Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: ഒരു ഫലം, കുറെ ചലനങ്ങൾ

Author Details
keraleeyam

മാധ്യമപ്രവർത്തകരല്ല, ജനങ്ങളാണു വിധികർത്താക്കൾ എന്നാണ് കൊല്ലത്തു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. ജനവിധിക്കുള്ള ആ അവസരം ചെങ്ങന്നൂരുകാർ എങ്ങനെ വിനിയോഗിച്ചുവെന്ന് അറിയുന്ന ദിവസമാണിന്ന്.

പല കാരണങ്ങളാൽ ഇന്നത്തെ വിധി കേരള രാഷ്ട്രീയത്തിനു നിർണായകമാണ്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളുടെ ഫലത്തിനു സമാനമായി കാണാവുന്ന ഒന്നല്ല ഇത്. രണ്ടു നെടുങ്കോട്ടകളും മുസ്‌ലിം ലീഗ് നിലനിർത്തുന്ന തൽസ്ഥിതി രാഷ്ട്രീയമാണ് അവിടെ അരങ്ങേറിയത്. എന്നാൽ, 7983 എന്ന ഭേദപ്പെട്ട ഭൂരിപക്ഷത്തിനു 2016ൽ ഇടതുമുന്നണി ജയിച്ച സീറ്റാണ് ചെങ്ങന്നൂർ. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം, കെവിൻ പി.ജോസഫ് എന്ന 23 വയസ്സുകാരന്റെ അരുംകൊലയിൽ മുങ്ങിപ്പോയ സമയത്താണു വോട്ടെടുപ്പു നടന്നത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന്, ഇന്നേവരെ അവർ ചെയ്യാത്ത ഒരു ജോലി വോട്ടെടുപ്പുദിനം അവിടെ ചെയ്യേണ്ടിവന്നു: ടെലിവിഷൻ കേബിളുകൾ മുറിച്ച് ജനങ്ങളുടെ കാഴ്ച, അല്ലെങ്കിൽ അറിയാനുള്ള അവകാശം മറയ്ക്കുക. 

ഉദ്വേഗത്തിൽ എൽഡിഎഫ് 

ഏതു സാഹചര്യത്തിലും ചെറിയ മാർജിനിലെങ്കിലും ചെങ്ങന്നൂരിൽ ജയിക്കുമെന്ന കണക്കാണു സിപിഎമ്മിനു ലഭിച്ചിരിക്കുന്നത്. അതു ശരിയായാൽ, വിമർശകരെന്തു പറഞ്ഞാലും ജനങ്ങൾ കൂടെയുണ്ടെന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനും പ്രഖ്യാപിക്കാനാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ അവർ കടക്കും. ബംഗാളിലുള്ള രണ്ടു സീറ്റുതന്നെ നിലനിർത്താമെന്ന് ഉറപ്പില്ലാത്തതിനാൽ, പാർലമെന്റിൽ സിപിഎമ്മിന്റെ ശബ്ദം ഉയരണമെങ്കിൽ കേരളത്തിൽനിന്നു കൂട്ടത്തോടെ എംപിമാർ വേണം.

ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിച്ചാൽ അതിനർഥം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘പാറ്റേൺ’ സംസ്ഥാനത്തു നിലനിൽക്കുകയാണെന്നാണ്. അതായത് ബിജെപി ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്നിടത്തു യുഡിഎഫിനെ പരാജയപ്പെടുത്താൻ എൽഡിഎഫിനു സാധിക്കുന്ന സ്ഥിതി തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പൊതുതിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുനേടുന്ന ചരിത്രമാണ് എപ്പോഴും കേരളത്തിലെ ബിജെപിക്കുള്ളതെന്നതിനാൽ 2019 ലേക്കു സിപിഎമ്മിനു പ്രതീക്ഷയോടെ കാൽവയ്ക്കാം. 

