Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംനാശത്തിന്റെ അതിവർഷം

Rain Havoc

സംഹാരതാണ്ഡവമാടുന്ന തോരാമഴ വടക്കൻ ജില്ലകളിലും ഇടുക്കിയിലും, കേരളം ഇതുവരെ കാണാത്തവിധം അസാധാരണമായ ദുരന്ത സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. ‌ഉരുൾപൊട്ടലിലും മറ്റുമായി ഇന്നലെമാത്രം ഒട്ടേറെ ജീവൻ പൊലിഞ്ഞു. സർവവും നശിച്ച കുടുംബങ്ങൾ, വെള്ളക്കെടുതിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങൾ, തകർന്ന വീടുകളും റോഡുകളും, കണക്കില്ലാത്ത കൃഷിനാശം... ബുധനാഴ്ച രാത്രി തുടങ്ങിയ കൊടുംമഴ ചില ഭാഗങ്ങളിൽ ഇങ്ങനെയൊക്കെ കലിതുള്ളിയപ്പോൾ നടുങ്ങിയതു കേരളമാണ്.

പല ജില്ലകളിലും മഴ മരണംവിതച്ചു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾ തകർന്നാണു കൂടുതൽപേരും മരിച്ചത്. ഇടുക്കി ജില്ലയിലാണു ജീവഹാനി കൂടുതലും. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലുമടക്കം ചെറുതും വലുതുമായ എത്രയോ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വയനാട് പൂർണമായും ഒറ്റപ്പെട്ടുവെന്നുതന്നെ പറയാം. കണ്ണൂർ ജില്ലയുടെ മലയോരങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള കെടുതി വ്യാപകമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനെ തോരാമഴ ഒറ്റപ്പെടുത്തി. മലമ്പുഴ ഡാമിന്റെ പരിസരത്തുള്ള, പാലക്കാട് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുണ്ടായ പ്രളയമാകട്ടെ, ഇതുവരെ സംഭവിക്കാത്തതും.

സംസ്ഥാനത്തെ മിക്ക ഡാമുകളും തുറന്നുകഴിഞ്ഞു. ആദ്യമായാണു കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ പൊതുഗതാഗത മാർഗങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലുണ്ടായ സ്‌ഥലങ്ങളിലേക്കു രക്ഷാപ്രവർത്തകർക്കു പെട്ടെന്ന് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ കനത്തനാശമാണു വിതച്ചത്. വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തിൽ, നാളെ നടക്കാനിരുന്ന നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു.

മിക്ക പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. മലവെള്ളപ്പാച്ചിലിൽ ചെറിയ പാലങ്ങൾ പലതും ഒഴുകിപ്പോയി. ശക്തമായ മഴ തുടരുകയാണെങ്കിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത ഇനിയും പലയിടത്തും നിലനിൽക്കുകയും ചെയ്യുന്നു. കൊടുംനാശമുണ്ടായ ഇടങ്ങളിൽ സൈന്യവും ദുരന്തനിവാരണസേനയും അഗ്നിശമനസേനയും പൊലീസുമൊക്കെ രക്ഷാപ്രവർത്തനങ്ങളിലാണ്. കഴിഞ്ഞയാഴ്ചകളിലെ കാലവർഷക്കെടുതി വിലയിരുത്താൻ വന്ന കേന്ദ്ര സംഘം ഇവിടെയുള്ളപ്പോഴാണ് ഇപ്പോഴത്തെ അതികഠിനമായ കെടുതി. കയ്യയച്ച കേന്ദ്ര സഹായം കേരളത്തിന്റെ അടിയന്തരാവശ്യംതന്നെ. 

നിനച്ചിരിക്കാതെ വന്ന അതിവർഷമാണു നാടിന്റെ താളംതെറ്റിച്ചതെന്നിരിക്കെ, ഇനിവേണ്ടത് അടിയന്തരവും ഏകോപിതവുമായ രക്ഷാപ്രവർത്തനങ്ങളാണ്. സാധ്യമായതെല്ലാം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനോടൊപ്പം എല്ലാ സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയുമൊക്കെ ആത്മാർഥ പങ്കാളിത്തംകൂടി ഈ വലിയ ദൗത്യത്തിൽ ഉണ്ടാവണം. അത്യധികം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സമർപ്പിതമായ രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുന്ന നാട്ടുകാർ കേരളത്തിന്റെ മുഴുവൻ അഭിവാദ്യം അർഹിക്കുന്നു. ഇവരിൽ കുറച്ചുപേർക്കെങ്കിലും ദുരന്തനിവാരണ പരിശീലനം ലഭ്യമാക്കിയിരുന്നെങ്കിൽ നന്നായേനെ എന്ന ചിന്തയും പലർക്കുമുണ്ട്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഫലപ്രദമായി ഇടപെടുന്നതിന് എല്ലാ ജില്ലകളിലും പൗരന്മാരുടെ സിവിൽ ഡിഫൻസ് ഫോഴ്സ് രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം എവിടെയെത്തിനിൽക്കുന്നുവെന്ന ആത്മപരിശോധനയും ആവശ്യംതന്നെ.

കാമ്പില്ലാത്ത പരാതികളോ രാഷ്ട്രീയാരോപണങ്ങളോ ഉയർത്താതെ, ബഹുമുഖ രക്ഷാപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുകയാണു കേരളം ഇപ്പോൾ ചെയ്യേണ്ടത്. അതോടൊപ്പം, അങ്ങേയറ്റത്തെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾ ശ്രദ്ധയൂന്നുകയും വേണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കിയേതീരൂ. പ്രളയക്കാഴ്ചകളോടൊപ്പമുള്ള സെൽഫി, ജീവൻതന്നെ അപായപ്പെടുത്തിയേക്കാമെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാവണം. 

കേരളം നേരിടുന്ന ഈ കടുത്ത പ്രതിസന്ധിവേളയിൽ നാം ഓരോരുത്തരും കൈകോർത്തുനിൽക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.