Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരട്ടെ, സമാധാനം

‘ഇന്ത്യയും ചൈനയും പരസ്‌പരം കൈകൊടുക്കുമ്പോൾ ലോകം ശ്രദ്ധിക്കുന്നു.’-  ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പറഞ്ഞ ഈ വാക്കുകൾ ചൈനയുമായുള്ള ബന്ധത്തിന് ഇന്ത്യ കൽപിക്കുന്ന പ്രാധാന്യമാണു വിളിച്ചറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കഴിഞ്ഞദിവസങ്ങളിൽ ചൈനയിൽ നടത്തിയ സൗഹാർദ കൂടിക്കാഴ്ച അനൗപചാരികമാണെങ്കിൽക്കൂടിയും ലോകം ശ്രദ്ധയോടെ വീക്ഷിച്ചത് അതുകൊണ്ടാണ്. അതിർത്തികളിലെ സംഘർഷത്തിനു പകരം സമാധാനം ആഗ്രഹിക്കുന്ന ലോകസമൂഹത്തിനാകെ ആശ്വാസം പകരുന്നതായി ഇരു ഭരണത്തലവന്മാരുടെയും കൂടിക്കാഴ്ച.

സൗഹാർദം കൊണ്ടു പുതിയ അതിർത്തി വരയ്ക്കാൻ തീരുമാനമെടുത്ത ഉത്തര– ദക്ഷിണ കൊറിയ രാജ്യങ്ങളുടെ ഉച്ചകോടിയുടെ പിറ്റേന്നുതന്നെ, ഇന്ത്യ – ചൈന അതിർത്തിയിൽ പരസ്പരവിശ്വാസവും സമാധാനവും പുനഃസ്ഥാപിക്കാനുള്ള നിർണായക തീരുമാനമുണ്ടായതു ‌ലോകശാന്തിയിലേക്കു പുതിയ വാതിൽകൂടി തുറന്നുവയ്ക്കുന്നു. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ടവിശ്രമകേന്ദ്രമായിരുന്ന വുഹാനിൽ നടന്ന ചർച്ചകൾക്കു ചരിത്രപരമായ പ്രാധാന്യം നേരത്തെതന്നെ കൈവരികയും ചെയ്തു. അയൽരാജ്യങ്ങൾ അകന്നുനിൽക്കുന്നതിനു പകരം, കൈകോർത്തുപിടിച്ചു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ ഭരണത്തലവന്മാരെയാണ് ‘വുഹാൻ കൂട്ടായ്മ’യിൽ കണ്ടത്.

അയൽക്കാരായ ഈ ആണവശക്തിരാജ്യങ്ങൾക്കു 3500 കിലോമീറ്റർ അതിർത്തിയിൽ ഏറെക്കുറെ സമാധാനം പാലിക്കാൻ കഴിഞ്ഞ 40 വർഷമായി കഴിഞ്ഞു; ഈയിടെ രൂക്ഷമായ ദോക് ലാ സംഘർഷത്തിലൊഴിച്ച്. സാമ്പത്തിക ബന്ധങ്ങൾക്കു നൽകിയ ഉൗന്നലാണ് ഇതരകാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾക്കും ഭിന്നതയ്ക്കും മേൽ സ്ഥാനംപിടിച്ചത്. പരസ്പര വിശ്വാസത്തിന്റെ അടിത്തറയിൽ അതിർത്തിയിൽ സമാധാനം നിലനിർത്തണമെന്നു വുഹാനിൽ ഇരുരാജ്യങ്ങളും ഉറപ്പിച്ചുപറയുമ്പോൾ ഇന്ത്യ–ചൈന ബന്ധത്തിലെ സങ്കീർണതകൾ വൈകാതെ അവസാനിച്ചേക്കാമെന്ന പ്രതീക്ഷയാണു നിറയുന്നത്. തുറന്ന ചർച്ചകളിലൂടെയും തുടർനടപടികളിലൂടെയുമല്ലാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ടുതാനും.

ഇന്ത്യ–ചൈന ബന്ധം വഷളാക്കിയ, സിക്കിമിലെ ദോക് ലാ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തെക്കുകിഴക്കൻ ചൈനീസ് നഗരമായ ഷിയാമെനിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൂടിക്കണ്ടത്. സൈനിക ഏറ്റുമുട്ടലിനു തയാറെടുത്തുനിന്ന രണ്ടു രാജ്യങ്ങൾ സമാധാനപരമായ ചർച്ചയുടെ അന്തരീക്ഷത്തിലേക്ക് എത്തിയെന്നത് അന്ന് ആശ്വാസം പകർന്ന കാര്യമായിരുന്നു.

തുടർന്നും ദോക്‌ ലായിൽ ചൈനീസ് സൈന്യം പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സേന ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിൽ, നിതാന്ത ജാഗ്രതയിലാണിപ്പോൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചതിനും ഭീകരവാദത്തിനെതിരെ ആഞ്ഞടിക്കുന്നതിൽ സഹകരണം ഉറപ്പിച്ചതിനും ശേഷം, ഒരുപരിധിവരെയെങ്കിലും, ദോക്‌ ലാ സംഘർഷത്തിന്റെകൂടി ഭാരമൊഴിഞ്ഞാവണം മോദിയും സംഘവും വുഹാനിൽനിന്നു മടങ്ങിയിരിക്കുക. 

പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അനിഷേധ്യത ചൈനയിൽ വീണ്ടും വിളംബരം ചെയ്തതിനു ശേഷമാണു മോദിയുടെ സന്ദർശനമെന്നതു ശ്രദ്ധേയമാണ്. ഇന്ത്യയിൽ ആസന്നമായ പൊതുതിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി ലോകത്തെ ഏറ്റവും പ്രബലരിലൊരാളായ ഭരണത്തലവനെ കാണാൻപോയതിന്റെ പ്രാധാന്യവുമുണ്ട്. ഷാങ്ഹായ് ഉച്ചകോടിക്കു മോദി ജൂണിൽ ചൈനയിലേക്കു വീണ്ടും പോകാനിരിക്കുകയുമാണ്. 

ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന രണ്ടു വലിയ രാഷ്ട്രങ്ങളുടെ ഭരണാധികാരികൾ തമ്മിലുണ്ടായ സൗഹൃദവാഗ്ദത്തത്തിനു തുടർച്ച ഉണ്ടാവുകതന്നെ വേണം; മറ്റൊരു അയൽരാജ്യം നമ്മെ പല തലങ്ങളിലും ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

related stories