Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ ശോഭ കെടുത്തുന്ന കസ്റ്റഡി മരണങ്ങൾ; കൊലയറയുടെ തനിയാവർത്തനം

Author Details
keraleeyam

‘പ്രിയപ്പെട്ട വിജയൻ, ഈ കത്ത് താങ്കളെ വേദനിപ്പിക്കാനോ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനോ അല്ല. ജീവിതത്തിൽ നാളുകൾ എണ്ണപ്പെട്ട ഈ വൃദ്ധന് അതിന് ആവില്ല; ഒട്ടും മോഹവുമില്ല. മറിച്ച് ലോക്കപ്പിൽവച്ച് ഇഞ്ചിഞ്ചായി കൊല്ലപ്പെട്ട ഒരു മകന്റെ പിതാവ് എന്ന നിലയിൽ, എന്റെ ദുരന്തത്തിലും സമരത്തിലും എനിക്കു നെടുംതൂണായത് ഈ പ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പീഡിപ്പിക്കപ്പെടുന്നവന്റെ അവസാനശബ്ദമായി ഈ പ്രസ്ഥാനം നമ്മുടെ കുഞ്ഞുങ്ങൾക്കുവേണ്ടി നിലനിൽക്കണമെന്ന് ഈ വൃദ്ധൻ മോഹിക്കുന്നു, അതിനായി പ്രാർഥിക്കുന്നു’.

മകനുവേണ്ടി കാത്തിരുന്ന, അവനു നീതി കിട്ടാൻ പോരാടിയ ഈ അച്ഛനെ കേരളം മറക്കില്ല. അടിയന്തരാവസ്ഥയുടെ നാളുകളിൽ കക്കയം ക്യാംപിൽ കൊല്ലപ്പെട്ട രാജന്റെ അച്ഛൻ, ഈച്ചരവാരിയരുടെ അഭ്യർഥനയാണു മുകളിൽ കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ, ഒരു ഉൾപ്പാർട്ടി പ്രശ്നവുമായി ബന്ധപ്പെട്ടു പിണറായി വിജയന് അദ്ദേഹമെഴുതിയ കത്തിലേതാണ് ഹൃദയരക്തം കിനിയുന്ന ഈ വരികൾ. 

രാജന്റെ രക്തസാക്ഷിത്വവും ഈച്ചരവാരിയരുടെ പോരാട്ടവും എന്നും ഇടതുപക്ഷത്തിന് ആവേശം പകരുന്ന ഇന്ധനമായിരുന്നു. പക്ഷേ, ഈ വരികൾ വീണ്ടും വായിക്കുമ്പോൾ പ്രസ്ഥാനത്തിന് ഒരു പൊള്ളൽ അനുഭവപ്പെടുമോ? ഈച്ചരവാരിയരുടേതടക്കമുള്ള പോരാട്ടങ്ങളുടെ ഫലമായിക്കൂടി വന്ന ഇടതു സർക്കാരുകളിൽ ഏറ്റവുമൊടുവിലത്തേതായ പിണറായി വിജയൻ മന്ത്രിസഭ, പൊലീസ് പീഡനങ്ങളുടെ പേരിലാണു പ്രതിക്കൂട്ടിൽ നിൽക്കുന്നത്. കസ്റ്റഡി മരണങ്ങളാണ് രണ്ടാം വാർഷികവേളയിൽ സർക്കാരിന്റെ ശോഭ കെടുത്തുന്നത്.

രാജനും ശ്രീജിത്തും 

കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ രാജനെ ആളുമാറിയാണു കസ്റ്റഡിയിലെടുത്തത്. വരാപ്പുഴയിൽ എസ്.ആർ. ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പൊലീസ് പിടികൂടിയതും അങ്ങനെയാണ്. രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല. സ്വൈര‌മായി ജീവിക്കാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്ന അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിലാണ് രാജൻ കൊല ചെയ്യപ്പെട്ടതെന്നു കരുതാം. 

വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഇടതുപക്ഷത്തിന്റെ സർക്കാർ കേരളത്തിൽ ഭരിക്കുമ്പോഴാണു ശ്രീജിത്തിനെ ചവിട്ടിക്കൊന്നത്. അത് ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു സമാനമായി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരനും പറഞ്ഞിട്ടുണ്ട്. അതുകേട്ടു സമാധാനിച്ചിരിക്കാൻ സിപിഎമ്മോ രാജന്റെ അച്ഛൻ ഈച്ചരവാരിയരോ തയാറായിരുന്നില്ല.

ഒറ്റപ്പെട്ടതെന്ന സർക്കാരിന്റെ അവകാശവാദവും അംഗീകരിക്കാവുന്നതല്ല. ശ്രീജിത്തിന്റെ കേസിനുശേഷം പുറത്തുവന്നതു മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്ള ഓട്ടോ ഡ്രൈവർ ഉനൈസിന്റെ മരണമാണ്. പൊലീസ് മർദനമാണു കാരണമെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നു. സ്ഥലം സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടതും ദുരൂഹത നീക്കണമെന്നാണ്. 

അതിനു മുൻപുള്ള പട്ടികയിൽ നിന്ന്: റിമാൻഡ് പ്രതി പാറശാല പരശുവയ്ക്കൽ ആലമ്പാറ പുതുശേരിവിള വീട്ടിൽ സജിമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂവാറ്റുപുഴ കുളങ്ങാട്ടുപാറ മലമ്പുറത്ത് രതീഷിനെ (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഎംഎസ് പ്രവർത്തകനായ കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ കെ.സന്ദീപ് (28), പാവറട്ടിയിൽ വച്ച് അറസ്റ്റിലായ വിനായകൻ, തലശ്ശേരിയിൽ പിടിയിലായ കാളിമുത്തു, വണ്ടൂർ സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അബ്ദുൽ ലത്തീഫ്...

അസ്വസ്ഥമായി ഇടതുമുന്നണി

എന്താണു പൊലീസിനു പറ്റിയതെന്ന ചോദ്യം ശക്തം. കുഞ്ഞുങ്ങളുടെ പീഡനക്കേസുകളടക്കം ഒതുക്കിത്തീർക്കുന്നുവെന്ന ആക്ഷേപവും കരുത്താർജിക്കുന്നു. പൊലീസിലെ ക്രിമിനൽവൽക്കരണം ഒരു കാരണമാകാം. പൊലീസിലെ 1129 പേർ ക്രിമിനൽകേസുകളിൽ പ്രതിസ്ഥാനത്തുള്ളവരാണ്. ഇവരിൽ 195 പേർ എസ്ഐമാരോ എഎസ്ഐമാരോ. പക്ഷേ, ഇക്കഴിഞ്ഞദിവസം സിപിഎം നേതാവ് എം.എ. ബേബിയും പുകഴ്ത്തിയ പിണറായി വിജയന്റെ ‘ആജ്ഞാശക്തിക്ക്’ ഇതിനെല്ലാം മൂക്കുകയറിടാൻ സാധിക്കേണ്ടതല്ലേ?

എന്തുകൊണ്ട് അതുണ്ടാകുന്നില്ലെന്ന ചോദ്യം സിപിഎമ്മിനകത്തുണ്ട്. സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. ഡിജിപി ലോക്നാഥ് ബെഹ്റ– ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ അച്ചുതണ്ടിനെതിരെ ഇടതുകേന്ദ്രങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വിമർശനമുണ്ട്. അപ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തതിൽ പാർട്ടി ജില്ലാ, പ്രാദേശികനേതൃത്വങ്ങൾ ഇടച്ചിലിലാണ്. പാർട്ടിയുടെ അധികാരം ഉപയോഗിച്ചു പൊലീസ്നയത്തിൽ ഇടപെടരുതെന്ന ഇഎംഎസ് മന്ത്രിസഭാ വേളയിലെ ആദ്യ പാർട്ടി സർക്കുലറിന്റെ വരികൾ കോടിയേരി ബാലകൃഷ്ണൻ മറ്റു തരത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിലും തിരുത്തലിന് അദ്ദേഹത്തിനു പരിമിതികളുണ്ട്.

സുപ്രധാന പൊലീസ് നിയമനങ്ങൾക്കു മെറിറ്റ് ഒരു മാനദണ്ഡമായിരുന്നുവെങ്കിൽ, പിൽക്കാലത്ത് മുകളറ്റം മുതൽ അതിൽ ചോർച്ചയുണ്ടായി. സേനയിലെ നാൽപതിനായിരത്തോളം പേരെ പ്രതിനിധീകരിക്കുന്ന പൊലീസ് അസോസിയേഷനും ഏഴായിരത്തോളം പേരെ പ്രതിനിധീകരിക്കുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും അറിയാതെ അച്ചടക്കനടപടിക്ക് എസ്പിമാർ തുനിഞ്ഞാൽ വിരട്ടൽ വേറെ. അതിനു രാഷ്ട്രീയ – ഭരണ നേതൃത്വത്തിന്റെ ആശീർവാദവുമുണ്ട്.

സ്വന്തം സേനയിലുള്ളവർ ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട്ടിലെത്തി സമാശ്വാസവാക്കു പറയാൻ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. നാലു പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത് അതേ പിണറായി പറഞ്ഞിട്ടല്ലേ എന്നാണു മറുപടി. ഈച്ചരവാരിയരോടൊപ്പം പോരാടിയ പാർട്ടിക്കും അതിന്റെ മുഖ്യമന്ത്രിക്കും ലോക്കപ്പുകൾ കൊലയറകളായി മാറ്റാതിരിക്കാനുള്ള ഉറച്ച, ചരിത്രപരമായ ഉത്തരവാദിത്തമാണുള്ളത്. ഒഡീഷക്കാരനായ ലോക്നാഥ് ബെഹ്റയ്ക്ക് അത് അറിയണമെന്നില്ല.