Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിൽ എസ്ഡിപിഐ നുഴഞ്ഞുകയറ്റം; ഇനി ജാഗ്രത: കോടിയേരി

kodiyeri കോടിയേരി ബാലകൃഷ്ണൻ

?അഭിമന്യുവധം പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ ക്യാംപെയ്നു നിമിത്തം പോലെയായി. ഇത്തരമൊരു നിലപാട് സിപിഎം സ്വീകരിക്കാൻ വൈകിപ്പോയെന്ന വിമർശനമുണ്ടല്ലോ. 

എസ്ഡിപിഐക്കെതിരെ എൽഡിഎഫ് എടുത്തുവന്ന ശക്തമായ നിലപാടിനു തെളിവാണ് വിഎസ് സർക്കാരിന്റെ കാലത്ത് കൈവെട്ടുകേസിൽ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികൾ. എന്നാൽ, പിന്നീട് യുഡിഎഫ് സർക്കാരിന്റെ തണലിൽ പല രൂപത്തിൽ അവർ വളരുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. 

കൈവെട്ടു കേസിനെതിരെ എൽഡിഎഫ് സർക്കാരെടുത്ത നിലപാടിനോടുള്ള അമർഷം പ്രകടിപ്പിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ യുഡിഎഫിനെയാണു സഹായിച്ചത്. അതിനു പ്രത്യുപകാരമായി പല കേസുകളും ഒഴിവാക്കിക്കൊടുത്തു. ആ അഞ്ചുവർഷം അവസരമായി ഉപയോഗിച്ച് അവർ വളരുകയും എല്ലാ പാർട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറാൻ ആരംഭിക്കുകയും ചെയ്തു.  

? സിപിഎമ്മിലും നുഴഞ്ഞുകയറിയെന്ന ആക്ഷേപമാണ് ഇപ്പോഴുള്ളത്.

അതു ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത് വാട്സാപ് വഴി ആഹ്വാനം ചെയ്ത ഹർത്താലിന്റെ സമയത്താണ്. കഠ്‌വ സംഭവത്തെത്തുടർന്നായിരുന്നല്ലോ അത്. കൊല്ലപ്പെട്ടതു മുസ്‌ലിം പെൺകുട്ടിയും ആരോപണവിധേയർ ആർഎസ്എസുമായി ബന്ധമുള്ളവരുമായിരുന്നെങ്കിലും, ഇവിടെ വർഗീയവികാരം ഇളക്കിവിടുന്ന പ്രചാരവേല സംഘടിപ്പിച്ചത് ആർഎസ്എസുകാരായ ആറുപേരടങ്ങുന്ന വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പായിരുന്നു. കലാപമുണ്ടാക്കാനുളള ആർഎസ്എസിന്റെ നീക്കമായിരുന്നു അത്. എസ്ഡിപിഐ ഈ സന്ദേശങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോൾ എല്ലാ പാർട്ടികളിലും പെട്ടവർ അത് ഏറ്റെടുത്തു. 

അങ്ങനെ അറസ്റ്റിലായ അഞ്ഞൂറോളം പേരിൽ‍ കൂടുതലും എസ്ഡിപിഐക്കാരാണ്. കോൺഗ്രസുകാരും ലീഗുകാരുമെല്ലാം അതിലുണ്ട്; ഒപ്പം സിപിഎമ്മിന്റെ അനുഭാവികളും. ഇവരുടെ പാർട്ടിബന്ധം പരിശോധിച്ച പൊലീസ് റിപ്പോർട്ടിൽ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തുടർന്ന് ഞങ്ങളതു ഗൗരവമായി പരിശോധിച്ചു. മനസ്സിലായത്, അതിൽ ചിലർ‍ നേരത്തേ എസ്ഡിപിഐ ബന്ധമുള്ളവരാണെന്നാണ്. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് ആ വാട്സാപ് പ്രചാരവേല ഏറ്റെടുത്തത്. 

