Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശാന്തിയിലേക്കുള്ള നടവഴി

yoga-venkaiah ജമ്മു കശ്മീരിലെ ലേയിൽ ആർമി ബേസ് ക്യാംപിൽ യോഗ പരിശീലനം നടത്തുന്ന സൈനികർ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

കുറച്ചുനാളുകൾക്കു മുൻപ് പെറുവിന്റെ തലസ്ഥാനമായ ലിമയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ. അവിടെക്കണ്ട കാഴ്ച എന്നെ ഒരേസമയം അദ്ഭുതപ്പെടുത്തുകയും അങ്ങേയറ്റം ആഹ്ലാദചിത്തനാക്കുകയും ചെയ്തു. റോഡരികുകളിൽ ഒട്ടേറെ യോഗ പരിശീലന കേന്ദ്രങ്ങളുടെ പരസ്യബോർഡുകൾ! 

ഇന്ത്യ ലോകത്തിനു സമ്മാനിച്ച അമൂല്യപാഠമായ യോഗയെ അവർ പ്രയോജനപ്പെടുത്തുന്ന രീതി സന്തോഷകരമാണ്. പല രാജ്യങ്ങളുടെയും തലവന്മാർ യോഗ പ്രചരിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും നൽകുന്ന പ്രധാന്യവും നേരിട്ടറിയാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. 

ഈയിടെ ഹരിദ്വാറിൽ നടന്ന രാജ്യാന്തര യോഗ കൺവൻഷനിൽ സ്വാമി സച്ചിദാനന്ദയുടെ ക്ഷണപ്രകാരം പങ്കെടുത്തപ്പോൾ, വിവിധ രാജ്യങ്ങൾ യോഗ പരിശീലിക്കുന്ന രീതികൾ സംഘാടകർ എനിക്കു വിവരിച്ചുതന്നു. എത്ര ആഴത്തിലുള്ള അറിവുകളാണ് അവർ  യോഗയെക്കുറിച്ചു നേടിയിട്ടുള്ളത്. അതെ, ലോകം ഇന്ത്യയെ നോക്കി പഠിക്കുകയാണ്. മഹത്തരമായ ഈ ശാസ്ത്രം അന്യംനിന്നുപോകുമെന്നു പലരും കരുതിയപ്പോഴാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ യോഗയിലേക്ക് ആകർഷിക്കുന്നത്. അദ്ദേഹം യുഎന്നിൽ നടത്തിയ പ്രസംഗമാണു രാജ്യാന്തര യോഗാ ദിനം യാഥാർഥ്യമാക്കിയത്. ആരോഗ്യവും ആഹ്ലാദവും നിറഞ്ഞ ജീവിതത്തിനായി ലോകമാകെ ഇപ്പോൾ യോഗയുടെ വഴിയിലെത്തിയിരിക്കുന്നു. ഇതേക്കുറിച്ച് അറിയാത്തവർ പോലും, ജൂൺ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചതോടെ പഠിക്കാൻ തയാറായി മുന്നോട്ടു വരുന്നു. ഇന്ത്യയിലെ യുവാക്കളും യോഗയുടെ ശക്തി തിരിച്ചറിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. 

ശാസ്ത്രവും കലയും 

ആത്മീയശാസ്ത്രമാണു യോഗ. ആത്മാവിനും ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും മേൽ നിയന്ത്രണം സ്ഥാപിക്കാൻ സഹായിക്കുന്ന കലയുമാണത്. നമ്മുടെ എല്ലാ ഉൾക്കരുത്തുകളെയും അത് ഒരുമിച്ചു കൊണ്ടുവരുന്നു, ഏകാഗ്രതയിലേക്കു നയിക്കുന്നു, ആത്മാവിന്റെ ശക്തികളെ ഉത്തേജിപ്പിച്ചുണർത്തുന്നു. യോഗ, ഉദാത്തമായ മനുഷ്യത്വത്തിലേക്കു നമ്മളെ നയിക്കുകയാണ്. 

എങ്ങനെയാണു മനസ്സിനെ നമുക്കു നിയന്ത്രിക്കാൻ കഴിയുക എന്നതിന്റെ മറുപടി യോഗയിലുണ്ട് – പരിശീലനത്തിലൂടെയും പരിത്യാഗത്തിലൂടെയും. പരിശീലനം എന്നാൽ, ആവശ്യമുള്ളതു പഠിക്കുക, പരിത്യാഗമെന്നാൽ  ആവശ്യമില്ലാത്തതിനെ ത്യജിക്കുക – ഭൗതികമായും ആത്മീയമായും. മനഃശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്ന പ്രശാന്തിയിലേക്കുള്ള ഈ നടവഴിയെക്കുറിച്ച് എത്രയോ നൂറ്റാണ്ടുകൾക്കു മു‍ൻപേ നമ്മുടെ ഋഷിവര്യന്മാർ ഉദ്ബോധിപ്പിച്ചിരുന്നു! 

