Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്: സുപ്രീം കോടതി തീരുമാനം നിർണായകം; ‘മരുന്ന് ’കോടതിവശം

BS-Mavoji-Nottam

മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്’ സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം എടുക്കേണ്ടതു സുപ്രീം കോടതിയാണ്. കേരളത്തിലെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂർത്തിയായെങ്കിലും, മദ്രാസ് ൈഹക്കോടതി വിധി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിസന്ധി, കേരളത്തിലെ വിദ്യാർഥികളെ വലിയതോതിൽ ബാധിക്കാൻ സാധ്യതയില്ലെന്ന് അധികൃതർ പ്രത്യാശ പുലർത്തുമ്പോഴും ഇതിനോടകം പ്രവേശനം നേടിയ കുറെപ്പേരെയെങ്കിലും ബാധിച്ചേക്കാമെന്നാണ് എന്റെ നിരീക്ഷണം.

തമിഴിൽ നീറ്റ് എഴുതിയ എല്ലാ വിദ്യാർഥികൾക്കും 196 മാർക്ക് വീതം അധികം നൽകണമെന്ന വിധി അതേപടി നടപ്പാക്കേണ്ടി വന്നാൽ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിദ്യാർഥികളുടെ അഖിലേന്ത്യാ നീറ്റ് റാങ്കിൽ മാറ്റമുണ്ടാകാം. റാങ്ക് മാറുമ്പോൾ, അതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങളെയെല്ലാം ബാധിക്കും. പുതിയ അഖിലേന്ത്യാ റാങ്ക് പട്ടികയ്ക്കൊപ്പം പുതിയ സംസ്ഥാന റാങ്ക് പട്ടികകളും കാറ്റഗറി ലിസ്റ്റുകളും തയാറാക്കേണ്ട സാഹചര്യമുണ്ടാകാം. അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള മെഡിക്കൽ പ്രവേശനത്തെയാണ് ഇതു സാരമായി ബാധിക്കുക. കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തെ ഇത് എത്രത്തോളം ബാധിക്കുമെന്ന് വിധി നടപ്പാക്കുമ്പോഴേ വ്യക്തമാവൂ.

കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ നീറ്റ് റാങ്ക് വച്ചാണ് ഇവിടത്തെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കിയിരിക്കുന്നത്. അഖിലേന്ത്യാ റാങ്ക് മാറിയാലും കേരള റാങ്കിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അഖിലേന്ത്യാ റാങ്ക് പട്ടികയിൽ തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾ മുന്നിലെത്തിയാൽ, ഇപ്പോൾ അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികളിൽ ചിലർക്കെങ്കിലും അവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ, അവർ കേരള റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് ലഭിച്ചവരാണെങ്കിൽ കേരളത്തിൽ പ്രവേശനത്തിന് അർഹതയുണ്ട്. അതിനുള്ള അവസരം അവർക്കു നൽകേണ്ടി വരും. 

അഖിലേന്ത്യാ ക്വോട്ടയിൽനിന്നു കേരളത്തിലേക്കു മടങ്ങേണ്ടി വരുന്നവർക്കായി താഴ്ന്ന റാങ്കുകാരെ ഒഴിവാക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ പ്രവേശന നടപടികളുടെ താളംതെറ്റിക്കും. ഇപ്പോൾ അലോട്മെന്റ് ലഭിച്ച ചിലരെങ്കിലും പുറത്താകാം.

മദ്രാസ് ഹൈക്കോടതി വിധി, സുപ്രീം കോടതി അതേപടി അംഗീകരിക്കുമോ ഇല്ലയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ പ്രശ്നം തീർന്നു. പക്ഷേ, മതിയായ കാരണമുണ്ടെങ്കിൽ മാത്രമേ ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കുകയുള്ളൂ. ശരിയായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈക്കോടതി ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെങ്കിൽ ആ വിധി നിലനിൽക്കും.

അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിലേക്കുള്ള രണ്ടാമത്തെ അലോട്മെന്റ് കേന്ദ്രം നിർത്തി വച്ചിരിക്കുകയാണ്. കേന്ദ്ര അലോട്മെന്റും പ്രവേശനവും കഴിഞ്ഞു സീറ്റ് ഉപേക്ഷിക്കുന്നതിനു വിദ്യാർഥികൾക്കു നൽകിയിരിക്കുന്ന സമയവും ഇതിന് അനുസരിച്ച് നീണ്ടുപോകും. ഈ നടപടികൾ കഴിഞ്ഞാലേ എത്ര സീറ്റ് കേന്ദ്ര ക്വോട്ടയിൽനിന്നു സംസ്ഥാനത്തിനു മടക്കിലഭിക്കുമെന്നു വ്യക്തമാകൂ. 26നു സംസ്ഥാനത്തു നടക്കുന്ന രണ്ടാംഘട്ട മെഡിക്കൽ അലോട്മെന്റിൽ ഈ സീറ്റ് കൂടി ഉൾപ്പെടുത്താനാണു തീരുമാനിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതി വിധിക്കു സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ ഈ നടപടികളെല്ലാം തെറ്റും.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തൊട്ടാകെ മെഡിക്കൽ പ്രവേശനം നടത്തുന്നത്. പ്രവേശനത്തീയതികൾ മാറ്റാനും സുപ്രീം കോടതിക്കാണ് അധികാരം. മദ്രാസ് ഹൈക്കോടതി വിധി അംഗീകരിക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കിൽ അതിനനുസരിച്ച് പ്രവേശനത്തീയതികളും നീട്ടിനൽകും. ഹൈക്കോടതി വിധിയെത്തുടർന്നുള്ള പ്രശ്നങ്ങൾ സുപ്രീംകോടതിയിൽ എത്രത്തോളം മികച്ച രീതിയിൽ സിബിഎസ്ഇ അവതരിപ്പിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും, ഈ വർഷത്തെ പ്രവേശനനടപടികളുടെ ഭാവി. 

മറ്റു സംസ്ഥാനങ്ങളെയും ഈ വിധി ബാധിക്കുന്ന സാഹചര്യത്തിൽ അവർ ഈ കേസിൽ കക്ഷിചേർന്നു തങ്ങൾക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ സുപ്രീംകോടതി മുൻപാകെ അവതരിപ്പിക്കുന്നതു നന്നായിരിക്കും. അങ്ങനെ ചെയ്താൽ, ആ പ്രശ്നങ്ങൾകൂടി പരിഗണിച്ചായിരിക്കും സുപ്രീംകോടതി ഉത്തരവ്.

(മുൻ പ്രവേശനപരീക്ഷാ കമ്മിഷണറായ ലേഖകൻ, നിലവിൽ പട്ടികജാതി–വർഗ കമ്മിഷൻ ചെയർമാനാണ്)