Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യഘട്ടം നാം കരകയറി; ഇനി പഞ്ചായത്തുകളുടെ ഊഴം

Happy-Kit സ്നേഹപ്പൂക്കളം: പ്രളയക്കെടുതിയെ നേരിടാൻ ജനങ്ങൾ കാട്ടിയ ഒത്തൊരുമയിലാണ് ഇത്തവണ ഓണം. ക്യാംപുകളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നവർക്കു സ്നേഹം പൊതിഞ്ഞുകെട്ടി നൽകുകയാണ് തൃശൂർ ജില്ലാ ഭരണകൂടവും സന്നദ്ധ പ്രവർത്തകരും. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ഓണക്കിറ്റുകൾ വീടുകളിലെത്തിക്കാൻ തയ്യാറായപ്പോൾ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

കേരളം പ്രളയക്കെടുതിയുടെ ആദ്യഘട്ടം കരകയറിക്കഴിഞ്ഞു. ഇനി തദ്ദേശ സ്ഥാപനങ്ങളുടെ സമയമാണ്. താഴേത്തട്ടിൽ ചെയ്യേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് ‘കില’ ഡയറക്ടർ ഡോ. ജോയ് ഇളമൺ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ആസൂത്രണത്തിൽ കാര്യശേഷി തെളിയിച്ചിട്ടുള്ളവരാണ്. എന്നാൽ വെള്ളപ്പൊക്കം പോലൊരു ദുരന്തത്തിനുശേഷമുള്ള പുനർനിർമാണത്തിൽ പഞ്ചായത്തുകളുടെ പ്രവർത്തനം വ്യത്യസ്തമാവണം. ചുരുങ്ങിയ സമയം കൊണ്ട് പ്രശ്നങ്ങളെ കണ്ടെത്താനും പൊതുമാർഗനിർദേശത്തിനനുസരിച്ചു കാര്യങ്ങൾ െചയ്യാനുമാകണം. വിഭവങ്ങളുടെ അഭാവവും കുറവുകളും ആവശ്യങ്ങളുമെന്താണെന്നു തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ടിനിടയിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങളെയും നേരിടണം. തദ്ദേശ സ്വയംഭരണ സ്ഥാപന നേതൃത്വം, വിശിഷ്യാ അധ്യക്ഷൻ നേതൃപാടവം പ്രകടിപ്പിക്കേണ്ട സമയമാണിത്. ചുമതലകൾ വിഭജിച്ചു നൽകുക, തീരുമാനിച്ച പദ്ധതികൾ നടക്കുന്നുണ്ടോ എന്നു മേൽനോട്ടം നടത്തുക, ചുമതലകൾക്കനുസരിച്ച ചെക്ക് ലിസ്റ്റ് തയാറാക്കുക ഇവ പ്രധാനം. വാർഡ്തല പ്രവർത്തനങ്ങൾ അംഗങ്ങൾ പഠിച്ചു നേതൃത്വം നൽകണം.

വെള്ളമിറങ്ങുമ്പോൾ

വെള്ളം കയറിയ വീടുകൾ കണ്ടെത്താനുള്ള ചുമതലക്കാരെ നിശ്ചയിക്കുക, എത്ര വീടുകൾ ഇതിനകം വൃത്തിയാക്കുന്നതിനും ആളുകളെ പ്രവേശിപ്പിക്കുന്നതിനും കഴിഞ്ഞു എന്ന വിവരം ശേഖരിക്കാൻ ആളെ ഏർപ്പാടാക്കുക, വൃത്തിയാക്കാനാവശ്യമായ വസ്തുക്കൾ ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ചുമതലക്കാരെ കണ്ടെത്തുക, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വൊളന്റിയർമാരുടെ ഏകോപന ചുമതല നൽകുക – ഇവ അധ്യക്ഷനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ശ്രദ്ധിക്കണം. ഇതിനുള്ള നടപടിക്രമങ്ങൾ മറ്റുദ്യോഗസ്ഥരെയും ആരോഗ്യ വിഭാഗം പ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ടു നടപ്പിലാക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. വാർഡ്‌ തല പ്രവർത്തനങ്ങൾ വാർഡംഗത്തിന്റെ തന്നെ ഉത്തരവാദിത്തമാണ്.

മാലിന്യ സംസ്കരണം

ക്യാംപുകളിലെ ഭക്ഷ്യാവശിഷ്ടങ്ങളും മാലിന്യങ്ങളും സംസ്കരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെയാണ്. മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലം കണ്ടെത്താനും നീക്കം ചെയ്യാനും ഉള്ള ചുമതല നൽകിയിട്ടുണ്ടോ, മാലിന്യം നീക്കം ചെയ്ത പ്രദേശം അണുവിമുക്തമാക്കാനുള്ള സാമഗ്രികൾ ലഭ്യമാക്കാനും അണുവിമുക്തമാക്കാനും ഉത്തരവാദിത്തം ഏൽപിച്ചിട്ടുണ്ടോ എന്ന് പ്രസിഡന്റും സെക്രട്ടറിയും ഉറപ്പുവരുത്തണം. 

