Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻകരുതൽ: നിപ്പ വൈറസിനെ മലേഷ്യ നേരിട്ടതിങ്ങനെ

ഡോ. ബി.വേണുഗോപാലൻ
Bat-9

കോഴിക്കോട് പേരാമ്പ്രയിലെ വൈറസ് ബാധ രാജ്യാന്തരതലത്തിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. വവ്വാലുകൾ പരത്തുന്ന നിപ്പ വൈറസാണു പ്രശ്നമുണ്ടാക്കുന്നതെന്ന വിലയിരുത്തലാണു കാരണം. അതു കൃത്യമായി സ്ഥിരീകരിക്കണം. മുൻകരുതൽ വേണം. എന്നാൽ, ഇതൊരു പകർച്ചവ്യാധിപോലെ പടരുമെന്ന തരത്തിലുള്ള ആശങ്ക വേണ്ട. അതാണു മലേഷ്യയുടെയും നിപ്പ പ്രശ്നമുണ്ടാക്കിയ മറ്റു സ്ഥലങ്ങളുടെയും അനുഭവത്തിൽനിന്നു മനസ്സിലാക്കാവുന്നത്. 

1999ൽ ആണ് മലേഷ്യയിൽ നിപ്പ വൈറസ് പ്രശ്നമുണ്ടാക്കിയത്. നിപ്പ നദിയോടു ചേർന്നുള്ള സുംഗായ് നിപ്പ ഗ്രാമത്തിൽ 

പന്നികളെ വളർത്തിയിരുന്നവർ രോഗബാധിതരായി മരിക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോൾ, പന്നിയിൽനിന്നാണു രോഗബാധയെന്നു മനസ്സിലായി. പന്നികളെ വൈറസ് ബാധിച്ചതു വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങൾ കഴിച്ചതിനാലാണെന്നും കണ്ടെത്തി. ദേശാടകരായ വവ്വാലുകളാണ് വൈറസ് ബാധയ്ക്കു കാരണമായത്. വവ്വാലുകളുടെ ഉമിനീർ പറ്റിയവയായിരുന്നു, പന്നികൾ കഴിച്ച പഴങ്ങൾ. പന്നികളുടെ മൂക്കിൽനിന്നും മറ്റുമുള്ള സ്രവങ്ങളിൽ സ്പർശിച്ചവർക്കാണു രോഗബാധയുണ്ടായത്. അതായത്, മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകർന്നു; മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകർന്നതുമില്ല. മുന്നൂറിലേറെപ്പേർക്ക് രോഗബാധയുണ്ടായി, നൂറിലേറെപ്പേർ മരിച്ചു. 

കർശനനിയന്ത്രണം 

മലേഷ്യയിൽ ഞങ്ങൾ നിപ്പ പ്രശ്നം നേരിട്ടതു 19 വർഷം മുൻപാണ്. എന്നാൽ, അതിനുശേഷം ഇവിടെ നിപ്പയുടെ പ്രശ്നമില്ല. അന്നു പ്രശ്നത്തെ നേരിട്ട രീതിയും തുടർനടപടികളുമാണ് അതിനു കാരണം. 20 ലക്ഷത്തോളം പന്നികളെയാണു ഞങ്ങൾ അന്നു കൊന്നുകളഞ്ഞത്. പ്രശ്നത്തെ നേരിടുന്നതിനും വൈറസിന്റെ വ്യാപനം തടയുന്നതിനും ആ നടപടി വലിയ സഹായമായി. നിപ്പ അനുഭവത്തിനുശേഷം, പന്നികളെ വളർത്തുന്നതിനു കർശന സുരക്ഷാനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പന്നിഫാമുകളിൽ സ്ഥിരമായി പരിശോധന നടത്താറുണ്ട്. മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കും. തുറസ്സായ സ്ഥലത്തു പന്നികളെ വളർത്തുന്നതിനു നിരോധനമുണ്ട്. അലഞ്ഞുനടക്കുമ്പോഴാണല്ലോ അവയ്ക്കു വവ്വാലുകൾ‍ കടിച്ചിട്ട പഴങ്ങൾ ലഭിക്കുന്നത്. നിപ്പ വായുവിലൂടെയോ കൊതുകിലൂടെയോ പടരുന്നില്ല. 

മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ രക്തത്തിന്റെയും നട്ടെല്ലിലെ ഫ്ല്യൂയിഡിന്റെയും സാംപിളെടുത്ത് നിപ്പ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കാറുണ്ട്. അങ്ങനെ വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ട്. 

എന്നാൽ, ബംഗ്ലദേശിൽ നിപ്പ വൈറസ്ബാധ പലതവണ ആവർത്തിച്ചിട്ടുണ്ട്. അവിടെയും പ്രശ്നക്കാർ വവ്വാലുകൾതന്നെ. അവ കടിച്ചിടുന്ന പഴങ്ങൾ എടുത്തുകഴിക്കുന്ന കുട്ടികളാണ് ഇരകളിലേറെയും. അവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധയുണ്ടായെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ബംഗാളിലെ സിലിഗുഡി, നദിയ ജില്ലകളിലുണ്ടായ നിപ്പ ബാധയുടെ സ്രോതസ്സും വവ്വാലുകളായിരുന്നു. 

വവ്വാലുകളെ കൊന്നാൽ പ്രശ്നം തീരില്ല

നിപ്പ വൈറസ് ബാധയേറ്റാൽ ചികിൽസിക്കാനോ, അതിനെ പ്രതിരോധിക്കാനോ നിലവിൽ മരുന്നില്ല. ആന്റിവൈറസ് വികസിപ്പിച്ചിട്ടില്ല; പ്രതിരോധ വാക്സിനുമില്ല. രോഗബാധിതർക്കു വേണ്ടരീതിയിലുള്ള സപ്പോർട്ടീവ് ചികിൽസ ഉറപ്പാക്കണം. 

വൈറസ് ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കണം. പക്ഷേ, അതിനു വവ്വാലുകളെ കൊന്നൊടുക്കിയതുകൊണ്ടു കാര്യമില്ല. കാരണം, വവ്വാലുകൾ നമ്മുടെ ജൈവവ്യവസ്ഥയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ദേശാടകരായ വവ്വാലുകൾ പ്രജനനമുൾപ്പെടെയുള്ള ആവശ്യങ്ങൾ കണക്കിലെടുത്താണു ചില പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നത്. അവയുടെ ആവാസമേഖലകളിൽ കടന്നുകയറാതിരിക്കുക. അവ കഴിച്ചു ബാക്കിവയ്ക്കുന്ന പഴങ്ങൾ മനുഷ്യരും വളർത്തുമൃഗങ്ങളും കഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

ഫാമുകളിൽ വൃത്തിയും വെടിപ്പും കർശന പരിശോധനയും ഉറപ്പാക്കണം. അതിൽ വിട്ടുവീഴ്ച പാടില്ല. നിപ്പ മാത്രമല്ല, മറ്റു പല രോഗബാധകളും തടയാൻ അതു സഹായകമാണ്. നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ശുചിത്വവും ആരോഗ്യകരമായ ജീവിതസാഹചര്യവുമൊക്കെ വലിയ രോഗപ്രതിരോധമാർഗമാണെന്നതു പഴയ പാഠമാണ്. പക്ഷേ, ആ പാഠം എപ്പോഴും പ്രസക്തമാണ്. 

(മലേഷ്യൻ ആരോഗ്യമന്ത്രാലയത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് കൺസൽറ്റന്റാണ് ലേഖകൻ)