Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാകരനും സിപിഎമ്മും തമ്മിൽ

Author Details
Keraleeyam

കേരളമെങ്ങും കെ.കരുണാകരന്റെ സ്മരണ നിറയുന്ന ഈ ദിവസങ്ങളി‍ൽ സ്വാഭാവികമായും രണ്ടു ചോദ്യങ്ങളും ഒപ്പമുയരും. ചോരയും നീരും കൊടുത്തു വളർത്തിയ പ്രസ്ഥാനത്തെ ഇടക്കാലത്തേക്കാണെങ്കിലും, എന്തുകൊണ്ടു കരുണാകരൻ‍ ഉപേക്ഷിച്ചു? കേരളത്തിലെ കോൺഗ്രസ് കണ്ട ഏറ്റവും കരുത്തനായ നേതാവ് പുറത്തുവന്ന സാഹചര്യം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചശേഷം എന്തുകൊണ്ട് അവസാനം സിപിഎം കൈവിട്ടു?

ആദ്യ ചോദ്യത്തിന് ഒരുപിടി ഉത്തരങ്ങൾ പ്രചാരത്തിലുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡുമായി വല്ലാതെ അകന്നുപോയിരുന്നു, ഒരിക്കൽ അവരുടെ പ്രിയങ്കരനായിരുന്ന ഈ നേതാവ്. സംസ്ഥാനത്തെ കലഹത്തിൽ ആന്റണിപക്ഷത്തെയാണു ഹൈക്കമാൻഡ് തുടർച്ചയായി പിന്തുണയ്ക്കുന്നതെന്ന വിചാരമായതോടെ ആ അകൽച്ച പിളർപ്പിലേക്കു പരിണമിച്ചു. അഴിമതി ആക്ഷേപങ്ങളും കരുണാകരന്റെ സവിശേഷമായ പ്രവർത്തനശൈലിയും പ്രഖ്യാപിത സിപിഎംവിരുദ്ധനെന്ന പരിവേഷവുമാണ് സിപിഎമ്മിന്റെ വീണ്ടുവിചാരത്തിനു കാരണമായി പൊതുവിൽ ചൂണ്ടിക്കാട്ടുന്നത്. 

പിബി വിലയിരുത്തൽ

എന്നാൽ, യഥാർഥ കാരണം ഇവയായിരുന്നില്ല. പാർട്ടിവിട്ടാലും കെ.കരുണാകരൻ അടിസ്ഥാനപരമായി കോൺഗ്രസുകാരനാണ്, എന്തുവന്നാലും ആ പാർട്ടിയോടാകും അദ്ദേഹത്തിനു കൂറെന്ന് കൊൽക്കത്തയിൽ 2006 ഫെബ്രുവരിയിൽ ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തിയതായിരുന്നു വഴിത്തിരിവ്. അന്നു പിബി അംഗമായ വി.എസ്.അച്യുതാനന്ദന്റെ എതിർപ്പും സിപിഐയുടെയും ആർഎസ്പിയുടെയും സമ്മർദവുമെല്ലാം ഇതിലേക്കുള്ള പ്രേരണകളായിട്ടുണ്ടാകാം. പക്ഷേ, സിപിഎം തീരുമാനം കരുണാകരനെ ഏതെങ്കിലും തരത്തിൽ വിലകുറച്ചു കണ്ടതുകൊണ്ടായിരുന്നില്ല. മറിച്ച് അദ്ദേഹത്തിനു കേരളരാഷ്ട്രീയത്തിലുള്ള പ്രാധാന്യം വിലമതിച്ചുകൊണ്ടായിരുന്നു. 

‘കെ.കരുണാകരനെക്കുറിച്ചു സിപിഎം വ്യക്തമായ ധാരണയിലാണ് എത്തിച്ചേർന്നത്. ഏതു സാഹചര്യത്തിലും കോൺഗ്രസ് നിലപാടായിരിക്കും അദ്ദേഹം ഉയർത്തിപ്പിടിക്കുക. അദ്ദേഹം ഉൾപ്പെട്ട ഒരു മുന്നണിക്കു സർക്കാർ രൂപീകരിക്കാനായാൽ അതിന് ഇടതുപക്ഷ നിലപാടുകൾ മുന്നോട്ടുവയ്ക്കാൻ കഴിയണമെന്നില്ല. തന്റെ നിലപാടുകളിൽ കരുണാകരൻ ഉറച്ചുനിൽക്കും. അതു സർക്കാരിന്റെയും മുന്നണിയുടെയും സുഗമമായ നടത്തിപ്പിനു തടസ്സമാകും. മറ്റൊരു രാഷ്ട്രീയ നേതാവിനെ സമീപിക്കുന്നതുപോലെയാകില്ല ആ സാഹചര്യം. മറ്റു പാർട്ടിയിലുള്ളവരെ ബൂർഷ്വാ–ഭൂപ്രഭു എന്നു സിപിഎം വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണം പൂർണമായും ഇണങ്ങുന്ന നേതാവായിരുന്നു കരുണാകരൻ. കോൺഗ്രസല്ല, ഞങ്ങളാണു കരുണാകരനെ കൃത്യമായി വിലയിരുത്തിയത്’– സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി.

കരുണാകരന്റെയും കെ.മുരളീധരന്റെയും നേതൃത്വത്തിലുള്ള ഡിഐസിയെ എൽഡിഎഫിന്റെ ഭാഗമാക്കണമെന്നു 2006 നവംബറിൽ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചശേഷമാണ് പിബിയുടെ മലക്കംമറിച്ചിൽ. അതിനോടു കേരള നേതൃത്വം പെട്ടെന്നു വഴങ്ങിയില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയലൈൻ കേന്ദ്രനേതൃത്വം നിരാകരിച്ചതിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കൂട്ടായ അണിചേരലുണ്ടായെങ്കിലും ഫലമുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യത്തിനുണ്ടായ മുന്നേറ്റം ചൂണ്ടിക്കാട്ടിയവർക്ക്, അതുപോലെയല്ല, നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാരുണ്ടാക്കേണ്ട സാഹചര്യം കണക്കിലെടുക്കൂ എന്നാണ് പ്രകാശ് കാരാട്ട് മറുപടി നൽകിയത്.  ‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു നീങ്ങുന്നതിനു വേണ്ട എല്ലാ ധാരണയും രൂപപ്പെട്ടിരുന്നു. ആ സമയത്തു മറിച്ചു തീരുമാനം വന്നത് പ്രതീക്ഷിക്കാത്ത തിരിച്ചടി തന്നെയായിരുന്നു. ആ അധ്യായം കഴിഞ്ഞു’– കെ. മുരളീധരൻ ഓർമിച്ചു. 

അത് ശരിയോ? 

പിബി തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു പക്ഷേ, ഇന്നും കേരള നേതാക്കൾ പല തട്ടുകളിലാണ്. 

മുഖ്യപ്രതിപക്ഷത്തെ ശിഥിലമാക്കാനുള്ള സുവർണാവസരമാണ് കേന്ദ്ര നേതൃത്വം തട്ടിത്തെറിപ്പിച്ചതെന്നു പരിതപിക്കുന്നവരുണ്ട്. ‘കേരളത്തിൽ എൽഡിഎഫിനു ശരാശരി കിട്ടുന്ന വോട്ടുവിഹിതം 43% ആണ്. കോൺഗ്രസിലെ പ്രബലവിഭാഗം കൂടെയുണ്ടെങ്കിൽ സംശയരഹിതമായ മേൽക്കൈ എൽഡിഎഫിന് എക്കാലവും കിട്ടുമായിരുന്നു. കേരളരാഷ്ട്രീയം തന്നെ അതുവഴി മാറുമായിരുന്നു. കാലുവഴുതുകയാണ് അവിടെ സംഭവിച്ചത്’– സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരംഗം അഭിപ്രായപ്പെട്ടു. 

ഇതിന്റെ മറുവശമോ? കരുണാകരൻ ഇല്ലാതെയും 99 നിയമസഭാംഗങ്ങളുടെ വൻപിന്തുണയുമായി തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലേറി. വിഎസ് മുഖ്യമന്ത്രിയായ ആ സർക്കാരിലോ മുന്നണിയിലോ കരുണാകരനെ സങ്കൽപിക്കാൻ കഴിയുമോ? എങ്കിൽ, ഇടതുനയങ്ങളുമായി ആ സർക്കാരിനും എൽഡിഎഫിനും മുന്നോട്ടുപോകാൻ കഴിയുമായിരുന്നോ?

2005ലെ തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിക്കാൻ തുണച്ച കരുണാകരനൊപ്പം മധുരം പങ്കിടുകവരെ  ചെയ്തശേഷം, തള്ളിപ്പറയേണ്ടിവന്നതിനെക്കുറിച്ചു സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ വിശദീകരണവും വ്യത്യസ്തമായിരുന്നില്ല. ‘ശരിയായ വീക്ഷണമാണു കരുണാകരനെക്കുറിച്ചു ഞങ്ങൾക്കുണ്ടായിരുന്നത്. താൽക്കാലികമായി അദ്ദേഹം ഞങ്ങൾക്കൊപ്പം കൂടുമെങ്കിലും കോൺഗ്രസിലേക്ക് എന്നുവേണമെങ്കിലും തിരിച്ചുപോകുമെന്നാണു പാർട്ടി കണ്ടത്. അതു സംഭവിക്കുകയും ചെയ്തു. ഇടതുപക്ഷത്തിനു കരുണാകരനെ ഉൾക്കൊള്ളാൻ വിഷമമുള്ളതുപോലെ തന്നെ, ഇവിടെ നിൽക്കാൻ അദ്ദേഹത്തിനും കഴിയില്ലെന്ന് അന്നത്തെ സെക്രട്ടറി വെളിയം ഭാർ‍ഗവൻ പലതവണ പറഞ്ഞത് ഓർക്കുന്നു’. 

 കരുണാകരന്റെ ഏതു നടപടിയാകും സിപിഎമ്മിനെ ഏറെ അദ്ഭുതപ്പെടുത്തിയിരിക്കുക? കോടിയേരി പ്രതികരിച്ചു: ‘അദ്ദേഹത്തിന്റെ ഏക്കാലത്തെയും കടുത്ത പ്രതിയോഗികളിലൊരാൾ എം.വി.രാഘവനായിരുന്നു. സിപിഎമ്മിൽനിന്ന് എംവിആറിനു പുറത്തുപോകേണ്ടിവന്നപ്പോൾ, പഴയതെല്ലാം മറന്ന് അദ്ദേഹത്തിനു രാഷ്ട്രീയ അഭയംനൽകാൻ മുന്നിട്ടിറങ്ങിയതു കരുണാകരനാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കരുണാകരനു സമം കരുണാകരനാണ് എന്നു പറയാൻ മടിയില്ല’.