Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വേറാര്, എന്റെ പാർട്ടിക്കാർ തന്നെ’; ചില രാഷ്ട്രീയ കൂടോത്ര കഥകൾ

Sudheeran വി.എം. സുധീരന്റെ വീട്ടിൽനിന്നു കണ്ടെടുത്തതിൽ ചിലത്.

അറിയപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കളുടെ വീട്ടിലേക്കു നോക്കൂ. പലയിടത്തും, മുറ്റത്തേക്കും റോഡിലേക്കും കണ്ണുനട്ടിരിക്കുന്ന ക്യാമറകൾ കാണാം. മോഷ്ടാക്കളെയോ അക്രമികളെയോ പേടിച്ചല്ല; ലക്ഷ്യം – കൂടോത്രക്കാരെ കയ്യോടെ പൊക്കുക!  

കൊല്ലത്തെ തന്റെ വീട്ടിൽനിന്നു മാത്രം 16 തവണ കൂടോത്രവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ‘തിരുവനന്തപുരത്തെ വീട്ടിൽ വലിയ പട്ടിയെ വാങ്ങിയതോടെ ഇവിടെ ശല്യം കുറെയൊക്കെ ഒഴിഞ്ഞു. അതോടെ, കൂടോത്ര സംഘങ്ങൾ കൊല്ലത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്കു വണ്ടികയറി. മതിൽ ചാടിക്കടന്നു തറ കുഴിച്ചാണ് അവിടെ രൂപങ്ങളും മറ്റും കൊണ്ടിട്ടത്. അതിൽ ഒന്നിന് 10 കിലോയായിരുന്നു ഭാരം. മറ്റൊന്നിൽ, എന്റെ നക്ഷത്രമടക്കം എല്ലാം കുത്തിക്കുറിച്ചിരുന്നു’. 

UNNITHAN രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിൽനിന്നു കണ്ടെടുത്ത കൂടോത്ര സാമഗ്രികൾ.

ഇതിനൊക്കെ പിന്നിൽ ആരാണെന്ന കാര്യത്തിൽ ഉണ്ണിത്താനു സംശയമേയില്ല: ‘വേറാര്? എന്റെ പാർട്ടിക്കാർ തന്നെ’. ‘കിട്ടിയതിൽ കുറെ വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആരു വന്നാലും കാണിക്കാം. മറ്റൊരു നേതാവിന്റെ വീട്ടിൽനിന്നു ഞാനാണ് എടുത്തുകൊടുത്തത്. ഇതേ പ്രശ്നം നേരിടുന്ന വിഐപികൾ തലസ്ഥാനത്ത് ഏറെയുണ്ട്’– ഉണ്ണിത്താൻ പറയുന്നു.

കെപിസിസി പ്രസിഡന്റായിരിക്കെ വി.എം.സുധീരന്റെ, തിരുവനന്തപുരം പട്ടത്തെ വീടിനു മുന്നിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തത് ഒൻപതു തവണ. അവ കൊണ്ടിട്ടയാളെ പൊലീസ് തപ്പിയിട്ടു കിട്ടിയില്ലെങ്കിലും പിന്നിൽ‌ പ്രവർത്തിച്ച ‘പ്രമുഖ’നാരെന്നു പാർട്ടിക്കാരിൽ ചിലർക്കെങ്കിലുമറിയാം. വീട്ടുമുറ്റത്തു കൂടോത്രപ്പണി പതിവായപ്പോൾ സംശയിക്കപ്പെടുന്നവർക്കെല്ലാം പലവട്ടം ദൂതൻമാർ വഴി സുധീരൻ മുന്നറിയിപ്പു കൊടുത്തതാണ്. എന്നിട്ടും, ചെമ്പുതകിടും ശൂലവും കല്ലുകളും വന്നുവീണുകൊണ്ടേയിരുന്നു. ഒടുവിൽ വീട്ടുമുറ്റത്തുനിന്നു കിട്ടിയ സാധനങ്ങളെല്ലാം കൂടി നിരത്തിവച്ച് സുധീരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ശല്യമൊഴിഞ്ഞത്. ഇനിയും വരാനിരിക്കുന്നവരെക്കാത്ത് പൊലീസ് പട്രോളിങ്ങും ക്യാമറയും തയാർ. 

