Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രചിക്കാം പുതിയ കേരളം

PTI8_30_2018_00183B വയനാട് പനമരം പുഴ ശുചീകരിക്കുന്ന നാട്ടുകാരും സന്നദ്ധ പ്രവർത്തകരും.

സൃഷ്ടിക്കണം പുതിയ മാതൃക - ഡോ. എം.എസ്.സ്വാമിനാഥൻ (കാർഷിക ശാസ്ത്രജ്ഞൻ)

ഏറ്റവും നല്ലതിനെ പ്രതീക്ഷിക്കുക, ഏറ്റവും മോശമായതിനെ നേരിടാൻ സജ്ജരായിരിക്കുക- കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് എപ്പോഴും മനസ്സിലുണ്ടായിരിക്കേണ്ട മന്ത്രമിതാണ്. കുട്ടനാട് മങ്കൊമ്പിലെ കുട്ടിക്കാല അനുഭവത്തിൽ എനിക്കറിയാം. ചെറിയ പ്രളയം നേരിടാനുള്ള തയാറെടുപ്പുകളൊക്കെ നമുക്കുണ്ട്. ഇത്തവണ പക്ഷേ, അപ്രതീക്ഷിതമായ, വലിയ പ്രളയമാണുണ്ടായത്. ഇത്ര വലിയൊരു പ്രളയത്തെ നേരിടാൻ നാം സജ്ജരായിരുന്നില്ല. എങ്കിലും, ദുരന്ത ബാധിതർക്കു സഹായമെത്തിക്കുന്നതിലും രക്ഷപ്പെടുത്തുന്നതിലും കേരളം കാണിച്ചതു വലിയ മാതൃകയാണ്. 

നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ പാരമ്പര്യം ശരിയായ അർഥത്തിൽ കാണാനായി. കേരളത്തിലുണ്ടായ ഈ ദുരന്തം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മുന്നറിയിപ്പാണ്. എവിടെയും ഇതേ അവസ്ഥ വരാം. അതിനാൽ ഇതൊരു ദേശീയ ദുരന്തമാണ്. ഓരോ ദുരന്തവും പുതിയൊരു അവസരം കൂടിയാണ്. പ്രളയ പുനരധിവാസത്തിലും പുതിയ കേരള മാതൃക സൃഷ്ടിക്കാൻ കഴിയണം. പരിസ്ഥിതി, സാമ്പത്തികം, തൊഴിൽ ലഭ്യത, ലിംഗ-സാമൂഹിക നീതി എന്നിവയിലൂന്നിയാകണം പുതിയ കേരളം കെട്ടിപ്പടുക്കേണ്ടത്.

പുതിയ കാലത്ത് രൂപപ്പെട്ട ജനവിഭാഗമാണു കാലാവസ്ഥാ അഭയാർഥികൾ. കടൽത്തീരത്തും മറ്റും താമസിക്കുന്നവര്‍. കാലാവസ്ഥയിലെ മാറ്റം ഏറ്റവും വേഗത്തിൽ ബാധിക്കുന്ന വിഭാഗമാണ് ഇവർ. ഇവരെ പുനരധിവസിപ്പിക്കാൻ സ്ഥിരമായ സംവിധാനമൊരുക്കണം.

ഏറെ ചർച്ച ചെയ്യപ്പെട്ട കേരള വികസന മാതൃകയിൽ നേരത്തേ പരിസ്ഥിതിയും മുൻഗണനാ പട്ടികയിലുണ്ടായിരുന്നു. പിന്നീട് പരിസ്ഥിതിയോടുള്ള പ്രതിബദ്ധത കൈവിട്ടു. പരിസ്ഥിതിയും അതിന്റെ സംരക്ഷണവും പുതിയ കേരളത്തിന്റെ മുൻഗണനാ പട്ടികയിൽ തന്നെയുണ്ടാകണം.

ഇത്തരം ദുരന്തങ്ങളിൽ പരമാവധി നാശനഷ്ടം കുറയ്ക്കുന്നതിനുള്ള മാർഗം തയാറെടുപ്പാണ്. അതിനാൽ, കേരളത്തിലെ ഓരോ പഞ്ചായത്തിലും കാലാവസ്ഥാ മാനേജ്മെന്റ് സെന്ററുകൾ തുടങ്ങണം. അതതു പ്രദേശത്തെ പ്രളയവും വരൾച്ചയുമൊക്കെ മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികളെടുക്കാൻ ഇവർക്കു കഴിയണം. അതതു സമയത്തേക്ക് അനുയോജ്യമായ കൃഷിക്ക് ആവശ്യമായ വിത്തുകളും ഉപകരണങ്ങളും നൽകാൻ വരെ ഇവിടെ സംവിധാനമുണ്ടാകണം. ഇതിന് വിത്ത് ബാങ്കുകൾ രൂപീകരിക്കണം.

പ്രളയക്കെടുതിയിൽ നിന്നുള്ള പുനർ നിർമാണത്തിനു വ്യക്തമായ ആസൂത്രണം വേണം. കാർഷിക വൃത്തി, തോട്ടം മേഖല, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളെല്ലാം പുനർനിർമിക്കുന്നതിനു പ്രത്യേക പദ്ധതി വേണം. ഓരോ മേഖലയെയും ഉപവിഭാഗമായി തിരിച്ച് വിദഗ്ധരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കണം പുനർനിർമാണം. ഇതിനായി ഹ്രസ്വകാല- ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണം.

സമുദ്ര നിരപ്പിനു താഴെയുള്ള പ്രദേശങ്ങളിൽ കൃഷി, പൊക്കാളി കൃഷി തുടങ്ങി കാർഷിക രംഗത്ത ഒട്ടേറെ പരീക്ഷണങ്ങൾ കേരളത്തിലുണ്ടായി. പുതിയ വെല്ലുവിളികൾ കൂടി നേരിടാവുന്ന രീതിയിൽ കൃഷിയെ ആധുനികവൽക്കരിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കണം. അതിനു കൂട്ടായ ശ്രമം വേണം.

സുസ്ഥിര വികസനത്തിന്റെ പുതിയ മാതൃകയായി കേരളത്തെ പുനർനിർമിക്കാനാണു പ്രധാന്യം നൽകേണ്ടത്.

ഡാം മാനേജ്മെന്റിൽ വൈദഗ്‌ധ്യം വേണം - ഡോ. ബി. ഇക്ബാൽ(ആസൂത്രണ ബോർഡ് അംഗം)

ഡാം മാനേജ്മെന്റ് അതോറിറ്റിയുടെ അടിസ്ഥാനസൗകര്യവും മനുഷ്യവിഭവശേഷിയും വർധിപ്പിച്ച് വൈദഗ്ധ്യം ഉറപ്പാക്കുക. മാലിന്യനിർമാർജനവും കൊതുകുനശീകരണവും നടപ്പാക്കി ശുചിത്വ കേരളം, സുന്ദര കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കുക.

സ്ത്രീകളുടെ ജീവിതനിലവാരവും ജീവിതസുരക്ഷിതത്വവും സംരക്ഷിക്കാനുള്ള പുതിയ തൊഴിലവസരങ്ങൾ തുറക്കുക. വീട്ടുപകരണങ്ങൾ ന്യായവിലയിൽ നൽകാൻ തയാറുള്ള കമ്പനികളെ എംപാനൽ ചെയ്ത് സിവിൽ സപ്ലൈസ് വഴി ലഭ്യമാക്കുക.

സംസ്ഥാനത്തെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി കേരളം നേരിടുന്ന പ്രതിസന്ധികൾ നേരിടാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക.

വേണ്ടത് പഴുതില്ലാത്ത ആസൂത്രണം - ടി. നന്ദകുമാർ ( മുൻ അംഗം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി)

പ്രളയം തകർത്തെറിഞ്ഞതു പുനഃസൃഷ്ടിക്കുമ്പോൾ പഴുതുകളില്ലാത്ത ആസൂത്രണം അനിവാര്യം. ജനങ്ങളുമായി ആശയവിനിമയം നടത്തി നവകേരളത്തിനു മികച്ച രൂപകൽപന തയാറാക്കണം. പ്രളയജലം ഒഴുകിപ്പോയ സ്ഥലങ്ങളും നദീതടങ്ങളും നിർമാണങ്ങളിൽ നിന്ന് ഒഴിച്ചിടുക. ആശുപത്രികൾ, സ്കൂളുകൾ, വൈദ്യുത നിലയങ്ങൾ, ജലവിതരണ കേന്ദ്രങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയുടെ നിർമിതിക്ക് പ്രത്യേക പ്ലാൻ വേണം.

നവനിർമാണത്തിൽ സുതാര്യതയ്ക്കു പുറമെ സാങ്കേതിക വിദ്യയിലൂന്നിയ പ്രവർത്തന സംവിധാനം ഉറപ്പാക്കണം. വ്യക്തികളും കൂട്ടായ്മകളും പുനർനിർമാണത്തിൽ പങ്കാളികളാകുമ്പോൾ അത് ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം വേണം. രക്ഷാപ്രവർത്തനത്തിൽ മികച്ച മാതൃക കാട്ടിയ ഐടി പ്രഫഷണലുകളുടെ കൂട്ടായ്മ ഇതിനായി വിനിയോഗിക്കാം.

ദേശീയപാതകൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ പുനർനിർമിക്കട്ടെ. സ്കൂളുകൾ, ഐസിഡിഎസ് സ്ഥാപനങ്ങൾ, ഗ്രാമീണാരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പുനർനിർമാണത്തിനു കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തുന്നതിനു പുറമെ ലോകബാങ്ക്, എഡിബി, ബ്രിക്സ് തുടങ്ങിയവയുടെ സഹായവും തേടാം.

ഈ പ്രളയവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഭാവിയിലേക്കു ശാസ്ത്രീയമായി രേഖപ്പെടുത്തി സൂക്ഷിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനു മുൻകയ്യെടുക്കണം. ഓരോ സ്ഥലത്തും അനുഭവപ്പെട്ട ജലനിരപ്പും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം. രക്ഷാപ്രവർത്തനത്തിനു രംഗത്തെത്തിയവരുടെ വിവരങ്ങളും വേണം. ഭാവിയിലേക്ക് അതു മുതൽക്കൂട്ടാവും.

ഇടുക്കിയിലും വയനാട്ടിലും ഡോപ്ലർ റഡാറുകൾ ഉപയോഗിക്കണം. നദികൾ കരകവിയുന്നതും ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതും ബന്ധപ്പെടുത്തി പ്രത്യേക ഡേറ്റ തയാറാക്കിയാൽ ഭാവിയിൽ പ്രളയം മുൻകൂട്ടി അറിയാൻ കഴിയും. സംസ്ഥാന- ജില്ലാ ദുരന്തനിവാരണ സംവിധാനങ്ങളുടെ നടത്തിപ്പ് അടിമുടി പരിഷ്കരിക്കണം.

ഓർമപ്പെടുത്തലാണ്; മറക്കരുത് ! - ആനന്ദ്

ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും ഇന്ത്യയുടെ മറ്റിടങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു കേരളം. വൈകാരിക തീവ്രതയുള്ള മനുഷ്യരെപ്പോലെ ഈ ഭാഗത്തെ നദികളും പെട്ടെന്നു സ്വഭാവം മാറ്റുന്നു. ജനസാന്ദ്രതയാകട്ടെ അത്യധികം. ഈ പശ്ചാത്തലത്തിൽ ഒരു ആവാസ വ്യവസ്ഥ നിർമിച്ചെടുക്കുക എളുപ്പമായിരുന്നില്ല. 

നിലനിൽപിനു വേണ്ടിയുള്ള പ്രയത്നം പലപ്പോഴും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നു. പാരിസ്ഥിതിക ശുദ്ധി പാലിക്കുകയെന്നത് അതിജീവനത്തെ വിഷമത്തിലാക്കുന്നു. ജനാധിപത്യത്തിലേക്കും ആധുനിക സമൂഹ നിർമിതിയിലേക്കുമുള്ള ചുവടുവയ്പ്പും വികസന പരീക്ഷണങ്ങളും കൂടുതൽ ഘടകങ്ങൾ ആവിഷ്കരിച്ചു. പുനർനിർമാണം ആലോചിക്കുമ്പോഴും ഇതെല്ലാം മനസ്സിൽ വേണം. 

