Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയരുന്നത് ഗ്രൂപ്പില്ലാക്കൊടി

Author Details
ramesh-sudhakaran-cartoon

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഐ ഗ്രൂപ്പിലെ പ്രമുഖനേതാവ് കെ.സുധാകരനും മാത്രമായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഒരു കൂടിക്കാഴ്ചയുണ്ടായി. സാധാരണഗതിയിൽ ചെന്നിത്തലയും സുധാകരനും സംസാരിക്കുന്നതിൽ‍ വാർത്തയില്ല. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കു പ്രത്യേകതയുണ്ടായിരുന്നു. സുധാകരനെ ഐ ഗ്രൂപ്പ് പുറത്താക്കിയെന്നും അതല്ല, സുധാകരൻ തന്നെ ഗ്രൂപ്പിനെ ഉപേക്ഷിച്ചുവെന്നുമൊക്കെയുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോഴായിരുന്നു കൂടിക്കാഴ്ച. 

കെപിസിസി പ്രസിഡന്റാകണമെന്ന ആഗ്രഹത്തിൽ ഒരു ‘വിട്ടുവീഴ്ചയ്ക്കും’ തയാറാകാതെയിരിക്കുകയാണു സുധാകരൻ. ഗ്രൂപ്പിന്റെ പിന്തുണ ആഗ്രഹിക്കുന്നതുപോലെ കിട്ടുന്നില്ലേയെന്ന സന്ദേഹം അദ്ദേഹത്തിനുണ്ടായിരുന്ന സമയത്താണു രാജ്യസഭാസീറ്റിന്മേലുള്ള കലഹം പൊട്ടിവീണത്. ആ പ്രതിഷേധപരമ്പരയുടെ ഭാഗമായി നേതാക്കൾക്കു റീത്തുവച്ച സംഭവം പക്ഷേ, നേതൃത്വത്തെ വല്ലാതെ മുറിവേൽപിച്ചു. അനുയായികളെ അതിന് ഇളക്കിവിട്ടതു സുധാകരനാണെന്ന കിംവദന്തികൂടിയായതോടെ അകൽച്ച കൂടി. അതാണു സുധാകരൻ ‘ഐ’യിൽ തന്നെയോ അതോ പുറത്തോ എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയത്.

 എന്നാൽ, ചെന്നിത്തലയും സുധാകരനും മനസ്സുതുറന്നപ്പോൾ തെറ്റിദ്ധാരണകൾ അകന്നുവെന്ന് അടുപ്പക്കാർ അവകാശപ്പെടുന്നു. അതോടെ, ‘പുറത്തായ’ സുധാകരൻ വീണ്ടും ‘ഐ’ക്ക് ‘അകത്തായി’. ഗ്രൂപ്പു വിടുന്നതിനും തിരിച്ചുവരുന്നതിനുമൊക്കെ അപ്പോൾ മണിക്കൂറുകളുടെ ആയുസ്സേയുള്ളൂ. രാജ്യസഭാസീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുത്തപ്പോഴുള്ള സാഹചര്യം ഓർമിക്കുക. ഗ്രൂപ്പുകളും ഗ്രൂപ്പില്ലാത്തവരും ഒരേസമയം ഗർജിക്കുകയായിരുന്നു. ‘എ’യുടെ രോഷം ബെന്നി ബഹനാനോ പി.സി.വിഷ്ണുനാഥോ മറച്ചുവച്ചില്ല. രമേശ് ചെന്നിത്തലയ്ക്കു കൂടി പങ്കാളിത്തമുള്ള തീരുമാനമാണെന്നുകണ്ട് അദ്ദേഹത്തിന്റെ മനഃസാക്ഷിയായ ജോസഫ് വാഴയ്ക്കനോ പന്തളം സുധാകരനോ മിണ്ടാതിരുന്നുമില്ല. ഇവരെല്ലാം വാദിച്ചതു സാധാരണ കോൺഗ്രസ് പ്രവർത്തകനുവേണ്ടിയുമായിരുന്നു. അണികളുടെ അന്തസ്സിനെയും അഭിമാനത്തെയും കുറിച്ച് നേതാക്കൾ വേവലാതിപ്പെടുന്നത് അടുത്തകാലത്തൊന്നും കേൾക്കാത്ത കാര്യമാണ്. ഗ്രൂപ്പിന്റെ വാദമുഖങ്ങൾക്കല്ല ഇപ്പോൾ പ്രസക്തി. ഗ്രൂപ്പില്ലാതെയും കോൺഗ്രസിന്റെ പടികൾ ചവിട്ടാമെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ മാറുന്നു.   

തുടങ്ങിയതു ഹൈക്കമാൻഡ് 

ഈ മാറ്റം പൊടുന്നനെ സംഭവിച്ചതല്ല. കരുണാകരൻ – ആന്റണി കലഹത്തിനൊടുവിൽ കോൺഗ്രസ് പിളർന്നപ്പോൾ പാർട്ടിയെ നയിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ചത് അതിലേതെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രതിനിധിയെ ആയിരുന്നില്ല. മറിച്ച് താരതമ്യേന ദുർബലമായിരുന്ന മൂന്നാം ഗ്രൂപ്പിന്റെ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയാണ്. പ്രഖ്യാപിത ഗ്രൂപ്പ് വിരുദ്ധനാണ് വി.എം. സുധീരനെങ്കിലും, യഥാർഥത്തിൽ ആ പ്രതിച്ഛായയുടെ ഗുണഭോക്താവായി കൂടിയാണ് ചെന്നിത്തലയ്ക്കുശേഷം കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ അദ്ദേഹം ഇരുന്നത്. ഇപ്പോൾ എം.എം. ഹസനു പകരം ഉയർന്നിരിക്കുന്ന പേരുകളോ? മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, വി.ഡി.സതീശൻ, കെ.സുധാകരൻ. ആദ്യ മൂന്നുപേരും ഏതെങ്കിലും ഗ്രൂപ്പിൽപെടുന്നവരല്ല. സതീശനോ സുധാകരനോ വന്നാൽ അതു ഗ്രൂപ്പിന്റെ അക്കൗണ്ടിലാകുകയുമില്ല. 

