Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന രേഖകൾ നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്

car-representational-image

പ്രളയത്തിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കു ഗതാഗത വകുപ്പ് നടപടിക്രമങ്ങൾ ലഘൂകരിച്ചു പുതിയ രേഖകൾ നൽകുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ്, വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാതെ നൽകും. താൽക്കാലിക റജിസ്ട്രേഷൻ രേഖകൾ നഷ്ടപ്പെട്ട വാഹനങ്ങൾക്കും വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്യാം. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ പിഴകൂടാതെ അടയ്ക്കാം. പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോപൗണ്ടിങ് ഫീസ് ഒഴിവാക്കും.

ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള വാഹനങ്ങൾക്കും കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. ഈ മാസം 13നും 31നും മധ്യേ കാലാവധി കഴിയുന്ന കാര്യങ്ങൾക്കാണ് ഇളവു ലഭിക്കുക. ആവശ്യമെങ്കിൽ, ഇക്കാര്യത്തിൽ ജില്ലാതല അദാലത്ത് നടത്തുമെന്നു ഗതാഗത കമ്മിഷണർ കെ.പത്മകുമാർ അറിയിച്ചു.

∙ കെഎസ്ആർടിസിക്കു നഷ്ടം 30 കോടി

പ്രളയത്തിൽ കെഎസ്ആർടിസിക്കു 30 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഒൻപത് ഡിപ്പോകൾ പൂർണമായും 15 ഡിപ്പോകൾ ഭാഗികമായും മുങ്ങി. ഇവിടങ്ങളിൽ കുടുങ്ങിയ ബസുകൾക്കു സംഭവിച്ച നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ തുക ഇതിലുമുയരും.

ടോളുകളിൽ ഇളവ്

പാലിയേക്കര (തൃശൂർ), പാമ്പാംപള്ളം (പാലക്കാട്), കുമ്പളം (എറണാകുളം) ടോൾ പ്ലാസകളിൽ 26 വരെ യൂസർ ഫീ ഈടാക്കില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പ്രളയക്കെടുതി കണക്കിലെടുത്താണു നടപടി.

related stories