Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

പ്രളയമിറങ്ങിപ്പോയ നമ്മുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളുമൊക്കെ സഹായപ്രതീക്ഷകളുമായി ഇപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉറ്റുനോക്കുകയാണ്. നമ്മുടെ വാർ‌ഡംഗങ്ങളും കൗൺസിലർമാരുമൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നു; ഇപ്പോഴും വിശ്രമമില്ലാതെ അവർ രംഗത്തുണ്ടുതാനും. വെള്ളം കയറിയ വീടുകൾ കണ്ടെത്തി ആശ്വാസമെത്തിക്കുക, വീടുകൾ വൃത്തിയാക്കുന്നതിന്റെ കണക്കും വിവരങ്ങളും ശേഖരിക്കുക, വൃത്തിയാക്കാനാവശ്യമായ വസ്തുക്കൾ ശേഖരിച്ചു വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ പ്രധാനമാണ്. 

പലയിടത്തും പ്രളയകാലത്തെക്കാൾ ജീവനെടുക്കുന്നത് പിന്നാലെ പടരുന്ന പകർച്ചവ്യാധികളാണ്. അതിനാൽ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതും തദ്ദേശഭരണ സംവിധാനമാണ്. ചിട്ടയായ രോഗവിവര ശേഖരണ സംവിധാനം തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. അതു ഫലപ്രദമായി ഉപയോഗിക്കാം. ദിനംപ്രതി അവലോകനം വേണ്ടൊരു ജോലിയാണിത്. മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സാധ്യതയുള്ള എല്ലാ രോഗങ്ങളുടെയും പട്ടിക തയാറാക്കണം. ആരോഗ്യപ്രവർത്തകർ, വാർഡ്തല സമിതികൾ, ആശ–അങ്കണവാടി–കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെയെല്ലാം സഹകരണം തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ക്യാംപുകളിലെ ഭക്ഷ്യാവശിഷ്ടങ്ങളും മാലിന്യവും സംസ്കരിക്കേണ്ടതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്. നാട് അണുവിമുക്തമാക്കുകയാണു മറ്റൊരു പ്രധാന ജോലി. ഓരോ വാർഡും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. 

മാലിന്യസംസ്കരണമാണു പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മുൻപിലുള്ള പ്രധാന വെല്ലുവിളി. ചത്തുപോയ മൃഗങ്ങളെയും മറ്റും നീക്കം ചെയ്യുകയും രോഗസാധ്യതയ്ക്കിട നൽകാതെ സംസ്കരിക്കുകയും വേണം. ഈ ജോലി പലയിടത്തും ജനപ്രതിനിധികൾ ഫലപ്രദമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചിലയിടത്ത് കാര്യക്ഷമമല്ലതാനും. ആരോഗ്യ സ്ഥിരംസമിതികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനുണ്ട്. ആവശ്യമെങ്കിൽ ആരോഗ്യവകുപ്പിന്റെ സേവനം തേടുകയും വേണം. 

നശിച്ചുപോയ സോഫകൾ, കിടക്കകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ എവിടെ ഉപേക്ഷിക്കും എന്നതു വലിയൊരു പ്രശ്നമാണ്. തദ്ദേശ സ്ഥാപനങ്ങൾ ഇതിനു സൗകര്യമൊരുക്കിയില്ലെങ്കിൽ അവ പുഴകളിലും വഴിയോരങ്ങളിലുമൊക്കെ ഉപേക്ഷിക്കുന്ന സ്ഥിതിവരും. അതൊരു ഗുരുതര പരിസ്ഥിതി പ്രശ്നം തന്നെയായി മാറാം. 

ദുരിതാശ്വാസ ക്യാംപുകളുടെ ചുമതല ഭംഗിയായി നിർവഹിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഈ പ്രളയകാലത്തെ പ്രതീക്ഷ നൽകുന്ന കാഴ്ചയായിരുന്നു. ക്യാംപുവിട്ടു വീടെത്തുന്നവർക്കു കുറച്ചുനാൾ കൈത്താങ്ങാകേണ്ടതും അവർ തന്നെ. കിണറുകൾ ഒട്ടേറെ മലിനമായിട്ടുണ്ട്. ശുദ്ധജല പൈപ്പുകളും പമ്പിങ് സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. ചെളിയടിഞ്ഞു ജലശുദ്ധീകരണ കേന്ദ്രങ്ങളും പ്രവർത്തനരഹിതമായിട്ടുണ്ട്. ഇവ നന്നാക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പ്രധാനമാണ് വീടുകളിൽ ശുദ്ധജലമെത്തിക്കുന്നതും. വരൾച്ചക്കാലത്ത് വീടുകളിൽ നേരിട്ടു ടാങ്കറുകളിൽ വെള്ളമെത്തിക്കുന്ന സംവിധാനം മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലുമുണ്ട്. മഴക്കാലത്തും ഇതു വേണ്ടിവരുന്നു എന്നതു ധനബാധ്യതയുള്ള കാര്യമാണെങ്കിലും പലേടത്തും ഒഴിവാക്കാനാവില്ല.

വിളവെടുക്കാറായ കൃഷി പൂർണമായി നഷ്ടപ്പെട്ടവർ, ഏക ആശ്രയമായിരുന്ന വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർ, ചെറുകിട കച്ചവടം നടത്തിയിരുന്ന സ്ഥാപനങ്ങളും സ്റ്റോക്കും നഷ്ടമായവർ – ഇവർക്കെല്ലാം കുറച്ചുനാൾ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും എത്തിക്കേണ്ടിവരും. വാർഡംഗങ്ങൾക്ക് അവരുടെ പ്രദേശത്തെ കെടുതികൾ കൃത്യമായി അറിയാനാകും. കക്ഷിരാഷ്ട്രീയത്തിനതീതമായി സഹായമെത്തിക്കുക എന്നതു പ്രധാനമാണ്. 

പ്രളയത്തിനുശേഷം വീടുകളുടെ ബലം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആശങ്കപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്. പല വീടിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. ഇതിനു പറ്റിയ ഒരു സംഘത്തെ പഞ്ചായത്തുകൾക്കു വാർഡ് തലത്തിൽ രൂപപ്പെടുത്താം. 

സംസ്ഥാന സർക്കാരിന്റെ പൊതുനിർദേശങ്ങളനുസരിച്ച് എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയാണു പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അടിയന്തരദൗത്യം. അതിൽ വിജയിച്ചാലേ സംസ്ഥാനത്തിന്റെ പുനർനിർമിതി സാധ്യമാവൂ.

related stories