Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ടെലികോം നയം: സാധ്യതകളുടെ പുതുജാലകം

old-man-computer

ഡിജിറ്റൽ മേഖലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, പുത്തൻ സാങ്കേതികവിദ്യയും സേവനങ്ങളും രാജ്യം മുഴുവൻ ലഭ്യമാക്കുക, ഡിജിറ്റൽ മേഖലയെ സുരക്ഷിതമാക്കുക; പുതിയ കേന്ദ്ര ടെലികോം നയത്തിന്റെ (ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ പോളിസി – 2018) അടിസ്ഥാന തത്വങ്ങൾ ഇവ മൂന്നുമാണ്. ടെലികോം മേഖലയുടെ വികസനത്തിലൂടെ സമഗ്ര, സാമൂഹിക വികസനമെന്നതാണു നയത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ടെലികോം മേഖലയുടെ സംഭാവന ആറുശതമാനമാണ്. പുതിയ പദ്ധതികളിലൂടെ ഇത് എട്ടു ശതമാനമായി വർധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. 

ടെലികോം മേഖലയിലെ രാജ്യത്തിന്റെ പുരോഗതി അദ്ഭുതത്തോടെയാണു ലോകം ഉറ്റുനോക്കുന്നത്. യുഎസിലും ചൈനയിലും  ജനങ്ങൾ ഉപയോഗിച്ച മൊത്തം ഡേറ്റയെക്കാൾ കൂടുതലാണു കഴിഞ്ഞ ആറുമാസം ഇന്ത്യക്കാർ ഉപയോഗിച്ചതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രോഡ്ബാൻഡ് ഉപയോഗം 10% കൂടിയാൽ, മറ്റേതു രാജ്യത്തും ആഭ്യന്തര ഉൽപാദനത്തിൽ ഒരു ശതമാനം വർധനയാണ് ഉണ്ടാകുക. എന്നാൽ, ഇന്ത്യയിൽ ഇതു 3.3 ശതമാനമാണെന്ന് ഐസിആർഐഇആർ പഠനം വ്യക്തമാക്കുന്നു. പരമാവധി ജനങ്ങൾക്കു ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുകയും അതിനനുസൃതമായ സേവനങ്ങൾ നൽകുകയും ചെയ്താൽ ആഭ്യന്തര ഉൽപാദനം വർധിക്കുമെന്നതിൽ സംശയമില്ല. 

2022ൽ ഡിജിറ്റൽ അനുബന്ധ മേഖലയിൽ, 40 ലക്ഷം തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കപ്പെടുമെന്നാണു വിലയിരുത്തൽ. രണ്ടുവർഷത്തിനുള്ളിൽ ഡിജിറ്റൽ മേഖലയിൽ ആറരലക്ഷം കോടി രൂപയുടെ നിക്ഷേപം കണ്ടെത്താനാകുമെന്നും കരുതുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ സാധിക്കും; പ്രത്യേകിച്ച്, ഡിജിറ്റൽ സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിന്. ഉദാഹരണത്തിനു ഫൈബർ അതോറിറ്റി എന്ന ആശയം ടെലികോം നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ രംഗത്തു നിക്ഷേപം ആകർഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. 

ഗ്രാമ–നഗര വ്യത്യാസമില്ലാതെ എല്ലാ ഇടങ്ങളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണു പുതിയ ടെലികോം നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. കേരളം ഈ രംഗത്ത് ഏറെ പുരോഗമിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതികൾക്കു പുറമെ, സംസ്ഥാനവും പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമായാൽ അതു നൽകുന്ന മേന്മ ആലോചിച്ചുനോക്കുക. 

സ്റ്റാർട്ടപ് രംഗത്തു കരുത്തുകാട്ടിയ സംസ്ഥാനമാണു കേരളം. ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ വിപ്ലവകരമായ മാറ്റങ്ങളാകും ഈ രംഗത്തുണ്ടാകുക. നഗരങ്ങളിൽ ലഭിക്കുന്ന സേവനങ്ങൾ ഗ്രാമങ്ങളിലും ലഭിക്കുമെന്നതിനാൽ, കുറഞ്ഞ മുതൽമുടക്കിൽ കമ്പനികൾ ആരംഭിക്കാം. പുതിയ വിപണിയും തുറന്നുകിട്ടും. പ്രാദേശികമായ ആവശ്യങ്ങൾക്കു സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയുമുണ്ടാകും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കും ഇതു വഴിതുറക്കും. പാഠ്യപദ്ധതികൾ വിദൂര/ഓൺലൈൻ പഠനകേന്ദ്രങ്ങളിലൂടെ എല്ലാ ചെറു ഗ്രാമങ്ങളിലും എത്തുന്നതോടെ വിദ്യാഭ്യാസ രംഗത്തു വലിയ അവസരങ്ങൾ രൂപപ്പെടും.

വിദേശ കോഴ്സുകൾ ഏതു മുക്കിലും മൂലയിലും എത്തിക്കാം. ഇ–ഹെൽത്ത് രംഗത്തും മാറ്റങ്ങൾ വരുത്താം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ മികച്ച ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനും ലോകത്തെവിടെയുമുള്ള ചികിത്സാ നൈപുണ്യം ഇവിടേക്കു കൊണ്ടുവരാനും സാധിക്കും. ചുരുക്കത്തിൽ നഗര–ഗ്രാമ വ്യത്യാസം ഇല്ലാതാകുന്നു. നാഷനൽ ബ്രോഡ്ബാൻഡ് മിഷൻ, പ്രാദേശിക നിർമാണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ് എന്നിവയൊക്കെ കൊണ്ടുവരുന്ന തൊഴിലവസരങ്ങളും അതിലൂടെ ഉണ്ടാകാൻ പോകുന്ന സാമ്പത്തിക വളർച്ചയും ഇതിനൊപ്പമുണ്ട്. 

ഓൺലൈൻ ഷോപ്പിങ് രംഗത്തെ മാറ്റങ്ങൾ ഇതിനു തെളിവാണ്. മെട്രോ നഗരങ്ങളിൽ ഓൺലൈൻ ഷോപ്പിങ് നടത്തിയവരുടെ എണ്ണം 3.6 കോടിയായിരുന്നെങ്കിൽ, രണ്ടാം നിര, ചെറു നഗരങ്ങളിലെ എണ്ണം 3.7 കോടിയാണെന്നു കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഓൺലൈൻ ഷോപ്പിങ്ങിന്റെയും ഇ– കോമേഴ്സിന്റെയും സാധ്യത വലുതാണ്. 

ഐടി നൽകിയ സാധ്യതകൾ താഴെത്തട്ടിലേക്കെത്തിച്ചു ലോകത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണു കേരളം. ടെലികോം രംഗത്തെ മാറ്റങ്ങളും സാധ്യതകളും ഇത്തരത്തിൽ മുൻകൂട്ടി കാണാൻ സാധിച്ചാൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും അതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നു തീർച്ച.