മറ്റു പാർട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതു സംഭവിച്ചത്. പൊലീസിന്റെ ശക്തമായ ഇടപെടലാണു വാട്സാപ് ഹർത്താൽ വഴിയുള്ള വർഗീയ കലാപനീക്കം പൊളിച്ചത്. 

? ഇതിൽ പാർട്ടി അംഗങ്ങളും പെട്ടുപോയിട്ടുണ്ടോ. 

പാർട്ടി അംഗങ്ങൾ ഉണ്ടായിട്ടില്ല. അനുഭാവികളുണ്ടായിട്ടുണ്ട്. ഇതിൽപെട്ടവരെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിൽനിന്നും സിപിഎം മാറ്റിനിർത്തി. മൂന്നു നാല് ജില്ലകളിലാണ് ഇതു സംഭവിച്ചത്. 

? ഇതേ നുഴഞ്ഞുകയറ്റ ആക്ഷേപം അഭിമന്യുവധവുമായി ബന്ധപ്പെട്ടുമുണ്ടായിട്ടുണ്ട്. 

ഇതു സംബന്ധിച്ചുള്ള വാർത്തകൾ പ്രത്യേകം പരിശോധിക്കുകയാണ്. ഇതിൽപെട്ട ചിലർ ഇടക്കാലത്ത് എസ്എഫ്ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ശ്രമിച്ചു എന്നാണല്ലോ ആക്ഷേപം. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷിക്കാൻ ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയിട്ടുണ്ട്. 

? സിപിഎമ്മിലേക്ക് ഇങ്ങനെയുള്ളവർ കടന്നുകയറുന്നത് അത്ര എളുപ്പമല്ലല്ലോ. പല പരിശോധനകൾ കഴി‍ഞ്ഞല്ലേ, പാർട്ടി അംഗത്വം.

പാർട്ടിയിലേക്ക് അങ്ങനെ ആരെയും വെറുതെ എടുക്കാൻ കഴിയില്ലല്ലോ. എന്നാൽ, എസ്എഫ്ഐയും ഡിവൈഎഫ്ഐയും പോലുള്ള സംഘടനകൾ, ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം കൊടുക്കുന്നവയാണ്. ആ സാധ്യതയാണ് ഉപയോഗിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ ഈ സംഘടനകളിലെ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

? തദ്ദേശസ്ഥാപനങ്ങളിലെ എസ്‍ഡിപിഐ കൂട്ടുകെട്ടും സിപിഎമ്മിനെതിരെ ആക്ഷേപമായി ഉയർന്നു. 

ആ ആരോപണം വസ്തുതാപരമല്ല. എസ്ഡിപിഐയുമായി ഒരു കാലത്തും സിപിഎം ബന്ധമുണ്ടാക്കിയിട്ടില്ല. എന്നാൽ, അവരുടെ അംഗങ്ങൾ ആർക്കെങ്കിലുമൊക്കെ ഇങ്ങോട്ടു പിന്തുണ പ്രഖ്യാപിക്കുന്ന രീതിയുണ്ട്. അതിലെ അപകടം തിരിച്ചറിഞ്ഞ് സ്ഥാനം രാജിവയ്ക്കാൻ സിപിഎം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണ ആശ്രയിച്ചു മാത്രം നിലനിൽപുള്ള സ്ഥാനങ്ങൾ വേണ്ടെന്നാണു ഞങ്ങൾ  തീരുമാനിച്ചിട്ടുള്ളത്. 

? ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ, എൽഡിഎഫിന് ആയിരുന്നുവെന്നാണ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി. എ. മജീദ് ആരോപിച്ചത്. 

എസ്ഡിപിഐ അവിടെ ആർക്കെങ്കിലും പിന്തുണ പ്രഖ്യാപിച്ചതായി ഞങ്ങൾക്കു വിവരമില്ല. അവർ അവിടെ ഒരു ഘടകമായിരുന്നില്ല. അതേസമയം, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പി‍ൽ മുസ്‌ലിം ലീഗിന് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

?നിയമസഭയിലേക്ക് ജയിച്ചുവന്ന സിപിഎം സ്വതന്ത്രരിൽ പലരും എസ്ഡിപിഐക്കു താങ്ങും തണലുമായവരാണെന്ന ഗുരുതരമായ ആരോപണവും ലീഗ് ജനറൽ സെക്രട്ടറിയിൽ‍ നിന്നുണ്ടായി.

