Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ – ചൈന ബന്ധത്തിൽ നിർണായകമായി വുഹാൻ ഉച്ചകോടി; വലിയ കാൽവയ്പ്

PTI4_28_2018_000038b പ്രതീക്ഷയുടെ പച്ചത്തുരുത്ത്: ചൈനയിലെ വുഹാനിൽ നടന്ന അനൗപചാരിക ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാങ്സി നദിക്കരയിൽ.

ഇന്ത്യ, ചൈന നേതൃത്വത്തിന് അനൗപചാരിക ഉച്ചകോടിയെന്ന ആശയം എങ്ങനെ കിട്ടിയെന്ന് അറിയില്ല. എങ്ങനെയുമാകട്ടെ, ഉഭയകക്ഷി ബന്ധത്തിലെ പ്രതിസന്ധി നീക്കാൻ ഇങ്ങനെയൊരു പുതുമയുള്ള വഴി വെട്ടിത്തുറക്കാൻ അപാരമായ സർഗശേഷിയുണ്ടെങ്കിലേ പറ്റൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹജവാസനകൾ നന്നായി ഉണർന്നു പ്രവർത്തിച്ചെന്നു ഞാ‍ൻ കരുതുന്നു. മോദിക്കു വളരെ നന്നായി അറിയാവുന്ന രാജ്യമാണു ചൈന. ബന്ധത്തിൽ വലിയ മാറ്റം സാധ്യമാണെന്നു മോദി പ്രധാനമന്ത്രിയായപ്പോൾത്തന്നെ ചൈനീസ് നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചതാണ്. 

പക്ഷേ, ഒട്ടേറെ കാരണങ്ങളാൽ ആ പ്രതീക്ഷ നിറവേറ്റപ്പെടാതെ തുടരുകയാണ്. ‘വിശ്വാസക്കമ്മി’ നേരിടുന്നകാലത്തുതന്നെ ഈയൊരു മുന്നേറ്റത്തിനുള്ള മോദിയുടെ തീരുമാനത്തിൽ രാഷ്ട്രീയ ധീരതയുണ്ട്. ചെറിയ ചെറിയ കാര്യങ്ങളിൽ ഉടക്കിനിന്ന്, അതിലും പ്രധാനപ്പെട്ട വലിയകാര്യങ്ങളിൽനിന്നു ശ്രദ്ധ വ്യതിചലിക്കുന്ന സ്ഥിതിയുണ്ടാക്കാൻ താനില്ലെന്നാണു മോദി സൂചിപ്പിക്കുന്നത്. ആറുതവണ നേരിട്ടു ചർച്ചയ്ക്കിരുന്ന് ആകെ പത്തു മണിക്കൂറാണു മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും സംസാരിച്ചത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണമായിരുന്നു ആ ചർച്ചകളുടെ കാതൽ. 

വിശ്വാസത്തിലെ വലിയ കാൽവയ്പെന്നോ ധീരമായ ആദ്യത്തെ കരുനീക്കമെന്നോ, ഇഷ്ടംപോലെ വിശേഷണമാകാം. എന്തായാലും, കാര്യപരിപാടികൾ മുൻകൂട്ടി തയാറാക്കാതെ, മികച്ച വ്യക്തിബന്ധത്തിൽമാത്രം പ്രതീക്ഷയർപ്പിച്ച് ശത്രുരാജ്യവുമായി ഇത്തരമൊരു പ്രത്യാശാഭരിതമായ സഹവർത്തിത്വത്തിനു ശ്രമിക്കാൻ അസാധാരണ ദീർഘവീക്ഷണമുള്ള നേതാവിനു മാത്രമേ കഴിയൂ. സൂചനകൾ വിശ്വസിക്കാമെങ്കിൽ, മോദിയുടെ ‘വായനകൾ’ പിഴച്ചില്ല. 

ഹാർദമായ പെരുമാറ്റം തിരിച്ചും നൽകുന്നതിൽ ഷി അതീവശ്രദ്ധ പുലർത്തിയെന്നതിനു തെളിവിനായി വുഹാനിലെ അദ്ദേഹത്തിന്റെ ശരീരഭാഷ മാത്രം മതി. സംഘർഷാന്തരീക്ഷം ഇനിയും വഷളാക്കുന്നത് അർഥശൂന്യമെന്നു ചൈന വിശ്വസിക്കുന്നു. പുതിയൊരു ലോകവ്യവസ്ഥ ഉരുത്തിരിഞ്ഞുവരുന്ന ഇക്കാലത്ത്, വളർന്നുവരുന്ന രണ്ടു സാമ്പത്തിക ശക്തികൾ വെറും പ്രാന്തപ്രദേശത്ത് ഒടുങ്ങാതെ മുന്നോട്ടുവന്നു മുഖ്യവേദി കയ്യടക്കുന്നതാണല്ലോ നല്ലത്. 

ഇന്ത്യയ്ക്കൊപ്പം ഒരു നല്ല ഭാവിയാണു ചൈനയും കൊതിക്കുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം, വ്യാപാര, നിക്ഷേപ വ്യാപനത്തിനുള്ള അവസാനത്തെ അതിർത്തിയാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എട്ടു ശതമാനം വാർഷിക വളർച്ചയാണു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പ്രവചിക്കുന്നത്. വിഷമസന്ധികൾ അഭിമുഖീകരിക്കാൻ തയാറായ പരിഷ്കർത്താവും ആധുനികീകരണപ്രിയനുമായാണു മോദിയെ ചൈനീസ് വിദഗ്ധർ വിലയിരുത്തുന്നത്. 

വുഹാൻ കാതലായ പലതും ബാക്കിവയ്ക്കുന്നു. ഹിമാലയൻ സാനുക്കളിൽ ഒരു യുദ്ധമുണ്ടാകാൻ പോകുന്നില്ല. അതിർത്തിയിൽ വിശ്വാസവും പരസ്പരധാരണയും വളർത്തിയെടുക്കാനുള്ള മാർഗോപദേശങ്ങൾ ഇരു നേതാക്കളും തങ്ങളുടെ സൈന്യങ്ങൾക്കു കൈമാറിക്കഴിഞ്ഞു. ദേശീയതലത്തിൽ അഭിപ്രായരൂപീകരണത്തിന്റെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യം ഇരുവരും അംഗീകരിച്ചിട്ടുമുണ്ട്. 

ബന്ധം മെച്ചപ്പെടുത്തിയുള്ള വികസനപങ്കാളിത്ത പദ്ധതികൾ ചൈനീസ് നിക്ഷേപകർ ഇനി ഊർജിതമാക്കും. പ്രാദേശിക നയരൂപീകരണത്തിലും തന്ത്രപ്രധാനവും വികാരപ്രധാനവുമായ നിലപാടുകളിലും മനപ്പൊരുത്തം സാധ്യമാക്കാനുള്ള ശ്രമങ്ങളും നടന്നുകഴിഞ്ഞു. ‘ഏഷ്യയുടെ നൂറ്റാണ്ട്’ എന്ന സങ്കൽപത്തിലൂന്നിയുള്ളതാണു മോദിയുടെയും ഷിയുടെയും കാഴ്ചപ്പാട്. ഈ അനൗപചാരിക കൂടിക്കാഴ്ച മുന്നോട്ടുള്ള ചർച്ചകൾക്കും നയതന്ത്ര ആശയവിനിമയത്തിനും വീടൊരുക്കിയെന്നതു പ്രധാനം തന്നെ. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

related stories