Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിജീവനത്തിന്റെ കേരള മോഡൽ അനുപമം, മാതൃകാപരം

Thanks-message പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർ‌ത്തനം നടത്തിയ സൈനികരോടുള്ള നന്ദി പ്രകാശിപ്പിച്ച് നോർത്ത് പറവൂരിലെ വീടിനു മുകളിൽ എഴുതിയ താങ്ക്സ് സന്ദേശം. നാവികസേന പുറത്തുവിട്ട ചിത്രം.

ഈ നൂറ്റാണ്ടു കണ്ട വലിയ പ്രളയക്കെടുതിയാണ് കേരളം അഭിമുഖീകരിച്ചത്. അതിനെ ജനങ്ങളുടെയും കേന്ദ്രസേനകളുടെയും സഹായത്തോടെ മറികടക്കാനുള്ള ഇടപെടലാണു സംസ്ഥാന സർക്കാർ നടത്തിയത്. ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാംഘട്ട പ്രവർത്തനം ലക്ഷ്യം കൈവരിച്ചു. പുനരധിവാസം എന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നിലനിർത്താനാവണം. ജനങ്ങളെയാകെ അണിനിരത്തി അടുത്തഘട്ടങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സർവകക്ഷിയോഗം.

പ്രളയത്തിന്റെ ആകസ്മികതയ്ക്കു വഴിതെളിച്ചത് നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസർവോയറുകളുടെ ഏകോപിത മാനേജ്‌മെന്റ് സംവിധാനത്തിലെ പ്രശ്‌നങ്ങൾ, മേഘവിസ്‌ഫോടനം, ന്യൂനമർദം എന്നിവയും ദുരന്തത്തിനു കാരണമായി.മഴക്കെടുതി മറ്റേതൊരു പ്രദേശത്തെക്കാളും ദുരന്തം സൃഷ്ടിക്കുക കേരളം പോലുള്ള സംസ്ഥാനത്താണ്. 10 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിനു താഴെ. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്. ഈ പ്രത്യേകതകൾ  തിരിച്ചറിഞ്ഞുള്ള രക്ഷാപ്രവർത്തനത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകിയത്.

പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിക്കു കീഴിൽ ആരംഭിച്ച സംസ്ഥാന നിരീക്ഷണ സെല്ലിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ, ആർമി, എയർഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ പ്രവർത്തനം ഏകോപിപ്പിച്ചു; അതിശയകരമായ ശ്രദ്ധയോടെ, പരാതിക്ക് ഇടവരുത്താതെ രക്ഷാപ്രവർത്തനം ഫലപ്രദമായി ക്രമീകരിച്ചു.

സന്നദ്ധപ്രവർത്തകരുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയുമെല്ലാം ഇടപെടൽ മാതൃകാപരമായി. ജില്ലകളിലെ പ്രവർത്തനങ്ങൾ മന്ത്രിമാരും കലക്ടർമാരും ഏകോപിപ്പിച്ചു. അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് വിവിധ രാജ്യങ്ങളും സംസ്ഥാനങ്ങളും പിന്തുണയുമായെത്തി. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ നല്ലഭാവിയെക്കുറിച്ചു പ്രതീക്ഷ നൽകുന്ന അനുഭവങ്ങളുണ്ടായി. അതിർത്തിരേഖകൾ അതിലംഘിച്ച് കേരളത്തിലേക്കു സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോൾ, സാർവലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടിയ പ്രതീതിയായി. ഉദ്യോഗസ്ഥ-രാഷ്ട്രീയ സംവിധാനത്തിന്റെ മാനുഷികമുഖം അനാവൃതമായ സന്ദർഭം കൂടിയായി അത്.

വീടും സമ്പാദ്യവും ഉപേക്ഷിച്ചു പലായനം ചെയ്തവർക്ക് സഹജീവികൾ താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങൾ നാടെങ്ങും കാണാമായിരുന്നു. നിസ്സഹായതയിലും നിശ്ചയദാർഢ്യം കേരളീയസമൂഹത്തെ മുന്നോട്ടു നയിക്കുകതന്നെ ചെയ്തു. മതഭേദമില്ലാതെ ദേവാലയങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്നതിന്റെയും മനുഷ്യരിൽ അസമത്വങ്ങളും വേർതിരിവുകളും ഇല്ലാതാവുന്നതിന്റെയും അനുഭവവും നമുക്കുണ്ടായി.

ചില അനഭിലഷണീയ പ്രവണതകൾ ഉയർന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകൾ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണമുണ്ടായി. നൂറ്റാണ്ടുകളായി നാട്ടിൽ വളർന്നുവന്ന മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതൽപരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത പ്രതിസന്ധിയെ മറികടക്കാൻ കരുത്തായത്. ആ സംസ്‌കാരത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു മുന്നോട്ടുപോകേണ്ടതിന്റെ പ്രധാന്യം കൂടി ഇത് ഓർമിപ്പിക്കുന്നു.പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും ശരിയായ വികസന കാഴ്ചപ്പാടിന്റെ ആവശ്യകതയും ഇതു വ്യക്തമാക്കുന്നു.

ദുരന്തത്തെ മായ്ച്ചുകളയുംവിധമുള്ള പുനർനിർമാണമാണ് പുതിയ ദൗത്യം. വിവിധ ക്യാംപുകളിലായി ഏഴു ലക്ഷത്തിലധികം പേരുണ്ട്. വീട്ടിൽ തിരിച്ചെത്തുന്ന ഒരാൾക്കും ബുദ്ധിമുട്ടുകളുണ്ടാകരുത്. സർക്കാരും സമൂഹവും ഒപ്പമുണ്ടെന്ന വിശ്വാസം അവർക്കു നൽകാനാകണം. പ്രതിസന്ധികളെ മറികടന്ന് മാതൃകാപരമായ രീതിയിൽ ഉയർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്കു മുന്നേറണം. അതിനു നേതൃത്വം നൽകി സർക്കാർ മുന്നിലുണ്ടാകുമെന്ന് ഉറപ്പുനൽകുന്നു.

related stories