ശുദ്ധജലവും ഭക്ഷണവും

ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വരുന്നവർക്കു ശുദ്ധജലവും ഭക്ഷണവും നൽകണം. പ്രദേശത്തു ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അവിടേക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാനുമുള്ള പദ്ധതി തയാറാക്കി വിതരണം ചെയ്യുന്നതിനുള്ള ചുമതല നൽകിയിട്ടുണ്ടോ? അങ്കണവാടി, സ്കൂളുകൾ മുതലായ സ്ഥലങ്ങളിൽ സംഭരിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥരെ ഏൽപിച്ചോ?

വീടുകളിലെ ശുദ്ധജല സ്രോതസ്സുകൾ അണുവിമുക്തമാക്കി കുടിക്കാൻ ഉപയുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടോ? വീടുകളിൽ തിരിച്ചുപോയി താമസിക്കുന്നവർക്കു നിത്യോപയോഗസാധനങ്ങൾ (ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കം) ലഭ്യമാക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ? ഈ കാര്യങ്ങൾ പ്രസിഡന്റ്, വാർഡംഗങ്ങൾ വഴി ഉറപ്പുവരുത്തണം.  

വീടും കെട്ടിടങ്ങളും

ഓരോ വീടുകളുടെയും ബലക്ഷമതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുവാൻ സാങ്കേതിക സംഘത്തെ ഒരുക്കുകയും വീടുകൾ വാസയോഗ്യമാക്കാനുള്ള അടിയന്തര സംവിധാനങ്ങൾ (പ്ലമിങ്, വയറിങ്, ഉപകരണങ്ങൾ നന്നാക്കൽ, മരപ്പണി മുതലായവ) ഒരുക്കുന്നതിനായി ഒരു ടീമിനെ രൂപപ്പെടുത്തി ഉത്തരവാദിത്തം നൽകുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാരെയും ഓവർസിയർമാരെയും ഇതിനായി അധ്യക്ഷൻ നിയോഗിക്കണം. പൊതു സ്ഥാപനങ്ങളായ അങ്കണവാടി, സ്കൂൾ തുടങ്ങിയ കെട്ടിടങ്ങളും ഇതുപോലെ ശ്രദ്ധിക്കണം. 

ഒഴിവാക്കാം കറന്റടി

വൈദ്യുതി ആഘാതം ഉണ്ടാകാതിരിക്കാൻ വൈദ്യുതി ലൈനുകളും ട്രാൻസ്ഫോമറുകളും സുരക്ഷിതമാണെന്നു കെ.എസ്.ഇ.ബിയുടെ സഹായത്തോടെ പഞ്ചായത്ത് വാർഡംഗങ്ങൾ ഉറപ്പുവരുത്തണം.

കന്നുകാലികളുടെ മൃതദേഹം

ജന്തു പരിപാലനവും രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുന്നതിന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർക്ക് ചുമതല നൽകണം. ചത്തുകിടക്കുന്ന പക്ഷിമൃഗാദികളുടെ ശാസ്ത്രീയ സംസ്കരണത്തിനുള്ള നടപടിയെടുക്കണം.  

രോഗപ്രതിരോധ സംവിധാനം

ആവശ്യാനുസരണം രോഗപ്രതിരോധ കുത്തിവയ്പ് (TT), ഡോക്സിസൈക്ലിൻ, ഒആർഎസ് ലായനി തുടങ്ങിയവയുടെ സ്റ്റോക്കും വിതരണവും ആരോഗ്യവിഭാഗമാണു ചെയ്യുന്നതെങ്കിലും ലഭ്യത ഉറപ്പുവരുത്താനും ഇല്ലെങ്കിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷനും ആരോഗ്യവിഭാഗവും ശ്രദ്ധിക്കണം.

ഭക്ഷ്യവിഷബാധ തടയൽ 

അങ്കണവാടികളിലും സ്കൂളുകളിലും മറ്റു പൊതുസംവിധാനങ്ങളിലും സംഭരിച്ച ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തണം. കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു കളയണം. ഇതിന്റെ ചുമതല മെഡിക്കൽ ഓഫിസർക്കും സെക്രട്ടറിക്കുമാണ്.  

രോഗങ്ങൾ അകറ്റാം

കൊതുകുജന്യ രോഗങ്ങൾ പെരുകാനുള്ള സാധ്യതയുണ്ട്. തടയാനുള്ള നടപടികൾ സ്വീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുക. കുട്ടികൾക്കും മുതിർന്നവർക്കും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുക.

നിയമപരമായ ഇടപെടലുകൾ

പകർച്ചവ്യാധി പകരുംവിധം മാലിന്യം കൂട്ടിയിടുന്നവർക്കെതിരെ പൊതുജനാരോഗ്യനിയമ പ്രകാരമുള്ള നോട്ടിസ് നൽകുക. സെക്രട്ടറിയും മെഡിക്കൽ ഓഫിസറും ഇതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രളയക്കെടുതി അനുഭവിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധം സ്ഥാപിച്ച് സഹായങ്ങൾ നൽകുക. സംസ്ഥാന സർക്കാരിന്റെ പൊതുനിർദേശങ്ങളനുസരിച്ച് എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണു പഞ്ചായത്തുകളുടെ പ്രധാന ദൗത്യം എന്നുകൂടി ഓർക്കുക. ഇതിനായി കില പഞ്ചായത്തുകൾക്ക് ചെക്ക് ലിസ്റ്റും നൽകുന്നുണ്ട്

related stories