Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുവിപുലീകരണ സമസ്യകൾ

Author Details
Skaria-Thomas-R-Balakrishna-Pillai

ഇടതുമുന്നണി വിപുലീകരിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ ആദ്യരംഗങ്ങൾ രണ്ടു കക്ഷികൾ ചേർന്നു ശോകമൂകമാക്കിയതാണു കഴിഞ്ഞദിവസം കൊല്ലത്തും തിരുവനന്തപുരത്തുമായി കണ്ടത്. ഇതിനായുള്ള ആദ്യ ചർച്ചയിലേക്ക് എൽഡിഎഫ് ഇന്നു കടക്കുമ്പോൾ ആ ദൃശ്യങ്ങൾ അവരെ അലട്ടാതിരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൊല്ലത്തു സ്കറിയ തോമസിനു കൈകൊടുത്തശേഷം പുറത്തിറങ്ങിയപ്പോൾ സ്കറിയ തോമസിനോട് ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു: ‘‘അപ്പോൾ 26ലെ എൽഡിഎഫ് യോഗത്തിനു ഞാനുമുണ്ടാകും, കേട്ടോ’’. പുറമേ സന്തോഷം നടിച്ചെങ്കിലും തന്റെ പാർട്ടിയിൽ ലയിച്ച്, തന്റെയും നേതാവായി എൽഡിഎഫ് യോഗത്തിൽ കയറിയിരിക്കുകയാണോ പിള്ളയുടെ ഉദ്ദേശ്യമെന്ന ആകുലത സ്കറിയ തോമസിനെ പൊതിഞ്ഞു. ആരാകും അപ്പോൾ പാർട്ടി ചെയർമാൻ? അദ്ദേഹം ചോദിച്ചു. ആ പദവി വിട്ടുനൽകുന്നതിൽ അച്ഛനു വിമുഖതയുണ്ടെന്നു വൈകാതെ കെ.ബി.ഗണേഷ്കുമാറിന്റെ സന്ദേശമെത്തി. ലയിക്കാനൊരുങ്ങിയവർ തമ്മിൽ വാളോങ്ങുന്ന സ്ഥിതിയായി. 

മുന്നണി വിപുലീകരിക്കാനുള്ള സിപിഎം തീരുമാനം, തൃശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലുണ്ടായതാണ്. അവിടെ പക്ഷേ, കണ്ണ് ഒരേയൊരാളിൽ തറച്ചിരുന്നു; കെ.എം.മാണി. എന്തു വന്നാലും മാണിയെ മുന്നണിയിലെടുക്കില്ലെന്ന പ്രമേയം, തൊട്ടുപിന്നാലെ മലപ്പുറത്തു ചേർന്ന സിപിഐ സംസ്ഥാന സമ്മേളനം പാസാക്കി. മാണി യുഡിഎഫിലേക്കു തിരിച്ചുപോയതോടെ വിപുലീകരണ ലക്ഷ്യംതന്നെ അവതാളത്തിലായി. എന്നാ‍ൽ, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു ലഭിക്കുന്ന ഓരോ സീറ്റും എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു കേന്ദ്രനേതൃത്വമടക്കം ചൂണ്ടിക്കാണിച്ചതോടെ, ചെറുകക്ഷികളെയും മാനിക്കുന്നതിലേക്കു സിപിഎമ്മിന്റെ മനോഭാവം മാറി. 

ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനിൽനിന്നു കൊല്ലം സീറ്റ് തിരിച്ചുപിടിക്കണമെങ്കിൽ സർവശക്തിയുമെടുത്ത് ആർ.ബാലകൃഷ്ണപിള്ള രംഗത്തിറങ്ങേണ്ടത് ആവശ്യമാണ്. വടകര വീണ്ടുകിട്ടാൻ വീരേന്ദ്രകുമാറിന്റെ കൈ മെയ് മറന്നുള്ള പിന്തുണ വേണം. അതുകൊണ്ട് കാർക്കശ്യമെല്ലാം വെടിഞ്ഞ് എൽഡിഎഫ് ഒരു വിശാലമുന്നണിയാകണമെന്ന വാദം ചെറുകക്ഷികളിൽ ശക്തം. മുന്നണി വികസിപ്പിക്കുമ്പോൾ ആദ്യപരിഗണന നൽകുമെന്നു വർഷങ്ങളായി സിപിഎം ഉറപ്പുനൽകുന്ന പാർട്ടിയായ ഐഎൻഎല്ലിന്റെ കാര്യം ഇന്ന് ആദ്യം ചർച്ച ചെയ്യേണ്ടിവരും. 1994ൽ രൂപംകൊണ്ട പാർട്ടി പല പിളർപ്പുകളും വെല്ലുവിളികളും അതിജീവിച്ച് രണ്ടരപ്പതിറ്റാണ്ടായി ഇടതു പൂമുഖത്തു വിളികാത്തിരിക്കുന്നു. അവർ വർഗീയകക്ഷിയാണോയെന്ന തർക്കത്തിന് അസന്നിഗ്ധമായ തീർപ്പ് സിപിഎം കൽപിച്ചോയെന്നു ചോദിച്ചാൽ, ഇപ്പോഴുമില്ല. എന്നാൽ, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഐഎൻഎൽ മതേതരരാണെന്നു സാക്ഷ്യപത്രം നൽകിയാൽ. അതേച്ചൊല്ലി ആശയസമരത്തിനു കൊടി ഉയർത്താൻ അച്യുതാനന്ദൻപക്ഷമില്ല. ഐൻഎല്ലിനോടും പി.ടി.എ.റഹീം നേതൃത്വം നൽകുന്ന നാഷനൽ സെക്യുലർ കോൺഫറൻസിനോടും ലയിച്ചുകൂടേ എന്നു ചോദിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. 

യുഡിഎഫിലെപ്പോലെ കേരള കോൺഗ്രസിന്റെ പല കഷണങ്ങൾ എൽഡിഎഫിൽ വേണ്ടെന്നു സിപിഎം ഉപദേശിച്ചതിനെത്തുടർന്നാണു പിള്ളയും സ്കറിയയും ലയിക്കാൻ തുനിഞ്ഞത്. അപ്പോഴും ഫ്രാൻസിസ് ജോർജിന്റെ  ജനാധിപത്യ കേരള കോൺഗ്രസ്, ഒറ്റയ്ക്കുതന്നെ എൽഡിഎഫ് അംഗത്വം വേണമെന്ന ആവശ്യത്തിലാണ്. സിപിഎമ്മിൽ ലയിക്കാൻ സിഎംപിയുടെ ഇടതനുകൂല വിഭാഗം  ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞു. 

കെ.ആർ.ഗൗരിയമ്മ എന്നുവേണമെങ്കിലും, താൻ കൂടി വളർത്തിയ പ്രസ്ഥാനത്തിന്റെ ഭാഗമാകുമെന്നതിനാൽ ജെഎസ്എസിനു സാധ്യതയില്ല. ഒപ്പമുള്ള ആർഎസ്പിയുടെ മൂന്ന് കഷണങ്ങൾ ഒന്നാകുന്നതല്ല, വിട്ടുപോയ ഔദ്യോഗിക ആർഎസ്പി തിരിച്ചുവരുന്നതാണു സിപിഎം ആഗ്രഹിക്കുന്നത്. രണ്ടായി നിൽക്കാതെ ജനതാദളുകൾക്കും ഒന്നായിക്കൂടേയെന്ന് ചോദിക്കുന്നുണ്ടെങ്കിലും എച്ച്.ഡി.ദേവെഗൗഡയും ശരദ് യാദവും വിചാരിക്കണം. അത് ആർ.ബാലകൃഷ്ണപിള്ളയും സ്കറിയ തോമസും ലയിക്കുന്നതിനെക്കാൾ സങ്കീർണമാണ്.