Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭയിൽനിന്ന് പ്രതീക്ഷിച്ചത്

ഐക്യമാണ് പ്രളയക്കെടുതിയിൽനിന്നുള്ള കേരളത്തിന്റെ അതിജീവനത്തിന്റെ ആധാരശില. സംസ്ഥാനപ്പിറവിക്കുശേഷം നമ്മുടെ ഒരുമ ഏറ്റവുമധികം വെളിവാക്കപ്പെട്ട ഈ ദുരന്തവേളയിൽ കോർത്ത കൈകൾ വിടർത്താതെതന്നെ നാം പുതിയൊരു കേരളനിർമിതിക്കായി ഒരുങ്ങുകയാണ്. എന്നാൽ, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നവകേരള സൃഷ്ടിക്കായി മികച്ച ആശയങ്ങൾ സ്വരൂപിക്കാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം അവസരത്തിനൊത്ത് ഉയരാതെപോയി. സാമാജികരിൽ പലരും കടുത്ത തർക്കങ്ങളിൽ മുഴുകിയപ്പോൾ നവകേരളനിർമിതി എന്ന വലിയ സ്വപ്നത്തിന് കേൾക്കേണ്ടതു കേൾക്കാതെ സഭയ്ക്കു പുറത്തിരിക്കേണ്ടിവന്നു.

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്കു നീക്കിവച്ചതു നാലു മണിക്കൂറാണ്. പക്ഷേ, ചർച്ച കൈവിട്ട്, നിലതെറ്റി പ്രളയജലംപോലെ തോന്നിയിടത്തേക്ക് ഒഴുകിയപ്പോൾ സംഭവിച്ചതിനെ പ്രസംഗക്കെടുതി എന്നുതന്നെ വിളിക്കണം. ഉദ്ദേശിച്ചതിലും ഇരട്ടിയിലേറെ നേരം നീണ്ട ചർച്ചയിൽ, സർക്കാരിന്റെ വീഴ്ചകൾ ഉയർത്തിക്കാട്ടുന്നതിൽ പ്രതിപക്ഷവും അവയ്ക്കു മറുപടി നൽകുന്നതിൽ ഭരണപക്ഷവും ശ്രദ്ധയൂന്നി. എട്ടേ മുക്കാൽ മണിക്കൂർ ചർച്ച ചെയ്തിട്ടും കാര്യമായ ഫലമില്ലാതെ പിരിയാനായിരുന്നു സഭയുടെ വിധി. ക്രിയാത്മക നിർദേശങ്ങൾ അധികമൊന്നും ഉയരാതിരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

വിഭാഗീയചിന്തകൾക്ക് അതീതമായ കൂട്ടായ്മയും യോജിപ്പിന്റെ സംസ്കാരവും കേരളത്തിൽ ഉയർന്നുവരുന്നതിലെ അഭിമാനവും സന്തോഷവും പ്രമേയത്തിലൂടെ പ്രകടിപ്പിച്ചുവെങ്കിലും നവകേരള സൃഷ്ടിയുടെ കാര്യത്തിൽ അതുണ്ടാവാതെ വന്നതിന്റെ നിരാശയാണു കേരള ജനതയ്ക്ക്. നിയമസഭയിൽ സർക്കാർ സമർപ്പിച്ച കണക്കുപ്രകാരം, 55 ലക്ഷത്തോളം പേർ കെടുതിക്കിരയാവുകയും 483 പേർ മരിക്കുകയും 14,50,707 പേരെ ദുരിതാശ്വാസ ക്യാംപുകളിൽ പാർപ്പിക്കേണ്ടിവരികയും ചെയ്ത നൂറ്റാണ്ടിന്റെ മഹാപ്രളയത്തിനുശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാമാജികർ ശ്രമിച്ചുകണ്ടില്ല. പ്രസംഗ പ്രളയത്തിന്റെ കാലം എന്നേ കഴിഞ്ഞു.

മികച്ച പ്രായോഗികാശയങ്ങൾ സ്വരൂപിക്കേണ്ട സമ്മേളനം വേണ്ടരീതിയിൽ അതുണ്ടാവാതെ അവസാനിച്ചപ്പോൾ, ഈ സഭ ഒരു ദിവസത്തേക്കു ചേരാൻ ചെലവായ വൻതുക ഏതു കണക്കിലാണു കേരളം ഉൾപ്പെടുത്തേണ്ടത്? സഹായനിധിയിലേക്കുള്ള ഒരു രൂപയ്ക്കുപോലും വലിയ മൂല്യമുള്ള ഈ വേളയിൽ, ഓരോരുത്തരും ആവുന്നത്ര സംഭാവന ചെയ്തുപോരുന്ന ഈ ദുർഘടപ്രതിസന്ധിയിൽ, സാമാജികരുടെ തർക്കംമാത്രം കേട്ടു പാഴായിപ്പോയ ഈ തുക പ്രളയാനന്തര കേരളത്തിനു വലിയ നഷ്ടംതന്നെയാകുന്നു.

ജലവിഭവ, വൈദ്യുതി വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണു മഹാപ്രളയത്തിലേക്കു കേരളത്തെ തള്ളിവിട്ടതെന്നാണു നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ തീർച്ചയായും അത് അവർ പറയേണ്ടതും കേരളം അറിയേണ്ടതും തന്നെ. പക്ഷേ, അതോടൊപ്പം നവകേരള നിർമിതിക്കായുള്ള സൃഷ്ടിപരമായ ആശയങ്ങൾകൂടി അവരിൽനിന്ന് ഉണ്ടാവേണ്ടതായിരുന്നു. നാൽപതോളം എംഎൽഎമാർ പ്രളയനിമിഷങ്ങൾ വിവരിച്ച സമ്മേളനത്തിൽ അതിന്റെ രൂക്ഷത നേരിട്ടറിഞ്ഞ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണപക്ഷ പ്രതിനിധികളെ നിശ്ശബ്ദരാക്കിയതും കേരളം കണ്ടു.

സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നും നോക്കാതെ, കേരളത്തിനുവേണ്ടി നിലകൊള്ളേണ്ടവരാണു നിയമസഭാസാമാജികർ. നവകേരളത്തിന് അടിസ്ഥാനശിലകളാവേണ്ട ആശയങ്ങളുടെ കാര്യത്തിൽ ആ പ്രതിബദ്ധത കാണാനായില്ല. വികസനപദ്ധതികൾക്കായി സമ്മർദം ചെലുത്തേണ്ട കേരളത്തിന്റെ ജനപ്രതിനിധികൾക്കു പ്രതിഷേധിക്കുന്ന കാര്യത്തിൽപോലും ഏകസ്വരമില്ലെന്നതു നാം മുൻപും കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ, കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുടെ അനിശ്ചിതത്വത്തിൽ പ്രതിഷേധിക്കാൻ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികൾ ന്യൂഡൽഹിയിൽ സത്യഗ്രഹവും ധർണയും നടത്തിയതുതന്നെ വ്യത്യസ്തദിവസങ്ങളിലായിരുന്നു.

നവകേരളനിർമിതി എന്ന ബൃഹദ്സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുമയാവണം ഇനിയെന്നും കേരളത്തിന്റെ മുഖമുദ്ര; രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും കാര്യത്തിൽ വിശേഷിച്ചും.