Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ മൈതാനത്ത്

വേണു
foot-ball-goal-keeper

പന്തുരുളുന്നതു കാത്ത് ലോകമാകെ റഷ്യയിലേക്കു മിഴിനട്ടിരിക്കുമ്പോൾ ഫുട്ബോൾ ലോകകപ്പിന്റെ ആഹ്ലാദവും ആവേശവും പങ്കുവയ്ക്കുകയാണ് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും ഫുട്ബോൾ പ്രേമിയുമായ ലേഖകൻ

അർജന്റീനയും  ബ്രസീലും കളിക്കുന്ന ദിവസം അമ്പലത്തിലെ പുഷ്പാഞ്ജലി ശീട്ടിന്റെ എണ്ണം കൂടുമെന്നു മലപ്പുറം ജില്ലയിലെ ഒരു ശാന്തിക്കാരൻ എന്നോടു പറഞ്ഞിട്ടുണ്ട്. മെസ്സി ജനിച്ച ദിവസം നോക്കി മലയാളമാസവും നാളും കണ്ടുപിടിച്ചു വഴിപാടു കഴിപ്പിക്കുന്നവരുണ്ട്. കളി കളംവിട്ടു നമ്മുടെ ജീവിതത്തിലേക്കും രക്തത്തിലേക്കും എത്രത്തോളം കയറിയെന്നതിന്റെ തെളിവാണിത്. 

ലോകകപ്പ് ഫുട്ബോൾ എത്തുമ്പോൾ നമ്മുടെ നാട്ടിൽ പുതിയൊരു ഊർജം പ്രസരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. കളി അറിയാത്തവർക്കുപോലും പ്രിയപ്പെട്ട ടീമുണ്ട്, പ്രിയപ്പെട്ട കളിക്കാരനുണ്ട്. വീട്ടുകാരും വേണ്ടപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം കളിക്കുവേണ്ടി ഒരുമിച്ചിരിക്കുന്നു. അവിടെ സംസാരിക്കുന്നതു കളിയെക്കുറിച്ചു മാത്രമാണ്. പല വീടുകളിലും നഷ്ടമായ ഒരു പൊതുസ്ഥലം നമുക്കു തിരിച്ചു കിട്ടുകയാണ്. നാട്ടിലെല്ലായിടത്തും, കളി കാണാൻ പൊതുസ്ഥലത്ത് ഒത്തുചേരുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. നമുക്കു സംസാരിക്കാൻ പുതിയൊരു വിഷയം കിട്ടിയിരിക്കുന്നു. അവിടെയുള്ളതു കളിയുടെ സന്തോഷവും ദുഃഖവും മാത്രമാണ്. 

വീട്ടിലുള്ളവരുമായിപ്പോലും ഇടപഴകാൻ ഫുട്ബോൾ പുതിയൊരു കളമൊരുക്കിയിരിക്കുന്നു. നമ്മുടെ രാജ്യം ലോകകപ്പിൽ കളിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. എന്നിട്ടും, എനിക്കു സ്വന്തം രാജ്യം കളിക്കുന്ന അതേ മനസ്സോടെ കളി കാണാനാകുന്നു. രാജ്യത്തെ ഓരോ ഫുട്ബോൾ പ്രേമിക്കും ഇപ്പോൾ രണ്ടാമതൊരു രാജ്യംകൂടിയുണ്ട്. അതാണ് അവരുടെ ഫുട്ബോൾ രാജ്യം. സ്പോർട്സിന്റെ മാന്ത്രികത ഇതാണ്. രാജ്യത്തിനും നിറത്തിനും അപ്പുറത്ത് അവർ സ്നേഹത്തിന്റെ ഗ്രൗണ്ടുകൾ ഉണ്ടാക്കുന്നു. 

നമ്മുടെ കുട്ടികളിൽ ഈ ലോകകപ്പിന്റെ കാർണിവൽ ലഹരി ഉണ്ടാക്കിയേക്കാവുന്ന മാറ്റം ചെറുതല്ല. കളി കണ്ടതുകൊണ്ടു നമുക്കു ലോകോത്തര കളിക്കാരെ ഉണ്ടാക്കാനാകുമെന്നു സ്വപ്നം കാണരുത്. അതിനുള്ള ഭൗതിക – സാമൂഹിക സാഹചര്യം നമുക്ക് ഇപ്പോൾ ഇല്ല. കുട്ടികൾ ഈ ലഹരിയിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയേക്കും. ഇടവഴികളിലും ചെറിയ ഗ്രൗണ്ടുകളിലും പന്തുരുണ്ടുതുടങ്ങിയേക്കും. അതിലൂടെ അവർ എതിരാളിയെ മാനിക്കാനും തോൽക്കാനും പഠിക്കും. ഒരു ടീമിൽ അധ്വാനിച്ചു കളിച്ചാലേ പിടിച്ചുനിൽക്കാനാകൂ എന്ന് അവർ പഠിക്കും. 

