Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറുസ്വരത്തിനും കാതോർക്കാം

സഹിഷ്ണുതയും ബഹുസ്വരതയെ ഉൾക്കൊള്ളാനുള്ള സന്നദ്ധതയും നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നപോലെ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലകളുമാകുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണെന്നും അത് അനുവദിച്ചില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകാമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കുതന്നെ പറയേണ്ടിവന്നത് ഈ അടിസ്ഥാന മൂല്യങ്ങൾക്ക് ഒരിക്കൽകൂടി അടിവരയിടുന്നതായി; നാം അഭിമുഖീകരിക്കുന്ന സവിശേഷമായൊരു സാഹചര്യം വെളിപ്പെടുത്തുന്നതും. 

ലോകത്തിലെ ഏറ്റവും ദീപ്തമായ ജനാധിപത്യ രാഷ്ട്രത്തിൽ ഏറ്റവും വിലപിടിപ്പുള്ളതെന്താണ് എന്ന ചോദ്യത്തിനുത്തരം ആ വിശേഷണത്തിൽതന്നെയുണ്ട്. നമ്മുടെ ഭരണഘടനയിൽതന്നെ ഏറ്റവും മൂല്യമുള്ള വാക്കും അതുതന്നെ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയാണ് നമ്മുടെ ഓരോ സർക്കാരും രാഷ്ട്രീയ കക്ഷിയും നിലകൊള്ളുന്നത് എന്നാണു സങ്കൽപം. എന്നാൽ, മറുസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ, വിയോജിക്കാനുള്ള അവകാശം മാനിക്കാതെ വരുമ്പോൾ ആ സങ്കൽപം അകന്നുപോകുന്നു. 

ജനാധിപത്യത്തെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ വേണ്ടത് അനുസ്യൂതവും ഏകോപിതവുമായ സമർപ്പിതയത്നമാണെന്നതുപോലെതന്നെ പ്രധാനമാണ് അഭിപ്രായം പ്രകടിപ്പിക്കാനുള്ള പൗരന്റെ അവകാശവും. ഭരിക്കുന്നവർക്കു പ്രിയമായ കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തെ ജനാധിപത്യമെന്നു വിശേഷിപ്പിക്കുന്നതിൽ അർഥമില്ല. 

അഭിപ്രായസ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥത്തിന് ആഴമേറെയാണ്. അതു വ്യക്തികളുടെ അഭിപ്രായങ്ങൾക്കു യോജിപ്പിന്റെയും വിയോജിപ്പിന്റെയും മുഖംനൽകി സംവാദത്തിലേക്കു കൊണ്ടുപോകുന്നു. ഏകാധിപത്യ രാഷ്ട്രങ്ങളിൽ മാത്രമാണ് അധികാരത്തിന്റെ മുഷ്ക്കിൽ എതിർസ്വരങ്ങൾക്കു നേരെ വാതിൽ കൊട്ടിയടയ്ക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനതന്നെ സംവാദങ്ങളുടെ മൂശയിലാണു രൂപപ്പെട്ടത്. നാനാത്വമാണു ഭാരതത്തിന്റെ ശക്തിയെന്നു പറയുമ്പോൾ യോജിപ്പിന്റെയും വിയോജിപ്പിന്റെയും സ്വരങ്ങൾകൂടി നമ്മുടെ ശക്തിയെന്നു വരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ എതിർസ്വരങ്ങൾക്കു നേരെകൂടി തുറന്നുവച്ച വാതിലുകളുണ്ട്. 

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെയും തൽ‍ക്കാലം അവരുടെ വീട്ടിൽതന്നെ തടങ്കലിൽ വച്ചാൽ മതിയെന്ന നിർദേശത്തിനൊപ്പമാണ് വിയോജിക്കാനുള്ള അവകാശത്തെ ജനാധിപത്യത്തിലെ സുരക്ഷാ വാൽവെന്നു സുപ്രീം കോടതി വിശേഷിപ്പിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റെന്ന വിലയിരുത്തലിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്രാ സർക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്. കേസ് അടുത്ത മാസം ആറിനു വീണ്ടും പരിഗണിക്കുകയുമാണ്. 

ഈ സംഭവത്തിലെ യാഥാർഥ്യമെന്താണെന്നു കോടതി വിലയിരുത്തട്ടെ. എന്നാൽ, ഇക്കാര്യത്തിൽ മനുഷ്യാവകാശലംഘനവും അഭിപ്രായസ്വാതന്ത്ര്യ നിരാകരണവും നടന്നിട്ടുണ്ടോ എന്നത് ആശങ്കയുണർത്തുന്ന ചോദ്യമാണ്. എതിർപ്പിന്റെ സ്വരങ്ങളെ അന്യായമായി നിശ്ശബ്ദമാക്കാനുള്ള അവകാശം ഒരു ഭരണകൂടത്തിനും ജനാധിപത്യം അനുവദിച്ചുകൊടുത്തിട്ടില്ല. ഇന്ത്യയുടെ സ്വത്വം സംവാദങ്ങളിലാണെന്നു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ പറഞ്ഞത് ഇപ്പോൾ കൂടുതൽ പ്രസക്തമാകുന്നു. വിയോജിപ്പിന്റെ സ്വരം നിശ്ശബ്ദമാക്കപ്പെടുമ്പോൾ അവിടെ അസ്തമിക്കുന്നതു ജനാധിപത്യം പ്രഥമവും പ്രധാനവുമായി വാഗ്ദാനം ചെയ്യുന്ന അടിസ്ഥാനസ്വാതന്ത്ര്യം തന്നെയാണ്.

അധികാരത്തോടു വിധേയത്വമുള്ള, വിയോജനസ്വരമുയർത്താത്ത, അനുസരണം മാത്രം ശീലമാക്കിയ ജനത ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ലെന്നു മാത്രമല്ല, ജനാധിപത്യ വ്യവസ്‌ഥയ്ക്ക് അങ്ങേയറ്റം അപകടകരംകൂടിയാണ്. ലോകം തന്നെ മാതൃകാപരമെന്നു വാഴ്ത്തി ആദരിക്കുന്ന നമ്മുടെ ജനാധിപത്യമൂല്യങ്ങൾ ഏതു പ്രതികൂലസാഹചര്യത്തിലും സംരക്ഷിക്കപ്പെട്ടേതീരൂ.