Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേറിട്ട വിപ്ലവകാരി: നെൽസൻ മണ്ടേലയുടെ ജന്മശതാബ്ദി ഇന്ന്

nelson-mandela

വിമോചകന് വാഗ്ദത്തഭൂമി വിദൂരദർശനം മാത്രമായിരിക്കും. മോശയ്ക്കു കാനാൻദേശത്തു പ്രവേശിക്കാനായില്ല. സ്വതന്ത്രഭാരതത്തിൽ ഗാന്ധിജിക്ക് ആറു മാസം തികയ്ക്കാനായില്ല. നെൽസൻ മണ്ടേല വ്യത്യസ്തനായി. വർണവിവേചനത്തിന്റെ കോട്ടകൾ തകർത്തുകൊണ്ട് സ്വതന്ത്രമായ സ്വന്തം നാടിന്റെ പ്രഥമ പ്രസിഡന്റായിരിക്കാൻ അദ്ദേഹത്തിനു സൗഭാഗ്യമുണ്ടായി. റോബൻ ദ്വീപിലെ കഠിനവും ക്രൂരവുമായ ഏകാന്ത തടവിന്റെ കാലം പിന്നിട്ട് മണ്ടേല എന്ന ‘മാഡിബ’ സ്വന്തം നാട്ടിലെത്തിയത് അനിഷേധ്യനായ ജനനേതാവും രാഷ്ട്രത്തലവനും എന്ന നിലയിലാണ്. മണ്ടേലയുടെ ഗോത്രപ്പേരാണ് മാഡിബ. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹത്തെ ആദരപൂർവം വിളിക്കുന്നത് ഈ പേരിലാണ്.

2013ൽ അന്തരിച്ച മണ്ടേലയുടെ ജന്മശതാബ്ദിയാണിന്ന്. 1918 ജൂലൈ 18ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് ജൊഹാനസ്ബർഗിൽ മണ്ടേലയെ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നത്. വൈറ്റ്ഹൗസിൽ കറുപ്പ് സാധ്യമായതും അക്കാര്യം ലോകത്തിന് അവിശ്വസനീയമാകാതിരുന്നതും, അതിനു മുൻപേ ജൊഹാനസ്ബർഗിൽ കറുപ്പിന്റെ കരുത്തും അഴകും കണ്ടതുകൊണ്ടാണ്.  

എപാർറ്റൈഡ് (Apartheid) എന്നറിയപ്പെട്ടിരുന്ന വർണവിവേചനമായിരുന്നു ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നത്. നീതിരഹിതമായ ആ ഇരുട്ടിൽനിന്നാണ് മഹാത്മാഗാന്ധി എന്ന തേജസ് ഉദിച്ചുയർന്നത്. ഗാന്ധിജിയുടെ പാതയിലാണു മണ്ടേല സഞ്ചരിച്ചത്. അങ്ങനെ അദ്ദേഹം വിശ്വശാന്തിയുടെ പ്രതീകമായി, അനുരഞ്ജനത്തിന്റെ പ്രവാചകനായി. 1993ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഡിക്ലർക്കുമായി അദ്ദേഹം പങ്കിട്ടു. ലോകമെങ്ങുമുള്ള പൗരാവകാശപ്രവർത്തകരുടെ അടങ്ങാത്ത ആവേശമായി മാറി മണ്ടേല. ഡിക്ലർക്കിനെ പിന്തുടർന്ന് സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. അഞ്ചു കൊല്ലം മാത്രമാണ്  അദ്ദേഹം ആ  പദവി വഹിച്ചത്. 

ഇന്ത്യയിലെ ബ്രിട്ടിഷുകാർ ഗാന്ധിജിയെ മനസ്സിലാക്കിയതു പോലെ ആയിരുന്നില്ല, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർ മണ്ടേലയെ മനസ്സിലാക്കിയത്. മണ്ടേലയുടെ വിപ്ലവപ്പോരാട്ടത്തെ അവർ ഭീകരപ്രവർത്തനമായി കണ്ടു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ തീവ്രമുഖമായിരുന്നു മണ്ടേലയുടേത്. അതുകൊണ്ട് അദ്ദേഹത്തിന് 27 വർഷം ജയിലിൽ കഴിയേണ്ടിവന്നു. അതിൽ 18 വർഷം റോബൻ ദ്വീപിലായിരുന്നു. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ എന്നാണ് മണ്ടേലയുടെ ആത്മകഥയുടെ പേര്. സ്വാതന്ത്ര്യയാത്രികർക്ക് ആവേശം പകരുന്ന പാഥേയമാണ് മണ്ടേലയുടെ ജീവിതവും ജീവിതകഥയും. 