ശീലിക്കുക, പഠിക്കുക 

നമ്മുടെ പുതുതലമുറ, പലവിധ ശാരീരിക, മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അമിതവണ്ണം മുതൽ വിഷാദരോഗം വരെ. ഒഴിവാക്കാനാകുന്ന ഈ പ്രശ്നങ്ങളുടെ ഇരകളായി അവർ മാറുന്നത് എന്തുകൊണ്ടാണ്? ആത്മവിശ്വാസവും ആത്മനിയന്ത്രണവും ശരീരവും മനസ്സും തമ്മിലുള്ള ഏകോപനവും അവർക്കില്ല, പലപ്പോഴും. ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് അതിനു  കാരണമാകുന്നത്; പലവിധ സമ്മർദങ്ങൾ, മാറിയ ഭക്ഷണശീലം, തോന്നുംപടിയുള്ള ജീവിതരീതികൾ. പതിയെ അവർ അർബുദം പോലെയുള്ള രോഗങ്ങൾക്കും അടിമകളാകുന്നു. 30 വയസ്സാകുമ്പോഴേക്കു രോഗികളാകുന്ന ഒരുപാടു ചെറുപ്പക്കാരെ ഇപ്പോൾ കാണാം. ഇത്തരം പ്രശ്നങ്ങളിൽനിന്നു മുക്തിനേടാനുള്ള ഏറ്റവും നല്ല മാർഗമാണു യോഗ. 

അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ മാത്രമല്ല, അനുദിനം വർധിച്ചു വരുന്ന മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളിൽനിന്നു രക്ഷപ്പെടാനും യോഗ പ്രയോജനപ്പെടും. നിത്യജീവിതത്തിന്റെ ഭാഗമാകണം യോഗയും. സ്കൂൾ പാഠ്യപദ്ധതിയിലും യോഗ ഉൾപ്പെടുത്തണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗയ്ക്കു മാത്രമായി ഒരു പീരീഡ് ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എൻസിസി പോലുള്ളവയുടെ പ്രവർത്തനങ്ങളിലും അതുൾപ്പെടുത്തണം.    

മതവുമായി ബന്ധിപ്പിക്കരുത് 

നമ്മുടെ നാട്ടിൽ ജനിച്ചുവളർന്ന പലരും യോഗയെ വിമർശിക്കുന്നതു സങ്കടകരമാണ്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. പല സംസ്കാരങ്ങളിൽ ജീവിക്കുന്നവർ ഒരുമിച്ചു കഴിയുന്ന ഇടം. ഏതു സംസ്കാരത്തിന്റെയും നന്മകൾ, അത് മനുഷ്യകുലത്തിനു ഗുണകരമെങ്കിൽ, സ്വാംശീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. പ്രത്യേകിച്ചും യോഗ. യോഗയെ മതവുമായി ബന്ധിപ്പിക്കരുത്. 

യോഗ ഒരു വിശ്വാസസംഹിതയല്ല. യോഗയുടെ ഒരുഘട്ടത്തിലും ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ട ഒന്നും വരുന്നില്ല. അതൊരു ആരോഗ്യശാസ്ത്രമാണ്. ഒരു ഡോക്ടർ തന്റെ രോഗികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചുകാണാത്തതു പോലെ യോഗയിലും മതാടിസ്ഥാനത്തിലുള്ള വേർതിരിവുകളില്ല. വർഗീയതയുടെ കണ്ണിലൂടെ യോഗയെ കാണരുത്, അതു തെറ്റാണ്.   

യോഗശാസ്ത്രം എല്ലാ വിശ്വാസങ്ങൾക്കും എല്ലാ മതങ്ങൾക്കും അവകാശപ്പെട്ടതാണ്. അത് ഏതുകാലത്തും ഏതു വിഭാഗത്തിനും പ്രയോഗിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള, ഒരു ചെലവുമില്ലാത്ത എളുപ്പമാർഗമാണത്. നിശ്ചയദാർഢ്യവും പരിശീലനവും തെളി‍ഞ്ഞ ചിന്തയും മാത്രമേ യോഗചെയ്യാ‍ൻ ആവശ്യമുള്ളൂ. ഒഴിവുനേര വിനോദമായിപ്പോലും അതു ശീലിക്കാം. എന്നാൽ, ഇഷ്ടത്തോടെ പരിശ്രമിച്ചാൽ വലിയനേട്ടങ്ങൾ അതിലൂടെയുണ്ടാകും. 

ഉത്തമ മനുഷ്യരാകാം

യോഗ ശീലിക്കുമ്പോൾ സജീവമായ ശരീരവും നിയന്ത്രണമുള്ള മനസ്സും നമുക്കു സ്വന്തമാകുന്നു. അതിലൂടെ, നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിൽനിന്നും ഉജ്വലമായ ഫലമുണ്ടാകുന്നു. യോഗ നമ്മെ ആരോഗ്യമുള്ളവരും ജ്ഞാനികളുമാക്കുന്നു. അത്, ഉത്തമ മനുഷ്യരാകാൻ നമ്മെ പ്രാപ്തരാക്കുന്നു.