സുധീരനെയും ഉണ്ണിത്താനെയും പോലെ, ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ പലർക്കും മടിയാണ്. അതെന്താ അങ്ങനെ, എന്നു ചോദിച്ചപ്പോൾ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ മറുപടിയാണു രസം: ‘പലർക്കും ഇങ്ങോട്ടു കിട്ടുമ്പോൾ അവർ അങ്ങോട്ടും കൊടുക്കും. ഇതൊരു നെറ്റ്‌വർക്കാണ്. കൂടോത്രം ചെയ്യുന്നയാൾതന്നെ അത് ഒഴിപ്പിച്ചുകൊടുക്കാനും എത്തും. ഏജന്റുമാർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്’. 

black-magic-01

തിരുവനന്തപുരത്തെ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകളിലേക്കു ‘സാധനം’ റെഡിയാക്കി കൊടുക്കാൻ വെഞ്ഞാറമൂട്ടിൽ‌ ഒരാളുണ്ട്. കൂടോത്ര പായ്ക്കറ്റും ഏൽക്കാതിരിക്കാനുള്ള ചരടും അവിടെനിന്നു കിട്ടും.

ഉറ്റവർ തീർക്കുന്ന തടവറകൾ

തിരുവനന്തപുരം കരുണാ സായിയിലേക്ക് ആ പെൺകുട്ടിയെ കൊണ്ടുവരുമ്പോൾ മുഖത്തും കയ്യിലും നിറയെ ചൂരൽപാടുകളായിരുന്നെന്ന് ഡോ. എൽ.ആർ.മധുജൻ ഓർക്കുന്നു. പ്ലസ്ടു പരീക്ഷയുടെ തൊട്ടുമുൻപാണ് അമ്മൂമ്മയുടെ പ്രേതം അവളെ ആവാഹിച്ചതെന്ന് പിതാവ് അപ്പോഴും ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. അമ്മൂമ്മ മരിച്ച ‘കരിനാൾ’ തീർക്കാത്തതാണ് കാരണമെന്നും അദ്ദേഹം വിശ്വസിച്ചു. ഇക്കാര്യം പെൺകുട്ടി കേൾക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇതൊക്കെത്തന്നെയാണു വീട്ടിലെ പ്രശ്നമെന്ന് പെൺകുട്ടിയുടെ അമ്മയ്ക്കു നന്നായി അറിയാമായിരുന്നു. ‘പത്താം ക്ലാസ് വരെ അവൾക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അച്ഛൻ ഇങ്ങനെ പറയുന്നതു കേട്ടുകേട്ടാണ് എന്റെ മോൾ ഇങ്ങനെയായത്– ’ അമ്മ ഡോക്ടറോടു പറഞ്ഞു. 

എന്തു കാര്യത്തിനും അച്ഛൻ ഉപദേശം തേടിയിരുന്ന അയൽപക്കത്തെ മന്ത്രവാദിയാകട്ടെ, പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുമുണ്ട്. കൊമേഴ്സ് ഇഷ്ടമല്ലെന്നു മകൾ പറഞ്ഞിട്ടും മന്ത്രവാദിയുടെ നിർദേശപ്രകാരം അവളെ അതിനുതന്നെ ചേർത്തു. ഒടുവിൽ പരീക്ഷതന്നെ പെൺകുട്ടിക്കു പേടിയായി. പ്ലസ് ടു പരീക്ഷയ്ക്കു തൊട്ടുമുൻപ് അവൾ സ്കൂളിലേക്കു പോകാതായി. പരീക്ഷയുടെ സമ്മർദം ഒഴിവാക്കാൻ അവളുടെ ഉപബോധ മനസ്സുതന്നെയാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. 

ഡിസോസിയേറ്റീവ്  ഡിസോഡർ (ഹിസ്റ്റീരിയയുടെ മറ്റൊരു രൂപം) ആയിരുന്നു പെൺകുട്ടിക്ക്. ഇത് ഒഴിവാക്കാനാണ് അച്ഛൻ പിന്നെയും പെൺകുട്ടിയെയുംകൊണ്ടു മന്ത്രവാദിയെ സമീപിച്ചത്. ചൂരൽപ്രയോഗമാണു വിധിച്ചത്. അടിച്ചുനുറുക്കി അവശയാക്കി. അവളെ അയാൾ പീഡിപ്പിച്ചേനെ; മന്ത്രവാദിയുടെ ഭാര്യ ഇടപെട്ടതു കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടറോടു കരഞ്ഞുപറഞ്ഞത് പെൺകുട്ടിയുടെ അമ്മതന്നെ.

