Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനരധിവാസമല്ല, പുതിയ കേരളം; മുഖ്യമന്ത്രി പറയുന്നു...

PTI8_2_2018_000011B

കേരളത്തിന്റെ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണ്ടറിഞ്ഞാകും പ്രളയമേഖലകളിലെ പുനർനിർമാണം. പുനരധിവാസത്തിനപ്പുറം ക്രിയാത്മകമായ മാറ്റമാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മലയാള മനോരമയോട്. പ്രളയത്തെ വീഴ്ചയായി കണ്ട് അതിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു സംസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവരും. പ്രളയത്തിൽ തകർന്ന ഇടങ്ങൾ അതേപടി പുനഃസൃഷ്ടിക്കുകയല്ല ലക്ഷ്യം; പതിവു പുനരധിവാസവുമല്ല. 

നിർമാണം രാജ്യാന്തര നിലവാരത്തിൽ

കുട്ടനാട്, ചെങ്ങന്നൂർ, ആലുവ, ചാലക്കുടി, പാലക്കാട്, വയനാട് പ്രദേശങ്ങളിൽ പ്രളയക്കെടുതി അതിരൂക്ഷമായിരുന്നു. കെടുതികളെ അതിജീവിക്കുന്ന തരത്തിലുള്ള നിർമാണങ്ങളാകും ഇവിടെ നടത്തുക. 

ആലുവയ്ക്കായി വിദഗ്ധരുടെ മേൽനോട്ടത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള വികസനപദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഘട്ടം കഴിഞ്ഞാലുടനെ നിർമാണപ്രക്രിയയിലേക്കു നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

നദീതീര നിർമാണത്തിന് നിയന്ത്രണം

പുനർനിർമാണത്തിന്റെ ഗണത്തിൽ നഗരങ്ങളെ മാത്രമല്ല, നദികളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. നദികൾ നല്ലരീതിയിൽ സംരക്ഷിക്കപ്പെടണം. ഒഴുകാൻ വേണ്ടത്ര ഇടം വേണം. നദീതീര നിർമാണ പ്രവർത്തനങ്ങൾ ഇത്തവണ വലിയ പ്രശ്നമായി മാറി. ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിച്ചത്. 

പുഴയോരത്തു മുങ്ങിയ വീടുകൾ അതേസ്ഥലത്തുതന്നെ വീണ്ടും നിർമിക്കുന്നതിൽ അർഥമില്ല. അവിടെയുള്ളവരെ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കും. നദീതീരത്തെ നിർമാണങ്ങൾക്കു നിയന്ത്രണം ഉൾപ്പെടെ വിപുലമായ ചർച്ച ആവശ്യമുണ്ട്. 

സഹായം എല്ലാവർക്കും

ദുരന്തത്തിൽ വീടു നഷ്ടമായവർക്കെല്ലാം നാലു ലക്ഷം രൂപ വീതം നൽകും. ഇക്കാര്യത്തിൽ വീട്ടുടമകളുടെ സാമ്പത്തികനില തടസ്സമാകില്ല. ദുരന്തത്തിന്റെ ഭാഗമായുള്ള ഈ സഹായം എല്ലാവർക്കും നൽകും. സ്വന്തമായി വീട് പുനർനിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ തുക കൂടി വിനിയോഗിക്കാം. ചിലർക്കു വീടുണ്ട്, പക്ഷേ താമസിക്കാനാവാത്ത അവസ്ഥയായിരിക്കും. അവർക്കും ഈ തുക ലഭിക്കും. അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാവുന്ന വീടുകൾക്ക് ആ നിലയിലുള്ള സഹായം ലഭിക്കും.  മണ്ണിടിച്ചിലിൽ വീടിനു പുറമെ ഭൂമിയും നഷ്ടമായവരുണ്ട്. അവർക്കു രണ്ടും നൽകേണ്ടതുണ്ട്. ഭൂമി കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ നിർമിക്കാനാണ് ആലോചന.  

പുനർനിർമാണത്തിന് വിവരശേഖരണം

പുനർനിർമാണ പ്രക്രിയയിൽ സർക്കാരിനൊപ്പം നിൽക്കാൻ താൽപര്യമുള്ളവരെയും അണിചേർക്കും. ഭൂകമ്പമുണ്ടായ മഹാരാഷ്ട്രയിലെ ലത്തൂരിൽ മലയാള മനോരമ വീടുകൾ നിർമിച്ചു നൽകിയ പാഠം നമുക്കുമുന്നിലുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) 1,000 വീടുകൾ നിർമിക്കുന്നതിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിക്കൊടുക്കും. സർക്കാർ പറയുന്ന സ്ഥലത്തായിരിക്കും വീടുകൾ വയ്ക്കുന്നത്. ഏതൊക്കെ പ്രദേശങ്ങളിൽ വേണമെന്നതിന്റെ വിവരശേഖരണം പൂർത്തിയായിവരികയാണ്. 

ഐഎസ്ആർഒയുമായി ചർച്ച നടത്തും

ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ദേശീയതലത്തിൽ സംവിധാനമുണ്ട്. കാലാവസ്ഥാ വ്യതിയാനവും മറ്റും നേരത്തേതന്നെ സംസ്ഥാനത്ത് അറിയുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഐഎസ്ആർഒയുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

പിന്തുണയുമായി എല്ലാ മലയാളികളും

പ്രളയത്തിൽ മുങ്ങിയ നാടിനുവേണ്ടി ലോകമെമ്പാടുമുള്ള മലയാളികൾ ഉദാരമായ സഹായങ്ങളാണു നൽകിക്കൊണ്ടിരിക്കുന്നത്. ഓണാഘോഷങ്ങൾ‍ ഒഴിവാക്കി ആ പണം ദുരിതത്തിൽപെട്ട സഹജീവികളുടെ തിരിച്ചുവരവിനായാണു നിറഞ്ഞ മനസ്സോടെ അവർ നൽകുന്നത്. ഈ സഹായ മനസ്ഥിതി നവകേരള നിർമിതിയിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.