Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷമവൃത്തത്തിൽ നിതീഷ്

Nitish-Kumar-and-Narendra-Modi

ബിഹാറിൽ എട്ടു വർഷം മുൻപ് ബിജെപി ദേശീയ നേതാക്കൾക്കുള്ള അത്താഴവിരുന്നു റദ്ദാക്കി ‘പുലിവേഷമണിഞ്ഞ’ മുഖ്യമന്ത്രി നിതീഷ് കുമാർ, അടുത്തയാഴ്ച പൂച്ചയെപ്പോലെ ബിജെപിയുടെ അത്താഴവിരുന്നിനെത്തുമോ? ബിജെപി – ജനതാദൾ (യു) സഖ്യത്തിൽ അസ്വാരസ്യങ്ങൾ പടരവേ, നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി പട്ന ജ്ഞാൻ ഭവനിൽ ഏഴിന് സംഘടിപ്പിക്കുന്ന വിരുന്നിനു രാഷ്ട്രീയ പ്രസക്തിയേറുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ബിഹാറിലെ ഇതര സഖ്യകക്ഷി നേതാക്കളെയും വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജോകിഹത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആർജെഡിയോടു തോറ്റതിന് കേന്ദ്ര സർക്കാരിനെ പഴിചാരിയ ജനതാദൾ (യു) നേതൃത്വത്തിന് അത്താഴ വിരുന്നു രുചികരമാകില്ല. പെട്രോൾ, ഡീസൽ വിലക്കയറ്റമാണ് ജോകിഹത്തിലെ പരാജയത്തിനു കാരണമായതെന്നു ജനതാദൾ (യു) വക്താവ് കെ.സി.ത്യാഗി തുറന്നടിച്ചപ്പോൾ ബിജെപി പ്രതികരിച്ചില്ല. ഏഴിന് വിരുന്നോടെ അകൽച്ചകൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി ബിഹാർ ഘടകം.  

കയ്പേറിയ വിരുന്നോർമ

എട്ടു വർഷം മുൻപു ജൂണിലായിരുന്നു ചരിത്രം സൃഷ്ടിച്ച വിരുന്നു റദ്ദാക്കൽ. പ്രധാനമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടു നരേന്ദ്ര മോദി കരുനീക്കം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പട്നയിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ ഭാഗമായി നഗരത്തിലാകെ മോദി വക പോസ്റ്ററുകൾ; 2009ലെ എൻഡിഎ റാലിയിൽ ഗുജറാത്ത് മുഖ്യമന്ത്രി മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷും കൈകോർത്തുനിന്ന ചിത്രം സഹിതം. 

നരേന്ദ്ര മോദിയിൽ നിന്ന് അകലം പാലിച്ചു മതനിരപേക്ഷ പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്ന നിതീഷ് രോഷാകുലനായി. ബിജെപി ദേശീയ നേതാക്കൾക്കായി ഒരുക്കിയ വിരുന്നു റദ്ദാക്കിയാണ് അദ്ദേഹം കോപം തീർത്തത്. ബിഹാറിലെ പ്രളയദുരിതാശ്വാസത്തിനായി ഗുജറാത്ത് സർക്കാർ നൽകിയ അഞ്ചുകോടി രൂപ മടക്കി നൽകുകയും ചെയ്തു. മോദിയെ അവഹേളിക്കാൻ വിരുന്നു റദ്ദാക്കിയ നിതീഷിനെ മോദി സർക്കാരിന്റെ വാർഷികാഘോഷ വിരുന്നിൽ പങ്കെടുപ്പിച്ച് മധുരപ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണു ബിജെപി.

ram vilas paswan

പാസ്വാനെ കണ്ട് പഠിക്കട്ടെ!  

നിതീഷിന്റെ കണക്കുകൂട്ടലുകൾ അടിക്കടി പിഴയ്ക്കുമ്പോൾ, ബിഹാറിൽ നിന്നുള്ള കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനെ കണ്ടു പഠിക്കട്ടെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പരിഹാസം. രാഷ്ട്രീയ മഴയറിഞ്ഞു പീലിവിടർത്തുന്ന റാംവിലാസ് പാസ്വാന്റെ ദീർഘദൃഷ്ടി, പക്ഷേ, നിതീഷിനില്ല. മോദിതരംഗമുണ്ടായപ്പോൾ മോദിയെ വിട്ടകലുകയും മോദിപ്രഭാവം മങ്ങുമ്പോൾ മോദിക്കൊപ്പം നിൽക്കുകയും ചെയ്യേണ്ടിവരുന്നതു നിതീഷിന്റെ ഗതികേടായി. മോദിവിരുദ്ധ നിലപാടിൽ ഉറച്ചുനിന്നിരുന്നെങ്കിൽ പ്രാദേശിക കക്ഷി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം നിതീഷിലെത്താൻ സാധ്യതകൾ ഏറെയായിരുന്നു.

Tejaswi Yadav

ഉദിച്ചുയരുന്ന തേജസ്വി 

ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്കെതിരെ പ്രാദേശിക കക്ഷികൾ ഭിന്നതകൾ മറന്നു കൈകോർക്കുന്നതിന്റെ ആവേശം ബിഹാറിലുമുണ്ട്. ബിഹാറിൽ മോദിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വം ആർജെഡിയുടെ യുവനേതാവ് തേജസ്വി യാദവിന്റെ കൈകളിലെത്തിയതാണ് നിതീഷ് കുമാറിനെ പരിഭ്രാന്തനാക്കുന്നത്. ബിഹാറിനു പ്രത്യേക പദവി ആവശ്യപ്പെട്ടും നോട്ട് അസാധുവാക്കൽ പരാജയപ്പെടുത്തിയെന്നു ബാങ്കുകളെ പഴിച്ചും നിതീഷ് രാഷ്ട്രീയപട്ടം പറപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാറ്റു പിടിക്കുന്നില്ല. ആർജെഡി സഖ്യം വിട്ടുപോയ നിതീഷ് കുമാറുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണു തേജസ്വി. ഉപതിരഞ്ഞെടുപ്പുകളിൽ ആർജെഡി തുടർച്ചയായി നേടുന്ന വിജയം തേജസ്വിയുടെ ആത്മവിശ്വാസം വളർത്തുന്നുമുണ്ട്. 

പിതാവ് ലാലുപ്രസാദ് യാദവിന്റെ അഴിമതിക്കേസ് ജയിൽവാസം രാഷ്ട്രീയായുധമാക്കാനും തേജസ്വിക്കു മടിയില്ല. നരേന്ദ്ര മോദിക്കെതിരെ ശബ്ദിച്ച ലാലു പ്രസാദിന്റെ വായടപ്പിക്കാൻ ജയിലിലടച്ചുവെന്നും ചികിൽസ നിഷേധിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമുള്ള ആർജെഡി ആരോപണം ജനങ്ങൾക്കിടയിൽ സഹതാപം സൃഷ്ടിക്കുന്നുമുണ്ട്. യുപിയിൽ മുലായത്തിന്റെ മകൻ അഖിലേഷിനെപ്പോലെ ബിഹാറിൽ ലാലുവിന്റെ മകൻ തേജസ്വിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷ.