Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവുചുരുക്കാൻ ഇതാണ് സമയം

പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കു തയാറെടുക്കുകയാണു സർക്കാർ. തകർച്ചകളിൽനിന്നു തിരിച്ചുവന്ന് വീണ്ടെടുപ്പിന്റെ ഇതിഹാസങ്ങൾ തീർത്ത നഗരങ്ങളുടെയും രാജ്യങ്ങളുടെയുമെല്ലാം ഉജ്വല മാതൃകകൾ നമുക്കു മുന്നിലുണ്ട്. സംസ്ഥാനത്തിന്റെ 2018–19 പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ള മുപ്പതിനായിരം കോടി രൂപയ്ക്കും മുകളിൽവരും പ്രളയം തീർത്ത നഷ്ടമെന്നാണ് സർക്കാരിന്റെ കണക്ക്. പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സംസ്ഥാന സർക്കാർ നികുതി വർധിപ്പിക്കൽ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ പണം സമാഹരിക്കുകയാണ്. ഉദാരമായ കേന്ദ്രസഹായത്തിലുമുണ്ട് പ്രതീക്ഷ.

ദേശത്തുനിന്നും വിദേശത്തുനിന്നുമായി സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ആയിരക്കണക്കിനു കൈകൾ നമുക്കു നേരെ നീളുന്നു എന്നതു തകർച്ചയിലും നമ്മെ ധൈര്യപ്പെടുത്തുന്നു. സമസ്ത മേഖലകളെയും വിഴുങ്ങിയ പ്രളയം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തെ (ജിഡിപി) ബാധിക്കുമെന്നു തീർച്ച. ആഭ്യന്തര ഉൽപാദനം ഏഴര ശതമാനത്തിൽ നിന്ന് 6.5% വരെ കുറഞ്ഞേക്കുമെന്നാണ് നിരീക്ഷണം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ തന്നെയാണു പ്രളയം കടന്നുവന്നത്. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം ഉയർത്തിയെങ്കിൽത്തന്നെയും അധികവായ്പ സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും വർധിപ്പിച്ചേക്കും.

ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കം പരമപ്രധാനമാണ്. സർക്കാരിന്റെ ദുർച്ചെലവും ധൂർത്തും കർക്കശമായി നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഇനി ഒട്ടും വൈകിക്കൂടാ. ചുരുങ്ങിയത് അഞ്ചുശതമാനം ചെലവു വെട്ടിച്ചുരുക്കിയാൽത്തന്നെ 7500 കോടി രൂപ സമാഹരിക്കാമെന്നാണു കണക്ക്. തൊണ്ണൂറുകളിൽ കേന്ദ്രസർക്കാർ ചെലവുചുരുക്കൽ നടപടികൾ തുടങ്ങിയപ്പോൾ അതിനെതിരെ രംഗത്തുവന്ന ചരിത്രം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതു ട്രേഡ് യൂണിയനുകൾക്കുമുണ്ട് എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാതിരിക്കാൻ സ്വീകരിച്ച നിയന്ത്രണങ്ങളെയാണ് ഇടതുയൂണിയനുകൾ മുഖ്യമായും അന്ന് എതിർത്തത്. വൻതോതിൽ നിക്ഷേപവും അടിസ്ഥാനവികസനവും സാധ്യമായാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു തീർച്ച.

അതിനാൽ സർക്കാരിന്റെ ദുർമേദസ്സ് കുറയ്ക്കാനും ജീവനക്കാരുടെ പുനർവിന്യാസത്തിലൂടെ കാര്യക്ഷമത ഉയർത്താനും സർക്കാർ മടിക്കേണ്ടതില്ല. മന്ത്രിമാരുടെ പാഴ്ച്ചെലവുകൾ വെട്ടിക്കുറച്ചുകൊണ്ടുവേണം പ്രളയക്കെടുതികൾ നേരിടാനുള്ള ധനസമാഹരണം തുടങ്ങേണ്ടത്. പുതിയൊരു കാബിനറ്റ് റാങ്ക് സൃഷ്ടിയിലൂടെ എത്ര കോടിയാണ് അധികച്ചെലവായി വരുന്നത്! പഴ്സനൽ സ്റ്റാഫിന്റെ പട എന്തു പുനഃസൃഷ്ടിയാണ് ഇവിടെ നടത്തുന്നത്? എത്രയെത്ര കമ്മിഷനുകൾ, ഉപദേഷ്ടാക്കൾ, ഈ തസ്തികകളെല്ലാം ഖജനാവ് കാലിയാക്കാനല്ലാതെ പുനഃസൃഷ്ടിക്ക് ഉതകില്ലെന്നു തീർച്ച. ഭരണകക്ഷികൾ ബോർഡുകളും കോർപറേഷനുകളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം പ്രയോജനപ്പെടുത്തുന്നത് സേവകരെയും അനുചരന്മാരെയും സന്തോഷിപ്പിക്കാനാണ്.

ഇവർക്കെല്ലാം ആഡംബരക്കാറുകളും മറ്റു സൗകര്യങ്ങളും നൽകുന്നതാവട്ടെ സാധാരണക്കാരനെ പരിഹസിക്കുന്നതിനു തുല്യവും. പൊതുമേഖലാസ്ഥാപനങ്ങളിൽ‌ തന്ത്രപ്രധാനമായവ ഒഴികെയുള്ളതെല്ലാം പിരിച്ചുവിടുക എന്ന നയമാണ് കേന്ദ്രസർക്കാരുകൾ അടുത്തകാലങ്ങളിലായി സ്വീകരിച്ചുവരുന്നത്. ധനകാര്യനിർവഹണം കാര്യശേഷിയോടെ നടപ്പാക്കിയാൽ മാത്രമേ സംസ്ഥാനത്തിന്റെ പുനഃസൃഷ്ടി സാധ്യമാകൂ. ഈ വിഷമാവസ്ഥയിലെങ്കിലും സങ്കുചിത താൽപര്യങ്ങൾ മാറ്റിവച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും എല്ലാവരിലുമെത്തുന്ന ധനസൃഷ്ടിക്കും മുന്തിയ പരിഗണന നൽകാനുള്ള വിശാലമനസ്കതയും പ്രായോഗിക ബുദ്ധിയുമാണ് രാഷ്ട്രീയപാർട്ടികൾ കാട്ടേണ്ടത്.