1964ൽ റിവോണിയയിൽ നടന്ന പ്രസിദ്ധമായ വിചാരണയിൽ, തടവുകാരനായ മണ്ടേല നടത്തിയ പ്രസംഗം, പ്രതിക്കൂട്ടിൽനിന്നു കാസ്‌ട്രോ നടത്തിയ പ്രസംഗംപോലെ ലോകമെങ്ങുമുള്ള സ്വാതന്ത്ര്യപ്പോരാളികൾക്ക് ആവേശം പകരുന്നതായിരുന്നു. അവർ നിർഭയം പറഞ്ഞതുപോലെ, ചരിത്രം അവരെ കുറ്റവിമുക്തരാക്കി. വാഷിങ്ടനിൽ മാർട്ടിൻ ലൂഥർ കിങ് നടത്തിയ സ്വപ്‌നഭാഷണത്തിനു സമാനമായ വികാരമാണ് റിവോണിയയിലെ മണ്ടേലയുടെ പ്രസംഗം സൃഷ്ടിച്ചത്. സ്വതന്ത്രമായ ജനാധിപത്യസമൂഹത്തെക്കുറിച്ചുള്ള ചിന്തയും പ്രതീക്ഷയുമാണ് മണ്ടേല അവതരിപ്പിച്ചത്. വിപ്ലവകാരിയുടെ മാനവികതയാണ് ആ പ്രസംഗത്തിൽ നിറഞ്ഞുനിന്നത്. ചരിത്രം രചിക്കപ്പെടുന്ന അപൂർവ സന്ദർഭമായിരുന്നു അത്. 

ന്യൂനപക്ഷമായ വെള്ളക്കാർ ഭൂരിപക്ഷത്തെ കീഴ്‌പെടുത്തി ഭരിച്ചിരുന്ന അവസ്ഥയായിരുന്നു എപാർറ്റൈഡ്. അമേരിക്കയിലെ വർണവിവേചനത്തെക്കാൾ ദൂഷിതമായിരുന്നു അത്. അതിനെതിരെയുള്ള പോരാട്ടമായിരുന്നു മണ്ടേലയുടേത്. എപാർറ്റൈഡ് അവസാനിക്കുകയും ജനാധിപത്യത്തിലൂടെ ഭൂരിപക്ഷമായ കറുത്തവർഗത്തിന്റെ ഭരണം സ്ഥാപിതമാവുകയും ചെയ്തപ്പോൾ മണ്ടേല പ്രതികാരത്തിന്റെ വഴിയേ പോയില്ല. അദ്ദേഹത്തിന് തീർക്കാനോ കൂട്ടാനോ കണക്കുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അനുരഞ്ജനത്തിന്റെ വഴിയിലൂടെയാണ് അദ്ദേഹം തന്റെ ജനതയെ നടത്തിയത്. ഈ മനോഭാവമാണ് അദ്ദേഹത്തെ ചരിത്രത്തിലെ വേറിട്ട വിപ്ലവകാരിയാക്കിയത്. വിപ്ലവം വിപ്ലവത്തിന്റെ സന്തതികളെ തിന്നൊടുക്കുമെന്ന ഫ്രാൻസിലെ വിപ്ലവപാഠം അദ്ദേഹം പഠിച്ചിരുന്നിരിക്കാം.

അസാധ്യമായതിനെ സാധ്യമാക്കുകയും പൊരുത്തപ്പെടാത്തവയെ പൊരുത്തപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ചരിത്രത്തിലെ അവിസ്മരണീയരായ മഹാരഥന്മാരുടെ നീണ്ട നിരയാൽ സമൃദ്ധമായ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു നെൽസൻ മണ്ടേല. അടിമത്തത്തിന്റെ കൂരിരുട്ടിൽ മാനവികതയുടെ നക്ഷത്രം തെളിയുമെന്ന പ്രതീക്ഷയാണ് മണ്ടേലയെ നിലനിർത്തിയത്. 

കന്യൂട്ട് രാജാവ് തിരകളോടു പിന്നാക്കം പോകാൻ വിഫലമായി ആജ്ഞാപിച്ചു. റോബൻ ദ്വീപിലെ ഏകാന്തതയിൽ മണ്ടേല തിരകളോട് ഉറക്കെ സംസാരിച്ചുകൊണ്ട് തന്റെ പ്രൗഢമായ ശബ്ദവും ആത്മവീര്യവും നിലനിർത്തി. അങ്ങനെയാണ് അദ്ദേഹം വ്യത്യസ്തനായത്. സെന്റ് ഹെലേനയിലെ തടവിൽ നെപ്പോളിയന്റെ ജീവിതം അവസാനിച്ചു; റോബൻ ദ്വീപിൽ മണ്ടേലയുടെ ജീവിതം തുടങ്ങുകയായിരുന്നു.