വിവിധ വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ള മനസ്സുകൾ ഇതിൽ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. തമ്മിൽ ചേരിതിരിഞ്ഞു പഴിചാരാൻ നിൽക്കാതെ തുറന്ന മനസ്സോടെ ഇതേവരെ സംഭവിച്ച തെറ്റുകളെയും ശരികളെയും വിശകലനം ചെയ്യുകയാണ് ആവശ്യം. രണ്ടും ധാരാളം ഉണ്ടുതാനും. 

എനിക്കു പരിചിതമായ ജലവിഭവ വികസനത്തെക്കുറിച്ചു കൂടി പറഞ്ഞോട്ടെ, കേരളത്തിലെ നദികളെല്ലാം തന്നെ ഏതാണ്ടു പൂർണമായും ഈ സംസ്ഥാനത്തിലൂടെ ഒഴുകുന്നവയാണ്. അവയുടെ വികസനം അതുകൊണ്ട് പൂർണമായും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. സ്വാതന്ത്ര്യാനന്തരം ഈ വിഷയത്തിൽ നാമെടുത്ത ചുവടുകളെ പുന:പരിശോധന നടത്തണം. നയങ്ങളിലെന്ന പോലെ ഓരോ പദ്ധതിയുടെ കാര്യത്തിലും പദ്ധതി അവലോകനം പൂർണമായിരിക്കണം; ആശയസമ്പുഷ്ടവും നിർവഹണപരവും സാധ്യവുമായിരിക്കണം–ജലസേചനം, ഊർജോൽപാദനം, ശുദ്ധജല വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ നാലു കാര്യങ്ങളിൽ. വിലകുറഞ്ഞ രാഷ്ട്രീയവും സ്വാർഥതാൽപര്യങ്ങളും വകഞ്ഞുമാറ്റി, മൂന്നുകോടി മനുഷ്യരുടെ അതിജീവനത്തിന്റെ പ്രശ്നമാണ് മുൻപിലെന്നു മനസ്സിലാക്കി പ്രവർത്തിക്കാൻ ഓർമിപ്പിക്കുകയാണ് ഒരുപക്ഷേ, പ്രകൃതി ഇപ്പോൾ ചെയ്തത്. അതു മനസ്സിൽവച്ചു നമുക്കു മുന്നോട്ടുപോകാം.

നേടാം, വെള്ളത്തിൽനിന്ന് - സി.വി. ആനന്ദബോസ് (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവ്)

വെള്ളം കൊണ്ടുപോയത് വെള്ളത്തിൽ നിന്നു തന്നെ നേടാം. വെള്ളപ്പൊക്കത്തിന്റെ ബാക്കിയായ എക്കൽ ശുദ്ധീകരിച്ച് കൃഷിയിറക്കിയാൽ കേരളത്തെ ജൈവസംസ്ഥാനമാക്കി മാറ്റാം. ഭക്ഷ്യോൽപാദനരംഗത്ത് കേരളത്തിനു വൻ സാധ്യതയുണ്ട്. അതിന് ഊന്നൽ കൊടുക്കണം. 

കേരളത്തിലെ നദികൾ ഒറ്റയടിക്കു ശുദ്ധീകരിക്കപ്പെട്ടു. ഇനി വൃത്തികേടാകാതെ നോക്കണം. ഗ്രാൻഡ് കേരള ട്രാൻസ്പോർട്ട് ട്രെയിലിനു രൂപം നൽകണം. മൾട്ടിമോഡൽ ഗതാഗതസംവിധാനം. ജലപാതകളുടെ നവീകരണം വേഗത്തിലാക്കണം.

നിക്ഷേപം സമാഹരിക്കാൻ പ്രത്യേക പദ്ധതി വേണം. 

related stories