Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടാളം തന്നെ എഴുതും, പാക്ക് തിര(ഞ്ഞെടുപ്പ്)ക്കഥ

Nawaz Sharif, Imran Khan നവാസ് ഷരീഫ്, ഇമ്രാൻ ഖാൻ.

പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത് നാളെയാണെങ്കിലും അത് ഇതിനകം നടന്നു കഴിഞ്ഞെന്നാണു സംസാരം. ഇനി വോട്ടെണ്ണിയാൽ മതിയത്രേ. കഴിഞ്ഞ ഏതാനും മാസങ്ങളായി പാക്കിസ്ഥാനിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചാൽ, ഈ പറയുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലാകും. നവാസ് ഷരീഫിനെയും രാഷ്ട്രീയ പിൻഗാമികൂടിയായ മകൾ മറിയത്തെയും മുൻ പട്ടാള ക്യാപ്റ്റനായ അവരുടെ ഭർത്താവിനെയും ജയിലിലടയ്ക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നിൽ, ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽഎൻ) പാർട്ടിയെ തിരഞ്ഞെടുപ്പിൽനിന്ന് അകറ്റിനിർത്താനുള്ള ശ്രമമായിരുന്നു. 

ഷരീഫിന്റെ ഉടമസ്ഥതയിൽ ലണ്ടനിൽ ഫ്ലാറ്റുകളുണ്ടെന്നതിനു രേഖയൊന്നുമില്ലാത്തതിനാൽ, അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ തെളിയിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നു കോടതി വിധിയിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ വളരെ വ്യക്തം. നീതിന്യായവ്യവസ്ഥയും പട്ടാളവും കൈകോർത്തു പാക്കിസ്ഥാനിൽ പുതിയൊരു സിവിൽ–മിലിറ്ററി സമവാക്യത്തിനു വേദിയൊരുക്കുകയാണ്. പട്ടാളം ഔദ്യോഗികമായി ഭരണം പിടിച്ചെടുത്തിട്ടില്ലാത്തപ്പോൾപോലും പട്ടാളനിഴലിലുള്ള രാജ്യത്താണ് ഈ പുതിയ സമവാക്യം ഉടലെടുത്തിരിക്കുന്നത്. 

പട്ടാളത്തിന്റെ പൊറാട്ടുനാടകം 

പാക്ക് സമൂഹത്തിലെ വരേണ്യപദവിയിൽ കടിച്ചുതൂങ്ങിക്കിടക്കാ‍ൻ പട്ടാളത്തിനു മനസ്സാക്ഷിക്കുത്ത് എന്തെങ്കിലുമുള്ളതായി അറിവില്ല. പാക്കിസ്ഥാന്റെ രൂപീകരണം മുതൽ അവിടത്തെ പട്ടാളത്തിന് രാഷ്ട്രസംരക്ഷകരായുള്ള പൊറാട്ടുനാടകത്തിനു പിന്നിൽ സ്വന്തമായി ഒരു അജൻഡയുണ്ടെന്നതു രഹസ്യമല്ല. എന്നാൽ, പട്ടാളഅട്ടിമറികളെല്ലാംതന്നെ പ്രാരംഭഘട്ടത്തിൽ സ്വാഗതം ചെയ്യപ്പെടുന്ന ഒരു സ്ഥിതിവിശേഷം പാക്കിസ്ഥാനിലുണ്ടുതാനും. ഉൾപ്പാർട്ടി കലഹങ്ങളുമായി കഴിയുന്ന രാഷ്ട്രീയക്കാരുടെ പിടിപ്പുകേട് ഇതിനൊരു പ്രധാനകാരണമായിട്ടുണ്ട്. 

Pakistan-election

1958ൽ, അയൂബ് ഖാൻ നടത്തിയ ആദ്യത്തെ അട്ടിമറിക്കു മുൻപുള്ള കാലം രാഷ്ട്രീയ അരക്ഷിതാവസ്ഥയുടേതായിരുന്നു. എഴുവർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ വന്നുപോയി. സുൾഫിക്കർ ഭൂട്ടോയുടെ ഏകാധിപത്യ പ്രവണതകൾക്കു തടയിടാനാണു ജനറൽ സിയ ഇടപെട്ടത്. കാർഗിൽ ദൗർഭാഗ്യത്തിന്റെ കുറ്റം മുഴുവൻ തലയിൽ കെട്ടിവച്ചപ്പോഴാണ് നവാസ് ഷരീഫിനെ അട്ടിമറിച്ചു പർവേസ് മുഷറഫിന്റെ രംഗപ്രവേശം. ഷരീഫിന്റെ ആദ്യ ഭരണകാലത്ത്, രാഷ്ട്രീയകലഹങ്ങളായിരുന്നു അദ്ദേഹത്തെ താഴെയിറക്കിയത്. പട്ടാളപിന്തുണയുള്ള ഇഷഖ് ഖാനു വേണ്ടി ഷരീഫ് അന്നു പുറത്താക്കപ്പെട്ടു. രണ്ടാം ഭരണകാലത്ത് പട്ടാളഅട്ടിമറി; തൊട്ടുപിന്നാലെ പ്രവാസം. ഇപ്പോഴിതാ, മൂന്നാം തവണ ഭരണത്തിലെത്തിയപ്പോ‍ൾ കോടതിയുടെ അട്ടിമറിയിലൂടെ ജയിൽവാസം. ഷരീഫെന്നല്ല, പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ല. 

