Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുങ്ങിപ്പുറപ്പെട്ട ട്രംപും ഒരുവിധമായ അമേരിക്കയും

Donald Trump, Vladimir Putin

ഡോണൾഡ് ട്രംപ് അർബുദത്തിനുള്ള മരുന്നു കണ്ടുപിടിച്ചാൽപോലും അദ്ദേഹത്തിന്റെ ജനസമ്മിതി കൂടുമെന്നു തോന്നുന്നില്ലെന്നു പറഞ്ഞത് ടെക്സസിലെ സാൻ ആന്റോണിയോയിൽ വച്ചു പരിചയപ്പെട്ട അമേരിക്കക്കാരിയാണ്. സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിലുള്ള ആ മുതിർന്ന വനിത, ട്രംപിനെ പ്രസിഡന്റായി അംഗീകരിച്ചിട്ടില്ല.

അങ്ങനെയാണെങ്കിൽ, മുൻ പ്രസിഡന്റ് ബറാക് ഒബാമയെക്കുറിച്ചു തൃപ്തിയായിരിക്കുമല്ലോ എന്നു ചോദിച്ചാൽ അതുമല്ല. ഒബാമ കെയർ ചികിൽസാ വിപ്ലവം അവർക്ക് ഒട്ടും പിടിച്ചിട്ടില്ല. ഒബാമ കെയർ മൂലം തക്കസമയത്തു ചികിൽസകിട്ടി ജീവിതത്തിലേക്കു മടങ്ങിയെത്തിയ ഉറ്റകൂട്ടുകാരി ഒബാമയെ പ്രശംസിക്കുമ്പോൾ അവർ അക്ഷമയോടെ പുരികം ചുളിക്കുന്നു. ഒബാമ കെയറിനു വേണ്ടി നികുതിപ്പണം കൊടുക്കേണ്ടി വരുന്നതിലെ അതൃപ്തിയാണ് സാൻ ആന്റോണിയയിലെ വനിതയുടെ ഒബാമവിരോധത്തിനു കാരണമെങ്കിൽ, മറ്റു ചിലർക്കു മുൻ പ്രസിഡന്റിനോടുള്ള ഇഷ്ക്കേടിനു കാരണം മറ്റൊന്നാണ്.

ട്രംപ് അധികാരത്തിലെത്തിയതു മുതൽ കുടിയേറ്റ പ്രശ്നം ഇത്രമാത്രം രൂക്ഷമാകാൻ കാരണം ഒബാമയാണെന്നു കരുതുന്നവരാണിവർ. ഒബാമ കുടിയേറ്റനിയമം കൊണ്ടുവന്നിരുന്നെങ്കിൽ മെക്സിക്കോ അതിർത്തിയിലുൾപ്പെടെയുള്ള രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നെന്നാണ് ഇവർ വാദിക്കുന്നത്.

കുടിയേറ്റക്കാരില്ലാതെ എന്ത് അമേരിക്ക!

കുടിയേറ്റമെന്ന വിവാദവിഷയം ഒബാമ സ്പർശിക്കാതെ വിട്ടത് വലിയൊരബദ്ധമായിരുന്നെന്നു പറയുന്നവരിൽ മെക്സിക്കൻ ആൻഡ് അമേരിക്കൻ തിങ്കിങ് ടുഗദർ (മാറ്റ്) എന്ന സന്നദ്ധസംഘടനയുമുണ്ട്. യുഎസും മെക്സിക്കോയും തമ്മിൽ സാംസ്കാരിക, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ‘മാറ്റ്’ പ്രതിനിധികൾ പറയുന്നത് കുടിയേറ്റക്കാരില്ലെങ്കിൽ അമേരിക്ക ബുദ്ധിമുട്ടുമെന്ന പ്രായോഗിക സത്യമാണ്. അമേരിക്കയിൽനിന്ന് ഇന്ത്യക്കാരെ പുറത്താക്കിയാൽ സർവകലാശാലകളിൽ നല്ല പ്രഫസർമാരെ കിട്ടില്ല. വിയറ്റ്നാം പോലെയുള്ള നാടുകളിൽനിന്നുള്ളവരെ പറഞ്ഞുവിട്ടാൽ കൈ, കാൽ സൗന്ദര്യസംരക്ഷണത്തിനുള്ള പെഡിക്യൂർ, മാനിക്യൂർ മേഖല സ്തംഭിക്കും. വൈദ്യുതിവിതരണ രംഗത്തെ അപകടംപിടിച്ച ജോലികളേറ്റെടുക്കാൻ പിന്നെ ആളുണ്ടാകില്ല. നിർമാണമേഖലയും പ്രതിസന്ധിയിലാകും. കുടിയേറ്റക്കാരില്ലെങ്കിൽ അമേരിക്കയുടെ അവസ്ഥ ഇങ്ങനെയൊക്കെയാണ്. 

കുടിയേറ്റവും ട്രംപിന്റെ കൊടിയേറ്റവും

ട്രംപ് ഇനി നോട്ടമിട്ടിരിക്കുന്നതു കുടിയേറ്റ നിയമത്തിലാണെന്ന സംശയമാണു പലർക്കും. മെക്സിക്കോയിൽനിന്നു യുഎസിലെത്തുന്നവരിൽ എൺപതുശതമാനം പേർക്കും നാട്ടിൽ സ്വന്തമായി വീടുണ്ടെന്നും എന്തെങ്കിലും ജോലി ചെയ്ത് അൽപം പണമുണ്ടാക്കിയ ശേഷം തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരാണെന്നും ‘മാറ്റ്’ വിദഗ്ധർ പറയുന്നു. യുഎസിൽ എത്തുന്ന മെക്സിക്കോക്കാരിൽ 67% യുഎസ് പൗരത്വം മോഹിച്ചു വരുന്നവരല്ല. 33% മാത്രമാണു പൗരത്വം കൊതിക്കുന്നത്. കുടിയേറ്റക്കാർക്കായി പഞ്ചവൽസര വീസ പദ്ധതി വേണമെന്നാണു വിദഗ്ധരുടെ നിർദേശം. അഞ്ചു വർഷത്തെ കാലാവധി കഴിയുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്കുകൂടി വീസ പുതുക്കാം. അതിനുശേഷം യുഎസ് പൗരത്വം സ്വീകരിക്കണോ അതോ തിരികെ നാട്ടിലേക്കു മടങ്ങണോ എന്നു തീരുമാനിക്കാം. 

ഭാഷയും ശരീരഭാഷയും

immigration-protest മെക്സിക്കൻ കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർപിരിക്കുന്ന കുടിയേറ്റ നയത്തിനെതിരെ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നയാൾ. വൈറ്റ്‌ഹൗസിനു മുന്നിൽനിന്നുള്ള കാഴ്ച.

ഡോണൾഡ് ട്രംപിന്റെ സംസാര ശൈലി അമേരിക്കാർക്കു‌തന്നെ ഒരു തമാശയാണ്. കൃത്യമായ വാചകഘടനയില്ല. കഴിഞ്ഞയാഴ്ച മാത്രം ഇംഗ്ലിഷ് ഭാഷ പഠിച്ചയൊരാൾക്കു ശിഷ്യപ്പെട്ട് അതു രണ്ടാം ഭാഷ പോലെ പഠിച്ച തോന്നലാണു ട്രംപിന്റെ ഇംഗ്ലിഷ് കേൾക്കുമ്പോഴെന്ന് അമേരിക്കക്കാർ പറയാറുണ്ട്. വ്യക്തതക്കുറവ്. അതാണു പ്രശ്നം. പക്ഷേ, ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തർക്കു മുന്നിലെത്തിയ ട്രംപിന്റേത് നല്ല തെളിമയുള്ള ഭാഷയായിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ഇന്റലിജൻസ് ഏജൻസികളുടെ വാദം ഒരുതരത്തിലും തനിക്കു പിടികിട്ടുന്നില്ലെന്നാണു പുടിന്റെ മുന്നിൽ വച്ച് ട്രംപ് പ്രഖ്യാപിച്ചത്. അതുകേട്ട ആർക്കും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.