അവരാരുംതന്നെ എസ്ഡിപിഐയുടെ പിന്തുണ തേടിയവരോ, ആ പാർട്ടിയുടെ പിന്തുണ ലഭിച്ചവരോ ആയിരുന്നില്ല. ബോധപൂർവം ലീഗ് വ്യാജപ്രചാരണം നടത്തുകയാണ്. 

?യുഡിഎഫിലുള്ള തങ്ങളെ കിട്ടാത്തതുകൊണ്ട് മുസ്‌ലിം വോട്ടുകൾ നേടിയെടുക്കാൻ ഭീകരവാദ ശക്തികളുമായി സിപിഎം ഒളി‍ഞ്ഞും തെളിഞ്ഞും നടത്തുന്ന ബന്ധത്തിന്റെ ബാക്കിപത്രമാണ് അഭിമന്യുവധം എന്നുവരെ ലീഗ് ആരോപിക്കുന്നു. 

1985 മുതൽ സിപിഎം എടുത്തുവരുന്ന നയം, ജാതിമത ശക്തികളുമായി ഒരു കൂട്ടുകെട്ടുമില്ലെന്നതാണ്. അധികാരത്തിനു വേണ്ടിയാണെങ്കിൽ മുസ്‌ലിം ലീഗുമായിത്തന്നെ കൂട്ടുകൂടാമായിരുന്നല്ലോ? ലീഗ് തന്നെ ഒരു മതമൗലികവാദി പാർട്ടിയാണ്. അതുകൊണ്ടാണ് അവരുമായി ബന്ധപ്പെടാത്തത്. ലീഗുമായി കൂടാത്ത ഞങ്ങൾ തിരഞ്ഞെടുപ്പു ജയിക്കാനായി ജനപിന്തുണയില്ലാത്ത ഇത്തരക്കാരുമായി കൂടുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്?

? ഇത്ര ശക്തമായി ഇവരെ എതിർക്കുമ്പോഴും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെ സിപിഎം പിന്തുണയ്ക്കുന്നില്ല എന്ന വൈരുധ്യം ചിലർ ചൂണ്ടിക്കാണിക്കുന്നു.

ഒരു സംഘടനയെയും നിരോധിക്കുന്നതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഇതു ഭീകരവാദ ആശയമാണ്. അത്തരം ആശയക്കാരെ ഒറ്റപ്പെടുത്തുകയാണു വേണ്ടത്. 

വർഗീയതയുടെ പേരിൽ ആരെയെങ്കിലും നിരോധിക്കണമെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണ്. അവരെ നിരോധിക്കാതെ എസ്ഡിപിഐയെ നിരോധിക്കുമ്പോൾ അതു വിപരീതഫലമേ ഉണ്ടാക്കൂ.

? കേസിൽ യുഎപിഎ ചുമത്തുന്നതിനെയും സിപിഎം അനുകൂലിക്കുന്നില്ലല്ലോ.

എല്ലാ കേസിലും യുഎപിഎ ചുമത്തുന്ന രീതി ഞങ്ങൾ അംഗീകരിക്കുന്നില്ല. സിപിഎമ്മിനു നേരെ ഇതു ദുരുപയോഗം ചെയ്തപ്പോൾ, ഞങ്ങൾ അതിനെ എതിർത്തവരാണ്. ഭീകരപ്രവർത്തനത്തിനെതിരെ ഇതു ചുമത്തണം. കൈവെട്ടുകേസിൽപെട്ടവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാൽ എൻഐഎ കേസ് ഏറ്റെടുക്കേണ്ട സ്ഥിതി വരും.

related stories