ഇതിനിടെ, എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാലും സെക്രട്ടറിയായി പി.സി.വിഷ്ണുനാഥും അവരോധിക്കപ്പെട്ടതു ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനായിരുന്നില്ല. ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയതിനും ഗ്രൂപ്പ് മാനദണ്ഡമായിരുന്നില്ല. മികവുനോക്കി നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ താൽപര്യമാണ് ഇതിനെല്ലാം അടിസ്ഥാനം. കരുണാകരൻ – ആന്റണി വൈരം പാർട്ടിക്കേൽപിച്ച പരുക്കിനെക്കുറിച്ചുള്ള പൊതുബോധം കടന്ന കളികളിൽനിന്ന് എല്ലാവരെയും പിന്തിരിപ്പിച്ചുവെന്നതും യാഥാർഥ്യം. 

Ramesh Chennithala, Oommen Chandy

ശേഷം ഉമ്മൻ ചാണ്ടി–ചെന്നിത്തല  

ഇതിനെല്ലാം മുകളിലുള്ള ഘടകം ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല കൂട്ടുകെട്ടിന്റെ രസതന്ത്രമാണ്. കരുണാകരനെപ്പോലെ തലയെടുപ്പുള്ള നേതാവ് പാർട്ടിവിട്ടതിന്റെ ‘ഷോക്കിലാണ്’ അമരത്ത് ഇവർ ഒന്നിക്കുന്നത്. 2009 തൊട്ടുള്ള ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഉജ്വലവിജയത്തോടെ അവർ കോൺഗ്രസിനെ മടക്കിക്കൊണ്ടുവന്നു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായ ഒഴിവിൽ സുധീരൻ പ്രസിഡന്റായതോടെ നിയമസഭാ – പാർട്ടിനേതൃത്വം തമ്മിലെ ഐക്യവും പൊരുത്തവും തകർന്നു. 

അപ്പോഴും രണ്ടു ഗ്രൂപ്പുകളെ നയിച്ചും വിലപേശിയും അതേസമയം, പരസ്യ വാദപ്രതിവാദങ്ങളിൽനിന്ന് അകന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തുടർന്നു. പരസ്പരം മുഷിയരുതെന്ന് ഇരുവർക്കും നിർബന്ധമുണ്ടായതോടെ താഴേക്കും ഗ്രൂപ്പ് കാലുഷ്യം കുറഞ്ഞു. അതുകൊണ്ടാണ്, എ ഗ്രൂപ്പുകാരനായിരുന്ന നെയ്യാറ്റിൻകര സനലിന്, ഐ ഗ്രൂപ്പിലെത്തി വൈകാതെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാകാൻ കഴിഞ്ഞത്. എ യുടെ മുൻനിര വക്താവായിരുന്ന സതീശൻ പാച്ചേനി, ഐയുടെ അക്കൗണ്ടിൽ കണ്ണൂർ ഡിസിസി പ്രസിഡന്റായത്. തങ്ങളുടെ ഗ്രൂപ്പിലെന്നു കരുതുന്നവർ യഥാർഥത്തിൽ അവിടെത്തന്നെയാണോയെന്നു ‘മാനേജർമാർ’ ഇടയ്ക്കിടെ സംശയിക്കുന്നതിലേക്കു സ്ഥിതി മാറി. പരസ്പരധാരണയോടെയുള്ള ചില വീതംവയ്പുകൾ അന്തിമമാക്കുന്നതിനുവേണ്ടി മാത്രമാണ് അടുത്തകാലത്ത് ഗ്രൂപ്പുയോഗങ്ങൾ ചേരുന്നതും.  

നിയമസഭയാണു മാറുന്ന കോൺഗ്രസിന്റെ ഏറ്റവും നല്ല തെളിവ്. പി.ജെ.കുര്യനും കെ.എം.മാണിക്കുമെതിരെ തോളോടു തോൾ ചേർന്ന് അഭിപ്രായം പറഞ്ഞ യുവ എംഎൽഎമാരുടെ പിൻബെഞ്ച് സംഘത്തെ നോക്കുക: ‘ഐ’ക്കാരായ ഹൈബി ഈഡൻ, റോജി എം.ജോൺ, ‘എ’യിൽപെട്ട ഷാഫി പറമ്പിൽ, സുധീരനോടു മമതയുള്ള വി.ടി. ബൽറാമും അനിൽ അക്കരയും, ഒന്നിലുംപെടാത്ത കെ.എസ്. ശബരീനാഥൻ... പുതിയ കോൺഗ്രസിനു ഗ്രൂപ്പ് തീട്ടൂരങ്ങളൊന്നും പഴയപോലെ ബാധകമല്ലാതാകുകയാണ്.