മറിച്ചായാൽ, മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും ശൈലിക്കെതിരെയുള്ള വിമർശനം രൂക്ഷമാകാം. കെവിന്റെ കുടുംബാംഗങ്ങളെ കണ്ടു സാന്ത്വനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്നലെയും പിണറായി പറഞ്ഞത്. സ്വന്തം പാർട്ടി കമ്മിറ്റിയെ അല്ലാതെ മറ്റാരെയും തന്റെ നിലപാടും ചെയ്ത കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന, ലാവ്‌ലിൻ കാലം മുതലുള്ള പിണറായിയുടെ ശൈലിയാണ് ഈ പ്രതികരണത്തിലുമടങ്ങുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ അതിൽ നിന്നൊരു മാറ്റം കൂടിയേതീരൂ എന്ന അഭിപ്രായം പാർട്ടിയിലടക്കം ശക്തമാകാം. മന്ത്രിസഭയുടെ പ്രവർത്തനം കൂടുതൽ ജനാധിപത്യപരമാകണമെന്ന തുറന്ന ആവശ്യത്തിലേക്കു സിപിഐ പോകാം. സർക്കാരിൽ തന്നെ മാറ്റങ്ങൾക്കുള്ള സാധ്യതയും തള്ളാൻ കഴിയില്ല. 

തിരിച്ചുവരാൻ യുഡിഎഫ് 

ചെങ്ങന്നൂരിൽക്കൂടി ജയിച്ചാൽ നിയമസഭയിലെ കക്ഷിനിലയിലുണ്ടാകുന്ന ചെറിയ മാറ്റമല്ല യുഡിഎഫ് മുന്നിൽ കാണുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുമുന്നണിക്കൊപ്പമോ, ഒരൽപം മുന്നിലോ നിൽക്കുന്ന മുന്നണിയെന്ന പ്രതിച്ഛായ അവർ തിരിച്ചുപിടിക്കും. കെ.എം.മാണിയുടെ തിരിച്ചുവരവ് അതിന്റെ തുടക്കമായും കരുതാം. ചെങ്ങന്നൂരിൽ മാണി യുഡിഎഫിനൊപ്പം ഉണ്ടാകില്ലെന്ന കണക്കുകൂട്ടൽ കൊണ്ടുകൂടിയാണ് സജി ചെറിയാനെ സിപിഎം സ്ഥാനാർഥിയാക്കിയത്. 

എന്നാ‍ൽ, മാണിയുടെ തീരുമാനം കൃത്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ താൻ കൂടെയുണ്ടായിട്ടും തോറ്റ യുഡിഎഫ്, ചെങ്ങന്നൂർ പോലെ ഒരു മണ്ഡലത്തിൽ താനില്ലാതെ ജയിച്ചാലുള്ള സ്ഥിതിയെന്തായിരിക്കും? മാണിയുടെ പ്രസക്തിയെക്കുറിച്ചു സിപിഎം അടക്കം സംശയത്തിലാകും. ഇപ്പോൾ യുഡിഎഫ് ജയിച്ചാൽ അതിലൊരു പങ്ക് മാണിക്ക് അവകാശപ്പെടാം. തോറ്റാൽ, വളരെ വൈകി മാത്രം മടങ്ങിവന്നതിനാലാണ് അതെന്ന ന്യായം കണ്ടെത്താം. സർക്കാർ പ്രതികൂല സാഹചര്യം നേരിടുന്ന സമയത്തുപോലും ചെങ്ങന്നൂരിൽ ജയിക്കാനായില്ലെങ്കിൽ പ്രതിപക്ഷ – കോൺഗ്രസ് പ്രവർത്തനത്തിനെതിരെ വിമർശനം ശക്തമാകും. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെ കസേര ഇളകും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആവേശം ചോരും.

അഴിച്ചുപണിക്ക് ബിജെപി 

കർണാടക കഴിഞ്ഞാൽ കേരളത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിശ്ചയമാണ് കുമ്മനം രാജശേഖരനു പകരം പുതിയ നേതൃത്വത്തെ നിയോഗിക്കാനുള്ള നീക്കത്തിൽ പ്രതിഫലിക്കുന്നത്. അഴിച്ചുപണിയുടെ ആക്കത്തിന് ചെങ്ങന്നൂർ ജനവിധിയും ഒരു പങ്കു വഹിക്കും. 

യുഡിഎഫും എൽഡിഎഫും പ്രസ്റ്റീജ് മത്സരമായി ചെങ്ങന്നൂരിനെ കണ്ടെങ്കിൽ, അങ്ങനെ തങ്ങൾ കരുതിയില്ലെന്നാണു ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പുവേളയിൽ തന്നെ കുമ്മനത്തെ ഗവർണറാക്കിയതിൽ അതു പ്രതിഫലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.