Gold-visual

ഫലം കിട്ടാൻ  916 മുദ്ര നിർബന്ധം

സ്ത്രീകളിൽനിന്നു സ്വർണംതട്ടാൻ ഏറ്റവും നല്ല നമ്പർ ‘ദുർമരണം’ ആണെന്നു കണ്ടുപിടിച്ച ചേർത്തല വളമംഗലം സ്വദേശി രാജേഷ് (33) ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. തൃശൂർ ചെങ്ങാലൂർ സ്വദേശിനിയുടെ പരാതിയിലാണ് അന്നു കുടുങ്ങിയത്. 

വീട്ടിൽ ദുർമരണം നടക്കുമെന്നും അതു മാറിക്കിട്ടാൻ സ്വർണപൂജ നടത്തണമെന്നുമായിരുന്നു പറഞ്ഞു വിശ്വസിപ്പിച്ചത്. ആദ്യം കുറച്ചു സ്വർണം ഇങ്ങനെ കൊണ്ടുപോയി. അതിനു പരിശുദ്ധി കുറവായിരുന്നെന്നും 916 മുദ്രയുള്ളതുതന്നെ വേണമെന്നുമായി പിന്നത്തെ ആവശ്യം. അങ്ങനെ പലയിടത്തുനിന്നായി കടംവാങ്ങി വീണ്ടും സ്വർണം നൽകി. സ്വർണം തിരിച്ചു ചോദിച്ചപ്പോൾ കർമത്തിനു വച്ചിരിക്കുകയാണെന്നും ഇപ്പോൾ തിരിച്ചെടുത്താൽ ഫലം പോകുമെന്നുമായിരുന്നു മറുപടി. കൂട്ടത്തിലൊന്നുകൂടി – സ്വർണം നിങ്ങളുടെ കുടുംബത്തിന് അലർജിയാണ്. അതു കൊണ്ടുവന്നു വച്ചാൽ കുടുംബം മുച്ചൂടും മുടിയും! 

മൂന്നുവർഷത്തെ അലച്ചിലിനൊടുവിലാണു കുടുംബം പൊലീസിൽ പരാതിനൽകിയത്. ഇതോടെ മുങ്ങിയ പ്രതി തമിഴ്നാട്ടിലെത്തി. പിന്നീട് ഇടുക്കിയിൽവച്ചാണ് പുതുക്കാട് പൊലീസ് പോയി പിടികൂടുന്നത്. കർമത്തിനു വച്ചുവെന്നു രാജേഷ് പറഞ്ഞ സ്വർണം തപ്പിപ്പോയ പൊലീസ് ശരിക്കും ഞെട്ടി. പലയിടത്തുമായി പണയംവച്ചിരിക്കുന്നത് അത്രയേറെ സ്വർണം. പലതിലും പരാതിക്കാരില്ല... വീട്ടുകാരറിയാതെ എടുത്തുകൊടുത്ത പാവം സ്ത്രീകൾ എങ്ങനെ പരാതിപ്പെടാൻ?. 

അത്ര ‘സോഫ്റ്റാ’യി പറ്റിക്കുന്നവർ

ഇന്റലിജൻസ് വിവരത്തെ പിന്തുടർന്ന് വൈൽഡ് ലൈഫ് ക്രൈം ബ്യൂറോ കർണാടകയിലെ ബെളഗാവിയിൽനിന്ന് കഴി‍ഞ്ഞ മാസം ഒരു മന്ത്രവാദസംഘത്തെ പിടികൂടി. തലവൻ മലയാളിതന്നെ. കേരളത്തിൽനിന്നു വെള്ളിമൂങ്ങയെ സംഘടിപ്പിച്ചു കൊടുത്തത് മറ്റൊരു മലയാളി. 15 ലക്ഷം രൂപയ്ക്കു വെള്ളിമൂങ്ങയെ വാങ്ങിയെന്നാണ് അവിടെ വ്യവസായിയെ ധരിപ്പിച്ചത്. ധനാകർഷണത്തിനുള്ള എല്ലാ തന്ത്രവും പയറ്റി പരാജയപ്പെട്ടപ്പോഴാണ് വ്യവസായി ഇവരെ കണ്ടുമുട്ടിയത്. ഹോമകുണ്ഠത്തിലേക്കു വെള്ളിമൂങ്ങയുടെ ഗുരുതി രക്തം വീണാൽ ധനമെത്തുമെന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. 