ഇമ്രാൻ പ്രിയങ്കരൻ 

രാഷ്ട്രീയഭൂമികയിൽനിന്നുതന്നെ ഷരീഫിനെ എടുത്തുമാറ്റിയതിലൂടെ പ്രധാനമന്ത്രിപദത്തിലേക്ക് ഇമ്രാൻ ഖാന്റെ സ്വൈരസഞ്ചാരം ഉറപ്പുവരുത്തിയിരിക്കുകയാണു പട്ടാളം. ഇമ്രാനാണ് ഇപ്പോൾ പട്ടാളത്തിന്റെ പ്രിയങ്കരൻ. ഭൂട്ടോയുടെ പാർട്ടി നാമമാത്രമായ സ്ഥിതിക്ക് ഇമ്രാനു മുന്നിൽ കാര്യമായ തടസ്സങ്ങളില്ല. രാജ്യത്തുടനീളം 3,70,000 സുരക്ഷാഭടന്മാരെ വിന്യസിച്ചുകൊണ്ട്, മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത തിരഞ്ഞെടുപ്പു സുരക്ഷയാണു പട്ടാളം ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള പട്ടാളമോഹം ഈ പുകമറയ്ക്കു പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. തിരഞ്ഞെടുപ്പു റാലികൾക്കിടെ, നൂറുകണക്കിനാളുകളുടെ ജീവനെടുത്തു ബോംബ് സ്ഫോടനങ്ങൾ അരങ്ങേറുമ്പോൾ, രാജ്യത്തെ അരക്ഷിതാവസ്ഥയെപ്പറ്റി പട്ടാളത്തിന്റെ അവകാശവാദങ്ങൾക്ക് അടിവര വീഴുന്നു. എന്നാൽ, ആക്രമണങ്ങൾക്കു വളരെ മുൻപുതന്നെ, തിരഞ്ഞെടുപ്പിൽ അവരാഗ്രഹിക്കുന്ന ഫലത്തിനായി കരുനീക്കാൻ, മുൻകാലങ്ങളിൽ ശ്രമിച്ചതുപോലെതന്നെ പട്ടാളം വ്യഗ്രത കാട്ടിയിരുന്നെന്നു വ്യക്തമാണ്. 

രണ്ട് അട്ടിമറികൾക്കും സുദീർഘകാലത്തെ സൈനികഭരണത്തിനും ശേഷം, തങ്ങൾ ആഗ്രഹിക്കുംവിധം സൈനികേതരഭരണത്തിന്റെ കപടമുഖം ഒരുക്കിയെടുക്കണമെന്നു സിയ ഉൽ ഹക്കിനുശേഷം പട്ടാള മേധാവിയായ ജനറൽ അസ്‌ലം ബേഗ് തീരുമാനമെടുത്തിരുന്നു. എന്നിരുന്നാലും, നിയന്ത്രിതമായ ജനാധിപത്യം തന്നെയാണ് അവർ ആഗ്രഹിച്ചത്. 1988ലെ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കാനായി അവർ ബേനസീർ ഭൂട്ടോയ്ക്കും അവരുടെ പിപിപി പാർട്ടിക്കും വിലങ്ങുതടിയാകാൻ ആകുന്നതെല്ലാം ചെയ്തു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കുമെന്നു ബേനസീറിന് ഉറപ്പുനൽകിയ ശേഷമായിരുന്നു ഇത്. 

ഇതിനിടെ, കുപ്രചാരണങ്ങളും വിലകുറഞ്ഞ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയ ഐഎസ്ഐയാകട്ടെ, ജനറൽ സിയയുടെ ഭരണത്തെ പിന്തുണച്ചിരുന്ന വ്യക്തികളുടെയും പാർട്ടികളുടെയും സഖ്യമായ ഐജെഐക്കു സാമ്പത്തികസഹായം വരെ ചെയ്തുകൊടുത്തു. അന്നത്തേതിനു സമാനമായ രീതിയിൽ ഈ തിരഞ്ഞെടുപ്പിലും എതിർപ്പുകളുടെ വായടയ്ക്കാൻ പട്ടാളം ശ്രമിക്കുന്നു. ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്കും എതിരെ ഉയർന്നുവരുന്ന വിമർശനസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ഏതറ്റംവരെ പോകാനും അവർ തയാറാണ്. മാധ്യമങ്ങളെപ്പോലും സെൻസർഷിപ്പും ഭീഷണികളും കൊണ്ടു നിയന്ത്രിക്കാൻ ശ്രമം. 

ഇഷ്ടമല്ല ഷരീഫിനെ 

പട്ടാളത്തിനു ഷരീഫിനോടുള്ള അനിഷ്ടത്തിനു പിന്നിൽ കാരണങ്ങൾ പലതുണ്ട്. പട്ടാളത്തിന്റെ ഇന്ത്യാവിരുദ്ധ അജൻഡയെ വെല്ലുവിളിക്കാൻ അദ്ദേഹം നടത്തിയിട്ടുള്ള നിരന്തരശ്രമമാണ് വിദ്വേഷത്തിനുള്ള ഒരു കാരണം. പാക്ക് നിയമസഭയിലേക്കു പ്രതിനിധികളെ തിരഞ്ഞെടുത്തുവിടുന്ന നിയോജകമണ്ഡലങ്ങൾ ഏറ്റവുമധികമുള്ള പഞ്ചാബ് സംസ്ഥാനത്ത് ഷരീഫിനുള്ള വൻസ്വാധീനമാണു മറ്റൊന്ന്. പിന്നെ, സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പു നടന്നാൽ ഷരീഫ് അനായാസം അധികാരത്തിൽ തിരിച്ചെത്തുമെന്ന ഭയവും. അതുകൊണ്ടാണ്, എളുപ്പം വളയ്ക്കാവുന്ന ഒരു പുതുമുഖപ്രതിഭയെ പട്ടാളം പിന്തുണയ്ക്കുന്നത്. 

മൂന്നു പതിറ്റാണ്ടു മുൻപു നവാസ് ഷരീഫായിരുന്നു ആ സ്ഥാനത്തെങ്കിൽ, ഇത്തവണ അത് ഇമ്രാൻ ഖാനാണ്. വർണശബളമായ ഭൂതകാലവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവാദങ്ങൾക്കുമതീതമായി പട്ടാളം ഇപ്പോൾ ഇമ്രാനൊപ്പമാണ്. ഇതിനുപുറമെയാണ് പട്ടാളത്തിന്റെ കയ്യിലുള്ള തീവ്രവലതുപക്ഷക്കാരായ ഇഷ്ടക്കാരുടെ നീണ്ടനിര. ഹാഫിസ് സയീദിന്റെ മില്ലി മുസ്‍ലിം ലീഗും, തീവ്ര വർഗീയത പരത്തിയ സിപാഹ സാഹബയുടെ പുതിയ അവതാരമായ അഹ്‌ലെ സുന്നത്ത്‌വൽ ജമാഅത്തും ഇതിൽ ചിലതു മാത്രം. രാഷ്്ട്രീയാധികാരം കൈപ്പിടിയിൽ വയ്ക്കാനുള്ള പാക്ക് പട്ടാളത്തിന്റെ അഭിനിവേശത്തിനു പിന്നിലെ യഥാർഥ കാരണം, സാമ്പത്തികസാമ്രാജ്യം ഭദ്രമാക്കി വയ്ക്കാനുള്ള വ്യഗ്രതയാണ്. പാക്ക് സൈന്യം രൂപംകൊണ്ടതിനു തൊട്ടുപിന്നാലെ, ഫൗജി ഫൗണ്ടേഷൻ പോലെയുള്ള അനുബന്ധ കൂട്ടായ്മകൾ പിറന്നത് രാജ്യത്തുടനീളം ബിസിനസുകളിലും സാമ്പത്തിക ഇടപാടുകളിലും ഭാഗമാകാൻ പട്ടാളത്തിനു വഴിയൊരുക്കാനായിരുന്നു. ഇന്ന്, ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ പാ‌ക്ക് പട്ടാളത്തിന്റെ കയ്യിലാണ്. പാക്കിസ്ഥാൻ സർക്കാർ ബജറ്റിന്റെ വലിയൊരുഭാഗവും നേരിട്ടോ അല്ലാതെയോ പട്ടാളത്തിന്റെ കയ്യിലേക്കാണു പോകുന്നത്.

 സംഭവിച്ചേക്കാവുന്ന ഒരു ഇന്ത്യൻ ആക്രമണത്തിൽനിന്നു പാക്കിസ്ഥാനെ സംരക്ഷിക്കേണ്ടവരെന്ന വിശിഷ്ടപദവി അവിടത്തെ പട്ടാളം ആസ്വദിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയോടുള്ള ശത്രുതാമനോഭാവം പാക്കിസ്ഥാൻ എന്നെന്നും തുടരും. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലർന്നാ‍ൽ, സ്വന്തം അജൻഡയുമായി മുന്നോട്ടുപോകാൻ പട്ടാളത്തിനു പിന്നെ കഴിഞ്ഞെന്നുവരില്ല.