സ്വന്തം ഇന്റലിജൻസ് ഏജൻസികളെ തള്ളിപ്പറഞ്ഞിട്ടു നാട്ടിൽ തിരിച്ചെത്തിയ ട്രംപിനു പക്ഷേ, അടുത്തനിമിഷം അതേ പ്രസ്താവന തിരുത്തേണ്ടിവന്നു. ടിവിയിൽ സംപ്രേഷണം ചെയ്യാനുള്ള പുതിയ പ്രസ്താവനയ്ക്കായി ക്യാമറയ്ക്കു മുന്നിൽ ഇരിക്കുമ്പോൾ, മുറിക്കുള്ളിലെ വെളിച്ചം പെട്ടെന്ന് അണ‍ഞ്ഞു. ഇരുട്ടത്തിരിക്കുമ്പോൾ ട്രംപ് നിഷ്കളങ്കമായി ഒരു തമാശ തട്ടിവിട്ടു: ഇത് ഇന്റലിജൻസ് ഏജൻസികളുടെ പണിയായിരിക്കും!

ജി–7, നാറ്റോ ഉച്ചകോടികളിൽ പങ്കെടുത്തപ്പോഴും ബ്രിട്ടൻ സന്ദർശിച്ചപ്പോഴും ട്രംപ് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ പുതിയ രൂപമായിരുന്നു ഹെൽസിങ്കിയിൽ ലോകം കണ്ടത്. ഹെൽസിങ്കി ഉച്ചകോടി വിജയമാണെന്നാണു ട്രംപിനെപ്പോലെ പുടിനും അവകാശപ്പെട്ടത്. യുഎസും റഷ്യയും തമ്മിലുള്ള ബന്ധം മോശമാക്കാൻ യുഎസിലെ തന്നെ ചില അജ്ഞാത ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും പുടിൻ ആരോപിച്ചു. സ്ഥിരതയുള്ള, ഉത്തരവാദിത്തമുള്ള വിദേശനയമാണു റഷ്യയുടേതെന്നു പറഞ്ഞ് യുഎസിനെ പരോക്ഷമായി കളിയാക്കിയിട്ടുമുണ്ട്.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഉച്ചകോടി നടത്തിയതിനു ട്രംപിനെ പ്രശംസിച്ചെങ്കിലും ഇറാൻ ആണവക്കരാറിൽനിന്നു പിന്മാറിയതിനെ വിമർശിച്ചു. യുഎസ് സംസ്ഥാനങ്ങളിൽ ഈവർഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ റഷ്യൻ ഇടപെടൽ കരുതിയിരിക്കണമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ചീഫിന്റെ മുന്നറിയിപ്പുണ്ട്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്നതിൽ തർക്കമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതേസമയം, യുഎസ്–റഷ്യ സേനകൾ തമ്മിൽ നല്ല മനപ്പൊരുത്തമാണെന്ന മട്ടിൽ ഹെൽസിങ്കിയിൽ ട്രംപ് പറഞ്ഞതിന്റെ ഫലം സിറിയയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നതിന്റെ സൂചനയൊന്നും ഇതുവരെയില്ല.

പിൻ കുറിപ്പ് : കലിഫോർണിയയിലെ സാക്രമന്റോയിൽ, ‘കൗ ബോയ്’ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കുളമ്പടിശബ്ദം കേൾപ്പിക്കുന്ന തെരുവിലുള്ള ഒരു ഫാൻസി കടയുടെ മൂലയ്ക്ക് ട്രംപിന്റെ രൂപത്തിലുള്ള കുറെ കുഞ്ഞു പാവകൾ. ഒന്നു ഞെക്കിയാൽ പാവട്രംപ് ഞരങ്ങും. വികൃതശബ്ദം കേൾപ്പിക്കും. അമേരിക്കക്കാർക്ക് അങ്ങനെയെങ്കിലും പ്രസിഡന്റിനോടുള്ള ദേഷ്യം തീർക്കണമല്ലോ!