Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തര രാഷ്ട്രീയം

Author Details
keraleeyam

‘നവകേരളസൃഷ്ടി’എന്നത് ഈയടുത്ത ദിവസം വരെ എൽഡിഎഫിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. അത് ഇന്നു മുന്നണിയുടെയും സർക്കാരിന്റെയും ബാധ്യതയും ഉത്തരവാദിത്തവുമായി മാറിയിരിക്കുന്നു; കേരളത്തിന്റെ തന്നെ പൊതുമുദ്രാവാക്യമായി രൂപപ്പെട്ടിരിക്കുന്നു.

അത്രമാത്രം കേരളത്തെ തകർത്തെറിഞ്ഞു പ്രളയം. പൊതുലക്ഷ്യത്തിനായി ഭിന്നതകളെല്ലാം മാറ്റിവച്ചു പ്രതിപക്ഷവും മറ്റു കക്ഷികളും സർക്കാരിനൊപ്പം നിൽക്കുമോ എന്ന ചോദ്യമാണു രാഷ്ട്രീയമായി ആദ്യം ഉയർന്നത്. സ്വന്തം പാർട്ടിയിലുള്ള ചിലർ നെറ്റിചുളിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിനൊപ്പം ഹെലികോപ്ടർ യാത്രയ്ക്കു സന്നദ്ധനാകുക വഴി ആ സൂചന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകി. എന്നാൽ ഈ തിങ്കളാഴ്ച കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തോടെ അർഥശങ്കയില്ലാതെ നിലപാട് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നു. സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണു ലക്ഷ്യം. ‘ഏകപക്ഷീയമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പിണറായി വിജയൻ അഡോൾഫ് ഹിറ്റ്ലറും കേരളം നാസി ജർമനിയുമാണോ’ എന്നു സൗമ്യനായ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ഒരു ഓഡിയോ സന്ദേശത്തിലൂടെ പൊട്ടിത്തെറിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ തന്നെ അമ്പരപ്പിച്ചിട്ടുമുണ്ടാകും.

പ്രതിപക്ഷത്തിന്റെ ചാഞ്ചാട്ടത്തിൽ അമ്പരപ്പിക്കുന്നതായി ഒന്നുമില്ല. ഏതു പ്രകൃതിദുരന്തങ്ങൾക്കും രാഷ്ട്രീയമായ പരിണതഫലങ്ങളുണ്ടെന്നാണു ചരിത്രം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതെല്ലാം തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കും.

കശ്മീരിന്റെ പാഠം

കൃത്യം നാലുവർഷം മുൻപു കശ്മീർ താഴ്‌വരയെ മുക്കിക്കൊന്ന പ്രളയത്തിന് ഇപ്പോഴത്തെ കേരളസാഹചര്യവുമായി അമ്പരപ്പിക്കുന്ന സാമ്യമുണ്ട്. 2014 സെപ്റ്റംബറിലുണ്ടായ പ്രളയം കശ്മീരിന്റെ 60 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഒന്നായിരുന്നു. 20 ലക്ഷത്തോളം പേരുടെ ജീവിതം അതു കദനത്തിലാക്കി. 

കേന്ദ്രസേനയെ വിളിക്കുന്നതിനെക്കുറിച്ച് അവിടെയും വിവാദമുണ്ടായി. എന്തിന്, വിദേശസഹായം സ്വീകരിക്കുന്നതിലെ തടസ്സംവരെ ഇതുപോലെ കോലാഹലമുണ്ടാക്കി. സർക്കാരിൽ വീഴ്ചകൾ  ആരോപിച്ചു പിഡിപിയും ബിജെപിയും നിരന്തരം രംഗത്തിറങ്ങി. കൃത്യം മൂന്നാംമാസം മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ കാത്തിരുന്നതു നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. കശ്മീർ രാഷ്ട്രീയത്തെ ആറു പതിറ്റാണ്ടു നിയന്ത്രിച്ച ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് അടിതെറ്റി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിൽ പ്രളയത്തിന്റെ രാഷ്ട്രീയം പത്തിവിരിച്ചാടിയതു പ്രകടമായി.

ഉത്തരാഖണ്ഡിനെ 2013ൽ കശക്കിയെറിഞ്ഞ പ്രളയം തകർത്തതു മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ രാഷ്ട്രീയജീവിതം തന്നെയാണ്. ഉദാസീനതയോടെയാണു ബഹുഗുണ വെള്ളപ്പൊക്കം കൈകാര്യം ചെയ്തതെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തിയതോടെ രാജിയല്ലാതെ മറ്റൊരു വഴി അദ്ദേഹത്തിനു മുന്നിലുണ്ടായില്ല. 