മലയാളിയുടെ ഇൗ ‘കഴിവിനെക്കുറിച്ച്’ കർണാടക വൈൽഡ് ലൈഫ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെ: ‘പറ്റിക്കപ്പെട്ടതായിട്ട് പറ്റിക്കപ്പെട്ട വ്യക്തിക്കു തോന്നുക പോലുമില്ല.’ 

തമിഴ്നാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിൽ വെള്ളിമൂങ്ങയെ കണ്ടുകിട്ടാൻ പ്രയാസമില്ല. ഇതിനെ പിടിച്ച് 500 രൂപയ്ക്കു കൊടുക്കുന്നവരുണ്ട്. ഇതാണ് കേരളത്തിലെത്തുമ്പോൾ ലക്ഷങ്ങളുടെ ഇടപാടാകുന്നത്. പണമുള്ളവർ കന്നഡികരോ തമിഴരോ മഹാരാഷ്ട്രക്കാരോ ആകട്ടെ, പറ്റിക്കാൻ മലയാളിയുടെ ക്രിമിനൽബുദ്ധി റെഡി.   

ആ ബോർഡിൽ എല്ലാം ശരിയാകും

എൽഡിഎഫ് സർക്കാർ വന്നശേഷം, പ്രമുഖ ബോർഡുകളിലൊന്നിൽ അംഗമായി നിയമനം കിട്ടിയയാളാണ് കഥാനായകൻ. അദ്ദേഹത്തിന്റെ യോഗ്യത ഇടതുസർക്കാർ അധികാരത്തിൽ വരുമെന്നു പ്രവചിച്ചതാണത്രെ. നിധി കാട്ടിത്തരാമെന്ന വാഗ്ദാനവുമായി പലരിൽനിന്നും പണംതട്ടിയ വിരുതനാണു കക്ഷിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണു പറഞ്ഞത്. എവിടെനിന്നോ സംഘടിപ്പിച്ച പുരാവസ്തുശിൽപം ശക്തിയുള്ള വിഗ്രഹമാണെന്നു വിശ്വസിപ്പിച്ച് തൃശൂരിലെ ഒരു സ്ത്രീയിൽനിന്ന് എഴുപതു ലക്ഷം തട്ടിയ കേസിലും കൂട്ടുപ്രതിയായിരുന്നു. 

അന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരുന്ന എസ്പിയോടും നമ്പരിറക്കി. സാറിന്റെ വീടിന്റെ വടക്കുകിഴക്കു മൂലയിൽ ഒരു തലപോയ തെങ്ങുണ്ട്. അവിടെ നിധിയിരിപ്പുണ്ട്, കുഴിച്ചുനോക്കണം എന്നൊക്കെ. അവിടെ കിണറാണെന്നും ഇനി കുഴിക്കാൻ സ്ഥലമില്ലെന്നും എസ്പി പറഞ്ഞപ്പോഴാണ് അടവു പൊളിഞ്ഞത്. കബളിപ്പിക്കലിനു കേസൊക്കെയെടുത്ത് വിട്ടു.  

ഇറിഡിയം വച്ചാൽ...

ക്ഷേത്രങ്ങളുടെ താഴികക്കുടം മോഷ്ടിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്നു പൊലീസ്. ഇറിഡിയം എന്ന ലോഹമെടുക്കാനാണിത്. മധുരയിൽനിന്നുള്ള മോഷണസംഘം ഇതിനായി കേരളത്തിലെത്തി, ക്ഷേത്രങ്ങളിൽ നിരീക്ഷണം നടത്തുന്നതിനിടെ പിടിയിലായിട്ടുണ്ടെന്ന് ടെംപിൾ ആന്റിതെഫ്റ്റ് സ്ക്വാഡിന്റെ മുൻ തലവൻ പി. എൻ.ഉണ്ണിരാജൻ പറയുന്നു. പത്തനംതിട്ടയിലും ഇരിങ്ങാലക്കുടയിലും ഇൗ സംഘം താഴികക്കുടം മോഷ്ടിച്ചിട്ടുണ്ട്. തൃശൂർ കേന്ദ്രീകരിച്ചു മറ്റൊരു സംഘവുമുണ്ട്. 

ഇറിഡിയം കയ്യിൽവച്ചാൽ കാര്യങ്ങളെല്ലാം തടസ്സമില്ലാതെ നടക്കുമെന്ന അന്ധവിശ്വാസം വിറ്റു പണമാക്കാനാണ് സാഹസം.

നാളെ:  നിയമം വരാനും വിഘ്നങ്ങളേറെ.