Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഷളായ ബന്ധം; ഇമ്രാൻ വന്നാലുമെന്ത് !

imran-khan

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ? നാലുവർഷം മുൻപ് നരേന്ദ്ര മോദി അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ചതാണ്. അദ്ദേഹം വരികയും ചെയ്തു. എന്നാൽ, മോദി സർക്കാർ നാലു വർഷം പിന്നിടുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്. ഇമ്രാൻ ഖാൻ വന്നാലും ഈ നിലയിൽ കാര്യമായ മാറ്റം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യയോടുള്ള നിലപാടു സംബന്ധിച്ച് ഇന്നലെ ഇമ്രാൻ ചില സൂചനകൾ നൽകിക്കഴിഞ്ഞു. കശ്മീർ തന്നെയാണു മുഖ്യവിഷയം എന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ‌, ചർച്ചയാകാമെന്നും. നവാസ് ഷരീഫിനെ നഖശിഖാന്തം എതിർത്തിരുന്ന നേതാവാണ് ഇമ്രാൻ ഖാൻ. നരേന്ദ്ര മോദിയുമായി നവാസ് ഷരീഫ് അടുക്കുന്നതിനെ നിശിതമായി വിമർശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഭീകരനേതാവ് ഹാഫിസ് സയീദിന് ഇമ്രാൻ പരസ്യപിന്തുണ നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിൽ ആര് അധികാരത്തിലെത്തിയാലും സൈന്യമാണ് അവസാനവാക്ക് എന്നു പറയാറുണ്ട്. സൈന്യത്തിന് ഇപ്പോൾ സ്വീകാര്യനാണ് ഇമ്രാൻ. മാത്രമല്ല, ഇമ്രാനു വലിയ ഭൂരിപക്ഷം ലഭിക്കാത്തതു സൈന്യത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ വന്ന സർക്കാരുകളെയെല്ലാം അസ്ഥിരപ്പെടുത്താൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. ബേനസീർ ഭൂട്ടോയും നവാസ് ഷരീഫും ഉദാഹരണങ്ങൾ. 

ക്രിക്കറ്റിലെന്നപോലെ രാഷ്ട്രീയത്തിലും ഇമ്രാൻ ഏകാധിപതിയാണ്. സ്വന്തം പാർട്ടിയിൽ മോദിക്കു തൽക്കാലം എതിരാളികളില്ല, പകരക്കാരുമില്ല. തെഹ്‌രീകെ ഇൻസാഫിൽ ഇമ്രാന്റെയും നില അതുതന്നെ. ഈ നേതാക്കൾ തമ്മിൽ സൗഹൃദമുണ്ടാകുമോ എന്നതിനു സൂചനയൊന്നുമില്ല. 

പാക്കിസ്ഥാനിൽ ഏതു സർക്കാർ വന്നാലും ഇന്ത്യാനയം സൈന്യം തന്നെയാണു തീരുമാനിക്കുക. അങ്ങനെ നോക്കുമ്പോൾ ഇന്ത്യക്ക് ഏറെ പ്രതീക്ഷിക്കാനില്ല. സമാധാനചർച്ചയ്ക്ക് മോദിക്കു പലവട്ടം ആലോചിക്കേണ്ടി വരും; വിശേഷിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ.