണവ നിരായുധീകരണം എങ്ങനെ സാധിക്കുമെന്നോ എത്രനാൾകൊണ്ട് സാധിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. ആണവനിരായുധീകരണം കൊണ്ട് ഉത്തര കൊറിയ എന്താണു ലക്ഷ്യമിടുന്നത് എന്നതുസംബന്ധിച്ചും വ്യക്തത പോരാ. അതുകൊണ്ടുതന്നെ ഇതിനോടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം എന്തായിരിക്കുമെന്നതു പ്രധാന ആകാംക്ഷകളിലൊന്നാണ്. 

സംയുക്തപ്രസ്താവന നടത്തുമ്പോൾ ‘ആണവനിരായുധീകരണം’ എന്ന വിഷയം കിം ജോങ് ഉൻ ഏറെക്കുറെ പൂർണമായിത്തന്നെ ഉപേക്ഷിച്ചിരുന്നു. ആരോടും വഴങ്ങാത്ത നിലപാടും സമീപനവുമാണ് ഇതുവരെ കിം ജോങ് ഉൻ പുറത്തുകാണിച്ചിരുന്നത്. ഉത്തര കൊറിയയുടെ നയതന്ത്രസമീപനവും ഇങ്ങനെത്തന്നെയായിരുന്നു. ഇതിൽനിന്നു പെട്ടെന്നുള്ള മാറ്റം സ്വന്തം ജനതയോട് എങ്ങനെ വിശദീകരിക്കണമെന്നതും ഉന്നിന്റെ നിശ്ശബ്ദതയ്ക്കു കാരണമായിരിക്കാം. 

ഇരു കൊറിയകളും തമ്മിൽ 1953ൽ അവസാനിച്ച യുദ്ധത്തിന്റെ സമ്പൂർണ യുദ്ധവിരാമക്കരാർ ഒപ്പുവയ്ക്കാനുള്ള പ്രഖ്യാപനമാണ് മറ്റൊരു ശ്രദ്ധേയനേട്ടം. മൂന്നു വർഷത്തെ യുദ്ധത്തിൽ അഞ്ചുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്. യുദ്ധം അവസാനിച്ചെങ്കിലും ഔപചാരിക യുദ്ധവിരാമക്കരാർ ഇതുവരെ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുകൊറിയകളും തമ്മിൽ ഇക്കഴിഞ്ഞ 65 വർഷവും സാങ്കേതികമായി യുദ്ധാവസ്ഥയിലാണ്. സമ്പൂർണയുദ്ധവിരാമക്കരാർ ഒപ്പുവയ്ക്കാൻ ഇരുകൊറിയകളും തീരുമാനിച്ചെങ്കിലും അതിനും ഇനിയും കടമ്പകളുണ്ട്. 1953ൽ യുദ്ധവിരാമക്കരാർ ഒപ്പുവച്ച യുഎന്നിനോടും ചൈനയോടും ചർച്ച ചെയ്തുമാത്രമേ ഇതു നടപ്പാക്കാൻ കഴിയുകയുള്ളൂ. 

മാത്രമല്ല, ഇങ്ങനെയൊരു കരാർ ഒപ്പിടണമെങ്കിൽ ദക്ഷിണ കൊറിയയുടെ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്കു ശക്തമായ വേരോട്ടമുള്ള ദക്ഷിണ കൊറിയയിൽ അവരുടെ എതിർപ്പിനെ മറികടന്നുവേണം ഇതു ചെയ്യാൻ. ഇതു സാധ്യമാകുമോ എന്നതും കണ്ടറിയേണ്ടിവരും. സാമ്പത്തിക സഹകരണത്തെക്കുറിച്ചു സംയുക്തപ്രസ്താവനയിൽ കാര്യമായി ഒന്നും പറയുന്നില്ല എന്നതാണു മറ്റൊരു ശ്രദ്ധേയ വസ്തുത. സാമ്പത്തിക സഹായങ്ങൾ, ഐക്യരാഷ്ട്രസംഘടന ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു വിരുദ്ധമായേക്കും എന്ന ആശങ്കകൊണ്ടാകാം ഇത്. മുൻ ഉച്ചകോടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തര കൊറിയയ്ക്കു ഗണ്യമായ സഹായമൊന്നും ഇത്തവണ ദക്ഷിണ കൊറിയ വാഗ്ദാനം ചെയ്തിട്ടില്ല. 

സമാധാനവാതിൽ കടന്ന് ഇന്നലെ ഒരുമയുടെ പടവുകൾ ചവിട്ടിക്കയറിയ ഇന്നിനും ഉന്നിനും ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെദൂരം നടക്കാനുണ്ട്.

related stories