ഇവിടെയും കേരളസാഹചര്യവുമായി അമ്പരപ്പിക്കുന്ന സാമ്യമുണ്ടായി. ബഹുഗുണയും കുടുംബവും സ്വിറ്റ്സർലൻഡിലേക്കു പോകാനിരിക്കുമ്പോഴാണു പ്രകൃതി സംഹാരരുദ്രയായത്. ചികിത്സയ്ക്കായി അമേരിക്കയ്ക്കു പോകാനിരുന്ന പിണറായി ചെയ്തതുപോലെ അദ്ദേഹവും യാത്ര നീട്ടിവച്ചതു നേര്. പക്ഷേ, പകരം ഏറിയ പങ്കും ഡൽഹിയിലിരുന്നു ‘ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മേൽനോട്ടം’  വഹിച്ചത് അന്തിമമായി ബഹുഗുണയുടെ വിധിയെഴുതി.

മുന്നിൽ നിന്നു പിണറായി

സ്വന്തം ആരോഗ്യത്തിനു രണ്ടാം സ്ഥാനം കൽപിച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനായി ഇവിടെ തുടരാനും നായകത്വമേറ്റെടുക്കാനും പിണറായി വിജയനെ ഈ സമീപകാലചരിത്രമെല്ലാം പ്രേരിപ്പിച്ചിട്ടുണ്ടാകാം. കാത്തുനിന്ന മാധ്യമങ്ങളുടെ മൈക്കിനോട് അനിഷ്ടം കാട്ടിപ്പോന്ന പിണറായി പൊടുന്നനെ ഒരേദിനം പലതവണ അവരെ വിളിച്ചുചേർത്തു ദീർഘമായി സംസാരിക്കുന്നതിലേക്കു മാറി. 

ഇ.കെ.നായനാർക്കും വി.എസ്.അച്യുതാനന്ദനും ആർജിക്കാനായ ജനപ്രീതി ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയായിട്ടും ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള ചോദ്യം അന്നൊരിക്കൽ ഉയർന്നപ്പോൾ ഒരു ആശങ്കയും പിണറായിക്കുണ്ടായിരുന്നില്ല. ഇരുനേതാക്കൾക്കും ആ പരിവേഷം ഉണ്ടായതു മുഖ്യമന്ത്രിസ്ഥാനത്തെത്തിയശേഷമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അവർക്കാർക്കും വന്നുചേരാത്ത ഉത്തരവാദിത്തം കൂടി പിണറായി വിജയനു വന്നുചേർന്നിരിക്കുന്നു: പുതിയ കേരളത്തെ സൃഷ്ടിക്കുക. അസാധാരണസാഹചര്യത്തെ അനുകൂല സാഹചര്യമാക്കി എങ്ങനെ മാറ്റാമെന്ന ചോദ്യം പ്രതിപക്ഷവും നേരിടുന്നു. 

തിരഞ്ഞെടുപ്പുകൾ ഇതിനിടയിൽ  ഭരണ–പ്രതിപക്ഷങ്ങളുടെ മനസ്സിലുണ്ടാകും. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയും മന്ത്രിമാരുമെല്ലാം ചൂലുമായി വീടുകൾ ശുചീകരിക്കാനിറങ്ങിയതു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ്. പ്രളയം കയറിച്ചെന്ന വീടുകൾ ശുചിയാക്കാനായി ഓരോ ലോക്കൽ കമ്മിറ്റിയിൽ നിന്നും 100 പേർ വീതം പല ഘട്ടങ്ങളിലായി ഈ ദിവസങ്ങളി‍ൽ കേരളമെങ്ങുമുണ്ടാകും. കോൺഗ്രസും ബിജെപിയുമെല്ലാം ഈ ‘സിപിഎം ചാലഞ്ച്’ ഏറ്റെടുത്തു കൂടെയിറങ്ങാതിരിക്കുകയുമില്ല. പ്രളയത്തിനു മുൻപും ശേഷവും എന്നതിലേക്കു കേരളരാഷ്ട്രീയം മാറുകയാണ്. മഹാപ്രളയം പോലെ തന്നെ ഇതുവരെ പരിചിതമല്ലാത്ത പുതിയ സാഹചര്യത്തെയാണു രാഷ്ട്രീയപാർട്ടികളും പ്രവർത്തകരും നേരിടുന്നതും.

related stories