കുറെക്കാലമായി നാം ജയിക്കാൻ മാത്രമാണു കുട്ടികളെ പഠിപ്പിക്കുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റുള്ള ഒരു മനസ്സിനെ കളിക്കളത്തിൽനിന്നു മാത്രമേ ഉണ്ടാക്കാനാകൂ, ക്ലാസ് മുറിയിൽനിന്ന് ഉണ്ടാക്കാനാകില്ല. ജീവിതത്തിൽ തോറ്റുപോകുന്നതു സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തതുകൊണ്ടാണ്, മാർക്ക് കുറയുന്നതുകൊണ്ടല്ല. 

ഏതു ലോകകപ്പിലും കുറെ ഹീറോകളുണ്ടാകും. അവർക്കെല്ലാം അധ്വാനത്തിന്റെ കഥകളുണ്ടാകും. ഇതെല്ലാം ശരിക്കുള്ള കഥകളാണെന്നും കണ്ടുകൊണ്ടിരിക്കുന്ന കാർട്ടൂണുകളിലെയോ ഗെയിമുകളിലെയോ ഇല്ലാക്കഥകളല്ലെന്നും അവർ തിരിച്ചറിയും. ഇത്തരം ഹീറോകളാകും അവരെ ചിലപ്പോൾ പുതിയ വിശാലമായ വഴിയിലേക്കു നയിക്കുന്നത്. ഇത്തവണ ഇംഗ്ലണ്ട് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഇരുപതു വയസ്സുകാരൻ മാർക്കസ് റാഷ്ഫോഡ് വളർന്നുവന്നത് ഇംഗ്ലണ്ടിലെ ലഹരിമരുന്നിന്റെയും അടിപിടികളുടെയും കറുത്ത തെരുവിൽനിന്നാണ്. ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവൻ അമ്മയ്ക്കു സന്ദേശം അയച്ചു, ‘മഞ്ഞത്തും മഴയത്തും കൊടുംതണുപ്പിലും സൈഡ്‌ ലൈനിൽ എനിക്കായി പ്രാർഥനയോടെ കാത്തുനിന്ന അമ്മേ, നമ്മളിതാ റഷ്യയിലേക്കു പോകുന്നു’ എന്ന്. ഈ സന്ദേശം മക്കളെ വളർത്തിയ എല്ലാ അമ്മമാരുടെയും, അവരെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും മനസ്സാണ്. ഇതെഴുതിയതു വലിയൊരു എഴുത്തുകാരനല്ലെന്നോർക്കണം. 

ഫുട്ബോൾ പഠിപ്പിക്കുന്നത് ഈ സ്നേഹമാണ്. എത്രയോ കുട്ടികളെ ഈ സന്ദേശം ഫുട്ബോളിലേക്ക് അടുപ്പിക്കുന്നു, സ്നേഹത്തിന്റെ പുതിയ ലോകത്തേക്കു വിളിക്കുന്നു. പന്തുരുണ്ടുതുടങ്ങുമ്പോൾ അടുത്തുള്ളവരുടെ നിറവും കുലവുമൊന്നും നാം ഓർക്കുന്നില്ല. ഒരേ മനസ്സുള്ള കുറെ ആളുകൾ മാത്രം. നമുക്കെല്ലാമുള്ളത് ഒരേ ഗാലറി മാത്രം. നാം അവിടെ തോളോടുതോൾ ചേർന്നിരിക്കുന്നു. നമ്മുടെ വീടിനു പുറത്തു നാം എല്ലാം മറന്നു വേണ്ടപ്പെട്ടവരോടും അയൽക്കാരോടുമൊപ്പം ഒരുമിച്ചിരുന്നിട്ട് എത്ര നാളായി എന്നു ചിന്തിച്ചുനോക്കുക. ഈ ഉത്സവകാലത്തു നമുക്ക് ഒരുമിച്ചു കളി കാണുകയും സ്നേഹത്തിന്റെ പുതിയ മൈതാനങ്ങൾ കണ്ടെത്തുകയും ചെയ്യാം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.